Ramzan
വിരുന്നുകാരനെ വരവേൽക്കാം
പൂർവസൂരികൾ വിശുദ്ധ റമസാനിന്റെ വരവിനെ വളരെ ഗൗരവപൂർവമായിരുന്നു കണ്ടിരുന്നത്.
പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമസാൻ സമാഗതമാകുന്നു. പോയകാലത്തെ പാപങ്ങൾ പൊറുപ്പിക്കാനും പതിന്മടങ്ങ് പ്രതിഫലങ്ങളുള്ള പുണ്യങ്ങള്‍ വാരിക്കൂട്ടാനും അല്ലാഹു കനിഞ്ഞേകിയ അനേകം അസുലഭ മുഹൂർത്തങ്ങൾ അതിലുണ്ട്. റമസാനിലെ ഓരോ സമയവും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് മുപ്പത് ദിനരാത്രങ്ങളെ കാരുണ്യത്തിന്റെയും പാപമുക്തിയുടെയും നരകമോചനത്തിന്റെയും മൂന്ന് ഭാഗങ്ങളായാണ് സ്രഷ്ടാവ് സംവിധാനിച്ചത്.
വിശുദ്ധ റമസാനെ കുറ്റമറ്റ പ്ലാനിംഗോടെയും തികഞ്ഞ ആത്മവിശ്വാസത്തോടെയുമാണ് വരവേൽക്കേണ്ടത്. അബ്ദുല്ല(റ)വിൽ നിന്നും ഇമാം ത്വബ്‌റാനി (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ കാണാം: ‘മാസങ്ങളുടെ നേതാവാണ് റമസാന്‍. ദിവസങ്ങളുടെ നേതാവ് വെള്ളിയാഴ്ചയും’ (അല്‍മുഅ്ജമുല്‍ കബീര്‍). ഇസ്്ലാമിന്റെ പഞ്ചസ്‌തംഭങ്ങളിൽ നാലാമത്തെതായ വ്രതം അല്ലാഹുവിന് ഏറെ ഇഷ്ടപ്പെട്ട ആരാധനയാണ്. അതുകൊണ്ടാണ് “നോമ്പ് എനിക്കുള്ളതാണ്, ഞാനാണ് അതിന് പ്രതിഫലം നൽകുന്നത്’ എന്ന് അല്ലാഹു പ്രത്യേകമായി പറഞ്ഞത്.
പൂർവസൂരികൾ വിശുദ്ധ റമസാനിന്റെ വരവിനെ വളരെ ഗൗരവപൂർവമായിരുന്നു കണ്ടിരുന്നത്. ഒരിക്കൽ റമസാന്‍ സമാഗതമായ വേളയിൽ തിരുനബി(സ്വ) നടത്തിയ പ്രഭാഷണാരംഭം ഇങ്ങനെയായിരുന്നു: “സുബ്ഹാനല്ലാഹ്, ഏതൊന്നിനെയാണ് നിങ്ങള്‍ സ്വീകരിക്കാനിരിക്കുന്നത്? എന്താണ് നിങ്ങളിലേക്ക് കടന്നുവരുന്നത്? ഇതു കേട്ട ഖലീഫ ഉമര്‍(റ) ചോദിച്ചു; തിരുദൂതരേ, വല്ല പുതിയ ദിവ്യബോധനവും അങ്ങേക്ക് ലഭിച്ചുവോ? അതല്ല വല്ല ശത്രുസംഘവും നമ്മെ അക്രമിക്കാന്‍ പടപ്പുറപ്പാട് നടത്തുന്നുണ്ടോ? അപ്പോൾ അവിടുന്ന് പറഞ്ഞു : കാര്യം അതൊന്നുമല്ല. വിശുദ്ധ റമസാന്‍ മാസമാണ് ഞാന്‍ ഉദ്ദേശിച്ചത്. അതിന്റെ ആദ്യരാത്രിയില്‍ അല്ലാഹു ഖിബ്‌ലയുടെ അവകാശികളായ എല്ലാവര്‍ക്കും പൊറുത്തുകൊടുക്കുന്നതാണ്. സദസ്സില്‍ നിന്നൊരാള്‍ ഇതുകേട്ട് തലകുലുക്കി ‘ഛെ, ഛെ’ എന്നു പറഞ്ഞു. നബി(സ്വ) അയാളോട് ചോദിച്ചു : ഞാന്‍ പറഞ്ഞത് താങ്കള്‍ക്ക് അരോചകമായി അനുഭവപ്പെട്ടുവോ? അയാള്‍ പറഞ്ഞു; ഇല്ല, ഞാന്‍ കപടവിശ്വാസികളുടെ കാര്യം ആലോചിച്ചു പോയതാണ്. നബി(സ്വ) പറഞ്ഞു: മുനാഫിഖ് സത്യനിഷേധിയാണ്. അയാള്‍ക്ക് ഇതില്‍ നിന്ന് ഒരു വിഹിതവും ലഭിക്കില്ല’. (ബൈഹഖി). സല്‍മാനുല്‍ ഫാരിസി(റ) നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസിൽ കാണാം. ശഅ്ബാനിന്റെ അവസാനത്തിൽ തിരു നബി(സ്വ) ജനങ്ങളെ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു, ‘ഓ ജനങ്ങളേ, അനുഗൃഹീതമായ ഒരു മാസം നിങ്ങള്‍ക്ക് ആഗതമായിരിക്കുന്നു. ഐശ്വര്യപൂർണമായ മാസം. അതിൽ ഒരു രാത്രിയുണ്ട്. ആ രാത്രി ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠമാണ്. ആ മാസത്തില്‍ നോമ്പനുഷ്ഠിക്കൽ നിര്‍ബന്ധവും രാത്രിയിലെ പ്രത്യേക നിസ്‌കാരം ഐച്ഛികവുമാണ്. ഒരു നന്മ ചെയ്യുന്നവന്‍ ഒരു നിര്‍ബന്ധ ബാധ്യത ചെയ്തതിന് തുല്യമാണ്. ഒരു നിര്‍ബന്ധ ബാധ്യത നിർവഹിച്ചാല്‍ എഴുപതും അതിന്റെ ഇരട്ടിയും ഫര്‍ള് (നിർബന്ധ ബാധ്യത) ചെയ്തത് പോലെയാണ്. അതിലെ ആദ്യ പത്ത് ദിനങ്ങൾ കാരുണ്യത്തിന്റെയും മധ്യത്തിലെ പത്ത് ദിനങ്ങൾ പാപമോചനത്തിന്റെയും അവസാന പത്ത് ദിനങ്ങൾ നരക മോചനത്തിന്റെതുമാണ്’ (ബൈഹഖി).