Editorial
പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ ശബ്ദമുയരണം
"ഐക്യരാഷ്ട്രസഭാ പരിസ്ഥിതി പദ്ധതി' അഞ്ച് വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച റിപോര്‍ട്ടനുസരിച്ച് ഓരോ മിനുട്ടിലും ലോകത്ത് വാങ്ങിക്കൂട്ടുന്ന പ്ലാസ്റ്റിക് വെള്ളക്കുപ്പികളുടെ എണ്ണം ഒരു ദശലക്ഷത്തോളം വരും. ഓരോ വര്‍ഷവും ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് കുപ്പികളുടെയും സഞ്ചികളുടെയും എണ്ണം അഞ്ച് ലക്ഷം കോടിയാണെന്നും റിപോര്‍ട്ട് വെളിപ്പെടുത്തുന്നു.

വിവാഹ സത്കാര ചടങ്ങുകളില്‍ പ്ലാസ്റ്റിക് കുപ്പിവെള്ള വിതരണം വേണ്ടെന്നും ഗ്ലാസ്സിന്റെ വെള്ളക്കുപ്പികള്‍ ഉപയോഗിക്കണമെന്നും ഹൈക്കോടതി. മറ്റു ഔദ്യോഗിക പരിപാടികളിലും പ്ലാസ്റ്റിക് കുപ്പികള്‍ ഒഴിവാക്കേണ്ടതാണ്. പുനരുപയോഗിക്കാനാകാത്ത പ്ലാസ്റ്റികിന്റെ ഉപയോഗം കുറക്കാന്‍ കര്‍ശന നടപടി ആവശ്യമാണെന്നും ജസ്റ്റിസുമാരായ ബച്ചു കുര്യന്‍ തോമസ്, പി ഗോപിനാഥ് എന്നിവരടങ്ങിയ ബഞ്ച് നിര്‍ദേശിച്ചു. പ്ലാസ്റ്റിക് കുപ്പികളും പുനരുപയോഗിക്കാന്‍ പറ്റാത്ത മറ്റു പ്ലാസ്റ്റിക് വസ്തുക്കളും സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി സ്വമേധയാ എടുത്ത കേസിലാണ് കോടതിയുടെ ഇടപെടല്‍.
ഭാരക്കുറവ്, വിലക്കുറവ്, ഉപയോഗിക്കുന്നതിനുള്ള സൗകര്യം തുടങ്ങിയ കാരണങ്ങളാല്‍ ലോകത്ത് ഏറ്റവും ഉപയോഗിക്കപ്പെടുന്ന വസ്തുവായി മാറിയിട്ടുണ്ട് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍. വെള്ളം, സോഫ്റ്റ് ഡ്രിങ്കുകള്‍, പാചക എണ്ണ, മരുന്ന്, മോട്ടോര്‍ ഓയില്‍, ഷാംപു, പാല്‍ ഉത്പന്നങ്ങള്‍, ഭക്ഷ്യോത്പന്നങ്ങള്‍ തുടങ്ങി നിത്യജീവിതത്തില്‍ മനുഷ്യന്‍ ഉപയോഗിക്കുന്ന പല വസ്തുക്കളും പ്ലാസ്റ്റിക് കുപ്പികളിലോ ടിന്നുകളിലോ പാക്കറ്റുകളിലോ ആണ് വിപണികളിലെത്തുന്നത്. ഉപയോഗത്തിന് സൗകര്യപ്രദമെങ്കിലും ഇവ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഗൗരവതരമാണ്. ഉപയോഗശേഷം മിക്കവരും പ്ലാസ്റ്റിക് കുപ്പികളും വസ്തുക്കളും അലക്ഷ്യമായി വലിച്ചെറിയുകയാണ് പതിവ്.
‘ഐക്യരാഷ്ട്രസഭാ പരിസ്ഥിതി പദ്ധതി’ (യു എന്‍ ഇ പി) അഞ്ച് വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച റിപോര്‍ട്ടനുസരിച്ച് ഓരോ മിനുട്ടിലും ലോകത്ത് വാങ്ങിക്കൂട്ടുന്ന പ്ലാസ്റ്റിക് വെള്ളക്കുപ്പികളുടെ എണ്ണം ഒരു ദശലക്ഷത്തോളം വരും. ഓരോ വര്‍ഷവും ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് കുപ്പികളുടെയും സഞ്ചികളുടെയും എണ്ണം അഞ്ച് ലക്ഷം കോടിയാണെന്നും റിപോര്‍ട്ട് വെളിപ്പെടുത്തുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് മാലന്യങ്ങള്‍ പുറന്തള്ളുന്നത് ഇന്ത്യയാണെന്നാണ് ലീഡ്സ് യൂനിവേഴ്സിറ്റി പ്രസിദ്ധീകരിച്ച പഠന റിപോര്‍ട്ടില്‍ പറയുന്നത്. ലോകരാജ്യങ്ങളെല്ലാം ചേര്‍ന്ന് പുറന്തള്ളുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവ് 57 ദശലക്ഷം മെട്രിക് ടണ്ണാണ്. ഇതില്‍ 9.3 ദശലക്ഷം മെട്രിക് ടണ്ണും പുറന്തള്ളുന്നത് ഇന്ത്യയാണെന്ന് ആറ് മാസം മുമ്പ് പ്രസിദ്ധീകരിച്ച റിപോര്‍ട്ടില്‍ പറയുന്നു. ജൈവ മണ്ഡലത്തെയാകെ മലിനമാക്കിക്കൊണ്ടിരിക്കുകയാണ് അലക്ഷ്യമായി ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് വേസ്റ്റുകള്‍.
സമുദ്രങ്ങളിലും മറ്റു ജലസ്രോതസ്സുകളിലുമാണ് മനുഷ്യര്‍ ഉപയോഗിച്ചു വലിച്ചെറിയുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ കൂടുതല്‍ എത്തിച്ചേരുന്നത്. നൈല്‍, ഗംഗ, യമുന തുടങ്ങി ലോകത്തെ പ്രമുഖ നദികളെല്ലാം പ്ലാസ്റ്റിക് മലിനീകരണം നേരിടുന്നു. വന്‍തോതിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കഴിച്ച് മത്സ്യങ്ങളും മറ്റു ജീവികളും ചത്തൊടുങ്ങുന്നത്. നദികളും ജലസ്രോതസ്സുകളും മലിനമാകുമ്പോള്‍ ശുദ്ധജലത്തിന് കടുത്ത ക്ഷാമം അനുഭവപ്പെടുകയും അത് മനുഷ്യജീവിതത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഈ നൂറ്റാണ്ടിലെ യുദ്ധം എണ്ണക്ക് വേണ്ടിയെങ്കില്‍ അടുത്ത നൂറ്റാണ്ടിലെ യുദ്ധം ജലത്തിനുവേണ്ടിയായിരിക്കുമെന്ന ലോക ബേങ്ക് വൈസ് പ്രസിഡന്റായിരുന്ന ഡോ. ഇസ്മാഈല്‍ സെറഡിന്റെ 1995ലെ പ്രവചനം ശ്രദ്ധേയമാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ദ്രാവക സ്വര്‍ണമെന്നാണ് ശുദ്ധജലത്തെ സ്ലൊവേനിയന്‍ മുന്‍ പ്രധാനമന്ത്രി മിരോ സരര്‍ വിശേഷിപ്പിച്ചത്. അമൂല്യമായ ജലത്തെയാണ് പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും ഉപയോഗശൂന്യമാക്കിക്കൊണ്ടിരിക്കുന്നത്.
പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് മനുഷ്യരാശിയെയും മറ്റു ജീവജാലങ്ങളെയും രക്ഷിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ഐക്യരാഷ്ട്ര സമിതിയുടെ പരിസ്ഥിതി വിഭാഗമുള്‍പ്പെടെ ഉത്തരവാദപ്പെട്ട സംഘടനകളും രാഷ്ട്രങ്ങളും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. പുനരുപയോഗത്തിനു പറ്റാത്ത പ്ലാസ്റ്റിക് ഉത്പന്നങ്ങളെ കര്‍ശനമായി നിയന്ത്രിക്കുകയാണ് ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശിക്കപ്പെടുന്ന ഒരു മാര്‍ഗം. വിവിധ രാഷ്ട്രങ്ങള്‍ ഇക്കാര്യത്തില്‍ നിയമങ്ങളാവിഷ്‌കരിച്ച് നടപ്പാക്കിയിട്ടുണ്ട്. 500 മില്ലി ലിറ്ററില്‍ താഴെ അളവ് വരുന്ന കുടിവെള്ളക്കുപ്പികള്‍ക്കും 35ഓളം മറ്റു പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്കും ഇന്ത്യയിലും നിരോധമുണ്ട്. ഇവ ഉത്പാദിപ്പിക്കുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവില്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. തുടക്കത്തില്‍ 10,000 രൂപ മുതല്‍ 50,000 വരെയാണ് പിഴശിക്ഷ. നിയമലംഘനം ആവര്‍ത്തിച്ചാല്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കുമെന്നും ഉത്തരവിലുണ്ട്. 300 മില്ലി ലിറ്റര്‍ വരെയുള്ള പ്ലാസ്റ്റിക് കുപ്പികള്‍ക്കായിരുന്നു സംസ്ഥാനത്ത് ആദ്യം നിരോധം പ്രഖ്യാപിച്ചത്. പിന്നീട് 500 മില്ലി ലിറ്ററാക്കി ഉയര്‍ത്തി. എങ്കിലും 200 മില്ലിയുടേതുള്‍പ്പെടെ വിവിധ തരത്തിലുള്ള കുടിവെള്ള കുപ്പികള്‍ കടകളില്‍ ഇപ്പോഴും സുലഭം. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി പ്രശ്നത്തില്‍ സ്വമേധയാ ഇടപെട്ടത്.
പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കുന്നതിനും പ്ലാസ്റ്റിക് കുപ്പികളും കാനുകളും റീസൈക്കിള്‍ ചെയ്യുമെന്ന് ഉറപ്പാക്കുന്നതിനും ‘ഡെപ്പോസിറ്റ് റിട്ടേണ്‍’ (ഡി ആര്‍ എസ്) എന്ന പേരില്‍ ഒരു പദ്ധതി നിലവിലുണ്ട് ലോകതലത്തില്‍. കടകളില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പികളില്‍ കുടിവെള്ളമോ പാനീയങ്ങളോ മറ്റു വസ്തുക്കളോ വാങ്ങുന്നവര്‍ ഉപയോഗം കഴിഞ്ഞ ശേഷം കുപ്പികള്‍ കടകളില്‍ തിരിച്ചേല്‍പ്പിക്കുന്നതാണ് ഈ പദ്ധതി. കുപ്പികള്‍ തിരിച്ചേല്‍പ്പിക്കുന്ന ഉപഭോക്താവിന് കടകളില്‍ നിന്ന് അതിന്റെ വില തിരിച്ചു ലഭിക്കുകയും ചെയ്യും. ജര്‍മനി, സ്വീഡന്‍, അയര്‍ലാന്‍ഡ് തുടങ്ങി അമ്പതോളം രാജ്യങ്ങള്‍ വിജയകരമായി ഇത് നടപ്പാക്കി വരുന്നു. അടുത്തിടെ ‘ക്ലീന്‍ അപ് ബ്രിട്ടന്‍’ പദ്ധതിയുടെ ഭാഗമായി ബ്രിട്ടനിലും ഡി ആര്‍ എസ് പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്. ബ്രിട്ടനിലെ വിവിധ വന്‍കിട സൂപ്പര്‍മാര്‍ക്കറ്റുകള്‍ പദ്ധതിയുമായി സഹകരിക്കാന്‍ സന്നദ്ധത അറിയിക്കുകയും ചെയ്തു. ഇതനുസരിച്ച് ഈ കടകളില്‍ നിന്ന് വാങ്ങുന്ന പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗ ശേഷം വില നല്‍കി കടക്കാര്‍ തിരിച്ചെടുക്കും. നമ്മുടെ രാജ്യത്തും പരീക്ഷിക്കാവുന്നതാണ് ഇത്തരം പദ്ധതികള്‍. ശക്തമായ ബോധവത്കരണവും ആവശ്യമാണ്.