Connect with us

Kerala

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; മുഖ്യമന്ത്രി ഉന്നത തല യോഗം വിളിച്ചു

ധനവകുപ്പ്, തദ്ദേശ വകുപ്പ് മന്ത്രിമാര്‍, വകുപ്പ് സെക്രട്ടറിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും

Published

|

Last Updated

തിരുവനന്തപുരം | സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ പാവപ്പെട്ടവരുടെ ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സംഭവത്തില്‍ ഉന്നത തല യോഗം വിളിച്ച് മുഖ്യമന്ത്രി. ഇന്ന് ഉച്ചയ്ക്ക് 12.30 നു നടക്കുന്ന യോഗത്തില്‍ ധനവകുപ്പ്, തദ്ദേശ വകുപ്പ് മന്ത്രിമാര്‍, വകുപ്പ് സെക്രട്ടറിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. പെന്‍ഷന്‍ തട്ടിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നു പിരിച്ചുവിടണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ ശക്തമായ പശ്ചാത്തലത്തിലാണ് യോഗം നടക്കുന്നത്.

തട്ടിപ്പിന്റെ വിശദാംശങ്ങള്‍ ധനമന്ത്രി മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. അനധികൃതമായി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ധനവകുപ്പ് ഉടന്‍ നോട്ടീസ് നല്‍കും. പരിശോധന നടത്തിയ ശേഷം വേണമെങ്കില്‍ ക്രിമിനല്‍ കേസ് എടുക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. അനര്‍ഹരെന്ന് കണ്ടെത്തിയ 63 പേരെ നേരില്‍ കണ്ട് പരിശോധന നടത്താനുള്ള നീക്കം കോട്ടക്കല്‍ നഗരസഭയും തുടങ്ങി. കോട്ടക്കല്‍ നഗരസഭയില്‍ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോട്ടക്കല്‍ നഗരസഭയിലെ ഏഴാം വാര്‍ഡിലെ പെന്‍ഷന്‍ ഗുണഭോക്താക്കളെ സംബന്ധിച്ച് മലപ്പുറം ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിന്റെ തുടര്‍ച്ചയായാണ് വിജിലന്‍സ് ആന്റി കറപ്ക്ഷന്‍ ബ്യൂറോയുടെ അന്വേഷണം. തട്ടിപ്പുകാരുടെ എണ്ണം ഇനിയും ഉയരുമെന്നാണ് ലഭിക്കുന്ന വിവരം.സര്‍ക്കാര്‍ മേഖലയില്‍ ഉള്ള 9201 പേര്‍ അനധികൃതമായി പെന്‍ഷന്‍ കൈപ്പറ്റിയെന്നു സി ആന്റ് എ ജി 2023ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.