Connect with us

Articles

പടിഞ്ഞാറന്‍ തീരത്തെ കൂട്ടക്കുരുതി

ഇത്തവണ അമേരിക്ക പുതിയ പ്ലാനുമായി വരുമ്പോള്‍ ചര്‍ച്ച നീട്ടുകയെന്ന ലക്ഷ്യമാണ് പൂര്‍ത്തീകരിക്കപ്പെടുന്നത്. ഫിലാഡല്‍ഫി കോറിഡോറില്‍ സ്ഥിരം സൈനിക സാന്നിധ്യം വേണമെന്ന ഇസ്റാഈലിന്റെ ശാഠ്യത്തില്‍ ചര്‍ച്ച ഇടിച്ചുനില്‍ക്കുകയാണ്. ഇസ്റാഈലുമായി അതിര്‍ത്തി പങ്കിടാത്ത ഗസ്സയില്‍ നിന്നുള്ള ക്രോസ്സിംഗാണിത്. ഈജിപ്ത് അതിര്‍ത്തിയിലെ ഈ പ്രദേശം സൈനിക സന്നാഹ കേന്ദ്രമാക്കുക വഴി ഗസ്സയെ പൂര്‍ണമായി വളയാനാണ് ഇസ്റാഈലിന്റെ പദ്ധതി.

Published

|

Last Updated

‘ഗസ്സയില്‍ മരിച്ചവരുടെ എണ്ണം 40,000 കവിഞ്ഞു’ എന്നാണ് പത്രങ്ങളുടെ തലക്കെട്ടുകള്‍. വരണ്ട അക്കങ്ങള്‍ മാത്രമായി കൊല്ലപ്പെട്ട മനുഷ്യര്‍ പരിണമിക്കുകയാണ്. നിര്‍വികാരമായി കടന്നുപോകാവുന്ന അക്കങ്ങള്‍. പാശ്ചാത്യ മാധ്യമങ്ങളും അതേ നയം തുടരുന്ന ഇന്ത്യന്‍ മാധ്യമങ്ങളും ഇസ്റാഈല്‍ കൊന്നു എന്ന് പറയാന്‍ മടിക്കുന്നു. മരണം അവര്‍ സ്വയംവരിച്ചത് പോലെയാണ് പ്രയോഗം. ഫലസ്തീന്‍കാര്‍ മരിച്ചു, ഇസ്റാഈലികളെ ഹമാസ് കൊന്നു എന്നാണ് ആഖ്യാനം. ഫലസ്തീനികള്‍ കൊല്ലപ്പെടേണ്ടവരാണെന്ന അര്‍ഥമാണ് ഈ ആഖ്യാനങ്ങള്‍ക്കുള്ളത്. വംശഹത്യയാണ് ഗസ്സയില്‍ നടക്കുന്നത് എന്ന് പറയുന്നത് അത്കൊണ്ടാണ്. ഒരു ജനതയെ കൊന്നു തീര്‍ക്കുന്നതിന് കാരണങ്ങള്‍ സൃഷ്ടിക്കുകയും ആ കുടില ദൗത്യം വളരെ സ്വാഭാവികമായി നടപ്പാക്കുകയും ചെയ്യുമ്പോള്‍ അത് വംശഹത്യയാകുന്നു. ഹമാസിന്റെ സാന്നിധ്യമാണ് ഈ കൊലപാതകങ്ങളുടെ ഹേതുവെന്ന് പറയുന്നതിലെ പൊള്ളത്തരം ഇവിടെയാണ് വെളിപ്പെടുന്നത്. ഒക്ടോബര്‍ ഏഴിലെ പ്രത്യാക്രമണം സംഭവിച്ചാലും ഇല്ലെങ്കിലും ഹമാസ് നിലനിന്നാലും ഇല്ലെങ്കിലും ഫലസ്തീന്‍ ജനതക്ക് മേലുള്ള അധിനിവേശ അതിക്രമം ഇസ്റാഈല്‍ അവസാനിപ്പിക്കില്ല. അവര്‍ക്ക് അമേരിക്കയടക്കം നല്‍കുന്ന പിന്തുണ നിലയ്ക്കുകയുമില്ല. ഗസ്സയിലെ കുഞ്ഞുങ്ങളെ കുറിച്ച് നിരന്തരം പറഞ്ഞുകൊണ്ടേയിരിക്കുകയെന്നത് തന്നെയാണ് ശരിയായ പ്രതിരോധം. ആ മനുഷ്യരുടെ വേദന വായിക്കുമ്പോള്‍ ആവര്‍ത്തന വിരസത തോന്നുന്നുവെങ്കില്‍ നിങ്ങള്‍ കൊലയാളികള്‍ക്കൊപ്പമാണ്.

