Kerala
ഹേമ കമ്മിറ്റി റിപോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നു; നിര്‍ദേശങ്ങള്‍ നടപ്പാക്കണം: 'അമ്മ'
കുറ്റകൃത്യങ്ങളില്‍ കേസെടുത്ത് അന്വേഷണം നടത്തണം. പവര്‍ ഗ്രൂപ്പിനെ പറ്റി അറിയില്ല. അത് എങ്ങനെ വന്നുവെന്നത് അവ്യക്തമാണ്. അതൊന്നും സിനിമയില്‍ സാധ്യമല്ല.
കൊച്ചി | ഹേമ കമ്മിറ്റി റിപോര്‍ട്ടിനെ പൂര്‍ണമായി സ്വാഗതം ചെയ്ത് താര സംഘടനയായ ‘അമ്മ’. നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും കുറ്റകൃത്യങ്ങളില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നുമാണ് സംഘടന ആവശ്യപ്പെടുന്നതെന്നും ജനറല്‍ സെക്രട്ടറി സിദ്ദീഖ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
റിപോര്‍ട്ട് അമ്മ സംഘടനക്ക് എതിരല്ല. റിപോര്‍ട്ടില്‍ എവിടെയൊക്കെയോ സംഘടനയുടെ പേരുണ്ടെന്ന് മാത്രം. സംഘടനയെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമങ്ങളില്‍ വേദനയുണ്ട്. റിപോര്‍ട്ടിന്റെ പേരില്‍ സിനിമാ മേഖലയെയാകെ അടച്ചാക്ഷേപിക്കരുത്. അത് അഭ്യര്‍ഥനയാണ്. അമ്മയിലെ വനിതാ അംഗങ്ങളുടെ മൊഴിയെടുക്കാന്‍ കമ്മീഷന്‍ തയ്യാറായില്ലെന്നും സിദ്ദീഖ് പരാതിപ്പെട്ടു.
പവര്‍ ഗ്രൂപ്പിനെ പറ്റി അറിയില്ല. അത് എങ്ങനെ വന്നുവെന്നത് അവ്യക്തമാണ്. അതൊന്നും സിനിമയില്‍ സാധ്യമല്ല. ഒരു പവര്‍ ഗ്രൂപ്പിനും സിനിമയെ നിയന്ത്രിക്കാനാകില്ല. ഇവിടെ വിജയമാണ് പ്രധാനം.
അമ്മയുടെ യോഗം ഉടന്‍ ചേരും. റിപോര്‍ട്ട് വിശദമായി ചര്‍ച്ച ചെയ്യുമെന്നും സിദ്ദീഖ് അറിയിച്ചു.