Poem
കരയുന്ന പാദുകങ്ങൾ
കരയുന്നു നെഞ്ചകം പൊട്ടി ബാലകർ കണ്ണീരൊഴുക്കുന്നു ഞാനും!

ഉതിരുന്ന നീർമണികളൊരു പുഴ-
യതിൽ ഞാൻ നീന്തിടുന്നു.
കതിർക്കുല നിറമോലും മേനിയിൽത്തട്ടി –
യവിടെത്തെറിച്ചിടുന്നു.
കഴുകന്മാർ വട്ടമിടുന്നെനിക്കു ചുറ്റും
കലിയാൽക്കൊത്തിടുന്നു.
കഴിവില്ലെനിക്കു നിർത്താൻ രണങ്ങൾ
കദനത്തിലാഴുന്നു.
കവിതകൾ പൂക്കും മനസ്സും കല്ലായി,
കരിയുന്നു സ്വപ്‌നങ്ങൾ!
കറുത്ത ദുഃഖം മുടിയഴിച്ചാടിടുന്നു
കനിവന്യമാകുന്നു.
കതിനകൾ പൊട്ടും തോക്കിൻ കുഴലിൽനിന്നും
കലി, താണ്ഡവമാടുന്നു.
കരുണാ ലേശമില്ലാ നരാധമർ
കനലുകൾ വിതച്ചിടുന്നു.
കരയുന്നു നെഞ്ചകം പൊട്ടി ബാലകർ
കണ്ണീരൊഴുക്കുന്നു ഞാനും!
കബന്ധങ്ങളാലാവൃതം നിണച്ചാലുകളൊഴുകുന്നു
കദനമോടെ തിരയുന്നു ഞാനും.
കഴിഞ്ഞില്ല, കണ്ടെത്താനെന്റെ –
യരുമ സോദരനേയും,
കമനീയ പാദുകങ്ങൾ ബാക്കിയാക്കി-
യകലെപ്പോയ്മറഞ്ഞു.
കൈയിലെടുത്തു ശ്വേത പാദുകങ്ങൾ, ഞാ-
നരുമ ചുംബനങ്ങൾ നൽകി.
കേണുവെൻ സോദരനെയോർത്തു വീണ്ടു-
മിരുൾ വീണു ഹൃത്തിൽ.
കൊഴിഞ്ഞു സംവത്സരമൊന്നു, വീണ്ടും ഞാൻ
കഴിയുന്നേകനായിവിടെ!