Connect with us

Articles

മനുഷ്യപക്ഷം ചേരുന്ന നിയമങ്ങളാണ് ആവശ്യം

കാട്ടുമൃഗങ്ങളുടെ കടന്നാക്രമണം മൂലം സംസ്ഥാനത്തെ ജനങ്ങളുടെ ജീവനും വസതികള്‍ക്കും കൃഷിഭൂമികള്‍ക്കും വലിയ ഭീഷണിയാണ് ഉണ്ടായിരിക്കുന്നത്. ഭരണകൂടങ്ങള്‍ ഇപ്പോള്‍ മനുഷ്യനേക്കാള്‍ പ്രാധാന്യം വന്യജീവികള്‍ക്ക് നല്‍കുകയാണെന്ന് സംശയിക്കേണ്ടിവരും. മനുഷ്യ ജീവനുകള്‍ പൊലിയുന്നതും ഉപജീവന മാര്‍ഗങ്ങള്‍ വന്യജീവികള്‍ നശിപ്പിക്കുന്നതും ഭരണാധികാരികള്‍ കാണുന്നില്ല. ഈ പ്രശ്‌നങ്ങളെ ഭരണകൂടം ഇനിയെങ്കിലും അഭിസംബോധന ചെയ്‌തേ മതിയാകൂ.

