feature
തൊട്ടറിയുന്നു ഞങ്ങൾ ശാസ്ത്ര വിസ്മയങ്ങൾ
എന്താണീ പുസ്തകത്തിനുള്ളിലുള്ളതെന്ന് വായിപ്പിക്കാനുതകും വിധം തലക്കെട്ടും ഭാഷയും നൽകി അറിവിനെ കാവ്യാത്കമകമാക്കുന്ന അനുഭവം ഈ ലേഖനങ്ങൾക്കുണ്ട്.

പാലക്കാടൻ ഉഷ്ണക്കാറ്റിന്റെ തീവേഗം ആറ്റിത്തണുപ്പിക്കുന്ന ദിവസമായിരുന്നു അന്ന്. ഇരുട്ടുള്ള കണ്ണിൽ പ്രതീക്ഷയുടെ പകൽ വിരിയിച്ച സന്ദർഭം.ദേശീയ ശാസ്ത്രദിനാചരണത്തിന്റെ ഭാഗമായി പാലക്കാട് ആര്യമ്പാവിലെ കരിമ്പുഴ ഹെലൻകെല്ലർ മാതൃകാ അന്ധവിദ്യാലയത്തിൽ എന്ത് വേറിട്ട പരിപാടി നടത്തുമെന്ന ചിന്തയിലായിരുന്നു മാസങ്ങളായി ഞങ്ങളെല്ലാവരും.
കാഴ്‌ചയില്ലാത്തതിനാൽ പുതിയ വിവരങ്ങളിൽ നിന്നെല്ലാം പുറത്താക്കപ്പെട്ടു പോകുന്ന കുട്ടികളെ എങ്ങനെ ചേർത്ത് നിർത്താമെന്ന ആലോചന ഗൗരവമായി നടന്നു. ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് ഭാരവാഹികളോടും ഇത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു.സംഘടനയുടെ സംസ്ഥാന സെക്രട്ടറി പി ജയരാജ് ആണ് സയൻസൺ പുന്നശ്ശേരി എന്ന സാംസ്കാരിക പ്രവർത്തകന്റെ ശ്രദ്ധേയമായ ശാസ്ത്രപുസ്തകം ബ്രയിലി ലിപിയിലേക്ക് മാറ്റിയാലോ എന്ന ആശയം മുന്നോട്ടുവെച്ചത്. 2019 കൊവിഡ് കാലത്ത് പുറത്തിറങ്ങിയ പുസ്തകം ചുരുങ്ങിയ കാലം കൊണ്ട് തന്നെ ആയിരക്കണക്കിന് വിദ്യാർഥികൾ വായിച്ചിരുന്നു. പ്രധാനപ്പെട്ട സ്കൂൾ ലൈബ്രറിയിലും ഈ പുസ്തകം സ്ഥാനം പിടിച്ചിരുന്നു. ഈ പുസ്തകം ബ്രെയിലിയിലേക്ക് മാറ്റാൻ കഴിഞ്ഞാൽ അത് കാഴ്‌ചാ പരിമിതരായ മനുഷ്യരടങ്ങുന്ന സമൂഹത്തിന് വലിയ സംഭാവനയായിമാറുമെന്ന കാര്യത്തിൽ ആർക്കും തർക്കമില്ലായിരുന്നു. പിന്നീടങ്ങോട്ട് ഇതിനായുള്ള തീവ്രശ്രമമായിരുന്നു.
ലേഖകന്റെ സമ്മതപത്രം സംഘടിപ്പിക്കലായിരുന്നു ആദ്യഘട്ടം. നിറഞ്ഞ സന്തോഷത്തോടെയാണ് അദ്ദേഹം ഈ ഉദ്യമത്തോട് സഹകരിച്ചത്. യാതൊരു പ്രതിഫലവും കൈപ്പറ്റാതെ പുസ്തകം ബ്രയിലിയിലേക്ക് മാറ്റാനുള്ള സമ്മതം നൽകി.സമ്മതം ലഭിച്ചത് ഞങ്ങളുടെ പ്രവർത്തനത്തിന് ആവേശം നിറച്ചു. കാഴ്‌ചാ പരിമിതരായ മനുഷ്യർ വിചാരിച്ചാലും അറിവിന്റെ വ്യാപനത്തിന് ചിലത് ചെയ്യാൻ കഴിയുമെന്ന തിരിച്ചറിവ് ഞങ്ങളിൽ ആത്മവിശ്വാസം വർധിപ്പിച്ചു.ഫെഡറേഷൻ ഭാരവാഹികൾ ഒരുമിച്ച് പ്രവർത്തിക്കാൻ തുടങ്ങിയതോടെ ലിപിമാറ്റ പ്രക്രിയക്ക് വേഗം കൈവന്നു. സ്വതന്ത്ര സോഫ്‌റ്റ്്വെയറിന്റെ സഹായത്തൊടെ പുതിയ സങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ബ്രെയിലി ലിപിയിലേക്ക് മാറ്റിയെടുത്തു.എന്നാൽ പ്രിന്റിംഗ് എന്നത് അപ്പോഴും വലിയ കീറാമുട്ടിയായി അവശേഷിച്ചിരുന്നു. കാരണം ബ്രെയിലി പ്രിന്റിംഗ് അത്രയും ചെലവേറിയതാണ്.
വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചവയിൽ നിന്ന് തിരഞ്ഞെടുത്ത 46 ലേഖനങ്ങളടങ്ങിയ തൊട്ടാൽ പൊള്ളുന്ന ഐസ് എന്ന പുസ്തകം 104 പേജാണുള്ളത്.എന്നാൽ ഇത് ബ്രെയിലിയിലേക്ക് മാറ്റുമ്പോൾ ആയിരത്തിലധികം പേജ് വരും. ഈ പുസ്തകത്തിന്റെ ഒരു കോപ്പി ബ്രെയിൽ ലിപിയിലേക്ക് മാറ്റാൻ അയ്യായിരത്തോളം രൂപ ചെലവ് വന്നു.സവിശേഷമായ കടലാസും അച്ചടിസങ്കേതികതയുമാണ് ഇതിന് ഉപയോഗിക്കുന്നത്.ഇതാണ് ഇത്രയും ചെലവ് വരാൻ കാരണം. ഫെഡറേഷന്റെ കണ്ണൂരിലെ അച്ചടിശാലയിലാണ് പുസ്തകം അച്ചടിച്ചത്. ഇതിന്റെ ചെലവ് ഫെഡറേഷൻ വഹിക്കുകയായിരുന്നു.സാമ്പത്തികമായ പിന്തുണ ലഭിച്ചാൽ മുഴുവൻ കാഴ്‌ചാ പരിമിതർക്കും ഈ പുസ്തകം തൊട്ടറിയാനുള്ള സാഹചര്യം ഒരുക്കാനാകുമെന്ന ആത്മവിശ്വാസം ഞങ്ങൾക്കിപ്പോഴുണ്ട്.
സാന്നിധ്യം എപ്പോഴും കണ്ടറിയാനാകില്ലെന്ന് മനുഷ്യവംശത്തിനെ പഠിപ്പിച്ചത് ശാസ്ത്രമാണ്. അതുകൊണ്ട് തന്നെയാണ് പനിയുണ്ടോയെന്ന് നാം തൊട്ട് നോക്കുന്നത്. കൃത്യമായ പനിയുടെ തോതറിയാൻ ശാസ്ത്ര കണ്ടുപിടിത്തമായ തെർമോമീറ്ററുമുണ്ട്. ചാലകത്തിലൂടെ വൈദ്യുതി പ്രവഹിക്കുന്നത് തൊട്ടറിയാനാകും അപകടമായതിനാൽ നാം ശാസ്ത്ര കണ്ടുപിടിത്തമായ ഇലക്ട്രിക് ടെസ്റ്റർ ഉപയോഗിക്കുന്നു എന്നുമാത്രം. നിരവധി സവിശേഷ സാഹചര്യങ്ങളിലും ഈ തൊട്ടുനോക്കൽ പ്രധാനം തന്നെയാണ്. ഇക്കാര്യങ്ങളെല്ലാം വിവരിക്കുന്ന ലേഖനങ്ങളടങ്ങിയ പുസ്തകമാണ് തൊട്ടാൽ പൊള്ളുന്ന ഐസ്.
എന്താണീ പുസ്തകത്തിനുള്ളിലുള്ളതെന്ന് വായിപ്പിക്കാനുതകും വിധം തലക്കെട്ടും ഭാഷയും നൽകി അറിവിനെ കാവ്യാത്കമകമാക്കുന്ന അനുഭവം ഈ ലേഖനങ്ങൾക്കുണ്ട്.കുട്ടികളുടെ അധിക വായനക്കുതകുന്ന തരത്തിൽ സ്കൂൾ ലൈബ്രറികളിൽ ഇടം പിടിച്ച പുസ്തകമാണിത്. പാഠപുസ്തകങ്ങളും ചില സാഹിത്യ പുസ്തകങ്ങളും മാത്രമാണ് നിലവിൽ ബ്രെയിൽ ലിപിയിലേക്ക് മാറ്റപ്പെട്ടിട്ടുള്ളത്.ശാസ്ത്രവിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പുസ്തകം ബ്രെയിൽ ലിപിയിലേക്ക് വരുന്നത് ആദ്യമാണ്.ബ്രെയിലിയിലേക്ക് പകർത്തിയ ശാസ്ത്രവിസ്മയങ്ങൾ തൊട്ടറിഞ്ഞ് ആദിത് കൃഷ്ണ വായിക്കാൻ തുടങ്ങിയപ്പോൾ സത്യത്തിൽ ഇരുട്ട് നിറഞ്ഞ നിരവധി കണ്ണിൽ നിന്ന് ആനന്ദാശ്രു പൊഴിഞ്ഞു.കാരണം ബ്രയിലിയിലേക്ക് ഇത്തരം ഒരു പുസ്തകമെത്തിക്കുന്നതിന് നന്നായി അധ്വാനിക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ അത് ചരിത്ര സംഭവമാകുകയായിരുന്നു. പുതിയ സാഹിത്യപുസ്തകങ്ങളും ആനുകാലിക വിവരങ്ങളും കാഴ്‌ചാ പരിമിതരുടെ ലിപിയിലേക്ക് മാറ്റപ്പെടാൻ ഇത് വഴിവെക്കുമെന്ന കാര്യത്തിൽ തർക്കമില്ല.
