Connect with us

ആത്മായനം

നമ്മൾ ഡ്രില്ലിംഗ് മെഷീനുകളാകരുത്

ഓരോ വ്യക്തിയുടെയും ജീവിത വിശുദ്ധി അയാൾക്കും അല്ലാഹുവിനും ഇടയിലുള്ള സ്വകാര്യമാണ്. അതേ കുറിച്ചുള്ള വിചാരണ നമ്മുടെ ആരുടെയും ഉത്തരവാദിത്വമല്ല. നമുക്ക് നമ്മെ തന്നെ തിരുത്താനേറെയുണ്ട്. ആ കാര്യത്തിലാണ് നമ്മൾ ചികയേണ്ടതും ചൂഴ്ന്നു നോക്കേണ്ടതും. അപരനെ ചൂഴ്ന്നു നോക്കുന്ന സ്വഭാവം അസൂയയിൽ നിന്നും അഹന്തയിൽ നിന്നും ഉത്ഭവിക്കുന്നതാണ്. അവ രണ്ടും അളിഞ്ഞു നാറുന്ന സ്വഭാവങ്ങളുമാണ്. സ്നേഹിതരേ, വിലപിടിപ്പുള്ള സമ്പത്ത് സൂക്ഷിക്കും പോലെ തന്നെ കരുതി വെക്കേണ്ട ഒന്നാണ് മറ്റുള്ളവരുടെ സ്വകാര്യതയും അഭിമാനവും; അതിനെ നശിപ്പിക്കാതിരിക്കാൻ നമുക്ക് ശ്രമിക്കാം.

Published

|

Last Updated

പരന്റെ സ്വകാര്യതയിലേക്ക് ചൂഴ്ന്നു ചെല്ലുന്ന ചില ഡ്രില്ലിംഗ് മെഷീനുകളുണ്ട് നമ്മുടെ കൂട്ടത്തിൽ. മാന്തി പരതി കിട്ടിയ തുമ്പുവാൽ കൊണ്ട് നാടൊട്ടുക്കും പടർത്തി മറ്റുള്ളവരുടെ വ്യക്തിത്വത്തിനും മാന്യതക്കും തീയിട്ടു കത്തിച്ചാലാണ് അവർക്ക് ശ്വാസം നേരെ വീഴൂ. ഇതുകൊണ്ട് എന്താണിവർക്കു കിട്ടുന്ന മെച്ചം? ഒന്നുമില്ല, ഒരു തരിമ്പുമില്ല… പതിയിരിക്കുന്ന ദുരന്തങ്ങളൊരുപാട് മിച്ചമായുണ്ട്.

മനുഷ്യർക്കെല്ലാം അവരുടേതായ വ്യക്തിത്വവും മാന്യതയും അല്ലാഹു നൽകിയിട്ടുണ്ട്. അതിനെ മാനിക്കുകയെന്നത് സമൂഹത്തിനിടയിൽ ജീവിക്കുന്ന ഓരോരുത്തരുടെയും ബാധ്യതയാണ്. ആരുടെ സ്വകാര്യതയിലേക്കും ചൂഴ്ന്നു ചെല്ലരുത് , ആരുടെയും വ്യക്തിത്വത്തെ അവമതിക്കാനോ ക്ഷതം വരുത്താനോ തുനിയുകയുമരുത്. അതൊന്നും നല്ല മനുഷ്യരുടെ ലക്ഷണമല്ല. അത് പാരസ്പര്യത്തിന് വിള്ളലുണ്ടാക്കും. പരസ്പര സ്നേഹത്തിന്റെയും ആദരവിന്റെയും വേരുകൾ അറുക്കും.

അപരരുടെ ന്യൂനതകൾ തുറന്നുകാട്ടുന്നത് റസൂലി(റ)ന് ഇഷ്ടമായിരുന്നില്ല. ആരെങ്കിലും അതിൽ ആനന്ദം കണ്ടെത്തുന്നവരായുണ്ടെങ്കിൽ അവരിൽ നിന്ന് മുഖം തിരിച്ചു കളയുകയോ തന്റെ അതൃപ്തി പ്രകടിപ്പിക്കുകയോ എഴുന്നേറ്റ് പോവുകയോ ആയിരുന്നു അവിടുത്തെ രീതി.ഓരോ വ്യക്തിയുടെയും ജീവിത വിശുദ്ധി അയാൾക്കും അല്ലാഹുവിനും ഇടയിലുള്ള സ്വകാര്യമാണ്. അതേ കുറിച്ചുള്ള വിചാരണ നമ്മുടെ ആരുടെയും ഉത്തരവാദിത്വമല്ല. നമുക്ക് നമ്മെ തന്നെ തിരുത്താനേറെയുണ്ട്. ആ കാര്യത്തിലാണ് നമ്മൾ ചികയേണ്ടതും ചൂഴ്ന്നു നോക്കേണ്ടതും. ആരുടെയും “Privacy Zone’ ലേക്ക് അതിക്രമിച്ചു കടക്കുന്നതിനെ ആരും ഇഷ്ടപ്പെടുന്നില്ല.

