Kerala
ക്ഷേമപെന്ഷന് തട്ടിപ്പ്: 373 ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത് ആരോഗ്യ വകുപ്പ്
ജീവനക്കാര്‍ക്കെതിരെ വകുപ്പ് തല നടപടി ഉണ്ടാകും
തിരുവനന്തപുരം| ക്ഷേമ പെന്ഷന് തട്ടിപ്പില്‍ 373 ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത് ആരോഗ്യ വകുപ്പ്. ജീവനക്കാര്‍ക്കെതിരെ വകുപ്പ് തല നടപടിയുണ്ടാകും. അറ്റന്‍ഡര്‍മാര്‍, ക്ലര്‍ക്ക്, നഴ്സിങ് അസിസ്റ്റന്റുമാര്‍ തുടങ്ങിയവര്‍ നടപടിയെടുത്തവരുടെ പട്ടികയിലുണ്ട്. അനധികൃതമായി കൈപ്പറ്റിയ പണം 18 ശതമാനം പലിശയോടെ തിരിച്ചു പിടിക്കും.
നേരത്തെ ക്ഷേമ പെന്ഷന് തട്ടിപ്പില്‍ പൊതുഭരണ വകുപ്പിലെ ആറ് ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. 18 ശതമാനം പലിശ നിരക്കില്‍ അനധികൃതമായി കൈപ്പറ്റിയ പണം തിരികെ അടയ്ക്കണമെന്നായിരുന്നു നോട്ടീസില്‍ വ്യക്തമാക്കിയിരുന്നത്. 22,600 രൂപ മുതല്‍ 86,000 രൂപ വരെയാണ് തിരികെ അടയ്ക്കേണ്ടത്.
1400ല്‍ അധികം സര്‍ക്കാര്‍ ജീവനക്കാര്‍ അനധികൃതമായി ക്ഷേമ പെന്ഷന് കൈപ്പറ്റിയെന്ന വിവരം ധനവകുപ്പ് തന്നെ പുറത്തുവിട്ടിരുന്നു. ഇവരുടെ പട്ടിക അതാത് വകുപ്പുകള്‍ക്ക് കൈമാറി വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാന്‍ ധനവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. പിന്നാലെ പണം തിരിച്ചു പിടിക്കാനുള്ള നീക്കങ്ങളും പല വകുപ്പുകളിലായി നടന്നിരുന്നു.
ജീവനക്കാരെ പിരിച്ചു വിടാന്‍ പൊതുഭരണ വകുപ്പ് സെക്രട്ടറി ഉത്തരവിട്ടിരുന്നു. എന്നാല്‍ പണം അടച്ചതിനുശേഷം നടപടി മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം.