Connect with us

experiance

മരുഭൂമിയിലെ ഓർമകൾക്ക് എന്ത് പൊള്ളലാണ്...

ഭാവിയിലാരാകണമെന്ന ചോദ്യത്തിന് സഹപാഠികൾ ഡോക്ടറും എൻജിനീയറും പൈലറ്റും ആകണമെന്നു എഴുതിയപ്പോൾ ഞാനെന്റെ പ്രബന്ധത്തിൽ വലിയൊരു ഡ്രൈവറാകണമെന്നായിരുന്നു കുറിച്ചത്. അന്നേ ദിവസം ഹൈവേ റോഡിലെ കൂറ്റൻ അരയാലിൽ ഒരു ലോറി വന്നു ഇടിച്ചു. കുറുകെ ചാടിയ ആരെയോ രക്ഷിക്കാനുള്ള ശ്രമം. തൊട്ടടുത്ത് മൂന്ന് മൃതദേഹങ്ങൾ വെള്ള പുതച്ചു കിടത്തിയിരിക്കുന്നു. ചോരയും ഒഴുകുന്നു. അന്നുതന്നെ പേടിയും വിറയലുമോടെ ഞാനെന്റെ പ്രബന്ധം തിരുത്തി. എനിക്കും എൻജിനീയറാകണം.

Published

|

Last Updated

കൈയിൽ കുറച്ചു പുസ്തകങ്ങളുണ്ട്. വലിയ വാക്കുകളോ ചെത്തിമിനുക്കിയ അധ്യാങ്ങളോ ഇല്ലാത്തത്. നടന്നതൊക്കെ മരുഭൂമിയിലാണ്. പച്ചപ്പുകളും പോയത്തങ്ങളും തറവാടും പിറകെയായി. ഇതിനിടയിൽ പലയിടത്തും എന്നെത്തന്നെ അനാച്ഛാദനം ചെയ്തു. മഴയും തീയും വിഴുങ്ങി. എല്ലായിടത്തും കോമാളി വേഷമായിരുന്നു. അതൊക്കെ ചാഞ്ഞു പെയ്യുന്ന എന്റെ ജീവിതമാണ്.

*********

ഷാർജ മുസല്ലയിലെ കൊച്ചുമുറിയിലിരുന്ന് “മണൽനഗരം’ തിരക്കഥ എഴുതുമ്പോൾ മരുഭൂമിക്ക് ഒട്ടും ചൂടുണ്ടായിരുന്നില്ല. പൊടിക്കാറ്റും ഈന്തപ്പനകളും ഒട്ടകങ്ങളും കെട്ടിടങ്ങളും വിയർത്തൊലിക്കുമ്പോഴും മരുഭൂമി ഒരിക്കലും എന്നെ പൊള്ളിച്ചില്ല. പഴയ അരങ്ങുകൾ തേടി, ഓർമകൾ തേടി വീണ്ടും എന്നിൽത്തന്നെ ഞാൻ മേയുന്നു.

*********

നന്നായി കുരക്കും. വാലില്ല. ഫലിതപ്രിയനാണ്. ഇതിനിടയിൽ എഴുതുകയും ചെയ്യും. എല്ലാ രോഗത്തിനും വായനയാണ് ചികിത്സ. അക്കരേയും ഇക്കരേയും വാളെടുത്തവരൊക്കെ തുള്ളുന്നു. ഇടയിൽ വാളില്ലാത്തവരും തുള്ളും. കാണുമ്പോൾ അഹങ്കാരമായി തോന്നരുത്.

*********

എല്ലാവരും എഴുത്തുകാരായതിൽ സന്തോഷമുണ്ട്. പ്രിയപ്പെട്ട വായനക്കാരാ, ക്ഷമിക്കുക. സഹിക്കുക. സഹനമാണ് സർഗാത്മകമായ ഏറ്റവും വലിയ കഴിവ്.

*********

മൈക്കും നാവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? നാവിന്റെ നൊടിച്ചിൽ (വർത്തമാനം) കേട്ട് മൈക്ക് വളയുന്നു.

*********

ട്രെയിൻ സ്റ്റേഷനിൽ വന്നു നിൽക്കുന്നു. എങ്ങോട്ട് പോകണം? ഇറങ്ങേണ്ടിടത്ത് സ്റ്റോപ്പില്ല. ഒരു ചായ കുടിച്ചു. തീവണ്ടിച്ചായ. പരിചയക്കാർ ആരും തന്നെ ഇല്ല. ബസ്്സ്റ്റാൻഡിലേക്ക് പോകണം. തിരിച്ചു നടക്കുമ്പോൾ പലരേയും ഓർത്തു. പെട്ടെന്നു വന്ന ചാറ്റൽ മഴ കുടയില്ലാത്ത എന്നെ നനയിക്കുന്നു. ഏത് ഓർമകളും തേടിയാണ് പുറപ്പെട്ടത്? അങ്ങോട്ടുമിങ്ങോട്ടും ഒരു മിന്നാമിനുങ്ങ്‌ പോലെ.

