ambergris
തിമിംഗലത്തിന്റെ ആംബർഗ്രീസ് കൈവശം വെച്ച കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് 2021 നവംബർ അഞ്ചിന് തൃശൂർ കെ എസ് ആർ ടി സി സ്റ്റാൻഡിനടുത്ത് വെച്ചാണ് പ്രതികളെ പിടികൂടിയത്

തൃശൂർ | നിരോധിത വസ്തുവായ തിമിംഗലത്തിന്റെ ആംബർഗ്രീസ് കൈവശം വെച്ച കേസിൽ പ്രതികളായ ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി പണ്ടാരത്തിൽ കറുത്തവീട്ടിൽ റംഷാദ് (30), എറണാകുളം പള്ളുരുത്തി മുണ്ടേക്കൽ വീട്ടിൽ ബിനോജ് (30) എന്നിവരുടെ ജാമ്യഹരജി തൃശൂർ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി പി ജെ വിൻസെന്റ് തള്ളി.
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് 2021 നവംബർ അഞ്ചിന് തൃശൂർ കെ എസ് ആർ ടി സി സ്റ്റാൻഡിനടുത്ത് വെച്ചാണ് പ്രതികളെ പിടികൂടിയത്. നിയമ പ്രകാരം കൈവശം സൂക്ഷിക്കാൻ അവകാശമില്ലാത്ത 5.1 കിലോഗ്രാം ആംബർഗ്രീസാണ് പ്രതികളിൽ നിന്ന് തൃശൂർ ഈസ്റ്റ് പോലീസ് കണ്ടെടുത്തത്. വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള ഈ കേസ് തുടരന്വേഷണത്തിന് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസിലേക്ക് കൈമാറിയിരുന്നു.
അന്താരാഷ്ട്ര വിപണിയിൽ അഞ്ച് കോടി വിലവരുന്ന ആംബർഗ്രീസാണ് പ്രതികളിൽ നിന്ന് കണ്ടെടുത്തതെന്നും നിയമ വ്യവസ്ഥയെ മറികടന്നാണ് പ്രതികൾ പ്രവർത്തിച്ചതെന്നും അതിനാൽ യാതൊരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്നുമുള്ള ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ ഡി ബാബുവിന്റെ വാദങ്ങൾ സ്വീകരിച്ചാണ് കോടതി ജാമ്യഹരജി തള്ളിയത്.