ഓരോ വ്യക്തിക്കും അവരുടെ ജീവിതത്തെ പ്രതി കൂട്ടിയും കിഴിച്ചുമുള്ള കണക്കുണ്ട്. അപരന്റെ കുറ്റങ്ങളും കുറവുകളും ചികയുന്ന മനസ്സുകൾ പൈശാചികതയുടെ പണിപ്പുരകളാണ്. നന്മയുടെ ഇടമാകേണ്ട നമ്മുടെ ഹൃദയത്തിനെ എന്തിനാണ് വെറുതെ ചെകുത്താന് വാടകക്ക് കൊടുക്കുന്നത്. ഒരാൾ പറയാൻ ഇഷ്ടപ്പെടാത്ത കാര്യത്തെ ആവർത്തിച്ച് ചോദിച്ച് മുള്ളും പതിരും ചികയുന്ന ശീലം നന്നല്ല. അങ്ങനെ ചെയ്താൽ ഉത്തരം പറയുന്നയാൾക്ക് കളവ് പറയേണ്ടിവരും, കളവ് പറയിപ്പിച്ചതിന്റെ കുറ്റം മുഴുക്കെ നമ്മൾ തലയിലേറ്റേണ്ടിയും വരും.

ഒരു പ്രഭാഷണത്തിനിടെ തിരുനബി(സ) ലോകത്തോട് ഉദ്ബോധിപ്പിച്ചതിങ്ങനെയാണ് “നാവു കൊണ്ട് വിശ്വാസം പ്രഖ്യാപിച്ച് അകതാരിലേക്ക് വിശ്വാസം കിനിഞ്ഞെത്താത്ത സമൂഹമേ… സത്യവിശ്വാസികളെ നിങ്ങൾ ബുദ്ധിമുട്ടിക്കുകയും വെറുപ്പിക്കുകയും അരുത്, അവരുടെ സ്വകാര്യതക്കു പിന്നാലെ കൂടരുത്, സത്യവിശ്വാസിയായ നിന്റെ സഹോദരന്റെ സ്വകാര്യതക്കു പിന്നാലെ പോയവന് ദൈവിക പ്രതികാരമുണ്ടാവും, വീടകത്താണെങ്കിൽ പോലും അവനെ വഷളാക്കിയിരിക്കും’ (തിർമുദി) മറ്റൊരു വേളയിൽ “ഒരു വ്യക്തി തന്റെ സഹോദരന്റെ അഭിമാനം ക്ഷതപ്പെടുത്തുന്നത് തടഞ്ഞാൽ അന്ത്യനാളിൽ അയാളുടെ മുഖത്തു നിന്ന് നരകാഗ്നിയെ അല്ലാഹു തടഞ്ഞു നിർത്തും’ എന്ന പാഠം കൂടി പഠിപ്പിച്ചു. ഈ സന്ദേശങ്ങളൊക്കെയും മനുഷ്യരുടെയെല്ലാം അഭിമാനത്തെയും സ്വകാര്യതയെയും ബഹുമാനിക്കണമെന്നും അതിന് പോറലേൽപ്പിക്കരുതെന്നുമാണ് നമ്മെ തെര്യപ്പെടുത്തുന്നത്.