*********

ഡിസംബർ 6. ഒരു വലിയ ഓർമദിനം. 2015 ഡിസംബർ ആറിനായിരുന്നു പ്രവാസകാലം കഴിഞ്ഞ് തിരിച്ചെത്തിയത്. ആറ് വർഷമായി നാട്ടിൽ. ഇന്നും വേരുറച്ചിട്ടില്ല. എല്ലാ കാര്യത്തിനും പ്രവാസം ഒരു കാലയളവു തന്നെയാണ്. നീണ്ട ഗ്യാപ്പ്. പൊട്ടിയതും കുഴികളും നികത്താം. ഒരിക്കലും നികത്താൻ പറ്റാത്തതാണ് ഓരോ പ്രവാസിയുടെയും മണൽജീവിതം. ഉച്ച. വെയിലിന് ചൂടേറുന്നു. ആരു പറഞ്ഞു, ഡിസംബർ മഞ്ഞുകാലമാണെന്ന്.

*********

ഞാനൊരു എഴുത്തുകാരനാകാൻ ആഗ്രഹിച്ചതല്ല. കുട്ടിക്കാലത്ത് എന്റെ മോഹം വലിയ ഒരു ഡ്രൈവറാകണമെന്നായിരുന്നു. കുന്നും മലയും പാലവും കടന്നുപോകുന്ന വലിയ വണ്ടിയുടെ ഡ്രൈവർ. ഭാവിയിലാരാകണമെന്ന ചോദ്യത്തിന് സഹപാഠികൾ ഡോക്ടറും എൻജിനീയറും പൈലറ്റും ആകണമെന്നു എഴുതിയപ്പോൾ ഞാനെന്റെ പ്രബന്ധത്തിൽ വലിയൊരു ഡ്രൈവറാകണമെന്നായിരുന്നു കുറിച്ചത്. അന്നേ ദിവസം ഹൈവേ റോഡിലെ കൂറ്റൻ അരയാലിൽ ഒരു ലോറി വന്നു ഇടിച്ചു. കുറുകെ ചാടിയ ആരെയോ രക്ഷിക്കാനുള്ള ശ്രമം. തൊട്ടടുത്ത് മൂന്ന് മൃതദേഹങ്ങൾ വെള്ള പുതച്ചു കിടത്തിയിരിക്കുന്നു. ചോരയും ഒഴുകുന്നു. അന്നുതന്നെ പേടിയും വിറയലുമോടെ ഞാനെന്റെ പ്രബന്ധം തിരുത്തി. എനിക്കും എൻജിനീയറാകണം. എൻജിനീയറായില്ല. ഡോക്ടർ ആയില്ല. പൈലറ്റും ഡ്രൈവറും ആയില്ല. പകരം ഞാൻ മറ്റെന്തോ ആയി. ഇപ്പോഴും എനിക്കു പറയാൻ കഴിയില്ല. ഞാനൊരു എഴുത്തുകാരനായോ എന്ന്. എന്നാൽ, പുസ്തകമാണ് എനിക്കെല്ലാം. പുസ്തകം എടുക്കുമ്പോൾ എല്ലാം മറക്കുന്നു. ആധിയും വ്യാധിയും വേദനകളും സങ്കടങ്ങളുമെല്ലാം. കണ്ണിനു വയസ്സായി. എന്നിട്ടും അത് അക്ഷരങ്ങളെ അരിച്ചു പെറുക്കുന്നു.

*********

എന്റെ ഏറ്റവും അടുത്ത അയൽ പ്രദേശമാണ് നീ. കുട്ടിക്കാലത്ത് സൈക്കിൾ ചവിട്ടി വരുന്ന സ്ഥലം. ഞാനേറ്റവും ഇഷ്ട്ടപ്പെട്ട പുസ്തകവും നീയാണ്. വായനയിൽ ഏറെ ആനന്ദിച്ചത്. പർവതം കണ്ടുപിടിച്ചത് നീയാണോ? നീ മൂലമാണല്ലോ ഞാനെല്ലാ പർവതവും കണ്ടത്. ഞാനിപ്പോൾ അതിന്റെ കൊടുമുടിയിലാണ്. എന്നിട്ടും നിന്നെ കാണുന്നില്ലല്ലോ.

