Connect with us

articles

തമിഴ്‌നാട്ടില്‍ ബി ജെ പിക്ക്്ജയിക്കാന്‍ കൂട്ടുവേണം

അടുത്ത വര്‍ഷം നടക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിച്ചു മത്സരിച്ചാല്‍ നിലനില്‍പ്പില്ലെന്ന കാര്യത്തില്‍ കൂടുതല്‍ ബോധ്യം ബി ജെ പിക്കാണ്. എന്ത് വിലകൊടുത്തും എ ഐ എ ഡി എം കെയുമായി ബന്ധം സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ബി ജെ പി കേന്ദ്ര നേതൃത്വം. ഇതിനായി സംസ്ഥാന അധ്യക്ഷനെ ബലിയാടാക്കാനും പാര്‍ട്ടി സന്നദ്ധമാണ്.

Published

|

Last Updated

ബി ജെ പിക്ക് ജയിക്കാന്‍ തമിഴ്‌നാട്ടില്‍ ഇപ്പോള്‍ കൂട്ട് ആവശ്യമായിരിക്കുന്നു. അതിനായി പിണക്കം മറക്കാന്‍ അമിത് ഷാ എ ഐ എ ഡി എം കെയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അടുത്ത വര്‍ഷം നടക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിച്ചു മത്സരിച്ചാല്‍ നിലനില്‍പ്പില്ലെന്ന് ഇരു പാര്‍ട്ടികള്‍ക്കും ബോധ്യമുണ്ട്. അക്കാര്യത്തില്‍ കൂടുതല്‍ ബോധ്യം ബി ജെ പിക്കാണ്. എന്ത് വിലകൊടുത്തും എ ഐ എ ഡി എം കെയുമായി ബന്ധം സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ബി ജെ പി കേന്ദ്ര നേതൃത്വം. ഇതിനായി സംസ്ഥാന അധ്യക്ഷനെ ബലിയാടാക്കാനും പാര്‍ട്ടി സന്നദ്ധമാണ്. ബി ജെ പിക്ക് ഇതുവരെ തമിഴ്നാട്ടില്‍ കാലുറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം എ ഐ എ ഡി എം കെ നേതൃത്വശൂന്യതയും നേരിടുകയാണ്.

ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയിലും ചെന്നൈയിലുമായി ചില ചര്‍ച്ചകള്‍ നടക്കുകയുണ്ടായി. മുന്‍ മുഖ്യമന്ത്രിയും അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എ ഐ എ ഡി എം കെ) ജനറല്‍ സെക്രട്ടറിയുമായ എടപ്പാടി കെ പളനിസ്വാമി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഡല്‍ഹിയില്‍ ചെന്ന് കണ്ടതാണ് ഒന്ന്. എ ഐ എ ഡി എം കെയുടെ മുതിര്‍ന്ന നേതാവും പളനിസ്വാമിയുടെ എതിരാളിയുമായ കെ എ സെങ്കോട്ടയ്യന്‍ അമിത് ഷായെ കാണാന്‍ ഡല്‍ഹിയിലേക്ക് പറന്നതാണ് മറ്റൊന്ന്. മൂന്നാമത്തേത്, ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ നേതൃസ്ഥാനം ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചതാണ്. പളനിസ്വാമിയുടെ സന്ദര്‍ശനത്തിനു ശേഷം അണ്ണാമലൈയെ അമിത് ഷാ ഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയുണ്ടായി.

ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം അണ്ണാമലൈ തന്റെ തീരുമാനമെന്ന നിലയില്‍ ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. എ ഐ എ ഡി എം കെയും ബി ജെ പിയും തമ്മിലുള്ള ബന്ധം തകരാന്‍ കാരണം അണ്ണാമലൈയുടെ ചില പ്രസ്താവനകളായിരുന്നു. അണ്ണാമലൈയെ നേതൃസ്ഥാനത്ത് നിലനിര്‍ത്തിക്കൊണ്ടുള്ള സഖ്യം എ ഐ എ ഡി എം കെയെ സംബന്ധിച്ചിടത്തോളം അണികളെ നഷ്ടപ്പെടുത്തലായിരിക്കും. 2023ല്‍ ബി ജെ പിയുമായുള്ള ബന്ധം വിഛേദിച്ച് പളനിസ്വാമി പറഞ്ഞത്, ഈ തീരുമാനം രണ്ട് കോടി പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരങ്ങളുടെ പ്രതിഫലനമാണെന്നായിരുന്നു.

