International
എന്താ കുതിപ്പ്! ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്ത ആപ്പായി ചൈനയുടെ ഡീപ്സീക്ക്
ജനുവരി 25ന് ഡൗൺലോഡ് റാങ്കിംഗിൽ 102‐ാം സ്ഥാനത്തായിരുന്ന ഡീപ്സീക്ക് ജനുവരി 27ന് ഒന്നാം സ്ഥാനത്തെത്തി.
ബീജിങ് | ലോകത്തെ പിടിച്ചുകുലുക്കിയ ചൈനയുടെ എഐ സ്റ്റാർട്ടപ്പ് ഡീപ്സീക്ക് കുതിപ്പ് തുടരുന്നു. സെൻസർ ടവറിൽ നിന്നുള്ള ഡാറ്റ പ്രകാരം ആപ്പിൾ ഐഒഎസിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്ത ആപ്പായി ഡീപ്സീക്ക്. ഏതാനും ദിവസം മുമ്പാണ് വിലകുറഞ്ഞ ചൈനീസ് എഐ ആയ ഡീപ്സീക്ക് എഐ അസിസ്റ്റന്റ് അവതരിപ്പിച്ചത്. ജനുവരി 25ന് ഡൗൺലോഡ് റാങ്കിംഗിൽ 102‐ാം സ്ഥാനത്തായിരുന്ന ഡീപ്സീക്ക് ജനുവരി 27ന് ഒന്നാം സ്ഥാനത്തെത്തി.
ആഗോളതലത്തിൽ ജനപ്രിയമായ ചാറ്റ്ജിപിടി (എട്ടാം സ്ഥാനം), ഗൂഗിൾ ജെമിനി (13) എന്നിവയെ പിന്തള്ളിയാണ് ഡീപ്സീക്കിന്റെ കുതിപ്പ്. ജനുവരി 28നും ഡീപ്പ്സീക്ക് തന്നെയാണ് ഒന്നാംസ്ഥാനത്ത് തുടരുന്നത്. ജനുവരി 10 നാണ് ലോകമെമ്പാടും ഡീപ്സീക്ക് പുറത്തിറങ്ങിയത്. ഒരു ഹെഡ്ജ് ഫണ്ട് സ്ഥാപിച്ച സംരംഭകനായ ലിയാങ് വെൻഫെങ്ങാണ് ഡീപ്സീക്കിൽ നിഷേപം നടത്തിയിരിക്കുന്നത്.
അവതരിപ്പ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ആപ്പിൾ ഐഒഎസിലെ പ്രൊഡക്ടിവിറ്റി ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നവരുടെ പട്ടികയിൽ, ഡീപ്സീക്ക് അവിശ്വസനീയമായ കുതിച്ചുചാട്ടമാണ് നടത്തിയത്. ജനുവരി 18ന് 132-ാം സ്ഥാനത്തുനിന്ന് ജനുവരി 25-ന് 9-ാം സ്ഥാനത്തെത്തി, ജനുവരി 27-ന് ചാറ്റ് ജിപിടിയെ മറികടന്ന് ഒന്നാം സ്ഥാനം നേടുകയും ചെയ്തു.
ആൻഡ്രോയിഡ് പ്ലേസ്റ്റോറിലെ പ്രൊഡക്ടിവിറ്റി ആപ്പ് ഡൗൺലോഡ് പട്ടികയിലും ഡീപ്സീക്ക് കുതിച്ചുചാട്ടം നടത്തിയിട്ടുണ്ട്. ജനുവരി 16-ന് ഡീപ്സീക്ക് 447-ാം സ്ഥാനത്തായിരുന്നു, ജനുവരി 26-ന് ഇത് 46-ാം സ്ഥാനത്തെത്തി. നിലവിൽ 15-ാം സ്ഥാനത്താണ്. ഗൂഗിൾ ജെമിനിയുമായി ഒരു റാങ്ക് മാത്രമാണ് വ്യത്യാസം.
അമേരിക്ക, യുകെ, ഓസ്ട്രേലിയ, സിംഗപ്പൂർ, കാനഡ തുടങ്ങിയ രാജ്യങ്ങളിലും ഡീപ്സീക്കിന് സ്വീകാര്യത വർധിക്കുകയാണ്.