കോഴിക്കോട് നടന്ന സംസ്ഥാന ബ്രെയിലി വായനാമത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത് ആദിത് കൃഷ്ണക്കായിരുന്നു. മികച്ച വേഗത്തിൽ ബ്രയിൽ ലിപി വായിക്കാൻ പാലക്കാട് കരിമ്പുഴയിലെ ഹെലൻ കെല്ലർ മാതൃകാ അന്ധവിദ്യാലയത്തിലെ ആറാം ക്ലാസ്സ് വിദ്യാർഥിയായ ആദിത് കൃഷ്ണക്ക് കഴിയുന്നുണ്ട്.പുസ്തകപ്രകാശനവേളയിൽ ബ്രെയിലി ലിപിയിൽ തൊട്ടറിഞ്ഞ് തന്റെ പുസ്തകം വായിക്കുന്നത് കണാനായത് മികച്ച അനുഭവമാണെന്ന് സയൻസൺ പുന്നശ്ശേരി പറഞ്ഞിരുന്നു. ഈ വാക്കുകൾ ഞങ്ങളുടെ പ്രവർത്തനത്തിനുള്ള അംഗീകാരമാണ്.ഇരുട്ടിന്റെ ലോകത്താകുമ്പോഴും ആദിത് കൃഷ്ണയുടെ വായന ശ്രദ്ധിക്കുന്ന കുട്ടികളിലാണ് ഞങ്ങളുടെ പ്രതീക്ഷ.ബ്രെയിൽ ലിപിയിലേക്ക് മാറ്റിയതോടെയാണ് ഇത്രയധികം രസകരമായ ശാസ്ത്രവിസ്മയങ്ങൾ നമുക്ക് ചുറ്റുമുണ്ടെന്ന് അറിയാൻ കഴിഞ്ഞതെന്ന അഭിപ്രായമാണ് വിദ്യാർഥികൾക്കുമുള്ളത്.
ഹെലൻ കെല്ലർ സ്മാരക അന്ധവിദ്യാലയത്തിൽ നടന്ന പുസ്കപ്രകാശനവും ശാസ്ത്രദിനാഘോഷവും പാലക്കാട് എം പി. വി കെ ശ്രീകണ്ഠനാണ് ഉദ്ഘാടനം ചെയ്തത്. ഹെഡ്മിസ്ട്രസ് ഇൻചാർജ് നോബിൾ മേരി ചാക്കോ സ്വാഗതം പറഞ്ഞു.സംസ്ഥാന സെക്രട്ടറി പി ജയരാജ് ഗ്രന്ഥകർത്താവിനെ പരിചയപ്പെടുത്തി. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. സി ഹബീബ് അധ്യക്ഷനായി. ചെറുപ്പുളശ്ശേരി എ ഇ ഒ ഇ രാജൻ, പഞ്ചായത്ത് പ്രസിഡന്റ് കെ എം ഹനീഫ, സീനിയർ അസിസ്റ്റന്റ് ആർ ടി ബിജു, തിരുവനന്തപുരം വനിതാ കോളജിലെ മലയാളവിഭാഗം അസി. പ്രൊഫസർ എ ജൂലി, സമീറ സലീം, ഷീബ പാട്ടത്തൊടി, വി എൻ ചന്ദ്രമോഹൻ, ടി എൻ മുരളീധരൻ, എം മുരളീധരൻ, കെ ഷീജ, പി വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.
( ഹെലൻ കെല്ലർ സ്മാരക മാതൃകാ അന്ധവിദ്യാലയത്തിലെ അധ്യാപകനും സയൻസ് കോ ഓഡിനേറ്ററുമാണ് ലേഖകൻ)