International
സ്വാഗതം 2024; പുതുവര്‍ഷത്തെ ആഘോഷത്തിമിര്‍പ്പോടെ വരവേറ്റ് ലോകം
പസഫിക്കിലെ ദ്വീപ് രാഷ്ട്രമായ കിരിബാത്തിയിലാണ് പുതിയ വര്‍ഷം ആദ്യം ആഗതമായത്.
കിരിബാത്തി | പുതുവര്‍ഷത്തെ ആഘോഷാരവങ്ങളോടെ വരവേറ്റ് ലോകം. സമാധാനവും ഐശ്വര്യവും കൊണ്ടുവരുമെന്ന പ്രതീക്ഷയോടെയാണ് ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള ജനങ്ങള്‍ 2024നെ നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്തത്. പുതുവര്‍ഷം പിറക്കുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പും ശേഷവും ലോകമാസകലം ആഘോഷത്തിമിര്‍പ്പിലായിരുന്നു.
പസഫിക്കിലെ ദ്വീപ് രാഷ്ട്രമായ കിരിബാത്തിയിലാണ് പുതിയ വര്‍ഷം ആദ്യം ആഗതമായത്. ഇന്ത്യന്‍ സമയം വൈകിട്ട് 3.30ഓടെയാണ് കിരിബാത്തിയില്‍ പുതുവര്‍ഷമെത്തിയത്. ഇതിനു പിന്നാലെ ന്യൂസിലന്‍ഡിലും ആസ്‌ത്രേലിയയിലും പുതുവത്സരമെത്തി.
സമോവക്കും ഫിജിക്കും സമീപമുള്ള മധ്യപസഫിക് സമുദ്രത്തിലെ ചെറു ദ്വീപ് രാഷ്ട്രമാണ് കിരിബത്തി. കിരിബത്തിയിലെ 33 ദ്വീപുകളില്‍ 21 എണ്ണത്തില്‍ മാത്രമാണ് ജനവാസമുള്ളത്. ഇവയെ ഗില്‍ബെര്‍ട്ട് ദ്വീപുകള്‍, ഫീനിക്‌സ് ദ്വീപുകള്‍, ലൈന്‍ ദ്വീപുകള്‍ എന്നിങ്ങനെ മൂന്ന് മേഖലകളായി വേര്‍തിരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ദിനാങ്കരേഖയോട് തൊട്ടുകിടക്കുന്ന രാജ്യമാണിത്.
ഇന്ത്യയിലും ഏറെ ആഹ്ലാദത്തോടും ഉത്സവാന്തരീക്ഷത്തിലുമാണ് പുതുവത്സരത്തിന് സ്വാഗതമോതിയത്. പ്രധാന നഗരങ്ങളായ ഡല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ ആഘോഷത്തിന്റെ പൊടിപൂരമായിരുന്നു. രാഷ്ട്ര നേതാക്കള്‍ പുതുവത്സരാശംസകള്‍ നേര്‍ന്നു.
കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ അഭൂതപൂര്‍വമായ ജനസഞ്ചയം പുതിയ വര്‍ഷത്തെ വരവേല്‍ക്കുന്നതിനായി തെരുവിലിറങ്ങി. അനിഷ്ട സംഭവങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ട് പുതുവത്സരാഘോഷത്തിനായി എത്തിയ ജനങ്ങളാല്‍ നിറഞ്ഞുകവിഞ്ഞു. തിരുവനന്തപുരത്തെ മാനവീയം വീഥിയിലും കനകക്കുന്നിലുമെല്ലാം സ്ഥിതി വ്യത്യസ്തമായിരുന്നില്ല. നിറദീപങ്ങളും വര്‍ണത്തൊങ്ങലുകളും കൊണ്ട് നാടാകെ അലങ്കരിച്ചിരുന്നു. കോവളത്ത് പുതുവര്‍ഷാഘോഷത്തിനായി സ്വദേശികള്‍ക്കു പുറമെ വിദേശികളും ഒഴുകിയെത്തി. കോഴിക്കോട് ഉള്‍പ്പെടെയുള്ള ഇതര ജില്ലകളിലും വന്‍ വരവേല്‍പ്പാണ് പുതിയ വര്‍ഷത്തിന് നല്‍കപ്പെട്ടത്.