Connect with us

Articles

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്തെടുക്കുകയാണ്?

നവകേരള സദസ്സില്‍ ലഭിച്ച ലക്ഷക്കണക്കിന് പരാതികള്‍ ഇവിടുത്തെ ഉദ്യോഗസ്ഥ തലത്തിലുള്ള കെടുകാര്യസ്ഥതയെയും പിടിപ്പുകേടിനെയുമാണ് അനാവരണം ചെയ്യുന്നത്. ഉദ്യോഗസ്ഥര്‍ വിചാരിച്ചാല്‍ എളുപ്പത്തില്‍ പരിഹരിക്കാന്‍ സാധിക്കുമായിരുന്ന പരാതികള്‍ പോലും നവകേരള സദസ്സിന് മുന്നിലെത്തിയെന്നറിയുമ്പോള്‍ ഉദ്യോഗസ്ഥ തലത്തിലെ സേവനങ്ങളില്‍ എത്ര വലിയ വീഴ്ചയാണ് സംഭവിക്കുന്നതെന്ന് വ്യക്തമാണ്.

Published

|

Last Updated

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നയിച്ച നവകേരള സദസ്സ് തിരുവനന്തപുരത്ത് സമാപിച്ചു. ഇനി സംസ്ഥാനം ഉറ്റുനോക്കുന്നത് നവകേരള സദസ്സിന്റെ പര്യടനം നടന്ന സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ലഭിച്ച പരാതികളില്‍ എത്രയെണ്ണത്തിന് പരിഹാരമുണ്ടാകുമെന്നതിനെ കുറിച്ചാണ്. എല്ലാ ജില്ലകളിലെയും കണക്കെടുക്കുമ്പോള്‍ മൊത്തം ആറര ലക്ഷത്തോളം പരാതികളാണ് നവകേരള സദസ്സുകളില്‍ ലഭിച്ചിരിക്കുന്നത്. ഈ പരാതികളില്‍ എത്രയെണ്ണത്തിന് പരിഹാരം കണ്ടുവെന്നത് സംബന്ധിച്ച ഔദ്യോഗിക കണക്ക് ഇതുവരെ പുറത്തുവന്നിട്ടില്ല. ഭൂരിഭാഗം പരാതികള്‍ക്കും പരിഹാരം കാണാന്‍ സാധിച്ചിട്ടില്ലെന്നും അതിന് ഇനിയും സാവകാശം വേണ്ടിവരുമെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കാസര്‍കോട് ജില്ല-14,232, കണ്ണൂര്‍-28,630, വയനാട്-18,823, കോഴിക്കോട്-45,892, മലപ്പുറം-81,354, പാലക്കാട്-64,204, തൃശൂര്‍-54,260, എറണാകുളം-40,318, ഇടുക്കി-42,234, കോട്ടയം-42,656, ആലപ്പുഴ-53,044, പത്തനംതിട്ട-23,616, കൊല്ലം-50,938, തിരുവനന്തപുരം-61,533 എന്നിങ്ങനെയാണ് കേരളത്തിലെ ജില്ലകള്‍ തിരിച്ചുള്ള പരാതികളുടെ കണക്ക്. ഓരോ ജില്ലയിലും ലഭ്യമായ പരാതികളുടെ തോത് പരിശോധിക്കുമ്പോള്‍ കുറച്ച് പരാതികള്‍ക്ക് മാത്രമേ പരിഹാരം കാണാന്‍ സാധിച്ചിട്ടുള്ളൂ. ഉദ്യോഗസ്ഥരുടെ കുറവും ജോലിഭാരവും മൂലം സമയബന്ധിതമായി പരാതികള്‍ പരിശോധിച്ച് പരിഹാരം കാണുന്നതിന് തടസ്സമാകുന്നുണ്ട്. എളുപ്പത്തില്‍ പരിഹാരം കാണാന്‍ സാധിക്കുന്ന പരാതികളില്‍ വേഗത്തില്‍ തീരുമാനമെടുക്കുമെന്നും അല്ലാത്ത പരാതികള്‍ തീര്‍പ്പാക്കാന്‍ കാലതാമസമുണ്ടാകുമെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. നിയമപ്രശ്‌നങ്ങള്‍ ഉള്ള പരാതികള്‍ക്കും ഏറെ കാലതാമസമുണ്ടാകും. പരിഹരിക്കാന്‍ കഴിയാത്ത പരാതികളില്‍ എന്ത് തീരുമാനമെടുക്കുമെന്നതും വെല്ലുവിളി തന്നെയാണ്.

ഓരോ പരാതികളും പരിശോധിച്ച് തരംതിരിച്ച് അതാത് വകുപ്പുകളിലേക്ക് അയക്കുന്നതിന് തന്നെ ഏറെ സമയവും സാവകാശവും വേണ്ടിവരുന്നുണ്ട്. നെറ്റ് വര്‍ക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും സാങ്കേതിക ബുദ്ധിമുട്ടുകളും പരാതികളുടെ സുഗമമായ കൈമാറ്റത്തിന് തടസ്സമാകുന്നുണ്ട്. ഇതിനിടെ വകുപ്പുമാറി പരാതികള്‍ അയക്കുന്നതും പ്രശ്‌നമായി മാറുന്നു. പരാതികള്‍ ബന്ധപ്പെട്ട അതാത് വകുപ്പുകള്‍ക്ക് തന്നെ കൈമാറുന്നതില്‍ ഉദ്യോഗസ്ഥ തലത്തില്‍ ജാഗ്രതക്കുറവുണ്ടാകുമ്പോള്‍ പഴി കേള്‍ക്കേണ്ടിവരുന്നത് സര്‍ക്കാറിനാണ്. സംസ്ഥാന ചീഫ് സെക്രട്ടറിക്കാണ് പരാതി പരിഹാരത്തിനുള്ള ഔദ്യോഗിക ചുമതല. ജില്ലാ തലത്തില്‍ കലക്ടര്‍മാര്‍ക്കാണ് ഇതിന്റെ മേല്‍നോട്ടമുള്ളത്. എന്നാല്‍ മറ്റ് ഉത്തരവാദിത്വങ്ങള്‍ക്കിടയില്‍ നവകേരള സദസ്സിലെ പരാതികളുടെ ചുമതല കൂടി ഏറ്റെടുക്കേണ്ടി വരുന്നത് കലക്ടര്‍മാര്‍ക്ക് ജോലിഭാരവും കടുത്ത മാനസിക സമ്മര്‍ദവുമുണ്ടാക്കുന്നു. ഈ സാഹചര്യത്തില്‍ കലക്ടര്‍മാരെ സഹായിക്കാന്‍ സ്‌പെഷ്യല്‍ ഓഫീസര്‍മാരെ നിയോഗിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഇക്കാര്യം സര്‍ക്കാര്‍ പരിഗണനയിലാണെങ്കിലും ഇതിനുവേണ്ട നടപടികളൊന്നും ഉണ്ടായിട്ടില്ല.

നവകേരള സദസ്സില്‍ ലഭിച്ച പരാതികളില്‍ നല്ലൊരു ശതമാനവും ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ടുള്ളതാണ്. അര്‍ഹതപ്പെട്ട ഗുണഭോക്താക്കളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ധനസഹായം ലഭിക്കാത്തതിനാല്‍ ആയിരക്കണക്കിന് ആളുകളുടെ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായിട്ടില്ല. സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതം എന്ന നിലയില്‍ പഞ്ചായത്തുകള്‍ക്ക് ഫണ്ട് ലഭിക്കാത്തതാണ് ലൈഫ് ഭവന പദ്ധതി മുടങ്ങാന്‍ കാരണം. നവകേരള സദസ്സില്‍ ഇതുസംബന്ധിച്ച് പരാതികള്‍ നല്‍കിയെങ്കിലും പരിഹാരം സംബന്ധിച്ച സൂചനകളൊന്നും തന്നെയില്ല. വിഷയം ഗ്രാമസഭകളില്‍ ഉന്നയിക്കണമെന്ന സന്ദേശമാണ് ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് ലഭിച്ചിരിക്കുന്നത്. ജപ്തി സംബന്ധമായ പരാതികള്‍ സഹകരണ സ്ഥാപനങ്ങള്‍ക്കാണ് കൈമാറിയിരിക്കുന്നത്.

