വ്രതവിശുദ്ധി
മാസങ്ങളുടെ നേതാവിനെ ഹൃദ്യമായി സ്വീകരിക്കുക
സുകൃതങ്ങളുടെ വസന്തകാലമാണ് റമസാൻ. സർവാത്മനാ സ്വീകരിക്കാനായി എല്ലാവരും നേരത്തേ ഒരുങ്ങുകയും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്ന മാസം. അനർഘമായ ഓരോ നിമിഷവും മൂല്യവത്തായ സത്കർമങ്ങൾ ചെയ്ത് സൃഷ്ടികൾ സ്രഷ്ടാവിലേക്കടുക്കുന്ന കാലമാണിത്. സ്രഷ്ടാവാകട്ടേ ഇക്കാലയളവിൽ പുണ്യം ചെയ്യുന്നവർക്ക് പത്ത് മുതൽ 70 ഇരട്ടി വരെ പ്രതിഫലം വാഗ്ദാനം ചെയ്യുന്നു. മനുഷ്യരെ ആലസ്യത്തിലേക്ക് തള്ളിവിടുകയും വഴി പിഴപ്പിക്കുകയും ചെയ്യുന്ന പിശാചുക്കളെ ശക്തമായി നിയന്ത്രിക്കുകയും അവരുടെ ദുർബോധനങ്ങളിൽ നിന്ന് മനുഷ്യരെ വിദൂരത്താക്കുകയും ചെയ്യുന്നു. നന്മകൾ വിതച്ച് പുണ്യം വിളയിക്കാൻ റമസാനിനോളം അനുകൂലമായ വേറെ സാഹചര്യങ്ങളില്ല.
മത വിധിയും കൽപ്പനയും വിലക്കും ബാധകമായ, നോന്പിന് ശേഷിയുള്ള എല്ലാ വിശ്വാസികൾക്കും റമസാൻ വ്രതം നിർബന്ധ ബാധ്യതയാണ്. നോന്പുകാരനായാൽ പിന്നെ അവന്റെ ഉറക്കവും ഉണർവും മൗനവും മന്ത്രോച്ചാരണവുമെല്ലാം പ്രതിഫലാർഹം തന്നെ. മാത്രമല്ല, അവരുടെ പ്രാർഥനകൾക്കുത്തരം ലഭിക്കാതിരിക്കുകയുമില്ല. ഇതെല്ലാം നോന്പുകാരുടെ മഹത്വങ്ങളാണ്.
തിന്മകൾ കരിച്ചുകളയുന്നതിനാലാണത്രേ കരിക്കുന്നതെന്നർഥമുള്ള റമസാൻ എന്ന പേര് ഈ മാസത്തിന് ലഭിച്ചത്. ഇത്രനല്ല അവസരം സംജാതമായിട്ടും തിന്മകൾ മായ്ച്ചുകളയാൻ തയ്യാറാകാതിരിക്കുന്നത് പാപമാണ്. അവർക്കു മേൽ ശാപം ഭവിക്കുകയും ചെയ്യും.
നരക വാതിലുകൾ അടച്ചിട്ട്, സ്വർഗീയ കവാടങ്ങൾ തുറന്ന് വെച്ച്, വർധിച്ച പ്രതിഫലങ്ങൾ തരാമെന്ന് ഉറപ്പ് നൽകി നന്മ ചെയ്യാൻ ഉദ്ഘോഷിച്ചിട്ടും ചെവിക്കൊള്ളാതിരിക്കുകയും പുറം തിരിഞ്ഞ് നടക്കുകയും ചെയ്യുന്നത് റമസാൻ മാസത്തോട് കാണിക്കുന്ന അനാദരവാണ്. പാരത്രിക ലോകത്ത് റമസാൻ ഇത്തരക്കാർക്കെതിരെ സാക്ഷിയായി നിലകൊള്ളും. അവർ നിന്ദ്യരായി പോവുകയും ചെയ്യും.
പകൽ മുഴുവൻ അന്നപാനീയങ്ങൾ ഉപേക്ഷിച്ചിരിക്കുന്നതുകൊണ്ട് മാത്രം റമസാനെ ഹൃദ്യമായി വരവേറ്റെന്ന് പറയാൻ കഴിയില്ല. അല്ലാഹു പൊരുത്തപ്പെടാത്ത വാക്കുകളും പ്രവൃത്തികളും പാടേ ഉപേക്ഷിക്കണം. ക്ഷമാ ശീലനാകണം. ഉപദ്രവിക്കുന്നവനോട് പോലും സംയമനം പാലിക്കുകയും മാന്യത കൈവിടാതെ ശ്രദ്ധിക്കുകയും വേണം.
അബൂഹുറൈറ (റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഇങ്ങനെ കാണാം- നബി (സ്വ) പറയുന്നു: നിങ്ങൾ നോമ്പനുഷ്ഠിക്കുന്ന ദിവസം മോശപ്പെട്ട സംസാരങ്ങൾ ഉപേക്ഷിക്കണം. അനാവശ്യമായി ശബ്ദം ഉയർത്തുകയോ കുറ്റകൃത്യങ്ങൾ പ്രവർത്തിക്കുകയോ ചെയ്യരുത്. ഇനി നിങ്ങളെ ആരെങ്കിലും ചീത്തവിളിക്കുകയോ അടിക്കുകയോ ചെയ്‌തെന്നിരിക്കട്ടെ എന്നാൽ അവനോട് നിങ്ങൾ ഞാൻ നോമ്പ് കാരനാണെന്ന് പറയുക. (ബുഖാരി, മുസ്ലിം).
നോമ്പ് കാരനാണെന്ന ബോധം ഉണരാനും അതു വഴി സഭ്യമല്ലാത്ത വാക്പ്രയോഗങ്ങളും ഹിംസാത്മക പ്രവർത്തനങ്ങളും ഒഴിവാക്കാനുമാണിങ്ങനെ പറയുന്നത്. നോമ്പുകാരൻ തെറ്റുകൾ വർധിപ്പിച്ചാൽ അത് നോമ്പിന്റെ പ്രതിഫലം നഷ്ടപ്പെടുത്തുമെന്ന് പണ്ഡിതർ വ്യക്തമാക്കിയിട്ടുണ്ട്.