അപരനെ ചൂഴ്ന്നു നോക്കുന്ന സ്വഭാവം അസൂയയിൽ നിന്നും അഹന്തയിൽ നിന്നും ഉത്ഭവിക്കുന്നതാണ്. അവ രണ്ടും അളിഞ്ഞു നാറുന്ന സ്വഭാവങ്ങളുമാണ്. ആരെങ്കിലും അവരവരുടെ മേഖലയിൽ വളരുകയും വികസിക്കുകയും ചെയ്താൽ ചിലർക്ക് കല്ലുകടി തുടങ്ങും. അവരുടെ വിജയത്തിന് പുഴുക്കുത്തുണ്ടാക്കാനുള്ള പഴുതന്വേഷിച്ചു കൊണ്ടിരിക്കും. അത് കിട്ടും വരെ അയാൾ അസ്വസ്ഥനായിരിക്കും. അബ്ദുല്ലാഹിബ്നു ഉമറും(റ) സഹചരും കഅ്ബയുടെ അങ്കണത്തിൽ വിശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു വൃദ്ധൻ അവർക്കിടയിൽ അന്വേഷിച്ചു “ആരാണ് നിങ്ങളുടെ നേതാവ്? എനിക്ക് ചില കാര്യങ്ങൾ ചോദിച്ചറിയാനുണ്ട്.’
സുഹൃത്തുക്കൾ അബ്ദുല്ലാഹിബ്‌നു ഉമറിനെ(റ) ചൂണ്ടിക്കാണിച്ചു.
അയാൾ ചോദിച്ചു തുടങ്ങി.
“ഉസ്മാനുബ്നു അഫ്ഫാൻ (റ) ബദ്ർ യുദ്ധത്തിൽ പങ്കെടുത്തിരുന്നുവോ?’
“ഇല്ല’ – അബ്‌ദുല്ലാഹിബ്‌നു ഉമർ (റ) മറുപടി കൊടുത്തു. “ഉസ്‌മാൻ(റ) ഉഹുദ് യുദ്ധത്തിൽ പിന്തിരിഞ്ഞോടുകയുണ്ടായോ?’
“അതെ, അങ്ങനെ സംഭവിച്ചു’
“ഉസ്മാൻ(റ) ബൈഅതുർരിദ്‌വാനിൽ സംബന്ധിച്ച് ഉടമ്പടി ചെയ്യുകയുണ്ടായോ?’
“ഇല്ല’
തന്റെ മനസ്സിൽ നേരത്തേയുള്ള ധാരണകളെ ബലപ്പെടുത്തുന്ന മറുപടികൾ അബ്‌ദുല്ലാഹിബ്‌നു ഉമർ(റ) നൽകിയപ്പോൾ സന്തോഷത്തോടെ അയാൾ തക്ബീർ ചൊല്ലി, പിരിഞ്ഞുപോവുകയായിരുന്ന വൃദ്ധനെ തിരിച്ചുവിളിച്ച് അബ്ദു ല്ലാഹിബ്‌നു ഉമർ(റ) പറഞ്ഞു. “ഉസ്‌മാനെക്കുറിച്ച് അഭിപ്രായം മെനയാൻ വരട്ടെ. ഈ മൂന്ന് സംഭവങ്ങളും ഞാൻ വിശദീകരിക്കാം.

എന്നിട്ട് തീരുമാനിക്കൂ, എന്തു വേണമെന്ന്.ബദർ യുദ്ധവേളയിൽ നബി(സ)യുടെ പുത്രി റുഖിയ്യ(റ) രോഗ കിടക്കയിലായിരുന്നു. ഭർത്താവായ ഉസ്‌മാനോട്(റ) അവരെ ശുശ്രൂഷിച്ച് മദീനയിൽ തങ്ങാൻ നബി(സ) ആവശ്യപ്പെടുകയായിരുന്നു. മാത്രമല്ല, ബദ്ർ യുദ്ധത്തിൽ പങ്കെടുത്ത പ്രതിഫലവും ഗനീമത്തിൽ ഒരു ഓഹരിയും നബി (സ) ഉസ്‌മാന് (റ) ഉറപ്പുനൽകി.