യു എസ് ഇരട്ടത്താപ്പ്
നവംബറില്‍ നടക്കാനിരിക്കുന്ന യു എസ് പ്രസിഡന്റ്തിരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപ് തന്റെ എതിരാളിയാകാന്‍ മത്സരരംഗത്തുണ്ടായിരുന്ന ഡൊമോക്രാറ്റിക് നേതാവും നിലവിലെ പ്രസിഡന്റുമായ ജോ ബൈഡനെ വിളിച്ചത് ‘വളരെ മോശം ഫലസ്തീനി’യെന്നാണ്. ഗസ്സയില്‍ ഇസ്റാഈല്‍ സൈന്യത്തിന്റെ ദൗത്യം പൂര്‍ത്തിയാക്കാന്‍ ബൈഡന്‍ തടസ്സം നില്‍ക്കുന്നുവെന്നാണ് ട്രംപ് തുടര്‍ന്ന് പറയുന്നത്. ബൈഡന്‍ ഭരണകൂടം ഒരിക്കലും ഇസ്റാഈലിനെ കൈയൊഴിഞ്ഞിട്ടില്ല. ഇപ്പോഴും പുതിയ ആയുധവും സൈനിക പാക്കേജും ഇസ്റാഈലിലേക്ക് ഒഴുക്കിക്കൊണ്ടേയിരിക്കുകയാണ്. ഇറാനും ലെബനാനിലെ ഹിസ്ബുല്ലയുമായും യുദ്ധം ആസന്നമാണെന്ന് വന്നതോടെ മേഖലയിലേക്ക് അത്യാന്താധുനിക പടക്കപ്പലുകള്‍ അയച്ചയാളാണ് ബൈഡന്‍. എന്നിട്ടും ട്രംപ് അദ്ദേഹത്തെ വിളിക്കുന്നത് ഫലസ്തീന്‍ പക്ഷപാതിയാണെന്നാണ്. തെരുവുകളില്‍ വിദ്യാര്‍ഥികള്‍ ഉജ്ജ്വല പ്രക്ഷോഭം കാഴ്ചവെക്കുമ്പോഴും അമേരിക്കന്‍ പൊതുബോധം ഇസ്റാഈല്‍ പക്ഷത്തേക്ക് ചാഞ്ഞു തന്നെയാണ് ഇരിക്കുന്നത്. ട്രംപിന്റെ ആക്ഷേപവും അതിനോടുള്ള ബൈഡന്‍ ഭരണകൂടത്തിന്റെ പ്രതികരണവും അതാണ് വ്യക്തമാക്കുന്നത്. ഇസ്റാഈലിനെതിരെ ചെറുവിരലക്കാന്‍ ബൈഡന്‍ തയ്യാറല്ല. അത്രമേല്‍ ശക്തമാണ് സയണിസ്റ്റ് ലോബി. എന്നാല്‍ ഈ തിരഞ്ഞെടുപ്പ് കാലത്ത് രാജ്യത്ത് അലയടിക്കുന്ന ഫലസ്തീന്‍ അനുകൂല യുവസാഗരം കണ്ടില്ലെന്ന് നടിക്കാനുമാകില്ല. അതുകൊണ്ട് തന്ത്രപരമായ നയം കൈകൊണ്ടിരിക്കുന്നു ബൈഡന്‍ ഭരണകൂടം. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുക്കുന്നുവെന്ന് വരുത്തുക. ഒപ്പം ഇസ്റാഈലിന് കൂടുതല്‍ പേരെ കൊല്ലാന്‍ അവസരമൊരുക്കുക. ഈ നയം നടപ്പാകുന്നതാണ് ഇപ്പോള്‍ വെസ്റ്റ് ബാങ്കിലും ഗസ്സയിലും കാണുന്നത്.

