Articles
വേണം സുതാര്യമായ പ്രോസിക്യൂഷന്‍
ജഡ്ജി ഒരു അമ്പയറുടെ റോളാണ് നിര്‍വഹിക്കുന്നത്. പ്രോസിക്യൂഷനും പ്രതിഭാഗം വക്കീലുമാണ് കേസ് തെളിയിക്കേണ്ടത്. തെളിവുകള്‍ കണ്ടെത്തി ഒരാള്‍ കുറ്റവാളിയാണെന്ന് തെളിയിക്കേണ്ടതിന്റെ ഉത്തരവാദിത്വം പബ്ലിക് പ്രോസിക്യൂട്ടറുടെ മേലിലാണ്. അതുകൊണ്ട് തന്നെ ഒരു കുറ്റകൃത്യത്തെ സംബന്ധിച്ചിടത്തോളം പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് ഇന്ത്യന്‍ നീതിന്യായ സംവിധാനത്തില്‍ മുഖ്യ പങ്കാണുള്ളത്.
കൊല്ലപ്പെട്ട ബി ജെ പി നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്റെ കേസില്‍ മാവേലിക്കര അഡീഷനല്‍ സെഷന്‍സ് കോടതി അസാധാരണമായ വിധി പറഞ്ഞതോടെയാണ് ഷാന്‍ വധം കേരളത്തില്‍ ചര്‍ച്ചയാകുന്നത്. ഒരേ രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമായി കുറഞ്ഞ ഇടവേളയില്‍ നടന്ന രണ്ട് കൊലപാതകങ്ങള്‍. കൃത്യമായ ജാഗ്രതയോടു കൂടെ പോലീസ് അന്വേഷണം നടത്തി 90 ദിവസത്തിനുള്ളില്‍ രണ്ട് കേസിലും കുറ്റപത്രം സമര്‍പ്പിച്ചിട്ടും ഒന്നില്‍ മാത്രം വിചാരണ പൂര്‍ത്തിയാക്കുകയും വിധി പറയുകയും മറ്റൊന്ന് അനന്തമായി നീളുകയും ചെയ്യുന്നു. ഷാന്‍ വധക്കേസ് കോടതിയില്‍ കേസ് നടത്താന്‍ പ്രോസിക്യൂട്ടര്‍ ഇല്ലാത്തതാണ് കാരണം. നിലവിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രാപ്തമല്ല എന്ന് വരുമ്പോള്‍ ഇരയുടെയോ കുടുംബത്തിന്റെയോ നിര്‍ദേശപ്രകാരമാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കാറുള്ളത്. ഷാന്‍ വധക്കേസില്‍ ആദ്യം നിയമിച്ച അഡ്വ. അജയനും രണ്ടാമത് നിയമിച്ച അഡ്വ. സുരേഷ് ബാബുവും സമ്മര്‍ദങ്ങള്‍ മൂലം രാജിവെച്ചു. ഒടുക്കം കഴിഞ്ഞ ആഴ്ച അഡ്വ. പി പി ഹാരിസ് സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി ചുമതല ഏറ്റെടുത്തതോടെയാണ് കോടതിയില്‍ വീണ്ടും ഈ കേസ് വിളിക്കാന്‍ തുടങ്ങിയത്. ക്രിമിനല്‍ നടപടി ക്രമങ്ങളില്‍ പ്രോസിക്യൂട്ടര്‍മാരുടെ പങ്ക് പ്രധാനമാണ്. പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെയോ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരുടെയോ ഉത്തരവാദിത്വമില്ലായ്മ കൊണ്ടോ സമ്മര്‍ദങ്ങള്‍ മൂലമോ മറ്റോ കേസുകള്‍ അനന്തമായി നീളുന്നത് ഇത് ആദ്യത്തെ സംഭവമല്ല.
പ്രമാദമായ മധു വധക്കേസിലും സമാനമായ സംഭവമുണ്ടായി. നിലവില്‍ കേസ് വാദിച്ചുകൊണ്ടിരുന്ന പബ്ലിക് പ്രോസിക്യൂട്ടര്‍ സി രാജേന്ദ്രനെ, മധുവിന്റെ കുടുംബത്തിന്റെ നിരന്തരമായ പരാതിയെ തുടര്‍ന്ന് മാറ്റുകയുണ്ടായി. രണ്ട് സാക്ഷികളെയും തുടര്‍ തെളിവുകളെയും കൃത്യമായി കോടതിക്ക് മുമ്പില്‍ ഹാജരാക്കുന്നതില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വീഴ്ചവരുത്തി എന്നായിരുന്നു പരാതി. അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടറായി രാജേഷ് മേനോനെ നിയമിക്കാനും അഭ്യര്‍ഥിച്ചു. സര്‍ക്കാര്‍ നിയമിച്ച പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റുന്നതിന് കോടതിക്ക് അധികാരം ഇല്ലെന്നായിരുന്നു മണ്ണാര്‍ക്കാട് കോടതി പ്രതികരിച്ചത്. ഒടുക്കം പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി. തുടര്‍ന്ന് സധൈര്യം മുന്നോട്ട് വന്ന പ്രോസീക്യൂട്ടര്‍ റമുണറേഷന്‍ ലഭിക്കുന്നതിന് വേണ്ടി ഏറെ പാടുപെട്ടു. സ്വന്തമായി ഓഫീസ് പോലുമില്ലാതെയാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. 2021 ജൂണ്‍ മാസം നടന്ന വാളയാര്‍ പീഡനക്കേസ് അന്വേഷണത്തിലെ വീഴ്ച, പ്രോസിക്യൂട്ടര്‍ നിയമനത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്തിയിരുന്നു.
നിലവില്‍ ഓരോ ജില്ലയിലും 10 മുതല്‍ 15 വരെ പ്രോസിക്യൂട്ടര്‍മാരാണുള്ളത്. ഹൈക്കോടതിയില്‍ ഇത് 150ല്‍ കൂടുതലാണ്. ഓരോ സര്‍ക്കാര്‍ വരുമ്പോഴും പുതിയ നിയമനങ്ങള്‍ നടത്തും. പലപ്പോഴും രാഷ്ട്രീയം മാത്രം പരിഗണിച്ചാണ് നിയമനം നടത്താറുള്ളത്. മുന്നണിയിലെ വ്യത്യസ്തങ്ങളായ ഘടക കക്ഷികള്‍ തമ്മില്‍ ഇതില്‍ വീതം വെപ്പുമുണ്ട്. സീറ്റ് ലഭിക്കാത്തവരെയും സംഘടനാ പദവി ലഭിക്കാത്തവരെയും പുനരധിവസിപ്പിക്കാന്‍ ഈ തസ്തികകള്‍ ഉപയോഗപ്പെടുത്തുന്നു. മുന്‍കാലങ്ങളില്‍ പാര്‍ട്ടിയെയും നേതാക്കളെയും ബന്ധപ്പെടുന്ന കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ സഹായിച്ചതിന് പ്രതിഫലമായും പ്രോസിക്യൂട്ടര്‍ പദവി നല്‍കിയിരുന്നു. തീര്‍ത്തും രാഷ്ട്രീയ താത്പര്യത്തോടെയുള്ള ഇത്തരം നിയമനങ്ങള്‍ കാരണം പ്രോസിക്യൂട്ടര്‍ പദവികൊണ്ട് ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങള്‍ നേടാന്‍ കഴിയാതെ പോകുന്നു. തിരിച്ചടി ഉണ്ടാകുമ്പോള്‍ പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെടുന്നത് സര്‍ക്കാറിനെയാണ്. 2022ല്‍ ഇടുക്കിയില്‍ അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ബി ജെ പി നേതാവിനെ നിയമിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ദേവികുളം സബ് കോടതിയില്‍ അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍, അഡീഷനല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പദവികള്‍ പി കെ വിനോജ് കുമാറിന് നല്‍കിയ നടപടി പിന്നീട് സര്‍ക്കാര്‍ റദ്ദാക്കി. ബി ജെ പി ഇടുക്കി ജില്ലാ സെക്രട്ടറി, ഒ ബി സി മോര്‍ച്ച ഭാരവാഹി എന്നീ ചുമതലകള്‍ അദ്ദേഹം വഹിച്ചിരുന്നു.
