siraj editorial
മഴയെ അതിജീവിക്കാൻ മികവുള്ള റോഡുകൾ വേണം
വിദേശ രാജ്യങ്ങളിലെ റോഡ് നിർമാണം പഠിക്കാൻ മന്ത്രിമാരും ഉദ്യാഗസ്ഥരും രാജ്യങ്ങൾ സന്ദർശിക്കാറുണ്ടെങ്കിലും അതിന്റെ ഗുണഫലം അനുഭവപ്പെടാറില്ല. ഒറ്റ മഴക്കാലത്തെപ്പോലും അതിജീവിക്കാനാവാത്ത റോഡുകൾ നിർമിക്കാൻ പൊതു ഖജനാവിൽ നിന്ന് കോടികൾ ചെലവഴിക്കുന്ന സ്ഥിതി ഇനിയും ഉണ്ടായിക്കൂടാ
പോലീസ് കഴിഞ്ഞാൽ പൊതുസമൂഹത്തിന്റെയും കോടതികളുടെയും പഴി കൂടുതൽ കേൾക്കേണ്ടി വരുന്നത് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കാണ്. റോഡ് നന്നായി പണിയാൻ അറിയില്ലെങ്കിൽ രാജി വെച്ചു പോകാനാണ് പി ഡബ്ല്യു ഡി എൻജിനീയറിംഗ് ഉദ്യോഗസ്ഥരോട് കഴിഞ്ഞ ദിവസം ഹൈക്കോടതി ആവശ്യപ്പെട്ടത്. കഴിവുള്ള ഒട്ടേറെ പേർ പുറത്തുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്യോഗസ്ഥ വൃന്ദത്തെ ഉണർത്തി. റോഡുകൾ മികച്ചതായിരിക്കേണ്ടത് ജനത്തിന്റെ ആവശ്യമാണ്. അവ കൃത്യമായും മികവുറ്റ രീതിയിലും നന്നാക്കിയില്ലെങ്കിൽ ഉദ്യോഗസ്ഥരെയും കേസിൽ പ്രതി ചേർക്കുമെന്നും കോടതി അറിയിച്ചു. കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച കേസ് പരിഗണിക്കവേയായിരുന്നു ഈ രൂക്ഷവിമർശം. കഴിഞ്ഞ വർഷം കോടതി ഇടപെട്ടു നേരെയാക്കിയ റോഡുകൾ മാസങ്ങൾക്കകം പഴയപടി പൊട്ടിപ്പൊളിഞ്ഞതാണ് കോടതിയെ ചൊടിപ്പിച്ചത്.
കേരളത്തിന്റെ ശാപമാണ് റോഡുകളുടെ ശോച്യാവസ്ഥ. മഴയൊന്നു കനത്താൽ തകരുകയാണ് ദേശീയ പാതകളടക്കം സംസ്ഥാനത്തെ റോഡുകൾ. തുടർച്ചയായ പ്രളയം റോഡുകൾക്കു സൃഷ്ടിച്ച നാശനഷ്ടങ്ങൾ നികത്തി വരുന്നതിനിടെയാണ് ഇക്കൊല്ലം റക്കോർഡ് മഴ വർഷിച്ചത്. 108 ശതമാനം അധിക മഴയാണ് കഴിഞ്ഞ ആറ് മാസത്തിനകം സംസ്ഥാനത്ത് അനുഭവപ്പെട്ടതെന്നാണ് കണക്ക്. ആറ് മാസത്തോളം നീളുന്ന മഴക്കാലം നേരിടാവുന്ന സാങ്കേതിക മേന്മയില്ല സംസ്ഥാനത്തെ റോഡുകൾക്ക്. ഇത് യാത്രക്കാർക്കും വാഹനങ്ങൾക്കും വരുത്തി വെക്കുന്ന നാശനഷ്ടങ്ങൾ ചെറുതല്ല. റോഡിന്റെ ശോച്യാവസ്ഥ മൂലം ഉണ്ടാകുന്ന അപകടങ്ങളിൽ നിരവധി ജീവനുകളും നഷ്ടമാകുന്നു. കേരളത്തിൽ റോഡിലെ കുഴികളിൽ വീണു വർഷം ശരാശരി 50 മരണം എന്നതാണു കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെ കണക്ക്. വലിയ കുഴികളാണ് റോഡുകളിൽ. സൂക്ഷിച്ചും വേഗം കുറച്ചും സഞ്ചരിച്ചില്ലെങ്കിൽ തലകുത്തി താഴെ വീഴും ഇരുചക്രവാഹനക്കാർ.
