Connect with us

Kozhikode

മാനവ സഞ്ചാരം നായകർക്ക് ഇന്ന് മർകസിൽ വരവേൽപ്പ്

ഉത്തരവാദിത്തം, മനുഷ്യപറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ ഈ മാസം അവസാനം തൃശൂരിൽ നടക്കുന്ന എഴുപതാം വാർഷികത്തിന് മുന്നോടിയായി നടത്തിയ സഞ്ചാരത്തിന്റെ പ്രമേയവും ശൈലിയും കേരളം ഇതിനകം തന്നെ ചർച്ച ചെയ്തിട്ടുണ്ട്.

Published

|

Last Updated

കോഴിക്കോട്| പ്ലാറ്റിനം ഇയര്‍ ആചരണത്തിന്റെ ഭാഗമായി സാഹോദര്യം സുദൃഢമാക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലുടനീളം നടത്തിയ മാനവ സഞ്ചാരത്തിന് നേതൃത്വം നല്‍കിയ എസ് വൈ എസ് സംസ്ഥാന ഭാരവാഹികള്‍ക്കും യാത്രാംഗങ്ങള്‍ക്കും സുന്നി പ്രാസ്ഥാനിക കേന്ദ്രമായ മര്‍കസില്‍ ഇന്ന് വരവേല്‍പ്പ് നല്‍കും. സ്വീകരണ സംഗമത്തില്‍ മത രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ ചേര്‍ന്ന് യാത്രാ നായകരെയും നേതൃത്വത്തെയും പ്രത്യേകം ആദരിക്കും.

കഴിഞ്ഞ മാസം 16 ന് കാസര്‍കോഡ് നിന്ന് ആരംഭിച്ച് ഡിസംബര്‍ ഒന്നിന് തിരുവനന്തപുരത്ത് സമാപിച്ച മനവസഞ്ചാരത്തിന് കേരളീയ പൊതുമണ്ഡലത്തില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഉത്തരവാദിത്തം, മനുഷ്യപറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തില്‍ ഈ മാസം അവസാനം തൃശൂരില്‍ നടക്കുന്ന എഴുപതാം വാര്‍ഷികത്തിന് മുന്നോടിയായി നടത്തിയ സഞ്ചാരത്തിന്റെ പ്രമേയവും ശൈലിയും കേരളം ഇതിനകം തന്നെ ചര്‍ച്ച ചെയ്തിട്ടുണ്ട്. പ്രായോഗികമായ ഒരുപാട് ആശയങ്ങളും അഭിപ്രായങ്ങളും മലയാളിക്ക് സമ്മാനിച്ചാണ് യാത്ര സമാപിച്ചത്. പ്രഭാത നടത്തം, ടേബിള്‍ ടോക്കുകള്‍, ഒത്തിരിപ്പുകള്‍, കൊടി തോരണങ്ങളും ഫ്‌ളക്‌സും ഇല്ലാതെയുള്ള ജനസഞ്ചയം ഉള്‍പ്പെടെ സുന്നി സമൂഹത്തിന് അവിസ്മരണീ യമായ അനുഭവം സമ്മാനിച്ച മാനവ സഞ്ചാരം നേതൃത്വത്തിന് പ്രസ്ഥാനം നല്‍കുന്ന ആദ്യ സ്വീകരണം കൂടിയാണ് മര്‍കസിലേത്.

യാത്ര നായകരും എസ് വൈ എസ് സംസ്ഥാന പ്രസിഡന്റുമായ സയ്യിദ് ത്വാഹ തങ്ങള്‍ സഖാഫി, ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഉള്‍പ്പെടെയുള്ളവരെയാണ് സുല്‍ത്വാനുല്‍ ഉലമ കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തില്‍ സംഗമം ആദരിക്കുക. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗങ്ങളും ജനപ്രതിനിധികളും സാമൂഹിക രംഗത്തെ പ്രമുഖരും സംബന്ധിക്കുന്ന സംഗമത്തിന് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ വൈകുന്നേരം നാലിന് മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കമാവും. ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സ്വീകരണ സംഗമം ഉദ്ഘാടനം ചെയ്യും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും.

കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, എം എല്‍ എമാരായ പി ടി എ റഹീം, അഹ്മദ് ദേവര്‍കോവില്‍, തോട്ടത്തില്‍ രവീന്ദ്രന്‍, എം കെ മുനീര്‍, ജില്ലാ പഞ്ചായത്ത് അംഗം ദനീശ് ലാല്‍, സി പി കുഞ്ഞുമുഹമ്മദ്, എന്‍ അലി അബ്ദുല്ല, അബ്ദുല്‍ മജീദ് കക്കാട്, ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍, സി ആര്‍ കുഞ്ഞുമുഹമ്മദ്, കുന്ദമംഗലം ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

Latest