1995ലെ ഒരു ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ മുന്‍ എം പി പ്രഭുനാഥ് സിംഗിനെ കുറ്റവിമുക്തനാക്കിയതിനെ സുപ്രീം കോടതി അപലപിച്ചിരുന്നു. ഈ കേസില്‍ വിചാരണാ കോടതിയും ഹൈക്കോടതിയും അദ്ദേഹത്തെ വെറുതെ വിട്ടിരുന്നു. തുടര്‍ന്നുള്ള അപ്പീലിലാണ് കോടതി ഇങ്ങനെ നിരീക്ഷിച്ചത്. പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ പ്രയോഗിക്കുന്നതില്‍ പാളിച്ചകള്‍ ഉണ്ടെന്നാണ് സുപ്രീം കോടതി ഈ വിധിയിലൂടെ വ്യക്തമാക്കിയത്.
ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത് എന്ന ആപ്തവാക്യത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്ത്യന്‍ ശിക്ഷാ നിയമം രൂപപ്പെടുത്തിയിട്ടുള്ളത്. അവിടെ ജഡ്ജി ഒരു അമ്പയറുടെ റോളാണ് നിര്‍വഹിക്കുന്നത്. പ്രോസിക്യൂഷനും പ്രതിഭാഗം വക്കീലുമാണ് കേസ് തെളിയിക്കേണ്ടത്. തെളിവുകള്‍ കണ്ടെത്തി ഒരാള്‍ കുറ്റവാളിയാണെന്ന് തെളിയിക്കേണ്ടതിന്റെ ഉത്തരവാദിത്വം പബ്ലിക് പ്രോസിക്യൂട്ടറുടെ മേലിലാണ്. അതുകൊണ്ട് തന്നെ ഒരു കുറ്റകൃത്യത്തെ സംബന്ധിച്ചിടത്തോളം പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് ഇന്ത്യന്‍ നീതിന്യായ സംവിധാനത്തില്‍ മുഖ്യ പങ്കാണുള്ളത്. അതുകൊണ്ട് തന്നെ നീതിയുടെ വാഹകര്‍ എന്നാണ് അവരെ വിളിക്കപ്പെടുന്നത്. ഒരു പബ്ലിക് പ്രോസിക്യൂട്ടര്‍ നിക്ഷിപ്ത താത്പര്യങ്ങളില്‍ നിന്ന് മോചനം ലഭിച്ച ആളായിരിക്കണം. ക്രിമിനല്‍ പ്രൊസീജര്‍ കോഡ് ഓഫ് ഇന്ത്യയുടെ സെക് ഷന്‍ 24ലാണ് പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരാമര്‍ശിക്കുന്നത്. കഴിവും പ്രാപ്തിയും പരിഗണിച്ച് കൊണ്ട് തന്നെ ഒരു പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചാല്‍ പോലും അവര്‍ക്ക് അസ്സിസ്റ്റന്റുമാരെ വെക്കാനുള്ള അധികാരം പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് തന്നെയാണ്. പലപ്പോഴും പരിചയസമ്പന്നരല്ലാത്തവര്‍ ഈ സ്ഥാനം വഹിക്കുകയും കേസുകള്‍ പരാജയപ്പെടുകയും ചെയ്യുന്നു. നീതി നടപ്പാക്കുന്നതിന് ഇത് തടസ്സമാണ്. സി ആര്‍ പി സി സെക് ഷന്‍ 24ല്‍ തന്നെ, ഒരു പബ്ലിക് പ്രോസിക്യൂട്ടര്‍ക്കുള്ള ഗൈഡ്ലൈന്‍സും നല്‍കിയിട്ടുണ്ട്. നാമമാത്രമായ നടപടികള്‍ മാത്രമാണ് പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമനത്തിനുള്ളത്. അധികാര ദുരുപയോഗത്തിനുള്ള സാധ്യതകള്‍ അത് വര്‍ധിപ്പിക്കുന്നു.
