Connect with us

Kerala

എന്ത് നടപടി സ്വീകരിച്ചു; ഹേമ കമ്മിറ്റി റിപോര്‍ട്ടില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

സിനിമാ നയം രൂപീകരിക്കുന്നത് കുറ്റകൃത്യങ്ങള്‍ക്ക് പരിഹാരമാണോ എന്നും ഹൈക്കോടതിയിലെ പ്രത്യേക ബെഞ്ച് ചോദിച്ചു.

Published

|

Last Updated

കൊച്ചി | ഹേമ കമ്മിറ്റി റിപോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. റിപോര്‍ട്ട് വര്‍ഷങ്ങള്‍ക്ക് മുന്നേ കിട്ടിയിട്ടും അതില്‍ ഒന്നും ചെയ്യാതിരുന്നത് എന്തുകൊണ്ടെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി പ്രത്യേക ബെഞ്ച് ചോദിച്ചു. ബലാത്സംഗത്തിനും പോക്സോ കേസിനും നടപടിയെടുക്കാനുള്ള വസ്തുകള്‍ റിപ്പോര്‍ട്ടിലുണ്ട്.റിപോര്‍ട്ടിന്മേല്‍ നടപടിയെടുത്തില്ലെന്നത് ഏറെ് ആശ്ചര്യകരമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.റിപോര്‍ട്ടിന്റെ പൂര്‍ണരൂപം അന്വേഷണ സംഘത്തിന് കൈമാറാന്‍ കോടതി ഉത്തരവിട്ടു.

മുദ്ര വെച്ച കവറിലാണ് സര്‍ക്കാര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഹൈക്കോടതിക്ക് സമര്‍പ്പിച്ചത്.ഇത്തരം ഒരു പ്രധാന വിഷയത്തില്‍ ഇടപെടേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. കുറ്റകൃത്യങ്ങള്‍ വെളിച്ചത്തു വന്നിട്ടും നടപടിയില്ലാത്തത് എന്തു കൊണ്ടാണ്. സര്‍ക്കാര്‍ രാജ്യത്തെ നിയമം അനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടതെന്നും എന്തുകൊണ്ട് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെന്നും കോടതി ചോദിച്ചു. സ്ത്രീകളുടെ പ്രശ്നങ്ങളില്‍ നടപടിയെടുക്കാത്തത് അംഗീകരിക്കാനാകില്ല.സിനിമാ നയം രൂപീകരിക്കുന്നത് കുറ്റകൃത്യങ്ങള്‍ക്ക് പരിഹാരമാണോ എന്നും ഹൈക്കോടതിയിലെ പ്രത്യേക ബെഞ്ച് ചോദിച്ചു.

ജസ്റ്റിസുമാരായ എ.കെ ജയശങ്കര്‍ നമ്പ്യാരും സി.എസ് സുധയും ഉള്‍പ്പെട്ട രണ്ടംഗ ഡിവിഷന്‍ ബെഞ്ചാണ് റിപോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പരിശോധിക്കുന്നത്.റിപോര്‍ട്ട് അന്വേഷണ സംഘത്തിന് സര്‍ക്കാര്‍ കൈമാറണം.എഫ്ഐആര്‍ വേണോയെന്ന് റിപോര്‍ട്ട് പരിശോധിച്ച ശേഷം അന്വേഷണ സംഘം തീരുമാനിക്കണം. സ്വീകരിച്ച നടപടി എന്തെന്ന് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

 

Latest