Connect with us

welfare pension

ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക സമയ ബന്ധിതമായി കൊടുക്കും: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

കേന്ദ്രത്തിനെതിരെ ഒരുമിച്ച് സമരം ചെയ്യാന്‍ പ്രതിപക്ഷം തയ്യാറുണ്ടോയെന്നും ധനമന്ത്രി ചോദിച്ചു

Published

|

Last Updated

തിരുവനന്തപുരം | ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക സമയ ബന്ധിതമായി കൊടുക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടിസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. നിലവില്‍ അഞ്ചു മാസത്തെ കുടിശ്ശിക ഉണ്ട്. ഇതില്‍ ഒരു ഗഡു ഉടന്‍ കൊടുക്കുമെന്നും മന്ത്രി സഭയെ അറിയിച്ചു.

പെന്‍ഷന്‍ കാര്യത്തില്‍ പ്രതിപക്ഷം മുതലക്കണ്ണീര്‍ ഒഴുക്കുകയാണ്. സാമ്പത്തിക മേഖലയില്‍ കേന്ദ്രത്തിന് നിഷേധാത്മക സമീപനമാണുള്ളത്. ഒരു മാസം പെന്‍ഷന്‍ കൊടുക്കാന്‍ 900 കോടി വേണം. കേന്ദ്രത്തിനെതിരെ ഒരുമിച്ച് സമരം ചെയ്യാന്‍ പ്രതിപക്ഷം തയ്യാറുണ്ടോയെന്നും ധനമന്ത്രി ചോദിച്ചു.

അടിയന്തിര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെതിരെ പ്രമേയം കൊണ്ടുവന്ന പി സി വിഷ്ണു നാഥ് രംഗത്തെത്തി. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്ന് സര്‍ക്കാന്‍ ഒരു പാഠവും പഠിച്ചില്ല എന്ന് വ്യക്തമാക്കുന്നതാണ് ധനമന്ത്രിയുടെ നിലപാടന്ന് അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 18 മാസത്തെ കുടിശ്ശിക ഉണ്ടെന്ന പ്രസ്താവന തെറ്റാണ്. പെന്‍ഷന്‍ അവകാശമല്ല സഹായമാണെന്ന് ഹൈകോടതിയില്‍ സര്‍ക്കാര്‍ സത്യര്‍ വാങ് മൂലം നല്‍കി.ക്ഷേമ പെന്‍ഷനില്‍ നിന്ന് സര്‍ക്കാര്‍ മെല്ലെ പിന്‍വാങ്ങുകയാണെന്നും വിഷ്ണുനാഥ് പറഞ്ഞു.

പെന്‍ഷന്‍ നല്കാന്‍ ഇന്ധന സെസ് ഏര്‍പ്പെടുത്തിയിട്ടും സര്‍ക്കാര്‍ പറ്റിക്കുകയാണ്. കെട്ടിട നിര്‍മ്മാണ തൊഴിലാളി പെന്‍ഷന്‍ ഒരു വര്‍ഷമായി കുടിശ്ശികയാണ്. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് പലര്‍ക്കും പല പെന്‍ഷന്‍ കിട്ടുമായിരുന്നു. തെരഞ്ഞെടുപ്പില്‍ എന്ത് കൊണ്ട് എല്‍ ഡി എഫ് തോറ്റു എന്നറിയാന്‍ ഒരു നിര്‍മ്മാണ തൊഴിലാളിയെ കണ്ടാല്‍ മതി. അല്ലാതെ മൂന്നു ദിവസം ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും വിഷ്ണുനാഥ് പറഞ്ഞു. സ്റ്റാട്യൂട്ടറി പെന്‍ഷന്‍ രാജ്യത്ത് നിര്‍ത്തലാക്കിയത് മന്‍മോഹന്‍ സിംഗാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ തിരിച്ചടിച്ചു.

വിഷയം അതീവ ഗുരുതരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.കുടിശ്ശികയുടെ കാര്യത്തില്‍ സര്‍ക്കാന്‍ കള്ളം പറയുന്നു. നിലവില്‍ ആറ് മാസത്തെ കുടിശ്ശികയുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് 18 മാസത്തെ പെന്‍ഷന്‍ കുടിശ്ശിക ഉണ്ടായിരുന്നെന്ന് ധനമന്ത്രി പറഞ്ഞത് ശരിയല്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

 

 

Latest