ലക്ഷ്മണ്‍ രൂപചന്ദ് മേഘവാനി ഢ െസ്റ്റേറ്റ് ഓഫ് ഗുജറാത്ത് കേസില്‍ സുപ്രീം കോടതി നിരീക്ഷിച്ചത്, പബ്ലിക് പ്രോസിക്യൂട്ടര്‍ സ്റ്റേറ്റിന്റെ കേസ് നടത്താനുള്ള വെറുമൊരു വക്കീലല്ല, മറിച്ച് കൃത്യമായ സ്റ്റാറ്റിയൂട്ടറി പവറുള്ള വ്യക്തിയാണെന്നാണ്. പൊതുസമൂഹത്തിന് അദ്ദേഹം അത്രമേല്‍ പ്രധാനപ്പെട്ടതാണെന്ന് ചുരുക്കം. രാജേന്ദ്രകുമാര്‍ ജയന്‍ ഢ െസ്റ്റേറ്റ് ത്രൂ സ്പെഷ്യല്‍ പോലീസ് കേസില്‍ സുപ്രീം കോടതി പറഞ്ഞത്, പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയുടെ ഭാഗമാണെന്നും കോടതിയോട് കടപ്പെട്ട ആളാകണമെന്നുമാണ്. തുടര്‍ന്ന് സി ആര്‍ പി സി സെക് ഷന്‍ 321 പ്രകാരം പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കോടതിയുടെ സമ്മതത്തോടെ കേസുകള്‍ പിന്‍വലിക്കാനുള്ള അധികാരത്തെ സംബന്ധിച്ചും സെക് ഷന്‍ 226 പ്രകാരം ഒരു കേസിന്റെ വിചാരണ തുടങ്ങാന്‍ കോടതിയോട് ശിപാര്‍ശ ചെയ്യാനുള്ള അധികാരത്തെ സംബന്ധിച്ചും ഓര്‍മപ്പെടുത്തി. ചുരുക്കത്തില്‍ ഒരു പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിലുള്ള സുതാര്യതയും അദ്ദേഹത്തിനുള്ള അധികാരത്തില്‍ ഉണ്ടാകേണ്ട സുതാര്യതയുമാണ് കോടതി ഓര്‍മപ്പെടുത്തിയത്.
ഈ വിഷയവുമായി ബന്ധപ്പെട്ട് മലീമത്ത് കമ്മിറ്റിയുടെ നിര്‍ദേശം ശ്രദ്ധേയമാണ്. ‘ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയുടെ ലക്ഷ്യമായ സത്യാന്വേഷണത്തില്‍ കോടതിയെ സഹായിക്കുക എന്നതാണ് പ്രോസിക്യൂട്ടര്‍മാരുടെ ചുമതല. പ്രോസിക്യൂഷന്‍ സ്ഥാപനത്തില്‍, യോഗ്യതയുള്ളവരും പ്രതിബദ്ധതയുള്ളവരുമായ വ്യക്തികള്‍ ഇല്ലെങ്കില്‍ ഒരു നല്ല അന്വേഷണവും വിജയിക്കില്ല.’
നിയമനത്തിലെ സുതാര്യതയോടൊപ്പം സ്വതന്ത്രമായും നിഷ്പക്ഷമായും പ്രവര്‍ത്തിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ക്ക് അവസരം ഉണ്ടാക്കുക എന്നതുകൂടി പ്രധാനമാണ്. തൊഴിലിടങ്ങളില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ അനുഭവിക്കേണ്ടി വരുന്ന മാനസിക സംഘര്‍ഷങ്ങളും ഏറെയുണ്ട്. കഴിഞ്ഞ ആഴ്ച കൊല്ലം പറവൂരില്‍ അസ്സിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ ആത്മഹത്യ ചെയ്തു. സഹപ്രവര്‍ത്തകനായ അസ്സിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ശ്യാമിന്റെ പരിഹാസ്യമാണ് കാരണമെന്ന് ആരോപണമുണ്ട്. സമ്മര്‍ദങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും അതീതമായി പ്രവര്‍ത്തിക്കാന്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് അവസരം ഒരുക്കണം. പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം പി എസ് സി ക്ക് വിടണം എന്ന ആവശ്യം പലരും ഉന്നയിച്ചിട്ടുണ്ട്. നിയമ ഉദ്യോഗത്തിനുള്ള ധാര്‍മിക ഉത്തരവാദിത്വത്തെ പറ്റി കൃത്യമായ നിര്‍ദേശങ്ങള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ക്ക് നല്‍കേണ്ടതുണ്ട്. അത് കോടതിയുടെ മേല്‍നോട്ടത്തില്‍ തന്നെ നടത്തുകയും വേണം. നിരന്തര നിരീക്ഷണത്തിലൂടെ മാത്രമേ സുതാര്യമായ പ്രോസിക്യൂഷന്‍ ഉറപ്പാക്കാന്‍ സാധിക്കൂ.