Connect with us

Articles

നിലയ്ക്കാത്ത വെടിയൊച്ചകളുടെ പശ്ചിമേഷ്യ

ഒന്നും നഷ്ടപ്പെടാന്‍ അവശേഷിക്കാത്ത മനുഷ്യന്റെ ധീരത പകരം വെക്കാനില്ലാത്തതാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഹമാസിന് മുന്നില്‍ ഇസ്റാഈലിന്റെ ഹ്യൂമന്‍ ഇന്റലിജന്‍സും ഡിജിറ്റല്‍ ഇന്റലിജന്‍സും തകര്‍ന്നടിഞ്ഞതിന് മറ്റു കാരണങ്ങള്‍ അന്വേഷിക്കേണ്ടതില്ല. അടങ്ങാത്ത പോരാട്ട വീര്യമുള്ള ഒരു ജനത അര്‍ഹമായ ന്യായം എന്നെങ്കിലുമൊരിക്കല്‍ എത്തിപ്പിടിക്കുക തന്നെ ചെയ്യും. നിരപരാധികളുടെ ചോര ചിന്താതെ അത് നടപ്പാക്കാനുള്ള ബാധ്യത ലോക രാഷ്ട്രങ്ങള്‍ക്കും യു എന്നിനുമുണ്ട്.

Published

|

Last Updated

ഫലസ്തീനിനെ വിഭജിച്ച് ജൂതരാഷ്ട്രം സ്ഥാപിച്ച് 75 വര്‍ഷം പിന്നിടുകയാണ്. വെടിയുണ്ടയും ബോംബിംഗും അസ്വസ്ഥമാക്കാത്ത ഒരു മനുഷ്യായുസ്സ് പോലും അവിടെ കടന്നു പോയിട്ടില്ല. ഐക്യരാഷ്ട്ര രക്ഷാ സമിതിയും വന്‍ ശക്തികളും കാവല്‍ നിന്നിട്ടും അണ്ടര്‍ ഗ്രൗണ്ട് രക്ഷാ അറകളും നിലയ്ക്കാത്ത അപകട മണികളും ഇസ്റാഈല്‍ പൗരന്‍മാരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം പശ്ചിമേഷ്യയില്‍ നടത്തിയ രാഷ്ട്രീയ കരുനീക്കങ്ങളാണ് ഈ ഉണങ്ങാത്ത മുറിവുകള്‍ തീര്‍ത്തത്. ഒരു സൂത്രധാരന്റെ ബോധപൂര്‍വമായ കൗശലം ഇതില്‍ നിന്ന് വായിച്ചെടുക്കാവുന്നതാണ്.

ഇസ്റാഈലും ഫലസ്തീനുമടങ്ങുന്ന വിശാലമായ ഭൂവിഭാഗങ്ങള്‍ 1517 മുല്‍ 1917 വരെ ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. ആ കാലയളവില്‍ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെട്ട് വാഗ്ദത്ത ഭൂമി തേടി വന്നുകൊണ്ടിരുന്ന മുഴുവന്‍ ജൂതര്‍ക്കും അറബികള്‍ അഭയം നല്‍കാന്‍ മടിച്ചിരുന്നില്ല. 1882 മുതല്‍ 1914 വരെയുള്ള കാലത്ത് മാത്രം 75,000 ജൂതര്‍ ഫലസ്തീനിലേക്ക് കുടിയേറിയതായി കണക്കുകള്‍ പറയുന്നു. ഭൂമിയും അടിസ്ഥാന സൗകര്യങ്ങളുമൊരുക്കി അറബികള്‍ അവരെ വരവേറ്റു. എന്നാല്‍ ഒന്നാം ലോക മഹായുദ്ധം സ്ഥിതിഗതികള്‍ മാറ്റിമറിച്ചു. ഒട്ടോമന്‍ ഭരണകൂടം ബ്രിട്ടന്റെയും സഖ്യകക്ഷികളുടെയും ശത്രുപക്ഷത്തായിരുന്നു. 1917ല്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ആര്‍തര്‍ ജയിംസ് ബാല്‍ഫണ്‍ ജൂതരാഷ്ട്ര സിദ്ധാന്തം ആവിഷ്‌കരിച്ചു. യുദ്ധത്തില്‍ ഒട്ടോമന്‍ ഭരണകൂടം നിഷ്‌കാസിതമാകുകയും ഫലസ്തീന്‍, ജോര്‍ദാന്‍, ഇസ്റാഈല്‍ അടങ്ങിയ പ്രദേശങ്ങള്‍ ബ്രിട്ടീഷ് അധീനതയിലാകുകയും ചെയ്തതോടെ ബാല്‍ഫണ്‍ പ്രഖ്യാപനം സാധുത കൈവരിച്ചു. 1922ല്‍ ലീഗ് ഓഫ് നേഷന്‍സിന്റെ അംഗീകാരം അതിനു ലഭിച്ചു. അറബ് – ജൂത അകല്‍ച്ച അന്ന് മുതല്‍ ആരംഭിക്കുകയായിരുന്നു.

