Editorial
ചൂഷണമുക്തമായ ഇന്ധന വില നയം വേണം
കടുത്ത വിലക്കയറ്റത്തിന് വഴിവെക്കുന്ന തീരുമാനം കൈക്കൊള്ളാന്‍ ജനങ്ങളോട് ഉത്തരവാദിത്വമുള്ള സര്‍ക്കാര്‍ തയ്യാറാകില്ല. വില വര്‍ധനവ് മൂലം ജനങ്ങളുടെ ക്രയശേഷി ഇടിയുമ്പോള്‍ സമ്പദ് വ്യവസ്ഥയിലാകെ നിരാശ പടരുകയാണ് ചെയ്യുക.

ഇന്ധന വിലയില്‍ കേന്ദ്ര സര്‍ക്കാറിന്റെ മുന്‍ഗണനയെന്തെന്ന് വ്യക്തമാക്കുന്ന മറ്റൊരു തീരുമാനം കൂടി വന്നിരിക്കുന്നു. വിളിപ്പാടകലെ വോട്ടെടുപ്പുണ്ടെങ്കില്‍ ഇന്ധന വില വര്‍ധന പൊടുന്നനെ നിലയ്ക്കും. എണ്ണ കമ്പനികളുടെ സമ്മര്‍ദമൊക്കെ മറികടന്ന് വില കുറച്ചുവെന്നും വരും. തിരഞ്ഞെടുപ്പ് അടുത്തൊന്നും വരാനില്ലെങ്കില്‍ കാണാം, തനിനിറം. പാചക വാതക (എല്‍ പി ജി) സിലിന്‍ഡറിന് അമ്പത് രൂപയും പെട്രോള്‍, ഡീസലിന് എക്‌സൈസ് തീരുവ രണ്ട് രൂപയും വര്‍ധിപ്പിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഗാര്‍ഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന സബ്‌സിഡിയുള്ളതും ഇല്ലാത്തതുമായ സിലിന്‍ഡറുകള്‍ക്ക് വില കൂട്ടിയിട്ടുണ്ട്. ഉജ്ജ്വല്‍ യോജന പദ്ധതിയിലുള്ള ഉപഭോക്താക്കള്‍ക്ക് 14.2 കിലോ വരുന്ന സിലിന്‍ഡറിന് 500 രൂപയില്‍ നിന്ന് 550 രൂപയായി വര്‍ധിച്ചു. സബ്‌സിഡിയില്ലാത്ത 14.2 കിലോ വരുന്ന സിലന്‍ഡറുകള്‍ക്ക് ഡല്‍ഹിയില്‍ 803 രൂപയില്‍ നിന്ന് 853 രൂപയായി ഉയരും. ആനുപാതികമായി മറ്റിടങ്ങളിലും വില കൂടും. വിലയെ ബാധിക്കില്ലെന്ന സമാശ്വാസ വര്‍ത്തമാനത്തിന്റെ അകമ്പടിയിലാണ് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ രണ്ട് രൂപ കൂട്ടിയത്. നിലവില്‍ ലിറ്ററിന് 19.90 രൂപയാണ് എക്‌സൈസ് തീരുവ. ഇത് ലിറ്ററിന്‍മേല്‍ 21.90 രൂപയായി ഉയരും. ഡീസലിന്റെ നിലവിലെ എക്‌സൈസ് തീരുവ ലിറ്ററിന് 15.80 രൂപയാണ്. ഇത് 17.80 രൂപയായി വര്‍ധിക്കും.
