Connect with us

Articles

നാം അതിജീവിക്കും, പക്ഷേ...

683 ഉരുള്‍പൊട്ടലുകളാണ് 2018ല്‍ കേരളം അഭിമുഖീകരിച്ചത്. ഇതിന് പുറമെ 516 ചെറു മണ്ണിടിച്ചിലുകള്‍ക്കും കേരളം 2018ല്‍ സാക്ഷിയാകുകയുണ്ടായി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സംസ്ഥാനം കേരളമാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ആവര്‍ത്തിക്കപ്പെടുന്ന പ്രളയങ്ങളും ഉരുള്‍പൊട്ടലുകളും നമുക്ക് പ്രകൃതി നല്‍കുന്ന സൂചനകളാണ്.

Published

|

Last Updated

കേരളം വീണ്ടും പ്രളയത്തിന്റെയും ഉരുള്‍പൊട്ടലിന്റെയും പിടിയിലമരുകയാണ്. സംസ്ഥാനത്തുടനീളം ന്യൂനമര്‍ദത്തിന്റെ ഫലമായി അതികഠിനമായ മഴയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. വയനാട് ജില്ലയിലെ മേപ്പാടിയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മുണ്ടക്കൈയും സമീപ പ്രദേശമായ ചൂരല്‍മലയും ദുരന്തത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ്. ഒരു പ്രദേശം തന്നെ ഉരുള്‍പൊട്ടലിലൂടെ തുടച്ചുനീക്കപ്പെട്ടിരിക്കുന്നു. ലയങ്ങള്‍ക്ക് പുറമെ ജനവാസ കേന്ദ്രവും കാര്‍ഷിക മേഖല തന്നെയും ഉരുള്‍പൊട്ടലിലൂടെ അപ്രത്യക്ഷമായിരിക്കുന്നു. കേരളം മൊത്തത്തില്‍ തന്നെ മഴക്കെടുതിക്കും പ്രളയത്തിനും വിധേയമായിരിക്കുകയാണ്. നിരവധി കുടുംബങ്ങള്‍ ഒന്നടങ്കം ഉരുള്‍പൊട്ടലില്‍ അപ്രത്യക്ഷമായിരിക്കുന്നു. മരണ സംഖ്യയെന്ന പോലെ കാണാതായവരുടെ പട്ടികയും ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്.

വയനാട് തികച്ചും ഒറ്റപ്പെട്ടിരിക്കുകയാണ്. പ്രകൃതിക്ഷോഭത്തില്‍ മനുഷ്യ ജീവനെന്ന പോലെ വളര്‍ത്തുമൃഗങ്ങളും കൃഷിഭൂമിയും ആരാധനാലയങ്ങളും വിദ്യാലയങ്ങളും വിസ്മൃതിയിലായിരിക്കുന്നു. ഉരുള്‍പൊട്ടിയ മേഖലയില്‍ മാത്രം എഴുപതോളം കുടുംബങ്ങള്‍ അധിവസിച്ചിരുന്നു. ചൂരല്‍മലയിലാകട്ടെ നാനൂറിലധികം കുടുംബങ്ങള്‍ നിവസിച്ചിരുന്നു. ജനനിബിഡമായ പ്രദേശത്താണ് ദുരന്തം പെയ്തിറങ്ങിയത്. ആയിരത്തിലധികം പേര്‍ ഇവിടങ്ങളിലുണ്ടായിരുന്നു. സന്ദര്‍ശനാര്‍ഥം വിവിധ റിസോര്‍ട്ടുകളിലും ഹോം സ്റ്റേകളിലും താമസിച്ചിരുന്നവരും നിരവധിയാണ്. ഇവരില്‍ പലരുടെയും സര്‍വ സമ്പാദ്യവും നശിച്ചു. പലരെയും ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. പലരും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ച ചെളിയുടെ ഒഴുക്കില്‍ ചാലിയാര്‍ പുഴയിലൂടെ ഒഴുകിപ്പോയി. മൃതശരീരങ്ങള്‍ പലതും തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലാണ് ചാലിയാറില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും കണ്ടെത്തിക്കൊണ്ടിരിക്കുന്നത്.

