Prathivaram
വർഗീയത പടർത്താൻ നാം കാരണമാകരുത്
ഭീകരമായ വർഗീയ വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുന്ന ഉള്ളടക്കം സൗഹാർദ കേരളത്തിന് ഒട്ടും യോജിക്കുന്നതല്ല എന്നും വാസ്തവ വിരുദ്ധവും ഭീതിപ്പെടുത്തുന്നതുമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് രൂപത പിന്മാറണമെന്നുമാണ് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വിവിധ പ്രൊഫൈലുകൾ ആവശ്യപ്പെടുന്നത്.
താമരശ്ശേരി രൂപത പുറത്തിറക്കിയ ബുക്ക്്ലെറ്റും അതിലെ ഉള്ളടക്കവും സമൂഹ മാധ്യമങ്ങളിൽ വലിയ വിവാദങ്ങൾക്കാണ് തുടക്കമിട്ടത്. ഭീകരമായ വർഗീയ വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുന്ന ഉള്ളടക്കം സൗഹാർദ കേരളത്തിന് ഒട്ടും യോജിക്കുന്നതല്ല എന്നും വാസ്തവ വിരുദ്ധവും ഭീതിപ്പെടുത്തുന്നതുമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് രൂപത പിന്മാറണമെന്നുമാണ് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വിവിധ പ്രൊഫൈലുകൾ ആവശ്യപ്പെടുന്നത്.
ഇടവകകളില്‍ വിതരണം ചെയ്യാനായി താമരശ്ശേരി രൂപതാ വിശ്വാസ പരിശീലന കേന്ദ്രം തയാറാക്കിയ “സത്യങ്ങളും വസ്തുതകളും 33 ചോദ്യോത്തരങ്ങളിലൂടെ’ എന്ന കൈപ്പുസ്തകത്തിലാണ് വിവാദ പരാമർശങ്ങള്‍ ഇടം പിടിച്ചത്.
പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ വചന സന്ദേശത്തിലെ നാർക്കോട്ടിക് ജിഹാദ് എന്ന പരാമർശം വൻ വിവാദങ്ങൾ സൃഷ്ടിച്ച പാശ്ചാത്തലത്തിലാണ് കൂടുതൽ വർഗീയമായ ഉള്ളടക്കവുമായി ഈ പുസ്തകം ചർച്ച ചെയ്യപ്പെടുന്നത്. മതവ്യാപനം ലക്ഷ്യമാക്കി തീവ്രവാദികള്‍ ഉപയോഗിക്കുന്ന ഏറ്റവും പ്രധാന മാർഗമാണ് ലവ് ജിഹാദെന്ന് ഈ കൈപ്പുസ്തകം പറയുന്നു. മുസ്‍ലിം യുവാക്കള്‍ പെണ്‍കുട്ടികളുമായി സൗഹൃദത്തിലാകുന്നതും ആഘോഷവേളകളില്‍ വീടുകളിലേക്ക് ക്ഷണിക്കുന്നതും പ്രണയിക്കുന്നതുമെല്ലാം ലവ് ജിഹാദിന്റെ വിവിധ ഘട്ടങ്ങളായി കൈപ്പുസ്തകം പരിയചയപ്പെടുത്തുന്നു. പെണ്‍കുട്ടികളെ വശീകരിക്കാനായി മുസ്‍ലിം പുരോഹിതന്മാർ ആഭിചാരം നടത്തുന്നതായും പുസ്തകം ആരോപിക്കുന്നു. പെണ്‍കുട്ടിയുടെ മുടിയോ തൂവാലയോ മറ്റെന്തെങ്കിലും വസ്തുക്കളോയാണ് ഇതിനായി ഉപയോഗിക്കുന്നത്. മുസ്‍ലിം ആണ്‍കുട്ടികള്‍ നല്‍കുന്ന ഭക്ഷണം, സമ്മാനം, സാധാരണ സ്പർശനം പോലും വശീകരണത്തിന് കാരണമാകാമെന്നും മുന്നറിയിപ്പ് നല്‍കി. ബന്ധന പ്രാർഥന വഴി ഈ വശീകരണത്തില്‍ നിന്ന് രക്ഷതേടാമെന്നും കൈപ്പുസ്തകം പറയുന്നു.