എക്‌സൈസ് തീരുവ വര്‍ധനവ് ഉപഭോക്താക്കളെ ബാധിക്കില്ലെന്നും വര്‍ധനവ് എണ്ണക്കമ്പനികള്‍ ഏറ്റെടുക്കുമെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി വലിയ സൗമനസ്യമായി അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സത്യമെന്താണ്? യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികാരച്ചുങ്ക നടപടിക്കു പിന്നാലെ ക്രൂഡ് ഓയില്‍ വില ബാരലിന് 70 യു എസ് ഡോളറില്‍ നിന്ന് 63 ഡോളറായി കുറഞ്ഞുവെന്ന വസ്തുത കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ വഞ്ചനയുടെ ആഴം മനസ്സിലാകും. ക്രൂഡ് വിലയിലെ ഇടിവ് എണ്ണക്കമ്പനികള്‍ക്ക് കൊള്ളലാഭമാണ് ഉണ്ടാക്കിയിരിക്കുന്നത്. അന്താരാഷ്ട്രതലത്തില്‍ ക്രൂഡ് വില ചെറുതായൊന്ന് ഉയരുമ്പോഴേക്ക് നഷ്ടക്കണക്ക് നിരത്തുന്ന കമ്പനികള്‍ വിലക്കുറവിന്റെ അഥവാ അടിച്ചെടുക്കുന്ന ലാഭത്തിന്റെ ചെറുപങ്കെങ്കിലും ഉപഭോക്താക്കള്‍ക്ക് നല്‍കേണ്ടതല്ലേ. ജനങ്ങളോട് ഉത്തരവാദിത്വമുള്ള സര്‍ക്കാര്‍ അതിനല്ലേ പ്രേരിപ്പിക്കേണ്ടത്? എന്നാലിവിടെ എണ്ണക്കമ്പനികളും സര്‍ക്കാറും ഒത്തുകളിക്കുകയാണ്. വില കുറച്ചാല്‍ എക്‌സൈസ് തീരുവ ഇനത്തില്‍ സര്‍ക്കാറിന് “നഷ്ടമു’ണ്ടാകും. ഈ സാഹചര്യം ഒഴിവാക്കാന്‍ വില മാറ്റമില്ലാതെ നിര്‍ത്തുന്നു. രണ്ട് ശതമാനം അധിക തീരുവ കമ്പനികള്‍ സര്‍ക്കാറിലേക്ക് അടക്കുന്നു. കേട്ടാല്‍ തോന്നും എണ്ണ കമ്പനികള്‍ മഹത്തായ കാര്യം ചെയ്യുന്നുവെന്ന്. അമിത ലാഭത്തിന്റെ ഒരു പങ്ക് മാത്രമാണത്. അന്താരാഷ്ട്ര വിലക്കുറവിന്റെ ആനുകൂല്യം ഉപഭോക്താക്കളില്‍ നിന്ന് കവര്‍ന്നെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. 2023- 24 വര്‍ഷത്തില്‍ രാജ്യത്തെ മൂന്ന് പൊതുമേഖലാ എണ്ണക്കമ്പനികളുടെ ആകെ ലാഭം 82,500 കോടിയായിരുന്നു. ഇന്ധന നികുതിയിലൂടെ ഇതേ വര്‍ഷം കേന്ദ്രത്തിന് ലഭിച്ചതാകട്ടെ 4.32 ലക്ഷം കോടി രൂപയും.
എണ്ണ വില 60 ഡോളറിന് താഴെ നിലനിന്നാല്‍ പെട്രോള്‍, ഡീസല്‍ വില കുറക്കാന്‍ കഴിയുമെന്നാണ് മന്ത്രി ഹര്‍ദീപ്‌സിംഗ് പറയുന്നത്. 2022 മെയില്‍ ക്രൂഡിന് 116 ഡോളറുണ്ടായിരുന്ന സമയത്ത് ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില യഥാക്രമം 96.72, 89.62 രൂപ ആയിരുന്നു. ഇപ്പോള്‍ ക്രൂഡ് വില 65 ഡോളറിലെത്തിയപ്പോള്‍ പെട്രോള്‍ വില 100 രൂപക്ക് മുകളിലാണ്. മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു തൊട്ടുപിന്നാലെ പെട്രോളിയം മന്ത്രി നല്‍കിയ ഉറപ്പുകള്‍ ഒരിക്കല്‍ കൂടി വായിച്ചു നോക്കുന്നത് നന്നായിരിക്കും. 80 ഡോളറിന് താഴേക്ക് ക്രൂഡ് വില പോയാല്‍ പെട്രോള്‍, ഡീസല്‍ വില ആനുപാതികമായി കുറയ്ക്കുമെന്നായിരുന്നു വാഗ്ദാനം. അതൊന്നും പാലിക്കാന്‍ കേന്ദ്രം ഇതുവരെ ശ്രമിച്ചിട്ടില്ല. ആദായ നികുതി കുറച്ചതിലൂടെയും ശമ്പള പരിഷ്‌കരണം നടപ്പാക്കിയതിലൂടെയും ധനക്കമ്മി കുറയ്ക്കാനുള്ള തത്രപ്പാടിലൂടെയും കോര്‍പറേറ്റുകള്‍ക്ക് നല്‍കിയ ഇളവുകളിലൂടെയും യൂനിയന്‍ സര്‍ക്കാറിനുണ്ടായ ബാധ്യത തീര്‍ക്കാന്‍ എണ്ണ വിപണി ഉപയോഗിക്കുകയാണ്. മോശം സാമ്പത്തിക യുക്തിയാണിത്. തീരുവയും വിലയിലേക്ക് ചേരുന്ന പരോക്ഷ നികുതികളും കൂട്ടി ധനസമാഹരണം നടത്താന്‍ വലിയ മിടുക്കൊന്നും വേണ്ട. കടുത്ത വിലക്കയറ്റത്തിന്, പണപ്പെരുപ്പത്തിന് വഴിവെക്കുന്ന തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ജനങ്ങളോട് ഉത്തരവാദിത്വമുള്ള സര്‍ക്കാര്‍ തയ്യാറാകില്ല. വില വര്‍ധനവ് മൂലം ജനങ്ങളുടെ ക്രയശേഷി ഇടിയുമ്പോള്‍ സമ്പദ് വ്യവസ്ഥയിലാകെ നിരാശ പടരുകയാണ് ചെയ്യുക.
