Articles
പ്രതിസന്ധികളെല്ലാം നാം അതിജീവിക്കും
ഇന്ത്യ എന്നത് നവീനവും കുലീനവുമായ സഹവര്‍ത്തിത്വത്തിന്റെയും പാരസ്പര്യത്തിന്റെയും മനോഘടന വിഭാവന ചെയ്യുന്ന ഉജ്വലമായൊരു ആശയമാണ്. വൈജാത്യങ്ങളും വൈവിധ്യങ്ങളും നിറഞ്ഞൊഴുകുന്ന ഈ ഉപഭൂഖണ്ഡത്തില്‍ ഏതെങ്കിലുമൊരു മതമോ സംസ്‌കാരമോ നിയമമോ ഭാഷയോ മാത്രമാണ് അതിജീവിക്കുക എന്ന് ചിന്തിക്കുന്നത് പോലും കൊടിയ അപരാധവും ഭോഷത്തവുമാണ്. ഇന്നാട് ഈ മണ്ണില്‍ പിറന്നുവീണ ഓരോ കുഞ്ഞിനും അര്‍ഹതപ്പെട്ടതാണ്.
ജവഹര്‍ലാല്‍ നെഹ്‌റു ജീവിതത്തില്‍ ചെയ്ത ഏറ്റവും ആശയസമ്പുഷ്ടവും വികാര നിര്‍ഭരിതവുമായ രണ്ട് പ്രസംഗങ്ങളുണ്ട്. ഒന്ന് ആഗസ്റ്റ് 14ന്റെ അര്‍ധരാത്രി ഭരണഘടനാ നിര്‍മാണ സഭയെ അഭിസംബോധന ചെയ്ത് രാജ്യത്തിന്റെ സ്വാതന്ത്ര്യം ഏറ്റുവാങ്ങിക്കൊണ്ട് നടത്തിയത്. മഹാത്മജി കൊല്ലപ്പെട്ടപ്പോള്‍ 1948 ജനുവരി 30ന് വൈകിട്ട് ആകാശവാണിയിലൂടെ രാജ്യത്തെ ആ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത അറിയിച്ച വാചകങ്ങളാണ് മറ്റൊന്ന്. ബ്രിട്ടീഷ് മേല്‍ക്കോയ്മയില്‍ നിന്ന് വിമോചിതമാകാന്‍ പോകുന്ന ഒരു ജനതയുടെ ഭാവി ഭാഗധേയം നിര്‍ണയിച്ചുകൊണ്ട് സ്വാതന്ത്ര്യത്തിന്റെ പുലരിയില്‍ നെഹ്‌റു പറഞ്ഞു: ‘സംവത്സരങ്ങള്‍ക്ക് മുമ്പ് നാം വിധിയുമായി ഒരു കൂടിക്കാഴ്ച നടത്തി. നാമന്ന് ചെയ്ത ശപഥം പൂര്‍ണമായല്ലെങ്കിലും നിറവേറ്റപ്പെടുകയാണ്. ഈ പാതിരാവില്‍ ലോകം ഗാഢനിദ്രയിലമരുമ്പോള്‍ ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കും ജീവിതത്തിലേക്കും ഉണരുകയാണ്’. ആ ഉണര്‍വ് ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ജനങ്ങള്‍ക്ക് മാത്രമല്ല ലോകത്തിനു തന്നെ പ്രതീക്ഷയും ശുഭാപ്തിയും പ്രദാനം ചെയ്തു. ഇന്നലെ വെള്ളക്കാരന്റെ അടിമകളായോ പ്രജകളായോ കഴിഞ്ഞവര്‍ ഒരു കൊച്ചുപുലരിയില്‍ പൂര്‍ണ സ്വാതന്ത്ര്യമുള്ള പൗരന്മാരായി മാറുകയാണ്. ലോകത്തിനു തന്നെ ദിശയും ലക്ഷ്യവും കാണിച്ചുകൊടുക്കുന്ന, മൂല്യവാഹകരുടെ പുതിയ റോളില്‍. നമ്മുടെ രാഷ്ട്രശില്‍പ്പികള്‍ കരുപ്പിടിപ്പിച്ചെടുത്ത ലിഖിത ഭരണഘടന കണ്ട്, അതിന്റെ പിറവിക്ക് പിറകെ ഗവേഷകനായി നടന്ന യു എസ് നിയമജ്ഞന്‍ ഗ്രാന്‍വില്ലെ ആസ്റ്റിന്‍ വിസ്മയത്തോടെ പറഞ്ഞു: മനുഷ്യരാശിക്ക് രൂപപ്പെടുത്താന്‍ പറ്റുന്ന ഏറ്റവും മികച്ച ജനായത്ത പ്രമാണമാണ് ഇത്. പ്രാപ്തരും പ്രഗത്ഭരുമായ ഒരു നേതൃനിര: ഗാന്ധിജി, നെഹ്‌റു, അബുല്‍ കലാം ആസാദ്, സര്‍ദാര്‍ വല്ലഭ് ഭായി പട്ടേല്‍, ബി ആര്‍ അംബേദ്കര്‍, ഡോ. രാജേന്ദ്ര പ്രസാദ്, രാജാജി… നീളുന്നതാണാ താരശ്രേണി.
രക്തപങ്കിലമായ വിഭജനത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യത്തിന് അന്നേ പരിമിതികളും പോരായ്മകളുമുണ്ടായിരുന്നു. ജാതിക്കോമരങ്ങള്‍ വാഴുന്ന ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയില്‍ ജനാധിപത്യം വാഴില്ലെന്ന് 1935 തൊട്ട് വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ടായിരുന്നു. 19ാം നൂറ്റാണ്ടിന്റെ രണ്ടാം പാദം തൊട്ട് സമാന്തരമായി സഞ്ചരിച്ച മൂന്ന് രാഷ്ട്രീയ വിചാരധാരകള്‍ 1940കളില്‍ അന്തിമ പോരാട്ടത്തിലേര്‍പ്പെട്ടപ്പോഴാണ് രാജ്യം വിഭജിക്കപ്പെടുന്നതും ഗാന്ധിജി കൊല്ലപ്പെടുന്നതും. വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രം നെഹ്‌റുവിന്റെ മുന്നില്‍ പത്തിമടക്കിയെങ്കിലും സവര്‍ണ, ആക്രമണോത്സുക ദേശീയ ചിന്തകള്‍ അടിത്തട്ടില്‍ കുമിഞ്ഞുകത്തുന്നത് ആരും ഗൗരവത്തിലെടുത്തില്ല. ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ബീജാവാപം നല്‍കിയ ഭാരതീയ ജനസംഘ് എപ്പോഴെങ്കിലും ഗണ്യമായൊരു രാഷ്ട്രീയ ശക്തിയായി വളരുമെന്ന് സ്വപ്‌നേപി ആരും നിനച്ചിരുന്നില്ല. വി ഡി സവര്‍ക്കറുടെയും എം എസ് ഗോള്‍വാള്‍ക്കറുടെയും ആത്യന്തിക ചിന്തകള്‍ ‘സ്വയം സേവകരില്‍’ ഒതുങ്ങിനില്‍ക്കുമെന്നാണ് പാരസ്പര്യത്തിന്റെ ജീവിതം സ്വപ്നം കണ്ടവര്‍ കണക്കുകൂട്ടിയത്. എന്നാല്‍ നെഹ്‌റുവില്‍ നിന്ന് പുത്രി ഇന്ദിര അനന്തരമായെടുത്ത കോണ്‍ഗ്രസ്സില്‍ ആഭ്യന്തര ഛിദ്രതകള്‍ വളര്‍ന്നതും ജനാധിപത്യത്തിന്റെ അപഭ്രംശത്തിന് തുനിഞ്ഞ് ഇന്ദിര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമെല്ലാമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തെ വഴിത്തിരിവിലെത്തിക്കുന്നത്. അവിടെ വെച്ചാണ് അതുവരെ മാറ്റിനിര്‍ത്തപ്പെട്ട വര്‍ഗീയ ശക്തികള്‍ക്ക് അംഗീകാരം നേടാനാകുന്നതും ജനതാ പാര്‍ട്ടിയിലൂടെ കരുത്താര്‍ജിച്ച് ഭാരതീയ ജനതാ പാര്‍ട്ടിയായി ഉയിര്‍ക്കൊള്ളുന്നതും ദേശീയ രാഷ്ട്രീയത്തില്‍ മത്സരശേഷി ആര്‍ജിക്കുന്നതും. തീവ്ര വലതുപക്ഷത്തിന് മുന്നില്‍ രാജീവ് ഗാന്ധി മുട്ടുമടക്കുന്ന ദാരുണമായ കാഴ്ചകളാണ് പിന്നീട് ലോകം കണ്ടത്. മതനിരപേക്ഷതയുടെ മേല്‍ ഹിന്ദുത്വ ശക്തികള്‍ ദ്രുതഗതിയില്‍ സ്ഥാപിച്ചെടുത്ത മേധാവിത്വമാണ് ഇന്നീ കാണുന്ന ദുരന്തത്തിലേക്ക് രാജ്യത്തെ കൊണ്ടെത്തിച്ചത്.