എന്തുകൊണ്ട് വെസ്റ്റ് ബാങ്ക്
ഗസ്സയില്‍ നിന്ന് ഹമാസിനെ പൂര്‍ണമായി തുടച്ചുനീക്കുകയാണ് ലക്ഷ്യമെന്നായിരുന്നു നെതന്യാഹു പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ അത് അസാധ്യമായ ലക്ഷ്യമാണെന്ന് സൈനിക നേതൃത്വം തന്നെ അര്‍ഥശങ്കക്കിടയില്ലാത്തവിധം നെതന്യാഹുവിന് മറുപടി നല്‍കിയിട്ടുണ്ട്. ഗസ്സയിലെ മനുഷ്യരെ പരമാവധി കൊന്നുതീര്‍ക്കുകയും ബാക്കിയാകുന്നവരെ ആട്ടിയോടിക്കുകയും തന്നെയാണ് യഥാര്‍ഥ ലക്ഷ്യം. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടയിലും ഈ അരുംകൊല തുടരുന്നതിനിടെ പുതിയ മേഖലയിലേക്ക് ആക്രമണം വ്യാപിപ്പിക്കുകയാണ് ഇസ്റാഈല്‍. ഗസ്സയില്‍ വെടിനിര്‍ത്തേണ്ടി വന്നാലും ആഭ്യന്തരമായി ഉയരുന്ന ചോദ്യങ്ങള്‍ നേരിടാന്‍ മനുഷ്യരുടെ ചോര വേണം നെതന്യാഹു ഭരണകൂടത്തിന്. അതുകൊണ്ട് ആക്രമണം വെസ്റ്റ് ബാങ്കിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ ബുധനാഴ്ച വെസ്റ്റ് ബാങ്കിലെ ജെനിന്‍ അഭയാര്‍ഥി ക്യാമ്പിലും തുല്‍കരീം, നബ്ലസ് നഗരങ്ങളിലും നടത്തിയ ആക്രമണങ്ങളില്‍ 20 പേരാണ് മരിച്ചത്. വരും ദിവസങ്ങളില്‍ ഇവിടെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്താനാണ് നീക്കമെന്ന് ഇസ്റാഈല്‍ പ്രതിരോധ സേന (ഐ ഡി എഫ്) പുറത്തിറക്കിയ പ്രസ്താവനയില്‍ നിന്ന് വ്യക്തമാണ്. ആള്‍ക്കൂട്ടത്തിനിടയില്‍ തീവ്രവാദികള്‍ നുഴഞ്ഞ് കയറിയിട്ടുണ്ടെന്നാണ് അവകാശവാദം.

ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറന്‍ തീരത്തുള്ള, ചരിത്രപരമായി ഫലസ്തീന്റെ ഭാഗമായ പ്രദേശമാണ് വെസ്റ്റ് ബാങ്ക്. ഇസ്റാഈല്‍, ജോര്‍ദാന്‍, ചാവുകടല്‍ എന്നിവയാല്‍ ചുറ്റപ്പെട്ട പ്രദേശം. 5,650 ചതുരശ്ര കിലോമീറ്റര്‍. ഏകദേശം മൂന്ന് ദശലക്ഷം ഫലസ്തീനികള്‍ അവിടെ താമസിക്കുന്നു. ഫലസ്തീന്‍ കുടുംബങ്ങളില്‍ നിന്ന് ബലപ്രയോഗത്തിലൂടെ കൈക്കലാക്കിയ ഭൂമിയില്‍ അനധികൃത കുടിയേറ്റങ്ങളും ഔട്ട്‌പോസ്റ്റുകളും നിര്‍മിച്ച് അധിനിവേശം തുടരുകയാണ്. ലോകത്ത് ഏറ്റവും വേഗം അധിനിവേശം നടക്കുന്ന ഭൂവിഭാഗമായാണ് ഈ പ്രദേശത്തെ യു എന്‍ കണക്കാക്കുന്നത്. വെസ്റ്റ് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത 8,71,000 അഭയാര്‍ഥികളുണ്ട്. ഇസ്റാഈല്‍ രൂപവത്കരണ ഘട്ടത്തില്‍, 1948ലെ നഖ്ബയില്‍ കുടിയിറക്കപ്പെട്ടവരും അവരുടെ പിന്‍മുറക്കാരുമാണ് ജെനിന്‍ അടക്കമുള്ള അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നത്. 1967ലെ ആറ് ദിന യുദ്ധത്തിലാണ് വെസ്റ്റ് ബാങ്കിന്റെ ഒരു ഭാഗത്ത് ഇസ്റാഈല്‍ ആധിപത്യം സ്ഥാപിച്ചത്. ഈ പ്രദേശം ഫലസ്തീന്റെ അവിഭാജ്യ ഘടകമാണെന്നതിന് 1949ലെ ജനീവ കണ്‍വെന്‍ഷന്റെയും പിന്നീട് വന്ന ഓസ്ലോ കരാറിന്റെയും നിരവധി രക്ഷാസമിതി പ്രമേയങ്ങളുടെയും ഏറ്റവും ഒടുവില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി വിധിയുടെയും പിന്‍ബലവുമുണ്ട്. 1967ലെ യുദ്ധത്തില്‍ ഇസ്റാഈല്‍ കൈയടക്കിയ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലേക്ക് സയണിസ്റ്റ് തീവ്രവാദികളെ കൂട്ടമായി കടത്തിവിട്ടാണ് ആട്ടിയോടിക്കല്‍ ശക്തമാക്കിയിരിക്കുന്നത്. ഇത് വെസ്റ്റ് ബാങ്കിനെ കൂടുതല്‍ അശാന്തമാക്കിയിരിക്കുന്നു.

നേരത്തേ തന്നെ ഭൂമി കൈയേറി കിടപ്പ് തുടങ്ങിയ സയണിസ്റ്റ് ജൂതന്‍മാര്‍ മുസ്ലിം അയല്‍പ്പക്കക്കാരെ ആക്രമിക്കാനുള്ള ലൈസന്‍സായി ഒക്ടോബറിലെ ഹമാസ് റോക്കറ്റ് വര്‍ഷത്തെ ഉപയോഗിക്കുകയാണ്. അവര്‍ക്ക് കൂടുതല്‍ ആയുധങ്ങള്‍ എത്തിച്ചുകൊടുക്കുകയാണ് ഇസ്റാഈല്‍ ഭരണകൂടം. നെതന്യാഹു മന്ത്രിസഭയിലെ തീവ്രവാദി നേതാവ് ഇതാമിര്‍ ബെന്‍ ഗിവിറാണ് ഈ ആയുധ വിതരണത്തിന് നേതൃത്വം നല്‍കുന്നത്. അത്യാധുനിക റൈഫിളുകളുമായി ഇറങ്ങുന്ന കൈയേറ്റക്കാര്‍ ഫലസ്തീനികളുടെയും ക്രിസ്ത്യന്‍ കുടുംബങ്ങളുടെയും കൃഷിയിടങ്ങള്‍ നശിപ്പിക്കുന്നു. വീടുകള്‍ക്ക് തീവെക്കുന്നു. ചെറുത്തുനില്‍പ്പിന്റെ ചെറുവിരലനക്കുന്നവരെ പോലും കൊല്ലുന്നു. ഫലസ്തീന്‍ അതോറിറ്റിയുടെ സുരക്ഷാ സംവിധാനങ്ങള്‍ ഒന്നിനും തികയുന്നില്ല. ജൂത സെറ്റില്‍മെന്റ്സ് എന്ന ഓമനപ്പേരിലാണ് പാശ്ചാത്യ മാധ്യമങ്ങള്‍ ജൂത കൈയേറ്റ ഭവനങ്ങളെ വിശേഷിപ്പിക്കുന്നത്.

