Connect with us

From the print

കിവീസിനെ തോല്‍പ്പിച്ച് വെസ്റ്റിന്‍ഡീസ് സൂപ്പര്‍ എട്ടില്‍

ന്യൂസിലാന്‍ഡിനെ 13 റണ്‍സിന് തോല്‍പ്പിച്ചു.

Published

|

Last Updated

ട്രിനിഡാഡ് | ന്യൂസിലാന്‍ഡിനെ 13 റണ്‍സിന് തോല്‍പ്പിച്ച് സഹ ആതിഥേയരായ വെസ്റ്റിന്‍ഡീസ് ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടിലെത്തി. ദക്ഷിണാഫ്രിക്ക, ആസ്ത്രേലിയ, ഇന്ത്യ എന്നിവക്കു ശേഷം സൂപ്പര്‍ എട്ടില്‍ പ്രവേശിക്കുന്ന നാലാമത്തെ ടീമാണ് വിന്‍ഡീസ്. മൂന്നാം ജയത്തോടെ ഗ്രൂപ്പ് സിയില്‍ വിന്‍ഡീസ് ഒന്നാമതെത്തി. അതേസമയം, തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ ന്യൂസിലാന്‍ഡിന്റെ സൂപ്പര്‍ എട്ട് പ്രതീക്ഷകള്‍ തൂലാസിലായി. ഉഗാണ്ടക്കും പാപുവ ന്യൂ ഗിനിക്കും പിന്നില്‍ അഞ്ചാം സ്ഥാനത്താണ് കിവീസ്.

സ്‌കോര്‍: വെസ്റ്റിന്‍ഡീസ് 20 ഓവറില്‍ ഒമ്പതിന് 149, ന്യൂസിലാന്‍ഡ് 20 ഓവറില്‍ ഒമ്പതിന് 136. 39 പന്തില്‍ പുറത്താകാതെ 68 റണ്‍സെടുത്ത വിന്‍ഡീസ് താരം ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ് ആണ് പ്ലെയര്‍ ഓഫ് ദ മാച്ച്.

നാല് വിക്കറ്റെടുത്ത അള്‍സാരി ജോസഫും മൂന്ന് വിക്കറ്റെടുത്ത ഗുഡകേഷ് മോട്ടിയുമാണ് ന്യൂസിലാന്‍ഡിനെ തകര്‍ത്തത്. ഡെവന്‍ കോണ്‍വെ (അഞ്ച്), ഫിന്‍ അലന്‍ (26), ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (ഒന്ന്) എന്നിവരെ 39 റണ്‍സെടുക്കുന്നതിനിടെ നഷ്ടമായ ന്യൂസിലാന്‍ഡ് പതറി. പിന്നീട് ഗ്ലെന്‍ ഫിലിപ്സും (33 പന്തില്‍ 40) മിച്ചല്‍ സാന്റ്നറും (12 പന്തില്‍ 21) ടീമിന് പ്രതീക്ഷ സമ്മാനിച്ചുവെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി വിന്‍ഡീസ് വിജയം പിടിച്ചു.

നേരത്തേ, 10.6 ഓവറില്‍ ആറിന് 58 റണ്‍സെന്ന പരിതാപകരമായ അവസ്ഥയിലായ വിന്‍ഡീസിനെ റൂഥര്‍ഫോര്‍ഡിന്റെ വീരോചിത ഇന്നിംഗ്‌സാണ് 150നടുത്തെത്തിച്ചത്. ആറ് ബൗണ്ടറിയും രണ്ട് സിക്സും ഉള്‍പ്പെടുന്ന ഇന്നിംഗ്സായിരുന്നു താരത്തിന്റേത്. അഖീല്‍ ഹുസൈന്‍ (15), ആന്ദ്രെ റസ്സല്‍ (14), റോമാരിയോ ഷെപ്പേര്‍ഡ് (13), അള്‍സാരി ജോസഫ് (ആറ്), ഗുഡകേഷ് മോട്ടി (പൂജ്യം) എന്നിവരെ കൂട്ടുപിടിച്ചാണ് റൂഥര്‍ഫോര്‍ഡ് സ്‌കോര്‍ നയിച്ചത്. അവസാന വിക്കറ്റില്‍ റണ്ണൊന്നുമെടുക്കാത്ത മോട്ടിക്കൊപ്പം 37 റണ്‍സാണ് റൂഥര്‍ഫോര്‍ഡ് അടിച്ചെടുത്തത്.

അതേസമയം, നെതര്‍ലാന്‍ഡ്സിനെ 25 റണ്‍സിന് തോല്‍പ്പിച്ച് ബംഗ്ലാദേശ് സൂപ്പര്‍ എട്ട് സാധ്യത സജീവമാക്കി. ബംഗ്ലാദേശിന്റെ രണ്ടാം ജയമാണിത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 159 റണ്‍സെടുത്തപ്പോള്‍ നെതര്‍ലാന്‍ഡ്സിന് എട്ട് വിക്കറ്റിന് 134 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.