നൂറ്റാണ്ടിന്റെ പ്രളയം എന്ന് അറിയപ്പെടുന്നത് 1924ലെ പ്രളയത്തെയാണ്. ഇത് 99ലെ പ്രളയം എന്നും അറിയപ്പെടുന്നു. കൊല്ല വര്‍ഷം 1099 കര്‍ക്കിടകത്തിലായിരുന്നു ഈ പ്രളയം. 1924 ജൂലൈ 14 മുതല്‍ രണ്ടാഴ്ചക്കാലത്താണ് അതിതീവ്ര മഴയും അതുവഴി പ്രളയവും അനുഭവപ്പെട്ടത്. ഈ പ്രളയത്തിലുണ്ടായ നാശനഷ്ടങ്ങളുടെ വ്യക്തമായ കണക്കുകളോ, മനുഷ്യ- വളര്‍ത്തുമൃഗങ്ങളുടെ മരണങ്ങളുടെ കൃത്യതയാര്‍ന്ന കണക്കുകളോ ലഭ്യമല്ല. അതുപോലെ തന്നെ കൃഷിനാശം, വിവിധ നിര്‍മിതികളുടെ നാശം തുടങ്ങിയവയുടെ വിവരവും ലഭ്യമല്ല. 1924 ജൂണ്‍ മുതല്‍ സെപ്തംബര്‍ 30 വരെ ലഭിച്ച മഴയുടെ അളവ് 3,461 മില്ലിമീറ്റർ ആണെന്ന് കണക്കാക്കപ്പെടുന്നു. ഇതേ കാലയളവില്‍ 2018ല്‍ ലഭിച്ച മഴയുടെ അളവാകട്ടെ 2,517 മില്ലിമീറ്റർ ആണ്. 486 മനുഷ്യ ജീവനുകളാണ് 2018ല്‍ നഷ്ടപ്പെട്ടത്. കന്നുകാലികളുടെയും മറ്റ് ജീവിവര്‍ഗങ്ങളുടെയും വിനാശം വിവരണാതീതമായിരുന്നു. കേരളീയ സമൂഹത്തെ ഈ പ്രളയം തകര്‍ത്തു തരിപ്പണമാക്കിയെന്നു വേണം പറയാന്‍. വീടുകള്‍ എന്ന പോലെ മറ്റു കെട്ടിട സമുച്ഛയങ്ങളും തുടച്ചുനീക്കപ്പെട്ടു. 40,000 കോടി രൂപയുടെ നഷ്ടമാണ് 2018ലെ പ്രളയം മൂലം സംഭവിച്ചത്. ഇതിന് പുറമെയാണ് മേല്‍ മണ്ണ് ഒലിച്ചു പോയത് വഴി സൃഷ്ടിക്കപ്പെട്ട നാശനഷ്ടം. 1970കളില്‍ നമുക്ക് 12 ലക്ഷം ഏക്കര്‍ നെല്‍കൃഷിയിടങ്ങള്‍ ഉണ്ടായിരുന്നു. ഇന്ന് അത് രണ്ട് ലക്ഷം ഏക്കറില്‍ താഴെയായി മാറി. ഒമ്പത് ലക്ഷം ഏക്കര്‍ നെല്‍വയലുകള്‍ നികത്തപ്പെട്ടു. ഭൂമിയുടെ ജലസംഭരണത്തിന്റെ, ജലശേഖരണത്തിന്റെ ശേഷിയാണ് നമുക്ക് നഷ്ടപ്പെട്ടത്. അതുപോലെ കേരളത്തിന്റെ വനവിസ്തൃതി പുരാതന കാലഘട്ടത്തില്‍ നാലില്‍ മൂന്ന് ആയിരുന്നു. ഇത് ശോഷിച്ച് കേവലം എട്ടില്‍ ഒന്നായി മാറിയിരിക്കുകയാണ്. ഇടതൂര്‍ന്നുള്ള വനത്തിന്റെ ലഭ്യത ഭൂവിസ്തൃതിയുടെ 12 ശതമാനം മാത്രമായി ചുരുങ്ങിയിരിക്കുന്നു. വനങ്ങള്‍ കാര്‍ഷിക മേഖലക്കായും ജനവാസ മേഖലക്കായും പരിവര്‍ത്തനം ചെയ്യപ്പെട്ടു. ജനവാസം വര്‍ധിച്ചതോടെ റോഡുകളും ഭവനങ്ങളും ഇതര കെട്ടിട സമുച്ഛയങ്ങളും വന്‍തോതില്‍ നിര്‍മിക്കപ്പെട്ടു. ഈ നിര്‍മിതികളെല്ലാം തന്നെ ഭൂമിയുടെ സ്ഥായിയായ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിച്ചുവെന്ന് നിസ്സംശയം പറയാവുന്നതാണ്.
683 ഉരുള്‍പൊട്ടലുകളാണ് 2018ല്‍ കേരളം അഭിമുഖീകരിച്ചത്. ഇതിന് പുറമെ 516 ചെറു മണ്ണിടിച്ചിലുകള്‍ക്കും കേരളം 2018ല്‍ സാക്ഷിയാകുകയുണ്ടായി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സംസ്ഥാനം കേരളമാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ആവര്‍ത്തിക്കപ്പെടുന്ന പ്രളയങ്ങളും ഉരുള്‍പൊട്ടലുകളും നമുക്ക് പ്രകൃതി നല്‍കുന്ന സൂചനകളാണ്. ഇത്തരം സൂചനകളില്‍ നിന്ന് നാം പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്.