ഈ അതിക്രമത്തിനെതിരെ വെസ്റ്റ് ബാങ്കില്‍ ചില സംഘടിത ചെറുത്തുനില്‍പ്പുകള്‍ ആരംഭിച്ചിട്ടുണ്ടെന്നത് വസ്തുതയാണ്. ഇതിനെ ഭീതിയോടെയാണ് ഇസ്റാഈല്‍ കാണുന്നത്. മാത്രമല്ല, ഗസ്സയുടെ ഭരണം കൈയാളുന്ന ഹമാസും വെസ്റ്റ് ബാങ്കിന്റെ ഒരുഭാഗം നിയന്ത്രിക്കുന്ന ഫലസ്തീന്‍ അതോറിറ്റിയും തമ്മില്‍ ഈയിടെ ബീജിഗിംല്‍ ഒപ്പുവെച്ച കരാറിനെയും ഇസ്റാഈല്‍ ഭയക്കുന്നുണ്ട്. ആ കരാറിന്റെ മുഖ്യശില്‍പ്പി ടെഹ്റാനില്‍ കൊല്ലപ്പെട്ട ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയായിരുന്നു.

ഫലസ്തീന് അനുകൂലമായി ലോകത്താകെ ഉയരുന്ന മുദ്രാവാക്യങ്ങള്‍ മനസ്സാക്ഷിയുള്ള മനുഷ്യരെ ചരിത്രത്തിലേക്ക് നോക്കാനും ഫലസ്തീന്റെ സത്യം അന്വേഷിക്കാനും പ്രേരിപ്പിക്കുന്നുണ്ട്. ഈ അന്താരാഷ്ട്ര സമ്മര്‍ദം ശരിയായ ദിശയില്‍ നീങ്ങിയാല്‍ ഫലസ്തീന്‍ രാഷ്ട്രം അനുവദിച്ചുകൊടുക്കുകയെന്ന ശരിയായ പരിഹാരത്തിന് വഴങ്ങേണ്ടിവരുമെന്ന് ഇസ്റാഈല്‍ മനസ്സിലാക്കുന്നു. വെസ്റ്റ് ബാങ്കിനെ സംഘര്‍ഷഭരിതമാക്കി അവിടെ കഴിയുന്നവരും ഇസ്റാഈലിന്റെ നിലനില്‍പ്പിന് ഭീഷണിയാണെന്ന നുണ പ്രചരിപ്പിക്കാനാണ് ഈ അടുത്ത കാലത്തെ ഏറ്റവും വലിയ കൂട്ടുക്കുരുതി ജെനിന്‍ അഭയാര്‍ഥി ക്യാമ്പില്‍ നടത്തിയത്.

