Connect with us

From the print

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: സര്‍ക്കാര്‍ ജീവനക്കാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു

തീരുമാനം പലിശ സഹിതം തിരിച്ചടച്ച സാഹചര്യത്തില്‍. പിന്‍വലിച്ചത് 31 പേര്‍ക്കെതിരായ നടപടി.

Published

|

Last Updated

തിരുവനന്തപുരം |  അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ സ്വീകരിച്ച നടപടി പിന്‍വലിച്ച് സര്‍ക്കാര്‍. പൊതുമരാമത്ത് വകുപ്പിലെ 31 പേരുടെ സസ്പെന്‍ഷനാണ് പിന്‍വലിച്ചത്.

കൈപ്പറ്റിയ പെന്‍ഷന്‍ തുക 18 ശതമാനം പലിശ സഹിതം തിരിച്ചടച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. അതേസമയം, സംഭവത്തില്‍ വകുപ്പുതല അന്വേഷണം തുടരുമെന്നും തുടര്‍ന്നുള്ള അച്ചടക്ക നടപടികള്‍ ഉപേക്ഷിക്കില്ലെന്നും വകുപ്പ് സെക്രട്ടറി അറിയിച്ചു. ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് പലിശ സഹിതം തുക തിരിച്ചടപ്പിക്കുമെന്നും അനര്‍ഹര്‍ കയറിക്കൂടാന്‍ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും നേരത്തേ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കൈപ്പറ്റിയ പണവും പലിശയും തിരിച്ചടച്ച പൊതുമരാമത്ത് ജീവനക്കാരുടെ സസ്‌പെന്‍ഷന്‍ മാത്രമാണ് ഇപ്പോള്‍ പിന്‍വലിച്ചത്. ആരോഗ്യ വിഭാഗം ഉള്‍പ്പെടെ മറ്റ് പല വകുപ്പിലെയും ജീവനക്കാര്‍ അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയതായി കണ്ടെത്തിയിരുന്നു. സ്വീപ്പര്‍മാര്‍ മുതല്‍ കോളജ് പ്രൊഫസര്‍മാര്‍ വരെ വിവിധ വകുപ്പുകളിലെ 1,458 ഉദ്യോഗസ്ഥരാണ് ക്ഷേമ പെന്‍ഷന്‍ വാങ്ങിയിരുന്നത്. ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥര്‍ ആരോഗ്യ വകുപ്പില്‍ നിന്നായിരുന്നു. 373 പേരാണ് ആരോഗ്യ വകുപ്പില്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങിയിരുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പില്‍ 224 പേരും മെഡിക്കല്‍ എജ്യുക്കേഷന്‍ വകുപ്പില്‍ 124 പേരും ആയുര്‍വേദ വകുപ്പില്‍ 114 പേരും മൃഗ സംരക്ഷണ വകുപ്പില്‍ 74 പേരും ക്ഷേമ പെന്‍ഷന്‍ വാങ്ങിയിരുന്നു.

പൊതുമരാമത്ത് വകുപ്പില്‍ 47, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ 46, ഹോമിയോപ്പതി വകുപ്പില്‍ 41, കൃഷി, റവന്യൂ വകുപ്പുകളില്‍ 35, ജുഡീഷ്യറി ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് വകുപ്പില്‍ 34, ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസ് വകുപ്പില്‍ 31, കോളജിയറ്റ് എജ്യുക്കേഷന്‍ വകുപ്പില്‍ 27 എന്നിങ്ങനെ ജീവനക്കാര്‍ ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയതായാണ് വിവരം.

ധനവകുപ്പ് നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇതോടൊപ്പം ജീവനക്കാര്‍ അല്ലാത്തവരും ക്ഷേമ പെന്‍ഷന്‍ വാങ്ങിയതായി കണ്ടെത്തിയിരുന്നു. ഈ കൂട്ടത്തില്‍ ബി എം ഡബ്ല്യു കാര്‍ ഉടമകള്‍ വരെയുണ്ടായിരുന്നു. കോട്ടക്കല്‍ നഗരസഭയില്‍ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം തുടരുന്നുണ്ട്.