എങ്ങും കൂരിരുട്ട്
ഘനാന്ധകാരത്തിലാണ് രാജ്യമിന്ന്. ഭരണഘടനാ സംവിധാനം ആകെ തകര്‍ന്നിരിക്കുന്നു. അസ്വസ്ഥഭരിതമാണ് ന്യൂനപക്ഷങ്ങളുടെയും ദുര്‍ബല വിഭാഗങ്ങളുടെയും മനസ്സ്. 1991ല്‍ രാജ്യത്തിന്റെ മൊത്തം അഭിലാഷം പരിഗണിച്ച് പാസ്സാക്കിയെടുത്ത ആരാധനാലയങ്ങളുടെ സ്റ്റാറ്റസ്‌കോ 1947 ആഗസ്റ്റ് 15ന്റെ അവസ്ഥയില്‍ നിലനിര്‍ത്തുന്ന നിയമത്തെ നോക്കുകുത്തിയാക്കി നിറുത്തി വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദിനെയും ബാബരിയുടെ ദുര്‍ഗതിയിലേക്ക് ആനയിക്കുന്ന തിരക്കിലാണ് സര്‍ക്കാറും കോടതിയും. സര്‍വേ പ്രഹസനമാണ് അവിടെ അരങ്ങുതകര്‍ക്കുന്നത്. 142 കോടി ജനത അധിവസിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഇന്ന് മുഴങ്ങിക്കേള്‍ക്കുന്നത് കൂട്ടവംശഹത്യയെ കുറിച്ചുള്ള നടുക്കുന്ന വര്‍ത്തമാനങ്ങളാണ്. ഇനിയൊരു എത്‌നിക് ക്ലെന്‍സിംഗ് സംഭവിക്കുകയാണെങ്കില്‍ അത് ഇന്ത്യയിലാകുമെന്നാണ് വംശഹത്യയെ കുറിച്ച് ആധികാരികമായി സംസാരിക്കുന്ന ഏജന്‍സികള്‍ വര്‍ഷങ്ങള്‍ മുമ്പ് മുന്നറിയിപ്പ് നല്‍കിയത്. കഴിഞ്ഞ ദിവസം ഹരിയാനയിലെ നൂഹില്‍ മുസ്ലിംകളുടെ കടക്കമ്പോളങ്ങളും വീടുകളും മദ്റസകളും പള്ളികളും ഓഫീസ് സമുച്ചയങ്ങളുമെല്ലാം ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തി ബി ജെ പി സര്‍ക്കാര്‍ മുസ്ലിംകളെ പാഠം പഠിപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതി സ്വമേധയാ ഇടപെട്ട് ചോദിച്ചു, ഇത് വംശീയ വിച്ഛേദനമല്ലേ? കണ്ണീരും പരിദേവനങ്ങളുമായി കുടിലിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ കഴിയാനുള്ള അവസരമാണ് പാവങ്ങളില്‍ പാവങ്ങളായ ഒരു ജനതയില്‍ നിന്ന് തട്ടിയെടുത്തിരിക്കുന്നത്. അപ്പോഴും മോദി സര്‍ക്കാര്‍ ഏക സിവില്‍ കോഡിനായി പെരുമ്പറ മുഴക്കുകയാണ്!