പളനിസ്വാമിയും അമിത് ഷായും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചക്കു ശേഷം സഖ്യം സംബന്ധിച്ച വാര്‍ത്തകള്‍ എടപ്പാടി പളനിസ്വാമി നിഷേധിക്കുകയുണ്ടായി. അമിത് ഷായുടെ തമിഴിലും ഹിന്ദിയിലുമുള്ള എക്‌സ് പോസ്റ്റ് മറിച്ചായിരുന്നു. 2026ല്‍ തമിഴ്നാട്ടില്‍ ദേശീയ ജനാധിപത്യ സഖ്യ സര്‍ക്കാര്‍ രൂപവത്കരിച്ച ശേഷം, മദ്യത്തിന്റെയും അഴിമതിയുടെയും ഒഴുക്ക് അവസാനിക്കുമെന്നായിരുന്നു അമിത് ഷായുടെ കുറിപ്പ്. ഏതുവിധേനയും എ ഐ എ ഡി എം കെയുമായി കൂട്ട് ചേരാന്‍ ബി ജെ പി ആഗ്രഹിക്കുകയാണ്. പുതിയ പാര്‍ലിമെന്റ് മന്ദിരത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ചെങ്കോല്‍ സ്ഥാപിച്ചും പാര്‍ലിമെന്റ് മന്ദിര ഉദ്ഘാടന ചടങ്ങില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള സന്യാസിമാരെ പങ്കെടുപ്പിച്ചും ലോക തമിഴ് ഭാഷാ സമ്മേളനം നടത്തിയും സംസ്ഥാനത്ത് ഇടം കണ്ടെത്താന്‍ മോദിയും പാര്‍ട്ടിയും വല്ലാതെ മോഹിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റവും കൂടുതല്‍ പ്രചാരണം നടത്തിയ സംസ്ഥാനങ്ങളില്‍ ഒന്ന് തമിഴ്‌നാടായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ പരാജയത്തെ തുടര്‍ന്ന് ദക്ഷിണേന്ത്യയില്‍ ബി ജെ പിയുടെ പ്രതീക്ഷ തമിഴ്‌നാടായിരുന്നു. എന്നാല്‍ എ ഐ എ ഡി എം കെയുമായുള്ള സഖ്യം തകര്‍ന്നതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് സീറ്റൊന്നും ലഭിച്ചില്ല. കനത്ത പരാജയത്തെ തുടര്‍ന്ന് സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ മാസങ്ങളോളം സംസ്ഥാനത്ത് നിന്ന് അകന്നുനിന്നു. ഓക്‌സ്‌ഫോര്‍ഡിലെ പഠനത്തിനെന്നു പറഞ്ഞ് പാര്‍ട്ടിയില്‍ നിന്ന് അവധിയെടുക്കുകയായിരുന്നു. എ ഐ എ ഡി എം കെയും പരാജയത്തില്‍ ബി ജെ പിയോടൊപ്പം ചേര്‍ന്നു. ഈ സാഹചര്യം ഇരു പാര്‍ട്ടികളെയും സഖ്യത്തെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയാണ്. നടന്‍ വിജയ് ഈയിടെ രൂപവത്കരിച്ച തമിഴ്‌നാട് വെട്രി കഴകം പാര്‍ട്ടിയുടെ ഭീഷണിയും മുമ്പിലുണ്ട്. എന്നാല്‍ ബി ജെ പിക്ക് പൂര്‍ണമായി അടിയറവ് പറഞ്ഞു കൊണ്ടുള്ള സഖ്യത്തിന് എ ഐ എ ഡി എം കെ തയ്യാറാകില്ല.

ജയലളിത നേതാവായിരിക്കെ 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയും എ ഐ എ ഡി എം കെയും സഖ്യത്തിലായിരുന്നു. ഫലം അനുകൂലമല്ലാത്തതിനെ തുടര്‍ന്ന് ബി ജെ പി സഖ്യത്തില്‍ നിന്ന് ജയലളിത പിന്മാറുകയുണ്ടായി. ബി ജെ പിയുമായി സഖ്യമുണ്ടാക്കിയത് അബദ്ധമായിരുന്നുവെന്നും ഈ അബദ്ധം ആവര്‍ത്തിക്കില്ലെന്നും ജയലളിത അന്ന് പറയുകയുണ്ടായി. ഇരു പാര്‍ട്ടികളും വീണ്ടും അടുത്തു തുടങ്ങിയത് ജയലളിതയുടെ മരണത്തിനു ശേഷമാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും തേനി മണ്ഡലം ഒഴികെ മറ്റെവിടെയും ജയിക്കാന്‍ സഖ്യത്തിന് സാധിച്ചില്ല. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഇതേ സഖ്യം തുടര്‍ന്നു. തിരഞ്ഞെടുപ്പില്‍ ഡി എം കെ സഖ്യം അധികാരത്തിലെത്തിയെങ്കിലും, പ്രതിപക്ഷം 75 സീറ്റുകള്‍ നേടി. തിരഞ്ഞെടുപ്പില്‍ 20 സീറ്റുകളില്‍ മത്സരിച്ച ബി ജെ പി ജയിച്ചത് നാലിടത്താണ്.

ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈയുടെ ചില പ്രസ്താവനകളെ തുടര്‍ന്ന് എ ഐ എ ഡി എം കെ 2023ല്‍ ബി ജെ പിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ജയലളിതയെ അണ്ണാമലൈ അഴിമതിക്കാരിയെന്ന് വിശേഷിപ്പിക്കുകയും സ്ഥാപക നേതാവ് അണ്ണാദുരൈയെ കുറ്റപ്പെടുത്തുകയും ചെയ്തു. അതേവര്‍ഷം എ ഐ എ ഡി എം കെ മധുരയില്‍ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്തവരില്‍ ഏറെ പേരും പാര്‍ട്ടി പ്രവര്‍ത്തകരായിരുന്നില്ലെന്നും കാശ് നല്‍കി ആളെ സംഘടിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം വിമര്‍ശിക്കുകയുണ്ടായി. അണ്ണാദുരൈയെയും ജയലളിതയെയും പരസ്യമായി ആക്ഷേപിച്ചത് എ ഐ എ ഡി എം കെ അണികളെ പ്രകോപിതരാക്കി. അവര്‍ നേതൃത്വത്തിനെതിരെ തിരിഞ്ഞു. ഒടുവില്‍ ബി ജെ പിയുമായി സഖ്യമുണ്ടാക്കിയതിനാലാണ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ടതെന്നും ബി ജെ പിയുമായി സഖ്യമുണ്ടാക്കിയതില്‍ പശ്ചാത്തപിക്കുകയാണെന്നും എ ഐ എ ഡി എം കെ നേതാക്കള്‍ അണികളോട് ഏറ്റുപറഞ്ഞ് സഖ്യം അവസാനിപ്പിക്കുകയായിരുന്നു.

ബി ജെ പിയുമായി സഖ്യത്തിലേര്‍പ്പെടുന്നതിന് എ ഐ എ ഡി എം കെയുടെ മുമ്പില്‍ ചില കടമ്പകളുണ്ട്. പ്രധാന കടമ്പ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈയാണ്. കര്‍ണാടക കേഡറില്‍ ഐ പി എസ് ഉദ്യോഗസ്ഥനായിരുന്ന അണ്ണാമലൈ ഉദ്യോഗം രാജിവെച്ച് കാവി പാര്‍ട്ടിയില്‍ ചേരുകയായിരുന്നു. പാര്‍ട്ടിയില്‍ ചേര്‍ന്നയുടനെ മുതിര്‍ന്ന നേതാക്കളെ തഴഞ്ഞ് അണ്ണാമലൈയെ സംസ്ഥാന അധ്യക്ഷനായി നിയമിക്കുകയും ചെയ്തു. ദ്രാവിഡ രാഷ്ട്രീയത്തോട് വിയോജിപ്പുള്ള അണ്ണാമലൈ അത് തുറന്നു പറയാറുണ്ടായിരുന്നു. എ ഐ എ ഡി എം കെയുമായി സഖ്യം തുടരണമെങ്കില്‍ ഒന്നാം കക്ഷി ബി ജെ പി ആയിരിക്കണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. മധുരയില്‍ നടന്ന എ ഐ എ ഡി എം കെ റാലിയെ പരിഹസിച്ചത് ബി ജെ പിയാണ് വലിയ പാര്‍ട്ടി എന്ന് സ്ഥാപിക്കാനായിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് അണ്ണാമലൈയെ മാറ്റി എ ഐ എ ഡി എം കെയുമായി സഖ്യം പുനഃസ്ഥാപിക്കാന്‍ ബി ജെ പി കേന്ദ്ര നേതൃത്വം ശ്രമിക്കുന്നത്. എ ഐ എ ഡി എം കെയുമായി സഖ്യമുണ്ടാക്കിയാല്‍ രാജിവെക്കുമെന്ന് അണ്ണാമലൈ നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നു. പ്രസ്തുത ഭീഷണിയില്‍ നിന്ന് പിറകോട്ടു പോകാന്‍ അദ്ദേഹം നിര്‍ബന്ധിതനായിരിക്കുകയാണ്. കേന്ദ്ര പദവി നല്‍കി അണ്ണാമലൈയെ സംസ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്താനാണ് പാര്‍ട്ടിയുടെ ആലോചന.

എന്നാല്‍ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് അണ്ണാമലൈയെ മാറ്റുന്നതില്‍ ബി ജെ പി അണികള്‍ തൃപ്തരല്ല. 2024ലെ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാന്‍ കഴിഞ്ഞില്ലെങ്കിലും, അണ്ണാമലൈയുടെ നേതൃത്വത്തില്‍ ബി ജെ പി വോട്ട് വിഹിതം വര്‍ധിപ്പിക്കുകയുണ്ടായി. 2019ല്‍ എ ഐ എ ഡി എം കെ സഖ്യത്തില്‍ മത്സരിച്ച ബി ജെ പിക്ക് 3.66 ശതമാനം വോട്ട് ലഭിച്ച സ്ഥാനത്ത് 2024ല്‍ തനിച്ചു മത്സരിച്ചപ്പോള്‍ ലഭിച്ചത് 10.72 ശതമാനം വോട്ടാണ്. അണ്ണാമലൈയുടെ നിലപാടിനുള്ള അംഗീകാരമാണ് ഈ വോട്ട് വര്‍ധനയെന്ന് അണികള്‍ ചൂണ്ടിക്കാട്ടുന്നു. അണ്ണാമലൈക്ക് പകരക്കാരനായി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് പാര്‍ട്ടി പരിഗണിക്കുന്നവരില്‍ ഒരാള്‍ നൈനാന്‍ നാഗേന്ദ്രനാണ്.

എ ഐ എ ഡി എം കെ അംഗമായിരുന്ന നാഗേന്ദ്രന്‍ ജയലളിതയുടെ മരണ ശേഷം 2017ല്‍ ബി ജെ പിയില്‍ ചേരുകയായിരുന്നു. നാഗേന്ദ്രന്‍ നിലവില്‍ എം എല്‍ എയാണ്. പരിഗണനയിലുള്ള മറ്റൊരു പേര് മുന്‍ കേന്ദ്ര മന്ത്രി എല്‍ മുരുഗന്റേതാണ്. നാഗേന്ദ്രനെ നിയമിക്കുന്നതിലൂടെ അണ്ണാമലൈയെ ബലിയാടാക്കിയെന്ന ആക്ഷേപം മറികടക്കാനാകുമെന്ന് പാര്‍ട്ടി കരുതുന്നു. എ ഐ എ ഡി എം കെ ജനറല്‍ സെക്രട്ടറി പളനിസ്വാമിയും അണ്ണാമലൈയും ഗൗണ്ടര്‍ സമുദായത്തില്‍ പെട്ടവരാണ്.

ജാതീയത നിലനില്‍ക്കുന്ന സംസ്ഥാനത്തെ സഖ്യ കക്ഷികളായ പാര്‍ട്ടികളുടെ പ്രമുഖ നേതാക്കള്‍ ഒരേ ജാതിയില്‍ നിന്നുള്ളവരാണെന്ന പഴി ഒഴിവാക്കാനാണ് അണ്ണാമലൈയെ മാറ്റിയതെന്ന വാദം ഉന്നയിച്ച് എതിര്‍പ്പ് മറികടക്കാമെന്ന് ബി ജെ പി നേതൃത്വം കണക്കു കൂട്ടുന്നു. നാഗേന്ദ്രന്‍ തേവര്‍ സമുദായാംഗമാണ്. അണ്ണാമലൈയുടെ പ്രശ്‌നം പരിഹരിക്കുന്നതോടൊപ്പം പാര്‍ട്ടി പുറത്താക്കിയ ഒ പനീര്‍ശെല്‍വത്തെയും ശശികലയെയും ടി ടി വി ദിനകരനെയും എ ഐ എ ഡി എം കെ ഉള്‍ക്കൊള്ളണമെന്ന ആവശ്യം ബി ജെ പി മുന്നോട്ടു വെക്കുന്നുണ്ട്. ശശികല രാഷ്ട്രീയത്തില്‍ സജീവമല്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദിനകരന്റെ എ എം എം കെ. എന്‍ ഡി എ സഖ്യത്തില്‍ ചേര്‍ന്നിരുന്നു. പനീര്‍ശെല്‍വം സ്വതന്ത്രനായി മത്സരിച്ചത് ബി ജെ പി പിന്തുണയിലായിരുന്നു.

Latest