Published

|

Last Updated

സംസ്ഥാനത്ത് വന്യമൃഗങ്ങള്‍ കൊലപ്പെടുത്തുന്ന സാധാരണക്കാരായ ജനങ്ങളുടെ എണ്ണം ദിവസം കഴിയുന്തോറും പെരുകിക്കൊണ്ടിരിക്കുകയാണ്. വനങ്ങളുമായി ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ അധിവസിക്കുന്ന ജനത ഭയചകിതരാണ് ഇപ്പോള്‍. ഇരകള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിക്കപ്പെട്ട സഹായങ്ങള്‍ നിശ്ചിത സമയത്ത് തന്നെ നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ള അലംഭാവവും ഇപ്പോള്‍ വലിയ ചര്‍ച്ചക്ക് വിധേയമായിരിക്കുകയാണ്.
കാര്‍ഷിക മേഖലയും വന്യമൃഗ ശല്യത്തില്‍ പൊറുതിമുട്ടിയിരിക്കുന്നു. ആനയും കാട്ടുപോത്തും കാട്ടുപന്നികളുമെല്ലാം കൃഷി വ്യാപകമായി നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പട്ടണ പ്രദേശങ്ങളില്‍ പോലും കാട്ടുപന്നികള്‍ അഴിഞ്ഞാടുന്ന സ്ഥിതിയാണുള്ളത്. നെല്ല്, കപ്പ, ചേമ്പ്, വാഴ, തെങ്ങ്, കവുങ്ങ്, റബ്ബര്‍, പപ്പായ തുടങ്ങിയ കൃഷിയിടങ്ങളെല്ലാം കാട്ടുമൃഗങ്ങളുടെ വിഹാര കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. സംസ്ഥാനത്തെ ബഹുഭൂരിപക്ഷം പ്രദേശങ്ങളിലും ഫലത്തില്‍ ഒരു കൃഷിയും നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗം താറുമാറാക്കാന്‍ കാട്ടുപന്നികളടക്കമുള്ള വന്യജീവികളുടെ ആക്രമണം ഇടയാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ കാലോചിതമായ മാറ്റം വരുത്തണമെന്നുള്ള കേരളത്തിന്റെയും തമിഴ്‌നാട്, കര്‍ണാടക അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളുടെയും ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നു. വന്യജീവി ആക്രമണം രൂക്ഷമാകുമ്പോഴും കാലഹരണപ്പെട്ട വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യില്ലെന്ന പിടിവാശിയിലാണ് കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍. 1972ലെ ഈ നിയമം ഭേദഗതി ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര വനം-പരിസ്ഥിതി സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിംഗ് രാജ്യസഭയെ അറിയിച്ചിരുന്നു. നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യം കേരളത്തില്‍ നിന്നുള്ള എം പിമാര്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും നിലപാട് മാറ്റത്തിന് കേന്ദ്രം തയ്യാറല്ല. വന്യജീവികളുടെയും വനപ്രദേശങ്ങളുടെയും മേല്‍നോട്ടം മുഖ്യമായും സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണെന്ന് മുസ്‌ലിം ലീഗ് അംഗം ഹാരിസ് ബീരാന്റെ ചോദ്യത്തിന് മന്ത്രി മറുപടിയും നല്‍കി. പ്രൊജക്ട് ടൈഗര്‍, പ്രൊജക്ട് എലഫെന്റ് തുടങ്ങിയ പദ്ധതികളിലൂടെ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കുന്നുണ്ട്. സോളാര്‍ വൈദ്യുതിവേലി, ബയോഫെന്‍സിംഗ്, അതിര്‍ത്തി മതിലുകള്‍ തുടങ്ങിയ നടപടികളിലൂടെ ജനവാസ പ്രദേശങ്ങളിലേക്ക് മൃഗങ്ങള്‍ കടന്നുവരാതിരിക്കാനുള്ള തടസ്സങ്ങള്‍ സൃഷ്ടിക്കാനാണ് പണം ഉപയോഗിക്കേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു. ഷെഡ്യൂള്‍ ഒന്നിലും രണ്ടിലും ഉള്‍പ്പെട്ട ആന, കടുവ, സിംഹം, പുള്ളിപ്പുലി തുടങ്ങിയ മൃഗങ്ങളുടെ എണ്ണം രാജ്യത്ത് വലിയ തോതില്‍ വര്‍ധിച്ചു എന്നും മറുപടിയിലുണ്ട്. 2022ലെ കണക്ക് പ്രകാരം കേരളത്തില്‍ 213 കടുവകളും 570 പുള്ളിപ്പുലികളുമാണുള്ളത്. ആനകളുടെ എണ്ണം അവസാനം കണക്കാക്കിയത് 2017ല്‍ ആണ്. കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിവെച്ച സംരക്ഷണ നടപടികളാണ് കടുവയുടെയും പുലിയുടെയും ആനയുടെയുമെല്ലാം എണ്ണം വലിയ തോതില്‍ വര്‍ധിക്കാന്‍ വഴിയൊരുക്കിയത്. 1972ലെ വന്യജീവി സംരക്ഷണനിയമത്തില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷം പരിഹരിക്കുന്നതിന് ഒരു ഭേദഗതിയും ആവശ്യമില്ലെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭുപേന്ദ്ര യാദവ് പാര്‍ലിമെന്റിലും പുറത്തും ആവര്‍ത്തിക്കുകയാണ്. ഷെഡ്യൂള്‍ ഒന്നില്‍ പെടുന്ന കാട്ടുപന്നികള്‍ക്കും നാടന്‍ കുരങ്ങുകള്‍ക്കും സംരക്ഷണം തുടരുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
എന്നാല്‍ 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 11ാം വകുപ്പ് വന്യജീവികളെ വേട്ടയാടുന്നത് അനുവദിച്ചിട്ടുണ്ട്. ഏതെങ്കിലും വന്യമൃഗം മനുഷ്യജീവന് അപകടകരമാണെന്ന്, അല്ലെങ്കില്‍ വീണ്ടെടുക്കാന്‍ കഴിയാത്തവിധം വൈകല്യമുള്ളതോ രോഗബാധിതമായതോ ആണെന്ന് ചീഫ് വൈല്‍ഡ്്ലൈന്‍ വാര്‍ഡന് ബോധ്യപ്പെട്ടാല്‍ രേഖാമൂലമുള്ള ഉത്തരവുവഴി അത്തരം മൃഗങ്ങളെ വേട്ടയാടാന്‍ ആരെയും അനുവദിക്കുന്നുണ്ട്. നിലവിലുള്ള വന്യജീവി സംരക്ഷണ നിയമത്തില്‍ തന്നെ വന്യമൃഗങ്ങളെ ആവശ്യമെങ്കില്‍ കൊല്ലാമെന്ന് പറഞ്ഞിട്ടുള്ളതും ഇപ്പോള്‍ അധികാരികള്‍ ബോധപൂര്‍വം വിസ്മരിക്കുകയാണ്.

