Connect with us

National

മുർഷിദാബാദിൽ സ്ഥിതി നിയന്ത്രണ വിധേയമെന്ന് പശ്ചിമ ബംഗാൾ സർക്കാർ കോടതിയിൽ

ജില്ലയിലെ അക്രമം അമർച്ച ചെയ്യാൻ പോലീസും ഭരണകൂടവും മതിയായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ

Published

|

Last Updated

കൊൽക്കത്ത | വഖഫ് നിയമ ഭേദഗതിക്ക് എതിരായ പ്രതിഷേധത്തിന് പിന്നാലെ സംഘർഷാവസ്ഥയുണ്ടായ മുർഷിദാബാദ് ജില്ലയിൽ ക്രമസമാധാന നില നിയന്ത്രണവിധേയമാണെന്ന് പശ്ചിമബംഗാൾ സർക്കാർ കൽക്കട്ട ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. മുസ്ലീം ഭൂരിപക്ഷ ജില്ലയിൽ വർഗീയ കലാപത്തിനിടെ ബോംബ് സ്ഫോടനങ്ങൾ നടന്നുവെന്നും അക്രമ സംഭവങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാവും പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി നൽകിയ ഹർജി കോടതി പരിഗണിക്കവെയാണ് സർക്കാർ തത്സഥിതി വിവരങ്ങൾ അറിയിച്ചത്. ജസ്റ്റിസുമാരായ സൗമെൻ സെൻ, രാജ ബസു ചൗധരി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.

ജില്ലയിലെ അക്രമം അമർച്ച ചെയ്യാൻ പോലീസും ഭരണകൂടവും മതിയായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ജില്ലയിലെ സ്ഥിതി കണക്കിലെടുത്ത് മുർഷിദാബാദിൽ കേന്ദ്ര സായുധ പോലീസ് സേനയെ (സിഎപിഎഫ്) കൂടുതൽ കാലത്തേക്ക് വിന്യസിക്കണമെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ അഭ്യർത്ഥിച്ചു. നിലവിൽ 17 കമ്പനി കേന്ദ്ര സേനയെ മുർഷിദാബാദിലെ സൂട്ടി, സംസർഗഞ്ച്-ധുലിയാൻ എന്നിവിടങ്ങളിലെ സംഘർഷബാധിത പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.

അക്രമത്തിൽ വീട് നഷ്ടപ്പെട്ടവരെ തിരികെ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് മറ്റൊരു ഹർജിക്കാരൻ ആവശ്യപ്പെട്ടു. കലാപ ബാധിതരായ ചില കുടുംബങ്ങൾ ഇതിനോടകം അവരുടെ വീടുകളിലേക്ക് മടങ്ങിയതായി സംസ്ഥാന സർക്കാർ അറിയിച്ചു.

Latest