ഉഹുദ് യുദ്ധത്തിലാവട്ടെ, അല്ലാഹു പ്രഖ്യാപിച്ച പൊതുമാപ്പിൽ ഉസ്മാനും (റ) ഉൾപ്പെട്ടിട്ടുണ്ടെന്നാണ് നമ്മുടെ വിശ്വാസവും പ്രാർഥനയും. ബൈഅതു രിദ് വാൻ ഉണ്ടായ സന്ദർഭത്തിൽ നബി(സ)യുടെ നിർദേശപ്രകാരം ഖുറൈശികൾക്ക് അഭിമതനായ പ്രമുഖ വ്യക്തിത്വം എന്ന നിലക്ക് അവരുമായുള്ള ചർച്ചകൾക്കും സംഭാഷണങ്ങൾക്കുമായി നബി(സ) ഉസ്‌മാനെ(റ) പ്രത്യേകം നിയോഗിച്ച് മക്കയിലേക്ക് അയക്കുകയായിരുന്നു. ഉസ്മാന്റെ (റ) അഭാവത്തിൽ ഉണ്ടായ ഉടമ്പടി വേളയിൽ, റസൂൽ(സ) തന്റെ വലതു കൈപ്പത്തി ഇടതു കൈപ്പത്തിമേൽ വെച്ച് “ഇത് ഉസ്‌മാന്റെ കൈയാണ്, ഞാനിതാ ഉസ്മാനുമായി ബൈഅത്ത് ചെയ്യുന്നു’ എന്ന് പ്രഖ്യാപിച്ചിട്ടുള്ളതാണ്. അതിനാൽ ഉടമ്പടിയിൽ പങ്കെടുത്തതിന് തുല്യമാണത്. ഇതാണ് ഈ മൂന്ന് സംഭവങ്ങളുടെയും നിജസ്ഥിതി. ഇനി താങ്കൾക്ക് പോകാം’ അബ്‌ദുല്ലാഹിബ്നു ഉമർ(റ) വൃദ്ധനോടായി പറഞ്ഞു. കിട്ടിയ തുമ്പുമായി ഉസ്മാൻ(റ)ന്റെ മൂല്യം സമൂഹത്തിനിടയിൽ ഇടിച്ചു താഴ്ത്താനായിരുന്നു അയാളുടെ ശ്രമം പക്ഷേ, നിജസ്ഥിതി അറിഞ്ഞപ്പോൾ പദ്ധതി പാളി.

ചിലർക്ക് കേട്ടതിന്റെ വസ്തുത അറിയാൻ പോലും താത്പര്യമുണ്ടാകില്ല. സത്യം പുറപ്പെടും മുന്നേ കളവ് എത്തേണ്ടിടത്തെല്ലാം കയറി നിരങ്ങിയിട്ടുണ്ടാകും. ഒരു തെറ്റും ചെയ്യാത്ത എത്ര പേരെയാണ് ദിനേന പ്രതിപ്പട്ടികയിൽ ചേർത്ത് ദൃശ്യശ്രാവ്യ പത്ര മാധ്യമങ്ങളിലൂടെ വഷളാക്കുന്നത്. അതുകാരണം നിരപരാധികളായ എത്ര കുടുംബങ്ങളാണ് പഴി കേൾക്കേണ്ടി വരുന്നത്. ഇവർക്കൊക്കെ സമൂഹത്തിനിടയിൽ അഭിമാനം തുലഞ്ഞ് ഞെരുങ്ങി ജീവിക്കാൻ അവസരമുണ്ടാക്കിയത് നമ്മിൽ ചിലരുടെ ദുഃസ്വഭാവമാണ്.

“വിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും അവർ ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ ദ്രോഹിക്കുന്നവർ നിശ്ചയമായും ഗുരുതരമായ ദുരാരോപണത്തിന്റെയും തെളിഞ്ഞ പാപത്തിന്റെയും ഭാരം തലയിലേറ്റിയിരിക്കുന്നു’ എന്ന സൂറ: അഹ്സാബിന്റെ മുന്നറിയിപ്പ് നാം പേർത്തും പേർത്തും വായിക്കണം. മനുഷ്യന്റെ അഭിമാനം നശിപ്പിക്കുന്നവർക്ക് ഇസ്്ലാമിക കോടതിയിൽ ശക്തമായ ശിക്ഷയാണുള്ളത്. ആരുടെയെങ്കിലും മാനം നശിപ്പിച്ചാൽ മാനനഷ്ട കേസ് കൊടുക്കാം. നാലുപേർ നേരിട്ടു കാണാതെയും ഈ നാലുപേർ കോടതിയിൽ തങ്ങളുടെ കണ്ണുകൊണ്ട് കണ്ടുവെന്ന് പറയാതെയും ഒരാൾ മറ്റൊരാളെ വ്യഭിചാരാരോപണം നടത്തിയാൽ എൺപത് അടി അടിക്കണമെന്നാണ് ഇസ്‌ലാം കൽപ്പിച്ചത്. കാരണം, ശക്തമായ തെളിവില്ലാതെ ഒരാളെ കുറിച്ചും ഇത്തരം കാര്യങ്ങൾ പറയരുത്. തെളിവുണ്ടെങ്കിൽ പോലും പറയേണ്ടത് കോടതിയിൽ മാത്രമാണ്.

