Connect with us

Articles

വേണം കുട്ടികള്‍ക്കൊരു സോഷ്യല്‍ മീഡിയ നിയമം

അമിതമായ സ്‌ക്രീന്‍ സമയവും നിയന്ത്രണങ്ങളില്ലാത്ത സൈബര്‍ ഇടപെടലുകളും മൂലം പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കിടയില്‍ ഉണ്ടാകുന്ന വിഷാദം, ഉത്കണ്ഠ, അക്രമ സ്വഭാവം, ആത്മഹത്യകള്‍ എന്നിവയുടെ കണക്കുകള്‍ സെപ് ഫൗണ്ടേഷന്‍ ഹരജിയില്‍ നിരത്തുന്നുണ്ട്. ഹരജിയില്‍ ഉദ്ധരിച്ചിരിക്കുന്ന റിപോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയില്‍ 462 ദശലക്ഷത്തിലധികം സജീവ സോഷ്യല്‍ മീഡിയ ഉപയോക്താക്കളുണ്ട്. ഇതില്‍ നാലിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ളവരാണ് വലിയൊരു ശതമാനം.

Published

|

Last Updated

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗങ്ങള്‍ നിയന്ത്രിക്കാനും, 13 വയസ്സിനു താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രവേശനം തടയാനും അടിയന്തര ജുഡീഷ്യല്‍ ഇടപെടല്‍ ആവശ്യപ്പെട്ട് സെപ് ഫൗണ്ടേഷന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സുപ്രീം കോടതിയില്‍ റിട്ട് ഹരജി സമര്‍പ്പിച്ചിരുന്നു. അമിതമായ ഡിജിറ്റല്‍ ഇടപെടലുകള്‍ കാരണമായി പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് സംഭവിക്കുന്ന ശാരീരിക, മാനസിക പ്രശ്നങ്ങളെ ഉയര്‍ത്തിക്കാണിച്ചായിരുന്നു ഹരജി. ആവശ്യങ്ങള്‍ പൂര്‍ണമായും നയരൂപവത്കരണത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും ആയതിനാല്‍ എത്രയും വേഗം കേന്ദ്ര സര്‍ക്കാറിനെ സമീപിക്കണമെന്നും നിരീക്ഷിച്ചുകൊണ്ട് ജസ്റ്റിസ് ബി ആര്‍ ഗവായി, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് ബഞ്ച് ഹരജി തള്ളിയെങ്കിലും മാതാപിതാക്കളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയിലേക്കെത്തേണ്ട ഒത്തിരി കാര്യങ്ങള്‍ ഹരജിയിലുണ്ട്.

അമിതമായ സ്‌ക്രീന്‍ സമയവും നിയന്ത്രണങ്ങളില്ലാത്ത സൈബര്‍ ഇടപെടലുകളും മൂലം പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കിടയില്‍ ഉണ്ടാകുന്ന വിഷാദം, ഉത്കണ്ഠ, അക്രമ സ്വഭാവം, ആത്മഹത്യകള്‍ എന്നിവയുടെ കണക്കുകള്‍ സെപ് ഫൗണ്ടേഷന്‍ ഹരജിയില്‍ നിരത്തുന്നുണ്ട്. ഹരജിയില്‍ ഉദ്ധരിച്ചിരിക്കുന്ന റിപോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയില്‍ 462 ദശലക്ഷത്തിലധികം സജീവ സോഷ്യല്‍ മീഡിയ ഉപയോക്താക്കളുണ്ട്. ഇതില്‍ നാലിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ളവരാണ് വലിയൊരു ശതമാനം. ഒമ്പത് മുതല്‍ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികളില്‍ 17 ശതമാനം പേര്‍ ദിവസവും ആറ് മണിക്കൂറിലധികം സോഷ്യല്‍ മീഡിയയിലോ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിലോ സമയം ചെലവഴിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം കുട്ടികളില്‍ ഡോപമൈന്‍ പാതകളെ ഉത്തേജിപ്പിക്കുകയും അതിലൂടെ ലഹരി വസ്തുക്കളുടെ ഉപയോഗത്തിലൂടെ ലഭിക്കുന്നത് പോലുള്ളൊരു ഫലം കുട്ടികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. പതിയെ ഈ ഉന്മാദം കുട്ടികളെ പഠന കാര്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്കും വ്യത്യസ്ത മാനസിക രോഗങ്ങളിലേക്കും കൊണ്ടെത്തിക്കുമെന്നു തെളിയിക്കുന്നൊരു ന്യൂറോളജിക്കല്‍ ഗവേഷണവും ഹരജിയില്‍ കാണാം. ഈ സാഹചര്യങ്ങള്‍ കുട്ടികളുടെ ജീവിക്കാനുള്ള അവകാശം, മാനസിക ക്ഷേമം, അന്തസ്സ്, ആരോഗ്യകരമായ വികസനം എന്നിവയെ ഗുരുതരമായി ബാധിക്കുന്നു. കുട്ടികളെ സോഷ്യല്‍ മീഡിയയുടെ ലോകത്തേക്ക് യാതൊരു നിയന്ത്രണവുമില്ലാതെ കയറൂരിവിടുന്നൊരു സാമൂഹികാവസ്ഥ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21ന്റെ പച്ചയായ ലംഘനമാണെന്നായിരുന്നു സെപ് ഫൗണ്ടേഷന്റെ വാദം. നിലവിലുള്ള നിയമത്തിന്റെ പോരായ്മകളും ഈ അവസ്ഥക്കുള്ള പരിഹാരങ്ങളും ഹരജി എടുത്തുകാണിക്കുന്നുണ്ട്. ഡിജിറ്റല്‍ പേഴ്സനല്‍ ഡാറ്റാ പ്രൊട്ടക്്ഷന്‍ ആക്ടില്‍ രക്ഷിതാക്കളുടെ മേല്‍നോട്ടത്തിനുള്ള നിര്‍ദേശങ്ങളുണ്ടെങ്കിലും അത് അപര്യാപ്തവും എളുപ്പത്തില്‍ മറികടക്കാവുന്നതുമാണ്. ഈ സാഹചര്യത്തില്‍ 13 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയമപരമായി നിരോധിക്കുക, ശക്തമായ പ്രായ പരിശോധനാ സംവിധാനങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ കൊണ്ടുവരാന്‍ ആവശ്യപ്പെടുക, നിര്‍ദേശങ്ങള്‍ പാലിക്കാത്ത സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുക, അമിതമായ സോഷ്യല്‍ മീഡിയ ഉപയോഗത്തിന്റെ ദോഷകരമായ ഫലങ്ങളെക്കുറിച്ച് മാതാപിതാക്കളെയും അധ്യാപകരെയും വിദ്യാര്‍ഥികളെയും ബോധവത്കരിക്കുന്നതിന് രാജ്യവ്യാപകമായി ഒരു ഡിജിറ്റല്‍ സാക്ഷരതാ ക്യാമ്പയിന്‍ സംഘടിപ്പിക്കുക എന്നിവയാണ് ഹരജിയില്‍ സെപ് ഫൗണ്ടേഷന്‍ മുന്നോട്ടുവെക്കുന്ന പരിഹാരങ്ങള്‍.

