stop drugs
വേണം വാഹനങ്ങളിലും "ലഹരിവേട്ട'
എവിടെയെങ്കിലും അപകടമുണ്ടാകുമ്പോഴോ ആരെങ്കിലും പരാതിപ്പെടുമ്പോഴോ മാത്രമാണ് എക്സൈസും പോലീസും ബസുകളിലും യാത്രക്കാരുമായി നിരത്തിലിറങ്ങുന്ന മറ്റു വാഹനങ്ങളിലും ലഹരി വേട്ടക്കിറങ്ങാറുള്ളത്. ഈയൊരു രീതി മാറ്റണമെന്നാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ആവശ്യം. സാധാരണക്കാരായ ആളുകള്‍ ആശ്രയിക്കുന്ന ബസുള്‍പ്പെടെയുള്ള വാഹനങ്ങളിലെ ജീവനക്കാരില്‍ നിന്നുണ്ടാകുന്ന ചെറിയൊരു പിഴവു വരെ വലിയ ദുരന്തത്തിലേക്കാണ് വഴി തുറക്കുക.
കഴിഞ്ഞ ഫെബ്രുവരിയില്‍ പാലക്കാടുണ്ടായ ഒരു കെ എസ് ആര്‍ ടി സി ബസപകടത്തിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് മിന്നല്‍ പരിശോധന നടത്തിയിരുന്നു. ദേശീയ പാതയില്‍ പാലക്കാടിനും ആലത്തൂരിനുമിടയിലായിരുന്നു രാത്രി പരിശോധന. ഒരു മണിക്കൂറിനുള്ളില്‍ 14 ബസുകള്‍ പരിശോധിച്ചു. ഒമ്പതിലും ജീവനക്കാരുടെ നിയമലംഘനം തെളിഞ്ഞു. വാഹനമോടിക്കുമ്പോള്‍ റോഡില്‍ പാലിക്കേണ്ട നിയമങ്ങള്‍ മറന്ന മട്ടിലായിരുന്നു പലരുടെയും ഡ്രൈവിംഗ്. ഇതിനുള്ള കാരണങ്ങള്‍ ചികഞ്ഞെടുത്തപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ശരിക്കും അമ്പരന്നത്. ഡ്രൈവര്‍മാരില്‍ പലരും ലഹരിയുടെ സ്ഥിരം ഉപഭോക്താക്കള്‍. ബാഗിലും അടിവസ്ത്രത്തിലും ഇവര്‍ ഒളിപ്പിച്ച പാന്‍മസാല ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. കൈയോടെ പിടിക്കപ്പെട്ട ഡ്രൈവര്‍മാര്‍ ഒടുവില്‍ സത്യം തുറന്ന് പറഞ്ഞു. കടലയും കായ വറുത്തതുമാണ് കൈയിലുണ്ടായിരുന്നതെന്ന് ആദ്യം ആവര്‍ത്തിച്ച ഇവര്‍, ഉറക്കം വരാതിരിക്കാനും കൃത്യമായ വേഗതയില്‍ മുന്നേറാനുമാണ് ലഹരി ഉപയോഗിക്കുന്നതെന്ന് പിന്നീട് മൊഴി നല്‍കി. വൈകാതെ തന്നെ പരിശോധനാ വിവരം ചോര്‍ന്നു. പിന്നീടുള്ള ബസുകളുടെയെല്ലാം വേഗത കുറഞ്ഞു. കൈയിലുള്ള പൊതികള്‍ പലരും വലിച്ചെറിഞ്ഞു. തുടര്‍ പരിശോധന ഫലം കാണാതെ വന്നതോടെ ഉദ്യോഗസ്ഥര്‍ തിരികെ പോകുകയും ചെയ്തു. ഇത് ഏതെങ്കിലും ഒരിടത്ത് എപ്പോഴെങ്കിലും സംഭവിക്കുന്ന കാര്യമല്ലെന്ന് തൊട്ടടുത്ത മാസങ്ങളിലെ പരിശോധനകളില്‍ വീണ്ടും തെളിഞ്ഞു.
തൃശൂരും കൊടുങ്ങല്ലൂരും തൃപ്രയാറിലുമെല്ലാം നടത്തിയ മിന്നല്‍ തിരച്ചിലുകളില്‍ ലഹരിയാല്‍ ഉന്മത്തരായ ഡ്രൈവര്‍മാര്‍ പിടിയിലായി. ഇവരില്‍ നിന്ന് പിടിച്ചെടുത്തത് വെറും പാന്‍മസാലയോ കഞ്ചാവോ മാത്രമായിരുന്നില്ല. വീര്യം കൂടിയ ലഹരി വസ്തുക്കളായിരുന്നു പിടിച്ചെടുത്തത്. തൃശൂര്‍ നഗരത്തിലെ ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനകളില്‍ ഒമ്പത് ബസ് ഡ്രൈവര്‍മാരാണ് കഴിഞ്ഞ ആഗസ്റ്റില്‍ മാത്രം പിടിയിലായത്. രണ്ട് സ്വകാര്യ ബസ് ഡ്രൈവര്‍മാരെ ജോലിക്കിടെ ലഹരി മരുന്നുമായി പിടികൂടിയപ്പോള്‍ ഒരാളുടെ കൈവശം എം ഡി എം എയും മറ്റൊരു ഡ്രൈവറുടെ കൈവശം കഞ്ചാവുമായിരുന്നു കണ്ടെത്തിയത്. മത്സരയോട്ടവും ബസ് തൊഴിലാളികള്‍ തമ്മിലെ തര്‍ക്കങ്ങളും അമിത വേഗവും ഡ്രൈവര്‍മാരുടെ ജാഗ്രതയില്ലായ്മയും മൂലം അപകടങ്ങള്‍ വര്‍ധിച്ചതാണ് ഇവിടെ പരിശോധന നടത്താന്‍ പോലീസിനെ പ്രേരിപ്പിച്ചത്. എന്നാല്‍ അപകടങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍ കണ്ടെത്തുമ്പോഴാണ് പ്രധാന വില്ലന്‍ ലഹരിയാണെന്ന് തിരിച്ചറിയുന്നത്.
എവിടെയെങ്കിലും അപകടമുണ്ടാകുമ്പോഴോ ആരെങ്കിലും പരാതിപ്പെടുമ്പോഴോ മാത്രമാണ് എക്സൈസും പോലീസും ബസുകളിലും യാത്രക്കാരുമായി നിരത്തിലിറങ്ങുന്ന മറ്റു വാഹനങ്ങളിലും ലഹരി വേട്ടക്കിറങ്ങാറുള്ളത്. ഈയൊരു രീതി മാറ്റണമെന്നാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ആവശ്യം. ആയിരക്കണക്കിന് സാധാരണക്കാരായ ആളുകള്‍ ആശ്രയിക്കുന്ന ബസുള്‍പ്പെടെയുള്ള വാഹനങ്ങളിലെ ജീവനക്കാരില്‍ നിന്നുണ്ടാകുന്ന ചെറിയൊരു പിഴവു വരെ വലിയ ദുരന്തത്തിലേക്കാണ് വഴി തുറക്കുകയെന്ന് സമീപകാല അനുഭവങ്ങള്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അതീവ ഗൗരവമായാണ് ഇക്കാര്യത്തെ കാണേണ്ടത്. ബോധവത്കരണം, നിയമ നിര്‍മാണം, കര്‍ശനമായ പാലനം എന്നിവ ഉപയോഗിച്ച് ഇതിന് തടയിടേണ്ടത് അത്യാവശ്യമാണ്. ഏത് ലഹരി ഉപയോഗിച്ച് വാഹനവുമായി നിരത്തിലിറങ്ങിയാലും ഇവരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ ബാധ്യതയുണ്ടെന്ന കാര്യം പൊതു സമൂഹവും മറക്കരുത്.
സംസ്ഥാനത്ത് ഒരു വര്‍ഷം ശരാശരി 4,000 പേരാണ് റോഡപകടങ്ങളില്‍ മരണപ്പെടുന്നത്. മരണപ്പെടുന്നവരില്‍ നല്ല പങ്ക് ചെറുപ്പക്കാരും കുട്ടികളുമാണെന്നതാണ് അതീവ ദുഃഖകരം. അമിത വേഗവും അശ്രദ്ധയും തന്നെയാണ് അപകടങ്ങള്‍ക്ക് മുഖ്യ കാരണമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ അമിത വേഗതക്കും അശ്രദ്ധക്കും പിന്നിലുള്ള കാരണങ്ങള്‍ മിക്കപ്പോഴും ലഹരി ഉപയോഗങ്ങളാകാമെന്നാണ് പോലീസ് പറയുന്നത്. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി മാരക ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയ സാഹചര്യം കൂടി കണക്കിലെടുത്താണ് ഇത്തരമൊരു നിഗമനത്തിലേക്ക് അധികൃതരെത്തുന്നത്. നിറമോ മണമോ ഇല്ലാത്ത എളുപ്പം കണ്ടെത്താന്‍ കഴിയാത്ത പുതിയ തരം രാസലഹരികളുടെ ഉന്മാദച്ചുഴിയില്‍പ്പെട്ട് അമിത വേഗത്തില്‍ വാഹനങ്ങളോടിക്കുകയും അപകടങ്ങളുണ്ടാക്കുകയും ചെയ്യുന്ന എത്രയോ സംഭവങ്ങള്‍ ഉദാഹരണമായി ചൂണ്ടിക്കാണിക്കാനാകും.