1947ല്‍ ഫലസ്തീന്‍ വിഭജിച്ച് അറബ് – ജൂത രാജ്യങ്ങള്‍ സ്ഥാപിക്കാന്‍ യു എന്‍ തീരുമാനമെടുത്തു. നൂറ്റാണ്ടുകളായി അധിവസിച്ചു പോന്ന മണ്ണില്‍ നിന്ന് വന്‍ശക്തികളും യു എന്നും ചേര്‍ന്ന് അറബികളെ പുറത്താക്കി. ഇരുപതാം നൂറ്റാണ്ടില്‍ രാഷ്ട്രീയ ശാക്തിക ചേരി നടത്തിയ സംഘടിത അന്യായമായി ഇതിനെ കാണാവുന്നതാണ്. ഇന്ത്യയുള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങള്‍ ഈ അന്യായത്തിനെതിരെ യു എന്‍ പൊതുസഭയില്‍ വോട്ട് ചെയ്തു. പക്ഷേ 1948 മെയ് മാസത്തില്‍ ഡേവിഡ് ബെനഗുറിയോന്‍ പ്രധാനമന്ത്രിയായി ഇസ്റാഈല്‍ നിലവില്‍ വന്നു. വ്രണിതരായ അറബികള്‍ ഇസ്റാഈലിനെതിരെ പോരാടാന്‍ മുന്നോട്ടു വന്നെങ്കിലും യു എസും ബ്രിട്ടനും ഫ്രാന്‍സുമുള്‍പ്പെടെയുള്ള വന്‍ ശക്തികള്‍ ഇസ്റാഈലിനൊപ്പം നേരിട്ട് യുദ്ധത്തില്‍ പങ്കാളികളായാണ് അവരുടെ താത്പര്യങ്ങള്‍ സംരക്ഷിച്ചു പോന്നത്.

