Connect with us

jds kerala

ഭാവി എന്ത്: ജെ ഡി എസ് കേരളാ ഘടകം നിര്‍ണായക യോഗം ഇന്ന് കൊച്ചിയില്‍

സംസ്ഥാന പാര്‍ട്ടി രൂപീകരണം അല്ലെങ്കില്‍ ഏതെങ്കിലും ദേശീയ പാര്‍ട്ടിയില്‍ ലയിക്കുക എന്നീ രണ്ടു സാധ്യതകളാണ് മുന്നിലുള്ളത്

Published

|

Last Updated

കോഴിക്കോട് | ബി ജെ പിയെ പിന്തുണയ്ക്കാനുള്ള ജെ ഡി എസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിനു പിന്നാലെ ജെ ഡി എസ് കേരളാ ഘടകത്തിന്റെ നിര്‍ണായക യോഗം ഇന്ന് കൊച്ചിയില്‍ ചേരും.

ദേശീയ നേതൃത്വവുമായി ബന്ധം വേര്‍പെടുത്തുക എന്നകാര്യത്തില്‍ നേതാക്കള്‍ക്കിടയില്‍ ആശയക്കുഴപ്പം തുടരുകയാണ്. സോഷ്യലിസ്റ്റ് കുടുംബത്തില്‍ ദേശീയ പാര്‍ട്ടിയല്ലാതാവുന്ന അവസ്ഥ പലര്‍ക്കും ഉള്‍ക്കൊള്ളാന്‍ പ്രയാസമുണ്ട്.

സംസ്ഥാന പാര്‍ട്ടി രൂപീകരണം അല്ലെങ്കില്‍ ഏതെങ്കിലും ദേശീയ പാര്‍ട്ടിയില്‍ ലയിക്കുക എന്നീ രണ്ടു സാധ്യതകളാണ് ജെ ഡിഎസിനു മുന്നിലുള്ളത്. എന്‍ ഡി എ സഖ്യത്തില്‍ എതിര്‍പ്പുള്ള ജെ ഡി എസിന്റെ മറ്റു സംസ്ഥാന ഘടകങ്ങളെ ഒന്നിച്ചുനിര്‍ത്തുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. എല്‍ ജെ ഡി ആര്‍ ജെ ഡിയില്‍ ചേര്‍ന്നതോടെ ഇനി ആര്‍ ജെ ഡി പ്രവേശനത്തിന് പഴയ എല്‍ ജെ ഡി നേതാക്കളുമായി ചര്‍ച്ച നടത്തേണ്ടിവരുന്ന സാഹചര്യവും ജെ ഡി എസില്‍ അസ്വസ്ഥത സൃഷ്ടി ച്ചിട്ടുണ്ട്. കേരളത്തില്‍ ഇടതു മുന്നണിക്ക് അതൃപ്തി ഉണ്ടാക്കാത്ത വിധം നിലപാട് എടുക്കാനാണ് നേതാക്കളുടെ നീക്കം.

ബി ജെ പി സഖ്യം എച്ച് ഡി ദേവഗൗഡ ഒറ്റയ്ക്കെടുത്ത തീരുമാനമാണെന്നും ഈ തീരുമാനത്തിന് സംസ്ഥാന ഘടകങ്ങളുടെ അനുവാദമോ പിന്തുണയോ ഇല്ലെന്നുമാണ് കേരളം കരുതുന്നത്. സോഷ്യ ലിസ്റ്റ് മനസുള്ള മറ്റ് കക്ഷികളുമായി ഏത് വിധത്തില്‍ ചേരാന്‍ സാധിക്കുമെന്നും അതിന്റെ സാങ്കേതികത്വം എന്താണെന്നും ആലോചിച്ചു കൊണ്ടുള്ള നീക്കങ്ങളാണു കേരള ഘടകം നടത്തുക.

ജെ ഡി എസ് കേരളത്തില്‍ സ്വതന്ത്രമായി തുടരുമെന്ന സാധ്യതയാണു മന്ത്രി കെ കൃഷ്ണന്‍കുട്ടി മുന്നോട്ടുവയ്ക്കുന്നത്. ബി ജെ പി സഖ്യത്തിലുള്ള പാര്‍ട്ടിയുടെ സംസ്ഥാന ഘടകമായി ഇടതു മുന്നണിയില്‍ തുടരാനാവുമോ എന്ന ചോദ്യവും അവരെ അലട്ടുന്നുണ്ട്. പുതിയ സംസ്ഥാന പാര്‍ട്ടി യായി നില്‍ക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കാണു പാര്‍ട്ടിയില്‍ മുന്‍ തൂക്കം. ജെ ഡി എസ്സിനെ ആര്‍ ജെ ഡിയിലേക്കു ക്ഷണിച്ചുകൊണ്ടു ശ്രേയാംസ് കുമാര്‍ രംഗത്തുണ്ടെങ്കിലും ശ്രേയാംസ് കുമാറിന്റെ ക്യാമ്പില്‍ ചേക്കേറുന്നതില്‍ വലിയൊരു വിഭാഗത്തിന് എതിര്‍പ്പുണ്ട്.

ജെ ഡി എസ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവെക്കാന്‍ ജോസ് തെറ്റയില്‍ സന്നദ്ധത അറിയി ച്ചിട്ടുണ്ട്. ദേശീയ നേതൃത്വം ബി ജെ പിക്കൊപ്പം എങ്കില്‍ ആ നിലപാടിനൊപ്പം നില്‍ ക്കില്ലെന്ന ഒറ്റ നിലപാടിലാണു കേരള ഘടകം. സ്വതന്ത്ര സംസ്ഥാന ഘടകമായി നില്‍ക്കു ന്നതിനെക്കുറിച്ചു പഠിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാര്‍ട്ടി ആലോചിച്ച് വരികയാണ്.

കേരളത്തില്‍ ജനതാ പരിവാര്‍ ഒരുമിച്ചു നിന്ന് ഇടതുമുന്നണിയോടു വിലപേശുന്നതാണ് പദവികള്‍ നേടുന്നതിനു നല്ലതെന്നും ഭിന്നിച്ചു നില്‍ക്കുന്നതു നഷ്ടം മാത്രമേ ഉണ്ടാക്കു എന്നും ആര്‍ ജെ ഡി, ജെ ഡി എസിനെ ഓര്‍മപ്പെടുത്തുന്നു. വീരേന്ദ്രകുമാര്‍ എന്ന സമുന്നത നേതാവ് ചാഞ്ചാടിയ കാലത്തു പോലും ജെ ഡി എസ് എന്ന തറവാട്ടില്‍ ഇടതുപക്ഷത്തു തുടര്‍ന്നവര്‍ ഇപ്പോള്‍ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ്. ഈ അവസ്ഥ തിരിച്ചറിഞ്ഞാണ് ഇടതുമുന്നണിയും സി പി എമ്മും പെരുമാറുന്നത്.

Latest