“എത്ര കുടിച്ചാലും, സ്റ്റിയറിംഗ് പിടിച്ചാല്‍ ഒരു കുഴപ്പവുമില്ലെന്ന്’ പറയുന്ന ഡ്രൈവര്‍മാരെ പലപ്പോഴും നാം കാണാറുണ്ട്. എന്നാല്‍ വലിയ അപകടമാണ് അവര്‍ വിളിച്ചു വരുത്തുന്നതെന്ന് അവര്‍ക്കറിയില്ല. ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിംഗ് അവനവന് മാത്രമല്ല വഴിയിലുള്ള സകലര്‍ക്കും ഭീഷണിയാണെന്നതിന് നിരവധി ഉദാഹരണങ്ങളുമുണ്ട്. അമിതമായി ലഹരി ഉപയോഗിച്ച ശേഷം അപകടകരമായി വാഹനമോടിച്ച് നിരവധി വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചതിന് സിനിമാ, സീരിയല്‍ നടിയെയും കൂട്ടാളിയെയും കൊച്ചിയില്‍ പോലീസ് പിടികൂടിയിട്ട് അധിക നാളായിട്ടില്ല. നിരവധി വാഹനങ്ങളില്‍ ഇടിച്ച് നിര്‍ത്താതെ പോയ ഇവരുടെ വാഹനം ടയര്‍ പൊട്ടിയതോടെയാണ് ഒടുവില്‍ റോഡില്‍ നിര്‍ത്തിയിടാനായത്.
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിക്കുക, മദ്യപിച്ച് വാഹനം ഓടിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഓരോ വര്‍ഷവും പിടിക്കപ്പെടുന്നവരുടെ എണ്ണത്തിലുള്ള വലിയ വര്‍ധനവും ഇതോടൊപ്പം ചേര്‍ത്തു വായിക്കപ്പെടണം. ഇന്ത്യയിലെ അഞ്ച് ശതമാനം വാഹനാപകട മരണങ്ങള്‍ നേരിട്ട് മദ്യപാനവുമായി മാത്രം ബന്ധമുള്ളതാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. യഥാര്‍ഥ സംഖ്യ ഇതിലും വളരെ ഉയര്‍ന്നതാകാം. അമിതമായ ആത്മവിശ്വാസവും അപകടകരമായി വണ്ടിയോടിക്കാനുള്ള ധൈര്യവും പലപ്പോഴും പലര്‍ക്കും ലഹരി ഉള്ളിലുള്ളതിന്റെ മുഖമുദ്രയാണ്. എന്നാല്‍ നിങ്ങള്‍ തളര്‍ന്നിരിക്കുകയാണെങ്കില്‍ ലഹരി നിങ്ങളെ കൂടുതല്‍ തളര്‍ത്തുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
അടുത്ത കാലത്തായി സംസ്ഥാനത്തെ നിരത്തുകളില്‍ അപകടങ്ങള്‍ വീണ്ടും കൂടുന്നതായി മോട്ടോര്‍ വാഹന വകുപ്പ് സ്ഥിരീകരിക്കുന്നു. മദ്യം കഴിച്ച് വാഹനമോടിക്കുന്നവരെ പരിശോധനയിലൂടെ പിടികൂടാന്‍ നിലവില്‍ കഴിയുന്നുണ്ട്. എന്നാല്‍, മയക്കു മരുന്ന് പോലുള്ളവ ഉപയോഗിച്ച് നിരത്തിലിറങ്ങുന്നവരെ പിടിക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് എക്സൈസ് അധികൃതരുടെ നാളുകളായുള്ള പരാതി. ഇതിന് പരിഹാരമെന്നോണം അത്യാധുനിക പരിശോധനാ സംവിധാനങ്ങള്‍ അടങ്ങിയ ആല്‍കോ സ്‌കാന്‍ വാന്‍ അടുത്ത ദിവസങ്ങളില്‍ സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. പോലീസിനൊപ്പം വാഹന പരിശോധനക്ക് ഇവയുടെ സാന്നിധ്യം പുതിയ പ്രതീക്ഷ നല്‍കുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥരും പറയുന്നു. രാജ്യത്താദ്യമായാണ് ഈ പരിശോധനാ സംവിധാനം കേരളത്തില്‍ നടപ്പാക്കുന്നത്. ഡ്രൈവറുടെ ഉമിനീര് പരിശോധിച്ചാണ് ലഹരിയുടെ സാന്നിധ്യം കണ്ടെത്തുക. വിദേശ രാജ്യങ്ങളിലുള്ള ഈ സംവിധാനം ഇവിടെ നടപ്പാക്കുന്നതോടെ ലഹരി ഉപയോഗം മൂലമുള്ള അപകടങ്ങള്‍ കുറക്കാമെന്നാണ് കണക്കുകൂട്ടല്‍.