നവകേരള സദസ്സില്‍ ലഭിച്ച ലക്ഷക്കണക്കിന് പരാതികള്‍ ഇവിടുത്തെ ഉദ്യോഗസ്ഥ തലത്തിലുള്ള കെടുകാര്യസ്ഥതയെയും പിടിപ്പുകേടിനെയുമാണ് അനാവരണം ചെയ്യുന്നത്. ആരോഗ്യ-ആഭ്യന്തര-വിദ്യാഭ്യാസ-റവന്യൂ- ഗതാഗത-സിവില്‍ സപ്ലൈസ്-വൈദ്യുതി- പൊതുമരാമത്ത്- ജലവിഭവ വകുപ്പുകളുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികളാണ് നവകേരള സദസ്സില്‍ ലഭിച്ചത്. ബാലാവകാശ-മനുഷ്യാവകാശ-സ്ത്രീ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികളും ലഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ വിചാരിച്ചാല്‍ എളുപ്പത്തില്‍ പരിഹരിക്കാന്‍ സാധിക്കുമായിരുന്ന പരാതികള്‍ പോലും നവകേരള സദസ്സിന് മുന്നിലെത്തിയെന്നറിയുമ്പോള്‍ ഉദ്യോഗസ്ഥ തലത്തിലെ സേവനങ്ങളില്‍ എത്ര വലിയ വീഴ്ചയാണ് സംഭവിക്കുന്നതെന്ന് വ്യക്തമാണ്. ബി പി എല്‍ കാര്‍ഡിന് അര്‍ഹതപ്പെട്ടവര്‍ക്ക് പോലും വര്‍ഷങ്ങളായി അത് നല്‍കാത്തതിനെതിരെയുള്ള പരാതികള്‍ പോലും നവകേരള സദസ്സില്‍ ലഭിച്ചിരുന്നു. സര്‍ക്കാര്‍ വകുപ്പുകളില്‍ അഴിമതിയും കൈക്കൂലി സമ്പ്രദായവും കൊടി കുത്തി വാഴുമ്പോള്‍ നിസ്സാര പരാതികള്‍ പോലും പരിഗണിക്കപ്പെടാതെ പോകുകയാണ്. മുമ്പ് പരാതികള്‍ അവഗണിച്ച വകുപ്പുദ്യോഗസ്ഥര്‍ക്ക് തന്നെയാണ് നവകേരള സദസ്സില്‍ നല്‍കിയ പരാതികളും കൈമാറിയതെന്ന ആക്ഷേപം ഉന്നയിക്കുന്നവര്‍ ഏറെയാണ്. ജനങ്ങളുടെ പരാതികളിലും അപേക്ഷകളിലും പരിഹാരം കാണാന്‍ സാധിക്കുമായിരുന്നിട്ടു കൂടിയും അതിന് തയ്യാറാകാതിരുന്ന ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ ശമ്പളം വാങ്ങി സ്വന്തം സുഖസൗകര്യങ്ങളും ആസ്തികളും വര്‍ധിപ്പിക്കാന്‍ മാത്രമായി സര്‍ക്കാര്‍ ജോലികളെ ദുരുപയോഗം ചെയ്യുകയായിരുന്നു. ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഉത്തരവാദിത്വം കൃത്യമായി നിര്‍വഹിച്ചിരുന്നുവെങ്കില്‍ ഇത്രയും പരാതികള്‍ നവകേരള സദസ്സില്‍ ലഭിക്കുമായിരുന്നില്ല. രാഷ്ട്രീയ താത്പര്യങ്ങളും വ്യക്തി താത്പര്യങ്ങളും വരെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ സേവനങ്ങളെ നിയന്ത്രിക്കുന്നുണ്ടെന്നത് യാഥാര്‍ഥ്യമാണ്. ഇത്തരക്കാരുടെ ഫയലുകളില്‍ പൊടിപിടിച്ച് കിടക്കുന്ന പരാതികള്‍ കാലങ്ങളായി വെളിച്ചം കാണാതെ കിടക്കുമ്പോള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി മടുത്ത ലക്ഷക്കണക്കിന് ആളുകളാണ് അവസാനത്തെ പ്രതീക്ഷയെന്ന നിലയില്‍ നവകേരള സദസ്സില്‍ പരാതി നല്‍കിയത്. സാധ്യമായ പരാതികളിലെല്ലാം പരിഹാരമുണ്ടാക്കുക എന്നതിനൊപ്പം കൃത്യവിലോപം കാണിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക എന്ന ആര്‍ജവവും സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണം.

 

Latest