Connect with us

National

1999ലെ കാണ്ഡഹാർ വിമാന റാഞ്ചൽ സംബന്ധിച്ച വെബ് സീരീസ്; നെറ്റ് ഫ്ലിക്സ് മേധാവിയെ കേന്ദ്രം വിളിപ്പിച്ചു

വെബ് സീരീസിൻ്റെ നിർമ്മാതാക്കൾ ഹൈജാക്കർമാരുടെ പേരുകൾ "ഭോല", "ശങ്കർ" എന്നിങ്ങനെ മനഃപൂർവ്വം മാറ്റിയതായി സോഷ്യൽ മീഡിയയിൽ ആരോപണം ഉയർന്നതിന് പിന്നാലെയാണ് നടപടി

Published

|

Last Updated

ന്യൂഡൽഹി | വെബ്സീരീസ് സംബന്ധിച്ച വിവാദത്തിൽ ഒ ടി പി വെബ്സൈറ്റായ നെറ്റ്ഫ്ളിക്സ് ഇന്ത്യയുടെ കണ്ടന്റ് മേധാവി മോണിക്ക ഷെർഗിലിനെ കേന്ദ്രം വിളിപ്പിച്ചു. 1999-ൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ഹർകത്ത്-ഉൽ-മുജാഹിദീൻ ഇന്ത്യൻ എയർലൈൻസ് വിമാനം ഹൈജാക്ക് ചെയ്തത് അടിസ്ഥാനപ്പെടുത്തി നിർമിച്ച വെബ് സീരീസായ ‘IC 814’ മായി ബന്ധപ്പെട്ട വിവാദത്തിലാണ് നടപടി. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയമാണ് വിളിപ്പിച്ചത്.

വെബ് സീരീസിൻ്റെ നിർമ്മാതാക്കൾ ഹൈജാക്കർമാരുടെ പേരുകൾ “ഭോല”, “ശങ്കർ” എന്നിങ്ങനെ മനഃപൂർവ്വം മാറ്റിയതായി സോഷ്യൽ മീഡിയയിൽ ആരോപണം ഉയർന്നതിന് പിന്നാലെയാണ് നടപടി. വിമാനത്തിൻ്റെ ക്യാപ്റ്റൻ ദേവി ശരണും പത്രപ്രവർത്തകൻ ശ്രിൻജോയ് ചൗധരിയും ചേർന്ന് എഴുതിയ ‘ഫ്ലൈറ്റ് ഇൻ ടു ഫിയർ: ദ ക്യാപ്റ്റൻസ് സ്റ്റോറി’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി അനുൻഭവ് സിൻഹയാണ് വെബ് സീരീസ് സംവിധാനം ചെയ്തത്.

1999 ഡിസംബർ 24-ന് ഇന്ത്യൻ എയർലൈൻസിൻ്റെ 814 വിമാനം ഹൈജാക്ക് ചെയ്ത സംഭവമാണ് വെബ് സീരീസ് പകർത്തിയത്. 191 യാത്രക്കാരുള്ള വിമാനം നേപ്പാളിലെ കാഠ്മണ്ഡുവിൽ നിന്ന് പറന്നുയർന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്നു. പറന്നുയർന്ന ഉടൻ തന്നെ യാത്രക്കാരെന്ന വ്യാജേന അഞ്ച് ഹൈജാക്കർമാർ വിമാനത്തിൻ്റെ നിയന്ത്രണം ഏറ്റെടുത്തു. അമൃത്സർ, ലാഹോർ, ദുബായ് എന്നിവിടങ്ങളിൽ ലാൻഡ് ചെയ്ത ശേഷം അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലേക്ക് വിമാനം കൊണ്ടുപോയി.

സംഭവത്തെ തുടർന്ന് അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള സർക്കാർ, ഭീകരരായ മസൂദ് അസ്ഹർ, അഹമ്മദ് ഒമർ സയീദ് ഷെയ്ഖ്, മുഷ്താഖ് അഹമ്മദ് സർഗർ എന്നിവരെ ഇന്ത്യൻ ജയിലുകളിൽ നിന്ന് മോചിപ്പിക്കാൻ നിർബന്ധിതരായി. താലിബാൻ അധികൃതർ ഹൈജാക്കർമാരെയും മോചിപ്പിച്ച ഭീകരരെയും പാകിസ്ഥാനിലെത്താൻ സഹായിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

2000 ജനുവരി 6 ലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ പ്രസ്താവനയിൽ ഇബ്രാഹിം അത്തർ, ഷാഹിദ് അക്തർ സയ്യിദ്, സണ്ണി അഹമ്മദ് ഖാസി, മിസ്ത്രി സഹൂർ ഇബ്രാഹിം, ഷാക്കിർ എന്നിവരാണ് ഹൈജാക്കർമാരുടെ പേരുകൾ. ഈ പേരുകൾ വെബ് സീരീസിൽ മാറ്റിയെന്നാണ് ആരോപണമുയർന്നത്.

Latest