പുസ്തകം സമൂഹ മാധ്യമങ്ങളിൽ വിവാദമായതോടെ താമരശ്ശേരി രൂപത വിശദീകരണവുമായി വന്നു. ആർക്കെങ്കിലും വേദനിച്ചുവെങ്കിൽ തങ്ങൾ ഖേദം പ്രകടിപ്പിക്കുന്നു എന്ന് പറയുന്ന വിശദീകരണം പക്ഷേ വർഗീയ പരാമർശങ്ങളെ ന്യായീകരിക്കുകയും ശരിയാണെന്ന് പറഞ്ഞു വെക്കുന്നതുമായിരുന്നു. ക്രിസ്ത്യാനികളെ ബോധവത്കരിക്കാൻ വേണ്ടിയാണ് പ്രസ്തുത പുസ്തകം പ്രസിദ്ധീകരിച്ചത് എന്നും ഖേദപ്രകടനത്തിൽ പറയുന്നു.
പാലാ ബിഷപും താമരശ്ശേരി രൂപതയുടെ പുസ്തകവും വർഗീയത പടർത്തുന്നതിനിടയിൽ കേരളീയ പൊതുമണ്ഡലത്തിൽ ഇത്തരം പരാമർശങ്ങൾക്കെതിരെ ശക്തമായ വിമർശനങ്ങളാണ് വന്നത്. മതസൗഹാർദ പാരമ്പര്യമുള്ള കേരളത്തിൽ വർഗീയത പടർത്താനുള്ള നീക്കങ്ങൾ ശക്തമായി ചെറുക്കണമെന്നും സമൂഹ മാധ്യമങ്ങളിൽ ആവശ്യമുയർന്നു. ഒരുപക്ഷേ, സോഷ്യൽ മീഡിയ ഇത്രമേൽ ജനകീയമല്ലാത്ത ഒരു കാലത്താണ് ഈ വിവാദങ്ങൾ ഉണ്ടായതെങ്കിൽ നിലവിലെ ചിത്രം തന്നെ മറ്റൊന്നായേനെ. ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്ന വിവാദ വിഷയങ്ങൾ തന്നെ ഓഫ്‌ലൈനിൽ അത്രതന്നെ വീര്യത്തോടെ നിലനിൽക്കുന്നില്ല എന്നതാണ് യാഥാർഥ്യം. വർഗീയമായി ചിന്തിക്കുന്ന വളരെ ചുരുങ്ങിയ വിഭാഗം ആളുകളെ മുൻനിർത്തിയാണ് മിക്ക ചർച്ചകളും പുരോഗമിക്കുന്നത്. അതേസമയം, ബി ജെ പി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ കുളം കലക്കാൻ ഇറങ്ങി എന്നതും ശ്രദ്ധേയമാണ്. സുരേഷ് ഗോപി എം പി പാലാ ബിഷപ്പിനെ സന്ദർശിച്ചത് പോലും അത്തരം ഒരു സാഹചര്യത്തിലാണ്.
മതങ്ങൾ തമ്മിൽ, മനുഷ്യർ തമ്മിൽ, വിവിധ ജനവിഭാഗങ്ങൾ കൂടുതൽ കൂടുതൽ സൗഹൃദം ഊട്ടിയുറപ്പിക്കുന്ന സന്ദേശങ്ങളും കുറിപ്പുകളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വരേണ്ടത്. കൂടുതൽ മുറിവുകൾ ഉണ്ടാക്കുന്ന, വെറുപ്പ് ഉത്പാദിപ്പിക്കുന്ന മുഴുവൻ നീക്കങ്ങളിൽ നിന്നും നാം മാറി നിൽക്കുക. നമ്മുടെ ചരിത്രവും പാരമ്പര്യവും അതാണ് നമ്മോട് പറയുന്നത്. ഈ അർഥത്തിൽ മർകസ് ഡയറക്ടറും എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഡോ. അബ്ദുൽ ഹകീം അസ്ഹരി ഉൾപ്പെടെയുള്ള മതനേതാക്കൾ നടത്തിയ പ്രതികരണങ്ങൾ മാതൃകാപരമാണ്. കൂടുതൽ സ്നേഹിക്കാനും സഹകരിക്കാനും നമുക്ക് ഇനിയും ധാരാളം അവസരങ്ങളുണ്ട്. വർഗീയ ധ്രുവീകരണത്തിന് നാം ഒരിക്കലും കാരണമാകുന്നില്ല എന്ന് ഉറപ്പ് വരുത്തുക. സമൂഹ മാധ്യമങ്ങൾ നല്ല കാര്യങ്ങൾ കൂടി എഴുതാനുള്ള ഇടമാണ്.