ചാലിയാറിനോടനുബന്ധിച്ചുള്ള താഴ്ന്ന പ്രദേശങ്ങളും പൂനൂര്‍ പുഴയുടെ തീരവും പെരിയാര്‍ തീരവും ഇതര നദീതീരങ്ങള്‍ പലതും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഇതിന് പുറമെ അണക്കെട്ടുകളില്‍ നിന്ന് വെള്ളം ഒഴുക്കി വിടുമ്പോള്‍ ഭീഷണി പിന്നെയും ഇരട്ടിയാകുന്നു. ഇവിടങ്ങളിലെല്ലാം ജനങ്ങള്‍ ദുരന്ത ഭീഷണിയിലാണ്. പലരും ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു. കേരളത്തില്‍ ഈ പ്രക്രിയ നിരന്തരം ആവര്‍ത്തിക്കപ്പെടുകയാണ്. എങ്കിലും കേരളീയര്‍ പാഠം പഠിക്കുന്നില്ല. എല്ലാ ദുരന്തങ്ങളെയും നാം അതിജീവിക്കും. ദുരന്തങ്ങള്‍ നല്‍കുന്ന പാഠങ്ങള്‍ നാം വിസ്മരിക്കുകയും ചെയ്യും.

വനനശീകരണം മൂലമുള്ള ഉരുള്‍പൊട്ടലുകള്‍ മണ്ണൊലിപ്പിന് വേഗം വര്‍ധിപ്പിക്കുന്നുണ്ട്. നമുക്ക് ലഭ്യമായ ആകെ കൃഷി സ്ഥലം 55 ലക്ഷം ഹെക്ടറാണ്. ഇതില്‍ 20 ലക്ഷം ഹെക്ടറും മണ്ണൊലിപ്പ് ഭീഷണി നേരിടുന്നുണ്ട്. പ്രതിവര്‍ഷം നാല് കോടി ടണ്‍ മേല്‍മണ്ണ് ഒലിച്ചു പോകുന്നുണ്ടെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ഇതിനു പുറമെ ഭൂമിയുടെ പ്രതലത്തിലും അടിത്തട്ടിലും നടക്കുന്ന ഖനന പ്രവര്‍ത്തനങ്ങള്‍ പ്രകൃതി ദുരന്തങ്ങള്‍ക്ക് ആക്കം കൂട്ടുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മുഖ്യമായത് ഖനനമാണ്. ഖനന സ്ഥലം മണ്ണിട്ട് മൂടാതെ വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കുന്നത് മണ്ണൊലിപ്പിന് ആക്കം കൂട്ടും. വന്‍മരങ്ങള്‍ മുറിച്ച് മാറ്റുന്നതാണ് നമ്മുടെ പതിവ്. ഇങ്ങനെ മുറിക്കപ്പെട്ട മരങ്ങളുടെ വേരുകള്‍ ദ്രവിച്ച് അവിടെ ജലം സംഭരിക്കപ്പെടും. തത്ഫലമായി പ്രദേശത്തെ മണ്ണില്‍ ഈര്‍പ്പത്തിന്റെ ആധിക്യം ഉണ്ടാകും. ഈ ഈര്‍പ്പം മണ്ണിനെ ദ്രവീകരിച്ച് കുഴമ്പ് രൂപത്തിലാക്കി താഴോട്ടിറക്കി ഉരുള്‍പൊട്ടലിന് കാരണമാകുകയും ചെയ്യും.
വയനാട് മേഖലയിലെ ഭൂവിനിയോഗത്തില്‍ വന്ന മാറ്റങ്ങളും പഠനങ്ങള്‍ക്ക് വിധേയമാക്കണം. പ്ലാന്റേഷന്‍ ഭൂമിയുടെ നിശ്ചിത ശതമാനം കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം എന്ന ഉത്തരവ് വ്യാപകമായി പ്രയോജനപ്പെടുത്തി ഏതാണ്ട് 700ലധികം റിസോര്‍ട്ടുകളാണ് ലക്കിടി – ചുണ്ട – മുടിക്കൈ-വടുവന്‍ ചാല്‍ മേഖലയില്‍ ഉയര്‍ന്നത്. കെട്ടിട നിര്‍മാണത്തിന് ഭൂമി തരം മാറ്റിയതും ചില സ്ഥലങ്ങളിലെങ്കിലും പൈലിംഗ് നടത്തി ഭൂമിയുടെ അടിത്തട്ട് തുളച്ചതും മഴവെള്ളം ക്രമമായി ഒലിച്ചിറങ്ങുന്നതിന് പകരം കെട്ടിനിര്‍ത്തിയതും ഉരുള്‍പൊട്ടലിന്റെ ആക്കം കൂട്ടിയിട്ടുണ്ട്.

മാധവ് ഗാഡ്ഗില്‍ മുമ്പ് വയനാട് സന്ദര്‍ശന വേളയില്‍ പറഞ്ഞത് പോലെ, വയനാട്ടില്‍ സംഭവിക്കുന്നത് മനുഷ്യ നിര്‍മിത ദുരന്തങ്ങളാണ്. ജീവിത രീതികളും ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ പണം ആര്‍ജിക്കാനുള്ള ത്വരയും ഉപേക്ഷിക്കാതെ പ്രകൃതി ദുരന്തങ്ങള്‍ക്ക് അറുതി വരില്ല.

ഓര്‍ക്കുക, ഇത്തരം ദുരന്തങ്ങളുടെ ഇരകള്‍ സാധാരണ മനുഷ്യരാണ്. പൊതുവെ സമൂഹത്തിന്റെ അടിത്തട്ടില്‍ കഴിയുന്നവരാണ്. അവരാരുമല്ല പ്രകൃതിയെ നശിപ്പിക്കുന്നത്. നശിപ്പിക്കുന്നവര്‍ മറ്റു ചിലരാണ്. അവര്‍ അവരുടെ “സുഖവാസം’ തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യും.

rajansamskrithi@gmail.com

---- facebook comment plugin here -----

Latest