*********

വടക്കൻ മണ്ണിൽ അന്ധതനിറഞ്ഞ കാലത്തായിരുന്നു മഹാകവി ഉബൈദ് എഴുതിത്തുടങ്ങിയത്. വീട്ടിലേക്ക് കവിത നടന്നു കയറിയത്. കാലങ്ങൾക്കിപ്പുറത്തിരുന്ന് ഞാനൊക്കെ എഴുതുമ്പോഴും വായിക്കുമ്പോഴും എന്റെ ചുറ്റുപാടുകൾ ഇപ്പോഴും ഭ്രാന്തിന്റെ അസഹിഷ്ണുത പ്രകടിപ്പിക്കുന്നു. അപ്പോൾ അക്കാലത്ത് അക്ഷരദീപം തെളിയിച്ച നിങ്ങളെ എത്രമാത്രം കല്ലെറിഞ്ഞു കാണും. ആർക്കും കുഴിച്ചുമൂടാൻ കഴിയാത്തതാണ് ഓരോ കവിതകളും. എന്നിട്ടും ആരാണ് നിങ്ങളെ വരാന്തയിൽ തളച്ചിട്ടത്? ഏതിരുട്ടിലാണ് വിളക്ക് വെക്കേണ്ടത്?

*********

കുഞ്ഞുണ്ണി മാഷിന്റെ
കൈപ്പടയും കൈവരയും

പുസ്തകം സൂക്ഷിക്കുമ്പോലെത്തന്നെ ഞാൻ കത്തുകളും സൂക്ഷിക്കുന്നു. ഒരുപക്ഷേ എന്റെ അടുത്ത പുസ്തകം “എനിക്കു വന്ന കത്തുകളായിരിക്കും’. അത്രമാത്രം കൈപ്പടകൾ എന്റെ സൂക്ഷിപ്പിലുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ കത്തുകളും പോസ്റ്റൽ കാർഡുകളുമുള്ളത് കുഞ്ഞുണ്ണി മാഷിന്റെതാണ്. ഓരോ ആഴ്ചയിലും എനിക്കെഴുതും. അയക്കുന്ന ഓരോ ഇൻലന്റിനു മുകളിലും മാഷ് വരച്ച ചിത്രങ്ങളുണ്ടാകും. മാഷിന്റെ ഭരണിയിൽ കൽക്കഷ്ണവും വളപ്പൊട്ടുകളും കുടുക്കുകളുമാണേറെയും. അതുപോലെ ഹൃദയത്തിൽ കവിതകളും ചിത്രങ്ങളും. മാഷ് വരക്കുന്നത് അധികമാർക്കും അറിയില്ല. എന്നെപ്പോലെയുള്ള ശിഷ്യന്മാർക്കല്ലാതെ. “മോനേ’ എന്ന വിളിക്ക് മകനോടുള്ള കരുണയും വാത്സല്യവുമുണ്ടായിരുന്നു. വല്ലാത്തൊരു സ്‌നേഹവായ്പ്പും.

*********

ഇയാൾ കവിയാണ്. അഞ്ചിലേറെ കാവ്യ സമാഹാരങ്ങളുടെ കർത്താവാണ്. ഞങ്ങൾ ഒരേ സ്‌കൂളിൽ പഠിച്ചവർ. കുറേ കാലത്തിനു ശേഷം യാദൃച്ഛികമായി ഇന്ന് ബസ് യാത്രയിൽ കണ്ടു. പുസ്തക വിൽപ്പനയാണ് പണി. കമ്മീഷൻ വ്യവസ്ഥയിൽ. ഇടക്ക് കല്ല് ചുമന്നു. കൂലിപ്പണിക്ക് പോയി. ജീവിതമാണ് ഏറ്റവും വലിയ സാഹിത്യം. കവിത അതിലെ വിശപ്പും. ബേഗ് തുറന്ന് പുതിയ കുറച്ചു പുസ്തകങ്ങൾ കാണിച്ചു തന്നു. ഒരെഴുത്തുകാരൻ മറ്റുള്ളവർ എഴുതിയ പുസ്തകവുമായി അലയുന്നു. സഞ്ചരിക്കുന്നു. വിപ്ലവം അയാൾക്ക് വിശപ്പാണ്. എല്ലാവരും വയറുനിറച്ചും വായിക്കട്ടെ.