നബിയേ ഞാനെന്നെ തന്നെ നശിപ്പിച്ചു എന്ന് പറഞ്ഞ് ഓടി വന്ന സ്വഹാബി ഏറ്റു പറഞ്ഞ കുറ്റത്തിന് ശിക്ഷ നടപ്പാക്കാൻ റസൂൽ(സ) ധൃതി കാണിച്ചില്ല. അയാളുടെ അഭിമാനത്തിന് ക്ഷതം വരരുതെന്ന് അവിടുന്ന് കരുതി. പരലോകത്തെ ശിക്ഷയെ ഭയന്ന സ്വഹാബിയുടെ ആവർത്തിച്ചുള്ള കുറ്റസമ്മതത്തിനൊടുവിലാണ് തിരുനബി(സ) ശിക്ഷ വിധിച്ചത്. അതിനു ശേഷം ആ സ്വഹാബിയെ വേണ്ട വിധം പരിഗണിക്കുകയും അദ്ദേഹത്തെ ആക്ഷേപിക്കരുതെന്ന് മറ്റുള്ളവരോട് ഉപദേശിക്കുകയുമാണ് തിരുദൂതർ (സ) ചെയ്തത്. വിശ്വാസികൾ സഹചരുടെ രക്തത്തിനും സമ്പത്തിനും അഭിമാനത്തിനും പവിത്രത കൽപ്പിക്കാൻ ബാധ്യസ്ഥരാണ്. ആ ബാധ്യതയെ തിരുനബി(സ) അറഫാ പ്രഭാഷണത്തിലൂടെ ലോകത്തെ പഠിപ്പിച്ചിട്ടുമുണ്ട്. പത്നിമാരിൽ ചിലരോട് മറ്റുള്ളവരെ ഇകഴ്ത്തുന്നതിനോട് ചുവയുള്ള വാക്ക് പറഞ്ഞാൽ “നീ പറഞ്ഞ വാക്ക് കടലിലിട്ടാൽ കടൽ കലങ്ങി മറിയും’ എന്ന് ഗൗരവത്തിൽ പ്രതികരിച്ചിരുന്നു റസൂൽ(സ).

ആരെങ്കിലും അപരനെ കുറിച്ച് മോശം പറയുന്ന സന്ദർഭത്തെ തിരുത്താൻ നമ്മളൊരുക്കമാകണം. തബൂക് യുദ്ധവേളയിൽ കഅ്ബുബ്നുമാലികി(റ)നെ കാണാതായപ്പോൾ നബി(സ) അദ്ദേഹത്തെ അന്വേഷിച്ചു. അപ്പോൾ ബനൂസലമ ഗോത്രത്തിലെ ഒരാൾ അഭിപ്രായപ്പെട്ടു: “സമ്പന്നതയുടെയും സുഖലോലുപതയുടെയും തടവുകാരനാണ് അദ്ദേഹം’. ഇതു കേട്ട മുആദുബ്നു ജബൽ(റ) പറഞ്ഞു: “എന്തൊരു ചീത്ത വർത്തമാനമാണ് നീ പറഞ്ഞത്! അല്ലാഹുവാേണ! റസൂലേ, അദ്ദേഹത്തെക്കുറിച്ച് നല്ലതല്ലാതെ ഞങ്ങളൊന്നും അറിഞ്ഞിട്ടില്ല’. അപ്പോൾ റസൂൽ മൗനംപാലിച്ചു. ഇവിടെ കഅ്ബുബ്നു മാലികിനെക്കുറിച്ച് രൂപപ്പെടുന്ന തെറ്റായ ധാരണയെ തിരുത്തുക എന്ന മഹദ്കൃത്യമാണ് മുആദ്(റ) നിർവഹിച്ചത്.

“നീയിതാരോടും പറയണ്ട’ എന്ന ആമുഖം പറഞ്ഞ് തുടങ്ങുന്ന പല വർത്തമാനങ്ങളും മ്ലേഛമാണ്. മറ്റുള്ളവരുടെ രഹസ്യങ്ങൾ ആരോടെങ്കിലും പറഞ്ഞില്ലെങ്കിൽ ദഹനം ശരിയാകാത്തവരുടെ മനസ്സിന്റെ ചൈതന്യം എന്നോ നഷ്ടപ്പെട്ടിട്ടുണ്ടാകും. നന്മയുടെ ഐ സി യു വിൽ അയാളെ കടത്തേണ്ട സമയം എപ്പയോ ആയിട്ടുമുണ്ട്.
സ്നേഹിതരേ, വിലപിടിപ്പുള്ള സമ്പത്ത് സൂക്ഷിക്കും പോലെ തന്നെ കരുതി വെക്കേണ്ട ഒന്നാണ് മറ്റുള്ളവരുടെ സ്വകാര്യതയും അഭിമാനവും; അതിനെ നശിപ്പിക്കാതിരിക്കാൻ നമുക്ക് ശ്രമിക്കാം.

Latest