Connect with us

Kerala

ക്ഷേമ പെൻഷൻ: മസ്റ്ററിംഗിന് ജൂൺ 30 വരെ അവസരം

മസ്റ്ററിംഗ് നടത്തുന്നതിന് സാങ്കേതിക പ്രയാസം നേരിട്ടാൽ പെൻഷൻ തടയില്ലെന്ന് ധനവകുപ്പ്

Published

|

Last Updated

തിരുവനന്തപുരം | സാമൂഹിക സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് അക്ഷയ കേന്ദ്രം വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തുന്നതിന് ജൂൺ 30 വരെ അവസരം. ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവർ, കിടപ്പുരോഗികൾ, വയോജനങ്ങൾ എന്നിങ്ങനെ അക്ഷയ കേന്ദ്രത്തിൽ എത്താൻ കഴിയാത്തവർക്ക് വീട്ടിലെത്തി മസ്റ്ററിംഗ് നടത്തും. ഇതിന് തദ്ദേശ സ്ഥാപനത്തെയോ അക്ഷയ കേന്ദ്രത്തെയോ സമീപിച്ചാൽ മതി. മസ്റ്ററിംഗ് നടത്തുന്നതിന് സാങ്കേതിക പ്രയാസം നേരിട്ടാലും പെൻഷൻ തടയില്ല. ഗുണഭോക്താവിന്റെ ലൈഫ് സർട്ടിഫിക്കറ്റ് ലഭ്യമാക്കിയാൽ മതിയെന്ന് ധന വകുപ്പ് അറിയിച്ചു.

പെൻഷൻ ഗുണഭോക്തൃ പട്ടികയിൽ പത്ത് ശതമാനത്തിലേറെ പേർ അനർഹരാണെന്ന് സി എ ജി കുറ്റപ്പെടുത്തിയിരുന്നു. മരിച്ചവരും സംസ്ഥാനത്തില്ലാത്തവരും രണ്ടിലധികം പെൻഷൻ കൈപ്പറ്റുന്നവരും പട്ടികയിൽ ഇടംപിടിച്ചതായി ധന വകുപ്പ് പരിശോധനാ വിഭാഗത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തി. തുടർന്നാണ് മസ്റ്ററിംഗിലൂടെ പട്ടിക ശുദ്ധീകരിക്കാൻ തീരുമാനിച്ചത്.

അതേസമയം, വിരലടയാളം പൊരുത്തപ്പെടാത്തതിനെ തുടർന്ന് 48,332 ക്ഷേമ പെൻഷൻകാരുടെ മസ്റ്ററിംഗ് കഴിഞ്ഞ ദിവസം വരെ പരാജയപ്പെട്ടു. 52.19 ലക്ഷം പെൻഷൻകാരിൽ 17.11 ലക്ഷം പേർ മസ്റ്ററിംഗ് പൂർത്തിയാക്കിയപ്പോഴാണിത്. ശേഷിക്കുന്നവർ കൂടി മസ്റ്ററിംഗ് നടത്തുന്നതോടെ വിരലടയാളത്തിന്റെ പേരിൽ മസ്റ്ററിംഗ് പരാജയപ്പെടുന്നവരുടെ എണ്ണം ഒന്നര ലക്ഷത്തോളമായേക്കും. ആധാറുമായി ബന്ധപ്പെട്ട് വർഷങ്ങൾക്ക് മുമ്പ് സ്വീകരിച്ച വിരലടയാളവുമായി നിലവിലെ വിരലടയാളം യോജിക്കാത്തതാണ് മസ്റ്ററിംഗ് പരാജയപ്പെടാൻ കാരണം.


  -->