ഓരോ വലിയ മഴയിലും രൂപപ്പെടുന്നു റോഡുകളിൽ വെള്ളക്കെട്ടുകൾ. റോഡിൽ വെള്ളം കെട്ടിനിൽക്കുമ്പോൾ ടാർ ഘടകമുള്ള അസ്ഫാൽറ്റ് (കോൺക്രീറ്റ് മിശ്രിതം) പാളിയിലുടെ ഉള്ളിലേക്ക് അരിച്ചിറങ്ങുന്നു. ഇത് താഴെ പാളിയിലുള്ള ചില്ലികൾക്കിടയിൽ അയവ് വരുത്തുന്നതാണ് റോഡ് പൊളിയാൻ ഇടയാക്കുന്നത്. വെള്ളം അരിച്ചിറങ്ങാതിരിക്കണമെങ്കിൽ പ്രധാനമായും രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അസ്ഫാൽറ്റിൽ ആവശ്യത്തിനു ടാർ ചേർക്കണം. റോഡിൽ നിറയുന്ന വെള്ളം ഒലിച്ചു പോകാനുള്ള ഓവുചാലുകളും വേണം. ഇത് രണ്ടും കേരളത്തിലെ റോഡുകളിൽ കുറവാണ്. കരാർ തുകയുടെ നല്ലൊരു പങ്ക് എൻജിനീയർമാർ ഉൾപ്പെടെ ബന്ധപ്പെട്ട പലർക്കും നൽകേണ്ടി വരുന്നതിനാൽ കരാറുകാരൻ കോൺക്രീറ്റ് മിശ്രിതത്തിലെ ഘടകങ്ങളിൽ കുറവ് വരുത്തേണ്ടി വരുന്നു. വെള്ളം ഒഴുകിപ്പോകാൻ റോഡിന്റെ വശങ്ങളിൽ ഓവുചാലുകളില്ല മിക്കയിടത്തും. ഇരുവശത്തും ഓടകൾ കെട്ടിവേണം റോഡ് നിർമിക്കാനെന്ന അടിസ്ഥാന തത്വം പാലിക്കപ്പെടുന്നില്ല. ഉള്ള ഓടകളിൽ തന്നെ ചപ്പുചവറുകൾ കെട്ടിനിൽക്കുന്നതിനാൽ വെള്ളം ഒഴുകിപ്പോകുന്നതിനു തടസ്സം നേരിടുകയും ചെയ്യുന്നു. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള ചപ്പുചവറുകൾ പലരും തള്ളുന്നത് ഓടകളിലാണല്ലോ. വിദ്യാസമ്പന്നരെങ്കിലും സാമൂഹിക ബോധം കുറവാണ് ഇത്തരം കാര്യങ്ങളിൽ മലയാളിക്ക്.