വെടിനിര്‍ത്തല്‍ ചര്‍ച്ച
ഗസ്സയിലെ കൂട്ടുക്കുരുതി അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ഫലപ്രാപ്തിയിലെത്തിയാല്‍ ഒന്നും നേടാത്ത പിന്‍വാങ്ങലാകും നെതന്യാഹുവിനെ കാത്തിരിക്കുന്നത്. കൊന്നുതളളിയ മനുഷ്യരുടെ എണ്ണം മാത്രമാകും സയണിസ്റ്റുകളുടെ ‘നേട്ട’മായി വരിക. അതുകൊണ്ട് വെടിനിര്‍ത്തല്‍ ചര്‍ച്ച പരമാവധി നീട്ടിക്കൊണ്ടുപോയി ഇസ്റാഈലിന് സാവകാശമൊരുക്കുകയാണ് അമേരിക്ക ഇപ്പോള്‍ ചെയ്യുന്നത്. ബന്ദികളെ വിട്ടുകിട്ടുന്നതിനുള്ള ഏക മാര്‍ഗം ഹമാസുമായി വെടിനിര്‍ത്തല്‍ കരാറിലേര്‍പ്പെടുകയാണെന്നും ഈ അവസാന അവസരം വിനിയോഗിക്കണമെന്നും തെല്‍ അവീവ് തെരുവില്‍ ഇരമ്പിയാര്‍ത്ത ജനാവലി ആവശ്യപ്പെട്ടിട്ടും നെതന്യാഹുവിന് കുലുക്കമില്ല. തൊടുന്യായം പറഞ്ഞ് ചര്‍ച്ച പൊളിക്കുകയാണ് ഇസ്റാഈല്‍. ചര്‍ച്ചക്ക് നേതൃത്വം കൊടുക്കുന്നുവെന്ന വ്യാജേന തുരപ്പന്‍ പണിയെടുക്കുകയാണ് യു എസ്.

കഴിഞ്ഞ ജൂണില്‍ യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നോട്ട് വെച്ച മൂന്ന് ഘട്ട വെടിനിര്‍ത്തല്‍ പദ്ധതി ഹമാസ് അംഗീകരിച്ചതാണ്. യു എന്നും ആ പദ്ധതിക്ക് അംഗീകാരം നല്‍കി. പക്ഷേ, അന്ന് ഇസ്റാഈല്‍ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് വഴിമുടക്കി. മാത്രമല്ല, ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയെ വകവരുത്തി ചര്‍ച്ചക്കുള്ള സാധ്യതകള്‍ സമ്പൂര്‍ണമായി അടക്കുകയും ചെയ്തു. ഇത്തവണ അമേരിക്ക പുതിയ പ്ലാനുമായി വരുമ്പോള്‍ ചര്‍ച്ച നീട്ടുകയെന്ന ലക്ഷ്യമാണ് പൂര്‍ത്തീകരിക്കപ്പെടുന്നത്. ഫിലാഡല്‍ഫി കോറിഡോറില്‍ സ്ഥിരം സൈനിക സാന്നിധ്യം വേണമെന്ന ഇസ്റാഈലിന്റെ ശാഠ്യത്തില്‍ ചര്‍ച്ച ഇടിച്ചുനില്‍ക്കുകയാണ്. ഇസ്റാഈലുമായി അതിര്‍ത്തി പങ്കിടാത്ത ഗസ്സയില്‍ നിന്നുള്ള ക്രോസ്സിംഗാണിത്. ഈജിപ്ത് അതിര്‍ത്തിയിലെ ഈ പ്രദേശം സൈനിക സന്നാഹ കേന്ദ്രമാക്കുക വഴി ഗസ്സയെ പൂര്‍ണമായി വളയാനാണ് ഇസ്റാഈലിന്റെ പദ്ധതി.

വെസ്റ്റ് ബാങ്കിലെ ആക്രമണ വ്യാപനം, ഗസ്സയില്‍ നിന്ന് പിന്‍വാങ്ങിയാലും കൂടുതല്‍ ക്രൗര്യത്തോടെ ഞെരുക്കല്‍ തുടരാനുള്ള തന്ത്രങ്ങള്‍, ഇറാനിലേക്കും ലെബനാനിലേക്കും ആക്രമണം വ്യാപിപ്പിക്കാനുളള നീക്കം. നീതിയുക്തമായ ഫലസ്തീന്‍ ഒരിക്കലും സാധ്യമാകരുതെന്ന സയണിസ്റ്റ് പദ്ധതിയാണ് യു എസിന്റെ പിന്തുണയില്‍ നടപ്പാകുന്നത്.

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest