Editorial
വേണം രണ്ടാം സ്വാതന്ത്ര്യ സമരം
വിദേശ ശക്തികൾക്കെതിരെയായിരുന്നു പൂർവീകരുടെ സമരമെങ്കിൽ അധികാരസ്ഥാപനങ്ങൾ കൈയാളുന്ന ബ്രാഹ്മണ്യവാദ ഫാസിസ്റ്റ് ശക്തികൾക്കെതിരെയും കപട ദേശീയതക്കെതിരെയും ജീർണിത രാഷ്ട്രീയത്തിനെതിരെയുമാണ് ഇന്ന് പോരാടാനുള്ളത്.
സ്വതന്ത്ര ഇന്ത്യ 74 വർഷം പിന്നിട്ടു. ഇന്ന് 75ാം വർഷത്തിലേക്ക് കടക്കുകയാണ്. വികസന രംഗത്ത് ഇക്കാലയളവിൽ രാജ്യം വളരെയേറെ മുന്നേറി. വികസിത രാജ്യങ്ങൾക്ക് മാത്രം കൈവശമുണ്ടായിരുന്ന ഉപഗ്രഹവേധ മിസൈൽ സാങ്കേതിക വിദ്യയടക്കം ഇന്ത്യ സ്വായത്തമാക്കി. 2021 -22 സാമ്പത്തിക വർഷം ഇന്ത്യയുടെ ജി ഡി പി നിരക്ക് കുതിച്ചുയരുമെന്നാണ് ലോക ബേങ്ക് റിപ്പോർട്ട്. ഈ വളർച്ചക്കിടയിലും ഒരു കാര്യം ഓർക്കണം. 1857ൽ മുഗൾ ചക്രവർത്തി ബഹദൂർ ഷാ സഫറിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ച് ഒരു നൂറ്റാണ്ടിലേറെ നീണ്ട പോരാട്ടത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ ഫലം അനുഭവിക്കാൻ കഴിയാത്തവരാണ് ഇന്ന് രാജ്യത്തെ ജനങ്ങളിൽ നല്ലൊരു വിഭാഗവുമെന്നത് നമ്മുടെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ മാറ്റ് കുറക്കുന്നു.
അസ്തിത്വ പ്രതിസന്ധിയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കയാണ് മതേതര ജനാധിപത്യ ഇന്ത്യ ഇന്ന്. ആഗോളതലത്തിൽ ഇന്ത്യയെ കൂടുതൽ ശ്രദ്ധേയമാക്കിയ, ഇക്കാലമത്രയും രാജ്യം ക്ഷതമേൽക്കാതെ സൂക്ഷിച്ച നമ്മുടെ സവിശേഷമായ ജനാധിപത്യവും മതേതരത്വവും അപകടാവസ്ഥയിലാണ്. ഇന്ത്യൻ ഭരണഘടനക്കെതിരെ ഭരണതലത്തിൽ തന്നെ ഭീഷണി ഉയരുന്നു. ഭരണഘടനയെ സംരക്ഷിക്കേണ്ടവർ തന്നെ അത് പൊളിച്ചെഴുതണമെന്നാവശ്യപ്പെടുന്നു. ജനാധിപത്യം അപകടത്തിലാണെന്ന മുന്നറിയിപ്പോടെ സുപ്രീം കോടതി ഭരണ സംവിധാനത്തിനും ചീഫ് ജസ്റ്റിസിനുമെതിരെ അതിരൂക്ഷ വിമർശനങ്ങളുമായി ജഡ്ജിമാർ വാർത്താ സമ്മേളനം നടത്തിയതും ജനാധിപത്യത്തെ താങ്ങി നിർത്താൻ ബാധ്യതപ്പെട്ട തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് 66 ഉന്നത ഉദ്യോഗസ്ഥർ രാഷ്ട്രപതിക്ക് കത്തെഴുതിയതും ജനാധിപത്യം നേരിടുന്ന ഗുരുതര ഭീഷണിയിലേക്ക് വിരൽ ചൂണ്ടുന്നു. ഗവർണർമാരെ ഉപയോഗിച്ചു കേന്ദ്രം സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാറുകളെ അട്ടിമറിക്കുകയും ഫാസിസ്റ്റ് അജൻഡകൾ നടപ്പാക്കുകയും ചെയ്യുന്നു.
