Kerala
പാർട്ടിയെ ദുർബലപ്പെടുത്തുന്നു; പരസ്യ പ്രതികരണങ്ങളില്‍ നിന്ന് പി വി അന്‍വര്‍ പിന്മാറണം: സിപിഎം
അന്‍വറിന്റെ ആരോപണങ്ങള്‍ ശത്രുക്കള്‍ക്ക് പാര്‍ട്ടിയെയും സര്‍ക്കാരിനെയും ആക്രമിക്കാനുള്ള ആയുധമായി മാറി
തിരുവനന്തപുരം | പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ ശത്രുക്കള്‍ക്ക് പാര്‍ട്ടിയെയും സര്‍ക്കാരിനെയും ആക്രമിക്കാനുള്ള ആയുധമായി മാറിയെന്നും അന്‍വര്‍ പരസ്യപ്രതികരണങ്ങളില്‍ നിന്ന് പിന്മാറണമെന്നും സിപിഎം.
നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വര്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്വതന്ത്ര എം എല്‍ എ എന്ന നിലയിലാണ് നിയമസഭയിലും, നിലമ്പൂര്‍ മണ്ഡലത്തിലും പ്രവര്‍ത്തിച്ചുവരുന്നത്. അദ്ദേഹം സി പി ഐ (എം) പാര്‍ലമെന്ററി പാര്‍ടി അംഗവുമാണ്. പി വി അന്‍വര്‍ പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും ചില പരാതികള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പാര്‍ട്ടിക്ക് നല്‍കിയ പരാതിയിലും അന്വേഷണം നടക്കും. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് അന്‍വര്‍ പരസ്യ പ്രതികരണങ്ങള്‍ തുടരുകയാണ്. ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.
ഗവണ്‍മെന്റിനും, പാര്‍ടിക്കുമെതിരെ അന്‍വര്‍ തുടര്‍ച്ചയായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചുവരികയാണ്. പി വി അന്‍വര്‍ എം എല്‍ എയുടെ ഈ നിലപാടിനോട് പാര്‍ടിക്ക് യോജിക്കാന്‍ കഴിയുന്നതല്ലെന്നും ഇത്തരം നിലപാടുകള്‍ തിരുത്തി പാര്‍ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്നും പിന്തിരിയണമെന്നും സിപിഎം സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
പരാതിയുണ്ടെങ്കില്‍ പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടേയും ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു ഇടതുപക്ഷ എംഎല്‍ എ എന്ന നിലയില്‍ പി വി അന്‍വര്‍ ചെയ്യേണ്ടിയിരുന്നതെന്ന് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു.അന്‍വര്‍ പരാതിയില്‍ ഉന്നയിച്ച വിഷയങ്ങളില്‍ അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അന്വേഷണം നടക്കുകയാണ്. അന്വേഷണ ഭാഗമായി ഉചിതമായ നടപടി സ്വീകരിക്കും. ഒരു മുന്‍വിധിയോടെയും ഒന്നിനേയും സമീപിക്കുന്നില്ല. ആരോപണ വിധേയര്‍ ആരെന്നതല്ല. ആരോപണം എന്തെന്നും അതിനുള്ള തെളിവുകളുമാണ് പ്രധാനം. നേരത്തെ എസ് പിയെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പോലീസുദ്യോഗസ്ഥന്‍ സംസാരിക്കാന്‍ പാടില്ലാത്ത രീതിയില്‍ സംസാരിച്ചത് പുറത്ത് വന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.