കോണ്‍ഗ്രസ്സ് അധികാരത്തിലിരുന്നപ്പോള്‍ പെട്രോളിയം, എല്‍ പി ജി വില കൂട്ടുമ്പോഴെല്ലാം ബി ജെ പി നേതാക്കള്‍ നടത്തിയ വ്യത്യസ്തമായ പ്രതിഷേധങ്ങളുടെ വീഡിയോകള്‍ ഇന്ന് കാണുന്നത് കൗതുകകരമായിരിക്കും. ഭരണത്തുടര്‍ച്ചയില്‍ അഭിരമിക്കുന്ന ബി ജെ പി നേതാക്കള്‍ ആ കാളവണ്ടി, സിലിന്‍ഡര്‍ പ്രകടന പ്രഹസനങ്ങള്‍ പാടേ മറന്നിരിക്കുന്നു. നോട്ട് നിരോധനത്തെ ന്യായീകരിക്കാന്‍ ശ്രമിച്ചപ്പോഴും ഇന്ധനവില സംബന്ധിച്ച് ഈ നേതാക്കള്‍ താളത്തില്‍ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍, ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിരുന്നു. വില നിര്‍ണയത്തില്‍ സര്‍ക്കാര്‍ പിന്‍വാങ്ങിയപ്പോള്‍ പറഞ്ഞ ന്യായം അന്താരാഷ്ട്ര വിപണിയിലെ മാറ്റത്തിന് അനുസരിച്ച് വില നിശ്ചയിക്കപ്പെടുമെന്നതായിരുന്നു. വില കൂട്ടാന്‍ ഈ തത്ത്വം ഉപയോഗിക്കുന്നുവെന്നല്ലാതെ കുറയ്‌ക്കേണ്ട ഘട്ടം വരുമ്പോള്‍ കള്ളക്കളി പുറത്തെടുക്കുകയാണ് പതിവ്.
വില നിയന്ത്രണം എടുത്തു കളഞ്ഞതോടെ ഇന്ധന വിലയില്‍ സര്‍ക്കാറിന്റെ ഇടപെടല്‍ നികുതികളില്‍ കൂടിയാണ്. എക്സൈസ് നികുതിയും വില്‍പ്പന നികുതിയും പിന്നെ നിരവധി സര്‍ചാര്‍ജുകളും സെസ്സുകളും അതില്‍ ഉള്‍പ്പെടുന്നു. ഇങ്ങനെ ജനങ്ങളെ പിഴിയുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ മത്സരിക്കുകയാണ്. ആരോപണ പ്രത്യാരോപണങ്ങള്‍ അവസാനിപ്പിച്ച് ജനങ്ങള്‍ക്ക് ആശ്വാസകരമാകുന്ന ഇന്ധന വില നയം കൊണ്ടുവരികയാണ് സര്‍ക്കാറുകള്‍ ചെയ്യേണ്ടത്. നിയമനിര്‍മാണ, നീതിന്യായ വിഭാഗങ്ങള്‍ ഇതിനായുള്ള ഇടപെടല്‍ നടത്തണം. ഈ ദിശയിലേക്ക് ഭരിക്കുന്നവരെ വഴി നടത്താന്‍ ജനകീയ പ്രക്ഷോഭം ഉയര്‍ന്നു വരണം.