ഭരണഘടനാ ചൈതന്യം ഉൾക്കൊള്ളുന്നതായിരിക്കണം രാജ്യം അംഗീകരിക്കുന്ന നിയമങ്ങളെന്നതാണ് കീഴ്‌വഴക്കം. എന്നാൽ ചർച്ചക്ക് അവസരം നൽകാതെ അപ്പം ചുട്ടെടുക്കുന്ന ലാഘവത്തോടെയാണ് പാർലിമെന്റിൽ ഇന്ന് നിയമങ്ങൾ പാസ്സാക്കുന്നത്. മനുഷ്യാവകാശ പ്രവർത്തകർ, വിദ്യാർഥി നേതാക്കൾ എഴുത്തുകാർ തുടങ്ങി മർദിതപക്ഷത്ത് നിൽക്കുന്നവരെയെല്ലാം തടവിലിട്ടു പീഡിപ്പിക്കുകയോ ഫാസിസ്റ്റ് കടന്നാക്രമണങ്ങളിലൂടെ കൊന്നൊടുക്കുകയോ ചെയ്യുന്നു. ഫാ. സ്റ്റാൻ സ്വാമിയുടെ അറസ്റ്റും മരണവും അനന്തമായി നീളുന്ന അബ്ദുന്നാസിർ മഅ്ദനിയുടെ തടവും ഇന്ത്യൻ ജനാധിപത്യത്തിനു മുമ്പിൽ ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുകയാണ്.
വൈവിധ്യങ്ങളുടെ സമന്വയമാണ് അഥവാ നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യൻ സംസ്‌കാരത്തിന്റെ ആത്മസത്ത. ഈ മഹിതാശയത്തെ നെഞ്ചേറ്റിയവരെ വേദനിപ്പിക്കുന്നതാണ് രാജ്യത്തിന്റെ വർത്തമാന ചരിത്രം. മതസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും നിരാകരിക്കപ്പെടുകയാണ്. ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾ കൈയടക്കാൻ ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികൾക്ക് ഭരണകൂടവും ജുഡീഷ്യറിയും കൂട്ടു നിൽക്കുന്നു. സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചവരും രാജ്യത്തിന്റെ വളർച്ചക്ക് അക്ഷീണം യത്‌നിച്ചവരുമായ മതന്യൂനപക്ഷങ്ങളെ വിശിഷ്യാ മുസ്‌ലിം സമൂഹത്തെ ദേശദ്രോഹികളായി ചിത്രീകരിച്ചു ഒറ്റപ്പെടുത്താനും സാംസ്‌കാരികമായി നശിപ്പിക്കാനുമുള്ള ശ്രമങ്ങളും സജീവം. വർഗീയതയും അരികുവത്കരണവുും ഛിദ്രതകളും ഒഴിയാത്ത ശാപമെന്നോണം രാജ്യത്തെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്നു. ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയായ മതേതരത്വത്തെ പിഴുതെറിഞ്ഞ് രാജ്യത്തെ ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റാനുള്ള കൊണ്ടു പിടിച്ച ശ്രമങ്ങളാണ് അധികാര കേന്ദ്രങ്ങൾ നടത്തി വരുന്നത്.