നൂഹില്‍ നിന്ന് അകലെയല്ല ഇംഫാല്‍. മണിപ്പൂര്‍ ഇന്ന് യുദ്ധാനന്തര ജപ്പാനെ പോലെ മൂകമാണ് ശോകഭരിതമാണ്. സാമൂഹിക ജീവിതം പിഴുതെറിയപ്പെട്ടു. ആര്‍ക്കും അവിടെ രക്ഷയില്ല. മെയ് മൂന്നിന് കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ മ്യാന്‍മറിലേക്ക് ഓടിരക്ഷപ്പെട്ട മോറെ പട്ടണത്തില്‍ നിന്നുള്ള മെയ്‌തെയ് വിഭാഗത്തില്‍പ്പെട്ട 230 പേര്‍ അതിര്‍ത്തിയിലെ കൊടുങ്കാട്ടില്‍ 100 ദിവസമായി മരണം മുന്നില്‍ കണ്ട് കഴിയുകയാണ്. രക്ഷിക്കാനാരുമില്ല. മെയ്‌തെയ്കളും കുക്കികളും ഒരുപോലെ വിഹ്വലരാണ്. നൂറ്റാണ്ടുകള്‍ക്ക് പിറകിലേക്ക് അവിടുത്തെ ജനത വലിച്ചെറിയപ്പെട്ടു. ആര്‍ എസ് എസ് വിഭാവന ചെയ്യുന്ന സോഷ്യല്‍ എന്‍ജിനീയറിംഗ് പ്രതീക്ഷിച്ചിരുന്നതാണ് ഇത്തരം പൊട്ടിത്തെറികള്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതല ഏറ്റെടുത്ത് രാംമാധവ് എന്ന കാവിബുദ്ധിജീവി മെനഞ്ഞെടുത്ത വര്‍ഷങ്ങളോളം നീണ്ട തന്ത്രങ്ങളുടെ പരിണതിയാണ് കൂട്ടഹത്യകളും ബലാത്സംഗങ്ങളും പിഴുതെറിയലുമെല്ലാം. ഇതാ ഇവരെ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചോളൂ എന്ന് പറഞ്ഞ് സ്ത്രീകള്‍ അക്രമികളുടെ കൈകളിലേക്ക് പെണ്‍കിടാങ്ങളെ കൈമാറ്റം ചെയ്യുന്ന അപൂര്‍വമായ ഭീകരതയെ കുറിച്ച് ഒന്നാലോചിച്ചുനോക്കൂ. ഹരിയാനയില്‍ മതഘോഷ യാത്ര മറയാക്കി വി എച്ച് പിയും ബജ്‌റംഗ്ദളും നൂഹിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലേക്ക് പുറപ്പെട്ടപ്പോള്‍ വിളിച്ച മുദ്രാവാക്യം എന്തായിരുന്നുവെന്നല്ലേ? അമ്മമാര്‍ കട്ടില്‍ ഒരുക്കിവെച്ചോളൂ; നിങ്ങളുടെ മരുമക്കളെ സ്വീകരിക്കാന്‍. വീടകങ്ങളില്‍ കഴിയുന്ന പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയാണ് തങ്ങളുടെ ഉദ്ദേശ്യമെന്ന് മുന്‍കൂട്ടി അറിയിക്കുകയാണ്. യുദ്ധവേളയിലാണ് മുമ്പ് സ്ത്രീകളെ ഉപകരണങ്ങളാക്കി ദുഷ്ടശക്തികള്‍ ഇമ്മട്ടില്‍ മേല്‍ക്കോയ്മ സ്ഥാപിച്ചത്. ഗാന്ധിജിയുടെ നാട് ദൈവത്തിന്റെ പേരില്‍ ജാഥയായി പോകുന്നത് സ്ത്രീകളെ പിച്ചിച്ചീന്തുക എന്ന ഏക ലക്ഷ്യവുമായാണ്. ഇതുവഴി ഭീതി വിതച്ച് ദുര്‍ബല വിഭാഗങ്ങളെ അവരുടെ ആവാസ വ്യവസ്ഥയില്‍ നിന്ന് ആട്ടിയോടിക്കുക. വംശീയ വിച്ഛേദനം എളുപ്പമാക്കാനുള്ള പോംവഴിയാണത്.