1948ല്‍ ഈജിപ്ത് – ജോര്‍ദാന്‍ – ഇറാഖ് – സിറിയ – ലബനാന്‍ നടത്തിയ സംയുക്ത ആക്രമണം അമേരിക്കയുടെയും ബ്രിട്ടന്റെയും നേരിട്ടുള്ള സഹായത്താല്‍ ഇസ്റാഈല്‍ അതിജീവിച്ചു. ചാവുകടലിനെയും മെഡിറ്ററേനിയന്‍ കടലിനെയും ബന്ധിപ്പിക്കുന്ന സൂയസ് കനാല്‍ 1956ല്‍ ഈജിപ്ത് പ്രസിഡന്റ് ജമാല്‍ അബ്ദുന്നാസര്‍ ദേശസാത്കരിച്ചു. എന്നാല്‍ ബ്രിട്ടനും ഫ്രാന്‍സും ഇസ്റാഈലും ചേര്‍ന്ന സംയുക്ത സൈന്യം അത് തിരിച്ചുപിടിച്ചു. 1967ല്‍ യു എസ് പിന്തുണയില്‍ ഈജിപ്ത് – സിറിയ – ജോര്‍ദാന്‍ സഖ്യത്തെ ഇസ്റാഈല്‍ അക്രമിച്ചു. വെസ്റ്റ് ബാങ്കും ഗോലന്‍ കുന്നും പിടിച്ചെടുത്തു. 1973ല്‍ ഈജിപ്ത് – സിറിയ സഖ്യവും ഇസ്റാഈലും വീണ്ടും ഏറ്റുമുട്ടി. യു എന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. 1981ല്‍ ഇസ്റാഈല്‍ ഗോലന്‍ കുന്ന് കൈയേറ്റം വ്യാപിപ്പിച്ചു. 1982ലും 2006ലും ലബനാനുമായി ഏറ്റുമുട്ടി. 2008, 2012, 2014 വര്‍ഷങ്ങളിലെ ഹമാസുമായുള്ള ഏറ്റുമുട്ടലുകള്‍ക്ക് ശേഷം ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ യുദ്ധത്തിലൂടെയാണ് നിലവിലെ ഫലസ്തീന്‍ – ഇസ്റാഈല്‍ സംഘര്‍ഷം നീങ്ങുന്നത്.

ആധുനിക ഫലസ്തീനിന്റെ ചരിത്രത്തിലെ വിഖ്യാതനായ നേതാവ് യാസര്‍ അറഫാത്താണ്. പോരാട്ടങ്ങളും സമാധാന പരിശ്രമങ്ങളും ഒരേ സമയം മുന്നോട്ട് കൊണ്ടു പോയ അറഫാത്തിന് ലോകരാഷ്ട്ര നേതാക്കള്‍ സവിശേഷ ബഹുമാനം നല്‍കിയിരുന്നു. 1987ല്‍ ഒന്നാം ഇന്‍തിഫാദയും 2000ല്‍ രണ്ടാം ഇന്‍തിഫാദയും അറഫാത്ത് പ്രഖ്യാപിച്ചു. അതേസമയം ഓസ്ലോ കരാര്‍ ഒപ്പിട്ട് ഗസ്സയില്‍ നിന്നും വെസ്റ്റ് ബാങ്കില്‍ നിന്നും ഭാഗികമായി ഇസ്റാഈല്‍ സേനയെ പിന്‍വലിപ്പിക്കുക എന്ന രാഷ്ട്രീയ നേട്ടം കൈവരിക്കാനും അറഫാത്തിന് സാധിച്ചു.

1984ല്‍ ഇന്ദിരാ ഗാന്ധി വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെത്തി പത്രക്കാര്‍ക്ക് മുന്നില്‍ കണ്ണീര്‍ തുടച്ച് യാസര്‍ അറഫാത്ത് പറഞ്ഞത്, ഇന്‍തിഫാദയുടെ മക്കള്‍ക്ക് അവരുടെ സഹോദരിയെ നഷ്ടമായി, നാളെ മുതല്‍ ഞങ്ങള്‍ അനാഥരാണ് എന്നായിരുന്നു. ഇന്ത്യ ഫലസ്തീനു വേണ്ടി എല്ലാ കാലത്തും നിലകൊണ്ടു പോന്നതിലെ ഗാഢ ബന്ധവും കൃതജ്ഞതയും ആ വാക്കുകളിലുണ്ട്. 1974ല്‍ പി എല്‍ ഒയെ ആദ്യമായി അംഗീകരിച്ച രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. 1975ല്‍ അവര്‍ക്ക് ഡല്‍ഹിയില്‍ വിപുലമായ ഓഫീസ് അനുവദിച്ചു. 1980ല്‍ സമ്പൂര്‍ണ നയതന്ത്ര പദവി നല്‍കി. 1988ല്‍ ഫലസ്തീന്‍ രാജ്യത്തിന് ഔദ്യോഗിക അംഗീകാരം നല്‍കി. 1996 ജൂണ്‍ 25ന് ഗസ്സയില്‍ ഇന്ത്യ നയതന്ത്ര കാര്യാലയം ആരംഭിച്ചു. പിന്നീടത് 2003ല്‍ റാമല്ലയിലേക്ക് മാറ്റി. പത്ത് മില്യന്‍ ഡോളര്‍ വീതം നിരവധി വര്‍ഷങ്ങള്‍ ഇന്ത്യ ഫലസ്തീന്‍ ബജറ്റിനും കൈതാങ്ങ് നല്‍കിയിട്ടുണ്ട്.

