prathivaram poem
കല്യാണപ്പുര
അന്ന് അന്തിമയങ്ങുന്നതു വരെ കാക്കകൾ വിഷാദത്തിൽ കരഞ്ഞുകൊണ്ടിരുന്നു.
പെണ്ണ് വീടിന്റെ കല്യാണപ്പുരയ്ക്ക്
കുറേ ഗന്ധങ്ങളുണ്ടായിരുന്നു,
ഉരുകിയ ചോറിന്റെ,
തിളച്ചുപൊങ്ങിയ ഉച്ച വെയിലിന്റെ,
കറിയിൽ ചേർത്ത കടുത്ത ചായങ്ങളുടെ,
കടയിൽ പകുതി കാശ് ബാലൻസ് വെച്ച്
വാങ്ങിക്കൂട്ടിയ പുതിയ കുപ്പായങ്ങളുടെ,
ഉഷ്ണിച്ച തുണിപ്പായിന്റെ,
അച്ഛന്റെ ഉരുകിയ മനസ്സിന്റെ,
അന്ന് വരെ കൂടെ കളിച്ച കുഞ്ഞുമോളുടെ
കളിചിരികൾ അവസാനിപ്പിച്ച്
പറമ്പിലെ തൊട്ടാവാടികൾ നിഷ്കരുണം
കൊലചെയ്യപ്പെട്ട് അവയുടെ
പച്ചമാംസത്തിന്റെ,
വലിയ വലിയ ആലോചനകളെ
കാത്തു കാത്തു
വീർത്തു വീർത്തു വന്ന വീട്
ശുഷ്‌കിച്ചു തുടങ്ങുന്നതിന്റെ,
ഇതിനൊക്കെയപ്പുറം പെണ്ണിന്റെയമ്മയായി
കോന്തലിച്ചുടുത്ത പട്ടുസാരിക്കുള്ളിൽ
ഹൃദയം രണ്ടായി പിളർന്ന്
ഉള്ളിൽ തളം കെട്ടിയ ചോരയുടെ,
എങ്കിലും അതിഥികൾക്കുത്സവമാക്കി
കരകടത്തുന്ന കൊച്ചുമോളുണ്ണുമ്പോൾ
കണ്ണീരിന്നുപ്പുരസം രുചിച്ചതും ഉച്ചയായി,
ആളുകളിറങ്ങാൻ തിടുക്കം കൂട്ടി,
നാളെ ഈ വീട്ടിലെ ഉച്ച നിന്റെതല്ലെന്ന്
പുറത്ത് കാക്കകൾ വിളിച്ചു കൂവി.
മറ്റൊരു വീട്ടിലെ പെണ്ണായവൾ
കോണിപ്പടിയിൽ നിന്ന് തന്റെ വീട്ടിനെ
അവസാനമൊന്ന് നോക്കിയപ്പോൾ
പട്ടുസാരിയിൽ അമ്മ എവിടെയോ
തിരക്ക് ഭാവിച്ചു മറഞ്ഞിരുന്നു.
അന്ന് അന്തിമയങ്ങുന്നതു വരെ
കാക്കകൾ വിഷാദത്തിൽ
കരഞ്ഞുകൊണ്ടിരുന്നു.