ജല അതോറിറ്റിയുൾപ്പെടെ വിവിധ സർക്കാർ വകുപ്പുകൾക്കുമുണ്ട് റോഡുകളുടെ ശോച്യാവസ്ഥയിൽ വലിയൊരു പങ്ക്. ജല അതോറിറ്റിയും മറ്റു വകുപ്പുകാരും റോഡുകൾ പൊളിക്കുന്നത് സർവസാധാരണമാണ്. ഇങ്ങനെ വെട്ടിക്കുഴിച്ച റോഡുകൾ യഥാസമയം പൂർവസ്ഥിതിയിലാക്കാൻ അതാത് വകുപ്പുകൾ ബാധ്യസ്ഥരാണെങ്കിലും ആ ഉത്തരവാദിത്വം യഥാവധി അവർ നിർവഹിക്കാറില്ല. മാസങ്ങളോളം പൊളിഞ്ഞ നിലയിൽ തന്നെ കിടക്കും. ചിലപ്പോൾ ഒരു വകുപ്പിന്റെ പണി കഴിഞ്ഞുപോയാൽ ദിവസങ്ങൾക്കകം അടുത്ത വകുപ്പുകാരെത്തി റോഡിൽ കുളം തോണ്ടുന്നതും പതിവു കാഴ്ചയാണ്. വിവേചനരഹിതമായി റോഡുകൾ വെട്ടിപ്പൊളിക്കുന്നതു വഴി സംസ്ഥാനത്തിന് ഒരു വർഷം മൂവായിരം കോടി രൂപയുടെ ബാധ്യത വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. പണിപൂർത്തിയായ റോഡുകൾ തോന്നുമ്പോഴെല്ലാം വെട്ടിക്കുഴിക്കുന്നതു തടയാൻ സർക്കാർ നിബന്ധനകൾ കടുപ്പിക്കാറുണ്ടെങ്കിലും അത് ഫലപ്രദമാകാറില്ല.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ മഴലഭ്യത കൂടുതലാണെങ്കിലും മികച്ച നിലവാരത്തിൽ പണിതാൽ ഇവിടെയും ഏത് മഴയെയും അതിജീവക്കാനും ദീർഘകാലം തകരാതെ നിലനിൽക്കാനും റോഡുകൾക്കാകുമെന്നതിന്റെ തെളിവാണ് ബ്രിട്ടീഷുകാർ പണിത റോഡുകളും പാലങ്ങളും. വെള്ളക്കാർ നാടുവിട്ടുപോയി മുക്കാൽ നൂറ്റാണ്ടോളമായെങ്കിലും ഇനിയും മാറ്റിപ്പണിയേണ്ട ആവശ്യം പോലും വന്നിട്ടില്ലാത്ത നിർമാണങ്ങളാണ് അവയിൽ പലതും. റോഡ് നിർമാണത്തിലെ മികച്ച സാങ്കേതികതയാണ് ഇതിനു കാരണം.
വിദേശ മാതൃകയിൽ കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാനാകുന്ന റോഡ് നിർമാണം സംസ്ഥാനത്ത് നടപ്പാക്കുന്നത് ആലോചനയിലാണെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു. ഇത് സ്വാഗതാർഹമാണ്. വിദേശ രാജ്യങ്ങളിലെ റോഡ് നിർമാണം പഠിക്കാൻ പൊതുപണം ചെലവാക്കി മന്ത്രിമാരും ഉദ്യാഗസ്ഥരും ഇടക്കിടെ രാജ്യങ്ങൾ മാറിമാറി സന്ദർശിക്കാറുണ്ടെങ്കിലും അവർക്കൊരു വിദേശയാത്ര എന്നതിലപ്പുറം സംസ്ഥാനത്തെ റോഡ് നിർമാണങ്ങളിൽ അതിന്റെ ഗുണഫലം അനുഭവപ്പെടാറില്ല. ഒറ്റ മഴക്കാലത്തെപ്പോലും അതിജീവിക്കാനാവാത്ത റോഡുകൾ നിർമിക്കാൻ പൊതു ഖജനാവിൽ നിന്ന് കോടികൾ ചെലവഴിക്കുന്ന സ്ഥിതിവിശേഷം ഇനിയും ഉണ്ടായിക്കൂടാ. പൊട്ടിപ്പൊളിയാതെ ദീർഘകാലം നിലനിൽക്കാൻ സഹായകമാം വിധം റോഡ് നിർമാണത്തിൽ മികച്ച സാങ്കേതിക വിദ്യ പ്രയോഗിക്കാൻ നടപടി സ്വീകരിക്കേണ്ടതുണ്ട്.