ഐക്യരാഷ്ട്ര സഭ പരിഷ്‌കൃത ലോക ക്രമത്തെയും പുരോഗമന ആശയങ്ങളെയും പ്രതിനിധാനം ചെയ്യുന്നതായി അവകാശപ്പെടാറുണ്ട്. എന്നാല്‍ ഇസ്റാഈലിന്റെ പിറവിയും തുടര്‍ന്നുള്ള അന്യായങ്ങളും യു എന്നിന്റെ മുഖത്തേറ്റ കറുത്ത പാടുകളാണ്. യു എന്നിന്റെ ഏക പ്രമേയം ധിക്കരിച്ചതിന്റെ പേരില്‍ യുദ്ധവും സമ്പൂര്‍ണ നാശവും ഉപരോധവും ഏറ്റുവാങ്ങേണ്ടി വന്ന നിരവധി രാജ്യങ്ങളുണ്ട്. എന്നാല്‍ ഒരു ഡസന്‍ പ്രമേയങ്ങളെ കാറ്റില്‍ പറത്തിയ ധിക്കാരി ചമഞ്ഞ ഇസ്റാഈലിന് ഒന്നും സംഭവിച്ചില്ല. വീറ്റോ ചെയ്യാന്‍ അമേരിക്കയും അനുചര രാജ്യങ്ങളും എന്നും അവരുടെ കൂടെയുണ്ട്. കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടായി ഇസ്റാഈല്‍ കാട്ടിക്കൂട്ടിയ ക്രൂരതകള്‍ മാനവ ചരിത്രത്തിലെ പുഴുക്കുത്തുകളായി എണ്ണപ്പെടാറുണ്ട്.

പക്ഷേ ഐക്യരാഷ്ട്ര സഭ അവരുടെ മുന്നില്‍ കവാത്തു മറന്ന് വിറച്ചു നില്‍ക്കുന്നതാണ് പതിവ്. ഒന്നും നഷ്ടപ്പെടാന്‍ അവശേഷിക്കാത്ത മനുഷ്യന്റെ ധീരത പകരം വെക്കാനില്ലാത്തതാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഹമാസിന് മുന്നില്‍ ഇസ്റാഈലിന്റെ ഹ്യൂമന്‍ ഇന്റലിജന്‍സും ഡിജിറ്റല്‍ ഇന്റലിജന്‍സും തകര്‍ന്നടിഞ്ഞതിന് മറ്റു കാരണങ്ങള്‍ അന്വേഷിക്കേണ്ടതില്ല. അടങ്ങാത്ത പോരാട്ട വീര്യമുള്ള ഒരു ജനത അര്‍ഹമായ ന്യായം എന്നെങ്കിലുമൊരിക്കല്‍ എത്തിപ്പിടിക്കുക തന്നെ ചെയ്യും. നിരപരാധികളുടെ ചോര ചിന്താതെ അത് നടപ്പാക്കാനുള്ള ബാധ്യത ലോക രാഷ്ട്രങ്ങള്‍ക്കും യു എന്നിനുമുണ്ട്.