മനുഷ്യന്റെ ജീവന്‍ സംരക്ഷിക്കുകയാണ് പ്രധാനമെന്നും നിയമങ്ങള്‍ അതിനുവേണ്ടി ഉള്ളതാകണമെന്നും ശശി തരൂര്‍ എം പി ഓര്‍മപ്പെടുത്തിയിരുന്നു. 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം കാലോചിതമായി ഭേദഗതി ചെയ്തില്ലെങ്കില്‍ വനാതിര്‍ത്തി പങ്കിടുന്ന ജനവാസ മേഖലയില്‍ ജനജീവിതം അസാധ്യമായി തീരും. മനുഷ്യന്റെ സ്വത്തിനും ജീവനും ഭീഷണിയായ മൃഗങ്ങളെ കൊല്ലാനും മറ്റുമുള്ള നിയമങ്ങളും വ്യവസ്ഥകളും നിലവിലുണ്ട്. നിര്‍ഭാഗ്യവശാല്‍ സര്‍ക്കാറുകള്‍ അത് വിനിയോഗിക്കുന്നില്ലെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എം പി ചൂണ്ടിക്കാട്ടി.
മനുഷ്യ ജീവനേക്കാള്‍ വലുതല്ല മറ്റൊന്നും. നിയമങ്ങള്‍ മരണ വാറണ്ടായി മാറുമെങ്കില്‍ അവ പുനഃപരിശോധിക്കേണ്ടതുണ്ട്. സംസ്ഥാനങ്ങളുടെ അധികാര പരിധിയിലുണ്ടായിരുന്ന വിഷയത്തിലാണ് 1972ലെ കേന്ദ്ര സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തിയത്. ഇതിലെ എല്ലാ ഭേദഗതികളും വന്യജീവികളുടെ പക്ഷത്ത് നിന്ന് മാത്രമായിരുന്നു, മനുഷ്യ പക്ഷത്ത് നിന്നായിരുന്നില്ല.

കാട്ടുമൃഗങ്ങളുടെ കടന്നാക്രമണം മൂലം സംസ്ഥാനത്തെ ജനങ്ങളുടെ ജീവനും വസതികള്‍ക്കും കൃഷിഭൂമികള്‍ക്കും വലിയ ഭീഷണിയാണ് ഉണ്ടായിരിക്കുന്നത്. ഭരണകൂടങ്ങള്‍ ഇപ്പോള്‍ മനുഷ്യനേക്കാള്‍ പ്രാധാന്യം വന്യജീവികള്‍ക്ക് നല്‍കുകയാണെന്ന് സംശയിക്കേണ്ടിവരും. മനുഷ്യ ജീവനുകള്‍ പൊലിയുന്നതും ഉപജീവന മാര്‍ഗങ്ങള്‍ വന്യജീവികള്‍ നശിപ്പിക്കുന്നതും ഭരണാധികാരികള്‍ കാണുന്നില്ല. ഈ പ്രശ്‌നങ്ങളെ ഭരണകൂടം ഇനിയെങ്കിലും അഭിസംബോധന ചെയ്‌തേ മതിയാകൂ. അതിനുവേണ്ടിയുള്ള ഏറ്റവും ശക്തമായ ബഹുജനാഭിപ്രായമാണ് ഈ അവസരത്തില്‍ ഉയര്‍ന്നുവരേണ്ടത്.

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428

Latest