kv thomas@party congress
കെ വി തോമസിനെതിരെ എന്ത് നടപടി?: എ ഐ സി സി അച്ചടക്ക സമിതി യോഗം ഇന്ന്
പുറത്താക്കണമെന്ന് സുധാകരന്റെ ആവശ്യം

ന്യൂഡല്‍ഹി | പാര്‍ട്ടിയുടെ വിലക്ക് ലംഘിച്ച് സി പി എം സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിനെതിരെ എന്ത് നടപടി സ്വീകരിക്കുമെന്ന് ചര്‍ച്ച ചെയ്യാനായി എ ഐ സി സി അച്ചടക്ക സമിതി ഇന്ന് യോഗം ചേരും. എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ അച്ചടക്ക സമിതി എന്ത് നടപടി സ്വീകരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
കെ വി തോമസിനെതിരെ അടിയന്തര നടപടിയുണ്ടാകില്ലെന്നാണ് വിവരം കെ വി തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചേക്കും. തുടര്‍ന്ന് അദ്ദേഹം നല്‍കുന്ന മറുപടിക്ക് അനുസരിച്ചാകും തുടര്‍ നടപടി.
പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുന്നതടക്കമുള്ള ശക്തമായ നടപടി വേണമെന്നാണ് കെ പി സി സി ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. തോമസ് അച്ചടക്കം ലംഘിച്ചു എന്ന് കാട്ടി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ സോണിയ ഗാന്ധിക്ക് കത്ത് നല്‍കിയിരുന്നു. രാഷ്ട്രീയ തറവാടിത്തമില്ലായ്മയാണ് തോമസ് കാണിച്ചത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തത് മുന്‍ധാരണ പ്രകാരമുള്ള തിരക്കഥയാണെന്നും സുധാകരന്‍ കത്തില്‍ പറഞ്ഞിരുന്നു.