*********

ബുക്ക് ഫെയറിൽ പങ്കെടുത്തതിന്റെ സമ്മാനവുമായിട്ടാണ് സുഹൃത്തും ഭാര്യയും മകൻ സവാദിനെ കാണാൻ പോയത്. സർട്ടിഫിക്കറ്റ് വിതരണത്തിനു മുമ്പേ എനിക്കു മടങ്ങേണ്ടി വന്നു. എന്നാലും അത് കൈവന്നല്ലോ. വലിയ സന്തോഷമായി.
വർഷങ്ങൾക്കു മുമ്പ് ഷാർജയിലെ ഒരു പഴയ വില്ലയിലെ അന്തേവാസികളായിരുന്നു ഞങ്ങൾ. ഞാനും കൊച്ചുബാവയും മോഹൻകുമാറും പ്രേംദാസും രാജനുമൊക്കെ. അന്നത്തെ വ്യാഴാഴ്ചകൾ ഉറങ്ങാത്തതാണ്. പിറ്റേന്ന് അവധിയാണല്ലോ. രാത്രി മുഴുവനും കഥയും കവിതയും പാട്ടും നിറയും. തുള്ളിത്തുളുമ്പും. തൊട്ടടുത്തുള്ള കവികളും കഥാകൃത്തുക്കളും വന്നു ചേരും. പിന്നെ ഉത്സവമാണ്. അടിപിടിയാണ്. ആവേശമാണ്. എല്ലാം ഒരുപിടി അക്ഷരങ്ങൾക്കു വേണ്ടി. സത്യം, അന്ന് അക്ഷരങ്ങൾകൊണ്ടായിരുന്നു ഞങ്ങൾ വീട് പണിതത്. ഒടുവിൽ പണിതീരാത്ത വീട്ടിൽ നിന്നു കൊച്ചുബാവ നേരത്തേ മടങ്ങി. ബാക്കിയുള്ളവർ അവിടെയുമിവിടെയുമായി. നഷ്ടസ്വപ്‌നങ്ങളും വേദനയുമുണ്ടെങ്കിലും ഇന്നിപ്പോൾ അതൊക്കെ ഓർക്കുമ്പോൾ അഭിമാനമുണ്ട്. ആ അക്ഷരക്കളരിയിൽനിന്ന് എന്റെ സുഹൃത്ത് ബുക്ക് ഫെയറിന്റെ തലപ്പത്തെത്തിയല്ലോ.

*********

“എനിക്കും കേരളത്തിനും ഏകദേശം ഒരേ പ്രായമാണ്. ഞാൻ 1955 ലും കേരളം 1956 ലുമാണ് ഉണ്ടായത്. ഇതിൽ ആരാണ് എളുപ്പം വയസ്സായിപ്പോയത്?’ കേരളപ്പിറവി ദിനത്തിൽ ഇവിടുത്തെ ഒരു കോളജ് വിദ്യാർഥികളോടാണ് ഞാനിങ്ങനെ ചോദിച്ചത്. കോളജ് ലൈബ്രറിയിൽ ദേശത്തെ എഴുത്തുകാരുടെ സമ്പൂർണ കൃതികൾ ശേഖരിച്ച് ഓരോ എഴുത്തുകാരനും ഇടം ഒരുക്കുന്നതിന്റെ ഉദ്ഘാടന ദിവസമായിരുന്നു. എന്റെ ഇതുവരെയുള്ള പുസ്തകങ്ങൾ സ്വീകരിച്ചത് വലിയ സന്തോഷം പകരുന്നു. കേരളം മുഴുവൻ മാതൃകയാക്കേണ്ട ഒരു കർമം. കാസർകോട് കോളജ് പിറന്നാൾ ദിനത്തിൽ തുടക്കമിട്ടത്. വടക്കൻ കേരളത്തിലെ വലിയ പുസ്തകശേഖരം. ലൈബ്രറി നിറയെ വിവിധ ഭാഷകളിലുള്ള പുസ്തകങ്ങളുണ്ട്.സെമിനാർ ഹാളിൽ നിറയെ കുട്ടികൾ. മലയാളം ഐച്ഛിക വിഷയമെടുത്ത വിദ്യാർഥികൾ. കവിത ചൊല്ലി. കടങ്കഥകൾ പറഞ്ഞു. കാലത്ത് പതിനൊന്നരക്ക് തുടങ്ങി രണ്ടു മണി ആയത് അറിഞ്ഞതേയില്ല. എഴുത്തിന് സമയബോധമില്ല. കുളിക്കുമ്പോഴും കുഞ്ഞുണ്ണി മാഷ് കവിത എഴുതിയിട്ടുണ്ട്. എഴുത്ത് വേദനയാണ്. എഴുതിക്കഴിയുമ്പോൾ കിട്ടുന്ന സുഖമുള്ള വേദന.

*********

പുസ്തകം വീട്‌പോലെയാണ്. അനേകം മുറികളുള്ള വീട്. ബന്ധുക്കളും അതിഥികളും കയറിയിറങ്ങും. ഈ വീട്ടിൽ, അക്ഷരനഗരിയിൽ മനുഷ്യരെ മൊത്തം പുസ്തകം മണക്കുന്നു. സ്വന്തം പുസ്തകത്തിന്റെ പ്രകാശന വേളയിലാണ് എനിക്ക് ഇങ്ങനെ തോന്നിയത്.

കഥാകാരൻ