ഇതപര്യന്തമുള്ള രാജ്യത്തിന്റെ വളർച്ചയിലും ദേശീയ സമരത്തിലും ദേശീയതയെ രൂപപ്പെടുത്തിയതിലും വിവിധ സമൂഹങ്ങൾ വഹിച്ച പങ്ക് കണക്കിലെടുത്താണ് ഇതൊരു മതേതര രാജ്യമാക്കിയത്. വ്യത്യസ്ത ചിന്താധാരകളും ദാർശനികതകളും മതങ്ങളും സംസ്‌കാരങ്ങളും നിലനിൽക്കുന്ന ഇവിടെ എല്ലാ വിഭാഗങ്ങൾക്കും അർഹമായ സ്ഥാനവും പരിഗണനയും നൽകാൻ ഭരണഘടന വ്യവസ്ഥ ചെയ്യുന്നുണ്ട്. ഭരണഘടന ഉറപ്പു നൽകുന്ന ഈ അവകാശം ഹനിക്കപ്പെടുകയാണ്. സ്വതന്ത്ര രാജ്യം എന്നതിൽ നിന്ന് ഭാഗിക സ്വതന്ത്ര രാജ്യം എന്ന നിലയിലേക്ക് ഇന്ത്യയുടെ പദവി കൂപ്പുകുത്തിയതായി ആഗോള മനുഷ്യാവകാശ സംഘടനയായ ഫ്രീഡം ഹൗസ് വിധിയെഴുതേണ്ടി വന്നത് ഈ പശ്ചാത്തലത്തിലാണ്.
രാഷ്ട്രീയത്തിന് സംഭവിച്ച അപച്യുതിയാണ് സ്വതന്ത്ര ഇന്ത്യ നേരിടുന്ന മറ്റൊരു ദുര്യോഗം. രാഷ്ട്ര സേവനത്തിനുള്ളതായിരുന്നു മുൻകാലങ്ങളിൽ രാഷ്ട്രീയം. ഇന്നത് അധികാര സ്ഥാനങ്ങളിലേക്കുള്ള വഴിയായി അധഃപതിച്ചു. രാജ ഭരണങ്ങളിലേതിന് തുല്യമായ ആനുകൂല്യങ്ങളും സാമ്പത്തിക നേട്ടവുമാണ് അധികാര കേന്ദ്രങ്ങളിലെത്തുന്നവർക്ക് ലഭ്യമാകുന്നത്. പ്രകൃതിക്ഷോഭത്താലോ മഹാമാരിയാലോ രാജ്യം തകർന്നടിഞ്ഞാലും പൊതുജനത്തിന്റെ പണം ധൂർത്തടിച്ച് തങ്ങളുടെ വസതികൾ രാജകീയമാം വിധം മോടി പിടിപ്പിക്കുകയും ലഭ്യമായതിൽ വെച്ചേറ്റവും മുന്തിയ വാഹനങ്ങൾ വാങ്ങി വിലസുകയും ചെയ്യുന്നു നമ്മുടെ ഭരണ കർത്താക്കൾ. ഏത് അധാർമിക മാർഗത്തിലൂടെയും അധികാര സ്ഥാനങ്ങളിലെത്താൻ രാഷ്ട്രീയക്കാർക്ക് പ്രചോദനമാകുന്നത് ഈ അതിരുവിട്ട ആനുകൂല്യങ്ങളാണ്.
വീണ്ടും ഒരു സ്വാതന്ത്ര്യ സമരത്തിന് സമയമായിരിക്കുന്നു രാജ്യത്ത്. വിദേശ ശക്തികൾക്കെതിരെയായിരുന്നു പൂർവീകരുടെ സമരമെങ്കിൽ അധികാരസ്ഥാപനങ്ങൾ കൈയാളുന്ന ബ്രാഹ്മണ്യവാദ ഫാസിസ്റ്റ് ശക്തികൾക്കെതിരെയും കപടദേശീയതക്കെതിരെയും ജീർണിത രാഷ്ട്രീയത്തിനെതിരെയുമാണ് ഇന്ന് പോരാടാനുള്ളത്. രാജ്യത്തിന്റെ മഹിത പാരമ്പര്യത്തെ തച്ചുതകർക്കുന്ന ഗൂഢശക്തികൾക്കെതിരെയുള്ള സമരമാണ് രാജ്യത്തിനാവശ്യം.