അതിജീവനത്തിന്റെ ജനായത്ത വഴി
ശിഥിലമായിക്കൊണ്ടിരിക്കുന്ന ഒരു വന്‍ രാജ്യം ഈ പ്രതിസന്ധി എങ്ങനെ മുറിച്ചുകടക്കും? താരതമ്യേന നിഷ്പക്ഷമായ തിരഞ്ഞെടുപ്പുകളാണ് നമ്മുടെ രാജ്യത്ത് ജനാധിപത്യത്തെ പുഷ്‌കലമാക്കുന്നതും അധികാര കൈമാറ്റം ക്ഷിപ്രസാധ്യമാക്കുന്നതും. ആ ലക്ഷ്യത്തോടെയാണ് നിഷ്പക്ഷമായി വര്‍ത്തിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷനെ ഭരണഘടന വിഭാവന ചെയ്യുന്നത്. എന്നാല്‍ അങ്ങനെ പാടില്ല എന്ന ദുര്‍വാശിയുള്ള ഹിന്ദുത്വ ഭരണകൂടം തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തിരഞ്ഞെടുക്കുന്ന സമിതിയില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിക്കൊണ്ട് പ്രധാനമന്ത്രിക്കും അദ്ദേഹം നിശ്ചയിക്കുന്ന ഒരു മന്ത്രിക്കും ഭൂരിപക്ഷം ഉറപ്പിച്ച് ഭരണഘടനയെ അട്ടിമറിച്ചിരിക്കുന്നു. ഇനി ഏതെങ്കിലും ആര്‍ എസ് എസുകാരനാകാം തിരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത്. ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റ് ഇന്ന് കാവിരാഷ്ട്രീയം കൈപിടിയിലൊതുക്കിക്കഴിഞ്ഞു. ഈ സര്‍ക്കാറിനെ വിമര്‍ശിച്ചാല്‍ സഭക്ക് പുറത്താകും. പുറത്ത് നിന്ന് വിമര്‍ശിച്ചാലോ ജയിലില്‍ കഴിച്ചുകൂട്ടേണ്ടിവരും. അല്ലെങ്കില്‍ ഇ ഡി വാതിലില്‍ വന്ന് മുട്ടും. എല്ലാം ഭയന്ന് മൗനം ദീക്ഷിക്കാന്‍ നിര്‍ബന്ധിതരാകുന്ന പ്രതിപക്ഷത്തിന്റെ റോള്‍ ചുരുങ്ങിച്ചുരുങ്ങി വന്നിരിക്കുന്നു. ഇന്ദിരാ ഗാന്ധിയുടെ കാലത്ത് പോലും ഇമ്മട്ടിലൊരു ജനപ്രതിനിധി സഭ ഉണ്ടായിട്ടില്ല.
2024ലെ പൊതുതിരഞ്ഞെടുപ്പില്‍ ഹിന്ദുത്വ സര്‍ക്കാറിനെ അധികാരത്തില്‍ നിന്ന് താഴെ ഇറക്കിയില്ലെങ്കില്‍ തിരഞ്ഞെടുപ്പ് പോലും പഴങ്കഥയായി മാറുമെന്ന് വിവരമുള്ളവര്‍ മുന്നറിയിപ്പ് നല്‍കുന്നത് യാഥാര്‍ഥ്യ ബോധത്തോടെയാണ്. മതേതര ജനാധിപത്യ ഇന്ത്യക്ക് നൂറ് വര്‍ഷം പൂര്‍ത്തിയാക്കാന്‍ കഴിയില്ലേ എന്ന ചിന്ത യഥാര്‍ഥ രാജ്യസ്‌നേഹികളെ വല്ലാതെ ഉത്കണ്ഠാകുലരാക്കുന്നുണ്ട്.
ഇന്ത്യ എന്നത് നവീനവും കുലീനവുമായ സഹവര്‍ത്തിത്വത്തിന്റെയും പാരസ്പര്യത്തിന്റെയും മനോഘടന വിഭാവന ചെയ്യുന്ന ഉജ്വലമായൊരു ആശയമാണ്. വൈജാത്യങ്ങളും വൈവിധ്യങ്ങളും നിറഞ്ഞൊഴുകുന്ന ഈ ഉപഭൂഖണ്ഡത്തില്‍ ഏതെങ്കിലുമൊരു മതമോ സംസ്‌കാരമോ നിയമമോ ഭാഷയോ മാത്രമാണ് അതിജീവിക്കുക എന്ന് ചിന്തിക്കുന്നത് പോലും കൊടിയ അപരാധവും ഭോഷത്തവുമാണ്. ഇന്നാട് ഈ മണ്ണില്‍ പിറന്നുവീണ ഓരോ കുഞ്ഞിനും അര്‍ഹതപ്പെട്ടതാണ്. അവന്റെ ജാതിയും മതവും ഭാഷയും ചോദിക്കുന്നവന്‍ കൊടും ദേശദ്രോഹിയാണ്. വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും പ്രത്യയശാസ്ത്രത്തെ നാം തോല്‍പ്പിക്കേണ്ടത് അരുന്ധതി റോയി സൂചിപ്പിച്ചത് പോലെ വിശ്വമാനവികത കൊണ്ടാണ്. അതിന്റെ മുന്നിലേ വര്‍ഗീയ ഫാസിസം തലകുനിക്കുകയുള്ളൂ. ആക്രമണോത്സുക ദേശീയത ഒന്നിനും പ്രതിവിധിയല്ലെന്ന് മണിപ്പൂരും ഹരിയാനയും സമര്‍ഥിച്ചുകൊണ്ടിരിക്കുകയാണല്ലോ.