പാസ്സാക്കാനിരിക്കുന്ന ഡിജിറ്റല്‍ പേഴ്‌സനല്‍ ഡാറ്റാ പ്രൊട്ടക്്ഷന്‍ ഡ്രാഫ്റ്റില്‍ ഈ കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി നിയമം ഉണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള ജുഡീഷ്യല്‍ ഇടപെടല്‍ വേണമെന്നതായിരുന്നു സെപ് ഫൗണ്ടേഷന്റെ ആവശ്യം. ഹരജിയിലുള്ള ആവശ്യങ്ങള്‍ പൂര്‍ണമായും സര്‍ക്കാര്‍ നയരൂപവത്കരണത്തിന്റെ ഭാഗമാണെന്ന് നിരീക്ഷിച്ചുകൊണ്ട് സുപ്രീം കോടതി ഹരജി തള്ളിയെങ്കിലും കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ ഔദ്യോഗികമായി ആവശ്യങ്ങള്‍ അവതരിപ്പിക്കാനുള്ള അനുമതിയും, നിവേദനം കേന്ദ്ര സര്‍ക്കാറിന് ലഭിച്ചാല്‍ എട്ട് ആഴ്ചക്കുള്ളില്‍ പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശവും സുപ്രീം കോടതി നല്‍കിയിട്ടുണ്ട്. ഇനി സെപ് ഫൗണ്ടേഷന്റെ നിവേദനം കേന്ദ്ര സര്‍ക്കാറിന്റെ ടേബിളില്‍ എത്തുമ്പോള്‍ ഏതൊക്കെ ആവശ്യങ്ങള്‍ പരിഗണിക്കപ്പെടുമെന്ന് കണ്ടറിയണം. എല്ലാ കാര്യങ്ങളും പരിഗണിച്ച് ഒരു നിയമം ഭാവിയില്‍ വരുമെന്ന് നമുക്ക് ആഗ്രഹിക്കാം. തീര്‍ച്ചയായും അങ്ങനെയൊരു നിയമം നമ്മുടെ സാമൂഹിക സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. നിയമം പ്രാബല്യത്തില്‍ വന്നാലും നമ്മുടെ കുട്ടികള്‍ക്ക് അവയെല്ലാം മറികടക്കാനുള്ള വഴികള്‍ നമ്മുടെ വീടുകളിലും പരിസരങ്ങളിലും അപ്പോഴുമുണ്ടാകും. അത് പൂര്‍ണമായും പരിഹരിക്കപ്പെടണമെങ്കില്‍ നിയമവും നിരോധനവും വരുന്നതിനപ്പുറം നമ്മുടെ വീടകങ്ങളില്‍ കുട്ടികളുടെ ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ടുള്ള രക്ഷിതാക്കളുടെ ചട്ടങ്ങള്‍ രൂപവത്കരിക്കപ്പെടണം, കൂടെ പൂര്‍ണ ശ്രദ്ധയും വേണം. ഓണ്‍ലൈന്‍ ഗെയിമുകളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും തീര്‍ന്നുപോകാത്തൊരു അവധിക്കാലം കുട്ടികള്‍ക്ക് സമ്മാനിച്ചുകൊണ്ട് നമുക്കത് ആരംഭിക്കാം. മണ്ണും മനുഷ്യരും വായനകളും അവരുടെ കൂട്ടുകാരായി മാറട്ടെ.

 

Latest