Connect with us

Health

ഒന്ന് ഉറങ്ങാനെന്താണ് വഴി !

ശരിയായ ഉറക്കം കിട്ടാത്തവരുടെ ജീവിതത്തില്‍ ഈ ഉറക്കമില്ലായ്മ പ്രതിഫലിക്കും. ശ്രദ്ധിച്ചുനോക്കിയാല്‍ അവരുടെ മുഖത്തും പ്രവൃത്തികളിലും അത് കാണാം.

Published

|

Last Updated

ശാരീരികവും മാനസികവുമായ ഉന്മേഷത്തിന് ഓരോ ദിവസവുമുള്ള ഗാഢനിദ്ര അനിവാര്യമാണ്. ആഴത്തിലുള്ള ഉറക്കത്തില്‍ നിന്ന് ഉന്മേഷത്തോടെ ഉണര്‍ന്നാണ് മനുഷ്യര്‍ ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിടുന്നത്. അതിനായി നിത്യവും ഏഴോ എട്ടോ മണിക്കൂറുകള്‍ ഉറങ്ങണമെന്നാണ്. എന്നാല്‍ പലര്‍ക്കും‌ ഗാഢമായ ഉറക്കം കിട്ടുന്നുണ്ടോ എന്നതാണ് വലിയ‌ പ്രശ്നം.ശരിയായ ഉറക്കം കിട്ടാത്തവരുടെ ജീവിതത്തില്‍ ഈ ഉറക്കമില്ലായ്മ പ്രതിഫലിക്കും. ശ്രദ്ധിച്ചുനോക്കിയാല്‍ അവരുടെ മുഖത്തും പ്രവൃത്തികളിലും അത് കാണാം.ശരിയായ ഉറക്കം കിട്ടാനെന്താണ് വഴിയെന്നു നോക്കാം.

ഉറങ്ങുന്നതിന് മുമ്പ് ചില ഒരുക്കങ്ങള്‍ നല്ലതാണ്

  • സ്ഥിരമായ ഒരു ഉറക്കസമയം കണ്ടെത്തി അത് നില നിര്‍ത്തുക. കൃത്യമായി അനുവര്‍ത്തിച്ചാല്‍ അതൊരു ശീലമാകും ക്രമേണ ആ സമയത്ത് താനേ ഉറക്കം വരും.
  • രാത്രി അത്താഴം കഴിഞ്ഞ് വിശ്രമിക്കുന്ന സമയത്ത് വായനയോ‌ മെഡിറ്റേഷനോ ആവാം. ഉറക്കസമയത്തിന് മുമ്പായി അത് ക്രമേണ അവസാനിപ്പിക്കുക.
  • താരതമ്യേന ശാന്തവും‌ , സമ്മര്‍ദ്ദം കുറയ്ക്കുന്നതുമായ ശ്വസനവ്യായാമം ചെയ്യുന്നത് നല്ലതാണ്.
  • ഉറക്കസമയത്തിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും ഫോണുകൾ, ടാബ്‌, അല്ലെങ്കിൽ ലാപ്‌ടോപ്പുകൾ മുതലായവ നോക്കുന്നത് ഒഴിവാക്കുക
  • പേശികളുടെ ക്ഷീണവും തളര്‍ച്ചയും‌ മാറി അവ വിശ്രമിക്കാനായി ഇളം ചൂടുവെള്ളത്തിലുള്ള കുളി ആവാം. ശരീരം വിശ്രമിക്കുമ്പോള്‍ തലച്ചോറും വിശ്രമിക്കും.

ഇനി ഉറങ്ങാന്‍ കിടന്നാല്‍ എന്തുചെയ്യാമെന്ന് നോക്കാം

  • അല്‍പം ഇരുണ്ടതും നിശ്ശബ്ദവും തണുത്തതുമായ ഒരു സ്ഥലമാണ് ഉറക്കറയ്ക്ക് അനുയോജ്യമായത്. എന്നാല്‍ ശാരീരികാദ്ധ്വാനം ചെയ്തു തളര്‍ന്നൊരാള്‍ക്ക് ഏതു സ്ഥലത്തും ഉറങ്ങാനാവും.
  • സുഖപ്രദമായ മെത്തയും തലയിണയും‌ നല്ലതാണ്. അവ ഉറങ്ങാനുള്ള പ്രചോദനം നല്‍കും.
    ബെഡ്റൂമില്‍ ബ്ലാക്ക്ഔട്ട് കർട്ടനുകളോ ഷേഡുകളോ ഉപയോഗിക്കുന്നത് ഉറങ്ങാന്‍ പ്രേരിപ്പിക്കും.
  • നിങ്ങളുടെ ശരീരത്തിൻ്റെ മെലറ്റോണിൻ ഉൽപ്പാദനത്തെ പ്രോത്സാഹിപ്പിക്കാനായി ഉറക്കറയിലെ ലൈറ്റുകൾ ഡിം ചെയ്യുക.
  • ഇയർപ്ലഗുകൾ അല്ലെങ്കിൽ വൈറ്റ് നോയ്‌സ് മെഷീനുകൾ ഉപയോഗിച്ച് പരിസരത്തുള്ള വലിയ ശബ്ദങ്ങള്‍ നമ്മുടെ ചെവിയിലെത്തുന്നത് കുറയ്ക്കുക. നഗരത്തില്‍ താമസിക്കുന്നവര്‍ക്ക് പരിസരപ്രദേശങ്ങളിലെ ഇത്തരം ശബ്ദങ്ങള്‍ ഒഴിവാക്കാനാവില്ലല്ലോ.
  • ഉറങ്ങുന്ന മുറിയിലെ താപനില സ്ഥിരമായ ഒരു അളവില്‍ നിലനിർത്തുക. ഏകദേശം 60-67°F ഉചിതമായ താപനിലയാണ്. അധിക ചൂടോ തണുപ്പോ പെട്ടെന്ന് അനുഭവപ്പെടുമ്പോള്‍ ഉറക്കം ഞെട്ടുകയും പലപ്പോഴും പിന്നീട് ഉറങ്ങാനേ പറ്റാതെ വരികയും ചെയ്യും.

സുഖമായ ഉറക്കം കിട്ടാന്‍ ചില നിബന്ധനകൾ കൂടിയുണ്ടെന്ന് ഓര്‍ക്കുക

  • ഉറങ്ങുന്നതിനുമുമ്പ് പുകയിലയും മദ്യപാനവും അരുത്.
  • അമിതവും കൊഴുപ്പ് നിറഞ്ഞതുമായ ഭക്ഷണം ഒഴിവാക്കുക .
  • ശാരീരികാദ്ധ്വാനം കുറഞ്ഞ ജോലിയാണ് നിങ്ങളുടേതെങ്കില്‍ കൃത്യമായി വ്യായാമം ചെയ്യുക.
  • രാവിലെ അല്‍പനേരം സൂര്യപ്രകാശം ഏല്‍ക്കുന്നത് നന്നാവും.

‌മുകളില്‍ കൊടുത്തത്രയും ഉറക്കത്തിനുള്ള സ്വാഭാവികവും ആരോഗ്യകരവുമായ വഴികളാണ്. ഇതൊക്കെ പാലിച്ചിട്ടും ഉറക്കം കിട്ടുന്നില്ലെങ്കില്‍ ഒരു ഡോക്ടറെ സമീപിച്ചു ചികിത്സ തേടണം. കാരണം വൃക്കതകരാറുകള്‍ പോലുള്ള ചില രോഗലക്ഷണങ്ങളില്‍ ഉറക്കക്കുറവും പെടും എന്നതിനാലാണത്.

 

Latest