Kozhikode
രാഷ്ട്രത്തിനും സഹജീവികള്‍ക്കും ഗുണം ചെയ്യുന്നവരാകണം നമ്മള്‍: പേരോട്
വിശുദ്ധ ഖുര്‍ആനും പ്രവാചക അധ്യാപനങ്ങളും പകര്‍ന്നു നല്‍കുന്ന സന്ദേശങ്ങള്‍ മൂല്യമുള്ളതും മാതൃകാപരവുമാണ്. ശരിയായ രൂപത്തില്‍ അവ പഠിച്ചെടുക്കാനുള്ള മാര്‍ഗങ്ങള്‍ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്.
കുറ്റ്യാടി | സഹോദരനെ സഹായിക്കാന്‍ താത്പര്യമുള്ളവരാവണം നമ്മളെന്നും രാഷ്ട്രത്തിനും സഹജീവികള്‍ക്കും ഗുണം ചെയ്യുന്നവരായി മനുഷ്യര്‍ മാറണമെന്നും സമസ്ത സെക്രട്ടറിയും സിറാജുല്‍ ഹുദ കാര്യദര്‍ശിയുമായ പേരോട് അബ്ദുറഹ്മാന്‍ സഖാഫി. സിറാജുല്‍ ഹുദ സംഘടിപ്പിച്ച കോണ്‍ഫ്‌ളുവെന്‍സ നോളജ് ഫെറ്റ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിശുദ്ധ ഖുര്‍ആനും പ്രവാചക അധ്യാപനങ്ങളും പകര്‍ന്നു നല്‍കുന്ന സന്ദേശങ്ങള്‍ മൂല്യമുള്ളതും മാതൃകാപരമാണെന്നും ശരിയായ രൂപത്തില്‍ അവ പഠിച്ചെടുക്കാനുള്ള മാര്‍ഗങ്ങള്‍ സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്നും പേരോട് പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് നാലിന് ആരംഭിച്ച കോണ്‍ഫ്‌ളുവെന്‍സ നോളജ് ഫെറ്റയുടെ ഉദ്ഘാടന ചടങ്ങില്‍ ഇബ്രാഹിം സഖാഫി കുമ്മോളി അധ്യക്ഷത വഹിച്ചു. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ദി ടെലിഗ്രാഫ് എഡിറ്ററുമായ ആര്‍ രാജഗോപാല്‍ മുഖ്യാതിഥി ആയിരുന്നു.
20 ലധികം വേദികളിലായി അഞ്ഞൂറോളം ശാസ്ത്ര-സാഹിത്യ-കലാ മത്സരങ്ങളുടെയും വൈജ്ഞാനിക സംഗമങ്ങളുടെയും വേദിയാകുന്ന കോണ്‍ഫ്‌ളുവെന്‍സ നോളജ് ഫെറ്റെയില്‍ 1500 ലധികം വിദ്യാര്‍ഥികള്‍ ഭാഗമാകുന്നുണ്ട്. സിറാജുല്‍ ഹുദയുടെ കീഴിലുള്ള പതിനഞ്ചോളം മത ഭൗതിക സമന്വയ വിദ്യാഭ്യാസ കാമ്പസുകളിലെ പ്രതിഭകള്‍ മത്സരിക്കുന്ന കോണ്‍ഫ്‌ളുവെന്‍സ അറിവുത്സവത്തിന്റെ വലിയ വേദിയാണ്. സിറാജുല്‍ ഹുദയുടെ പ്രധാന കാമ്പസായ കുറ്റ്യാടി കാമ്പസാണ് ഫെസ്റ്റിന് ആതിഥേയത്വം വഹിക്കുന്നത്.
കഴിഞ്ഞ രണ്ടു മാസങ്ങളിലായി കാമ്പസ് തലങ്ങളില്‍ നടന്ന കോഗ്‌നീസിയം, കണ്‍ഫോബിയ
എക്‌സലന്‍സ്യ, ഇന്‍ഫോറിയ, ഇക്കോള്‍ ഇവന്റ് എന്നീ ഫെസ്റ്റുകളില്‍ വിജയം നേടിയ വിദ്യാര്‍ഥികളാണ് കോണ്‍ഫ്‌ളുവെന്‍സയില്‍ മത്സരിക്കുന്നത്. സ്‌കൂള്‍ ഓഫ് തഹ്ഫീളുല്‍ ഖുര്‍ആന്‍, സ്‌കൂള്‍ ഓഫ് എക്‌സലന്‍സ്, ഇക്കോള്‍ ഇന്റര്‍നാഷണല്‍ പ്രപ്പ് സ്‌കൂള്‍, കോളജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ്, കോളജ് ഓഫ് ശരീഅ: തുടങ്ങിയ സിറാജുല്‍ ഹുദ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ കോണ്‍ഫ്‌ളുവെന്‍സ നോളജ് ഫെറ്റില്‍ സംഗമിച്ചു. നാളെ നടക്കുന്ന സമാപന സംഗമത്തില്‍ മത-സാഹിത്യ-രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും.