Connect with us

Articles

പ്രതിപക്ഷ പ്രതീക്ഷകളെന്ത്?

അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ സ്വതന്ത്ര ഇന്ത്യയുടെ പതിനഞ്ചാമത്തെ രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു സ്ഥാനമേല്‍ക്കും. പക്ഷേ എത്ര വോട്ട് ഭരണപക്ഷത്തിന് എതിരായി ലഭിക്കും എന്നതിന് അനുസരിച്ചാണ് 2024ലേക്കുള്ള പ്രതിപക്ഷ പ്രതീക്ഷകള്‍ ബാക്കിയാകുക.

Published

|

Last Updated

ആദ്യം ഞങ്ങള്‍ ഒരു മുസ്‌ലിമിനെ രാഷ്ട്രപതിയാക്കി. പിന്നീട് ഞങ്ങള്‍ ഒരു ദളിതനെ അതേ കസേരയില്‍ ഇരുത്തി. ഇപ്പോഴിതാ ഞങ്ങള്‍ ഒരു ആദിവാസി വനിതയെ ഇന്ത്യയുടെ പ്രഥമ പൗരയാക്കി മാറ്റുകയാണ്. അബ്ദുല്‍ കലാമിനും രാംനാഥ് കോവിന്ദിനും ശേഷം ദ്രൗപതി മുര്‍മു ബി ജെ പിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി മാറുമ്പോള്‍ ഫോര്‍ത്ത് എസ്റ്റേസ്റ്റ് ക്ലബുകളില്‍ മുഴങ്ങി കേള്‍ക്കാന്‍ സാധ്യതയുള്ള പഞ്ച് ഡയലോഗാണിത്. ബി ജെ പിക്ക് തങ്ങളുടെ സ്ഥാനാര്‍ഥിയെ നേരത്തേ തന്നെ പ്രഖ്യാപിക്കാമായിരുന്നെങ്കിലും പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥി ആരെന്നറിയും വരെ സസ്‌പെന്‍സ് നിലനിര്‍ത്തി. അവസാനം പ്രതിപക്ഷ സ്ഥാനാര്‍ഥി പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കകം തന്നെ ബി ജെ പി അവരുടെ ചോയ്‌സ് ഏറ്റവും മികച്ചതാക്കി മാറ്റിയിരിക്കുകയാണ്. അതേ സമയം എന്‍ സി പി നേതാവ് ശരദ് പവാറിലേക്ക് പ്രതീക്ഷയോടെ നോക്കിയിരുന്ന പ്രതിപക്ഷത്തിന് സജീവ രാഷ്ട്രീയത്തില്‍ തുടരാനുള്ള പവാറിന്റെ തീരുമാനം തടസ്സമായിവന്നു. പിന്നീട് അടുത്ത ചോയ്‌സായി വന്ന മുന്‍ കശ്മീര്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുല്ലയും ഗാന്ധിയുടെ പേരമകനും മുന്‍ ബംഗാള്‍ ഗവര്‍ണറുമായ ഗോപാല്‍ കൃഷ്ണ ഗാന്ധിയും പിന്‍മാറിയതോടെയാണ് അവസാന ചോയ്‌സായി യശ്വന്ത് സിന്‍ഹയുടെ പേര് പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ മമതയുടെ സ്ഥാനാര്‍ഥി എന്ന മേല്‍വിലാസത്തില്‍ ഒരാള്‍ വരുന്നത് കോണ്‍ഗ്രസ്സിനും ഇടതുപക്ഷത്തിനും സ്വീകാര്യമായിരുന്നില്ല. അതിനാലാണ് പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് പുതിയ ദൗത്യം ഏറ്റെടുക്കുന്നുവെന്ന് യശ്വന്ത് സിന്‍ഹക്ക് പ്രഖ്യാപിക്കേണ്ടി വന്നത്. എന്നിരുന്നാലും സാമാന്യം തരക്കേടില്ലാത്ത ഒരു രാഷ്ട്രീയ മുഖം തന്നെ കണ്ടെത്താനായി എന്നത് 2024ലെ പ്രതിപക്ഷ ഐക്യ ശ്രമങ്ങള്‍ക്ക് കരുത്തു പകര്‍ന്നേക്കാവുന്ന ഒന്നാണ്.

17 പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത സ്ഥാനാര്‍ഥിയായാണ് സിന്‍ഹ ഇപ്പോള്‍ ചിത്രത്തിലുള്ളത്. യോഗത്തില്‍ പങ്കെടുത്തില്ലെങ്കിലും അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയും ചന്ദ്രശേഖര്‍ റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതിയും ശരദ് പവാറിനോട് പിന്തുണ അറിയിച്ചതായി സ്ഥാനാര്‍ഥി നിര്‍ണയ ശേഷം എന്‍ കെ പ്രേമചന്ദ്രന്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു. പക്ഷേ ഇത് സംബന്ധിച്ച് അതാത് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് ഔദ്യോഗിക പ്രതികരണങ്ങള്‍ വന്നിട്ടില്ല. എന്നിരുന്നാലും ഇതൊരു പ്രതീക്ഷ തന്നെയാണ്, തോല്‍ക്കാന്‍ ഏറെ സാധ്യതയുള്ള പോരാട്ടത്തിലും അത്ര സിംപിളായി വിട്ടുകൊടുക്കാന്‍ സമ്മതിക്കാത്ത പോരാട്ട വീര്യം തന്നെയാണ് അടുത്ത കാലത്തായി പ്രതിപക്ഷ മുന്നണിയില്‍ കാണുന്ന വലിയ പ്രതീക്ഷ.

സ്ഥാനാര്‍ഥിത്വം നിരസിച്ചുകൊണ്ടുള്ള ഗോപാല്‍ കൃഷ്ണ ഗാന്ധിയുടെ സ്റ്റേറ്റ്‌മെന്റാണ് പ്രതിപക്ഷത്തെ ഏറ്റവും കൂടുതല്‍ ചിന്തിപ്പിക്കേണ്ടിയിരുന്നത്. “വിഷയം ആഴത്തില്‍ പരിശോധിച്ചപ്പോള്‍ പ്രതിപക്ഷ സ്ഥാനാര്‍ഥി രാജ്യമൊന്നാകെ അംഗീകരിക്കപ്പെടുന്ന ഒരാളായിരിക്കണം എന്ന് ഞാന്‍ കാണുന്നു. എന്നേക്കാള്‍ നന്നായി ഇത് ചെയ്യാന്‍ കഴിയുന്ന മറ്റുള്ളവര്‍ ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നു’- അദ്ദേഹം പറഞ്ഞു. ഒരു ചാവേര്‍ സ്ഥാനാര്‍ഥിയെ കണ്ടെത്തുന്നതിന് പകരം വിജയം പിടിച്ചെടുക്കാന്‍ കഴിയുന്ന പവാറിനെപ്പോലെയുള്ള ഒരു നേതാവിനെയാണ് തിരഞ്ഞെടുക്കേണ്ടത് എന്നാണ് ഗോപാല്‍ ഗാന്ധി ഒര്‍മിപ്പിച്ചത്. പക്ഷേ ഇവിടെ അതുണ്ടായില്ല. ദുര്‍ബലമാകുമെങ്കിലും ഗോപാല്‍ ഗാന്ധി മത്സരിച്ചിരുന്നെങ്കില്‍ പ്രത്യയശാസ്ത്രപരമായി ഗോഡ്‌സെ-ഗാന്ധി ബൈനറിയെങ്കിലും അന്തരീക്ഷത്തിലുണ്ടാകുമായിരുന്നു. എന്നാല്‍ ഇവിടെ സ്ഥാനാര്‍ഥികളില്‍ രണ്ട് പേര്‍ക്കും സംഘ്പരിവാര്‍ മേല്‍വിലാസമുണ്ട് എന്നത് യാദൃച്ഛികത മാത്രമല്ല പുതിയ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിസന്ധി കൂടിയാണ്. നിലവില്‍ ഝാര്‍ഖണ്ഡ് ഗവര്‍ണറായ ദ്രൗപതി മുര്‍മു 2000 മുതല്‍ 2009 വരെ ഒഡീഷ അസംബ്ലിയില്‍ ബി ജെ പി അംഗവും 2000 മുതല്‍ 2004 വരെ ബി ജെ പി-ജെ ഡി യു സഖ്യ സര്‍ക്കാറില്‍ നവീന്‍ പട്‌നായിക് മന്ത്രിസഭയില്‍ അംഗവുമായിരുന്നു. സിവില്‍ സര്‍വീസില്‍ നിന്ന് രാജിവെച്ച് ജനതാ പാര്‍ട്ടിയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ പ്രതിപക്ഷ സ്ഥാനാര്‍ഥിയായ യശ്വന്ത് സിന്‍ഹ ചന്ദ്രശേഖര്‍, വാജ്‌പയ് മന്ത്രിസഭകളില്‍ ധനകാര്യവും വിദേശ കാര്യവും കൈകാര്യം ചെയ്തിട്ടുണ്ട്. വാജ്‌പയ്-അഡ്വാനി കാലത്ത് ബി ജെ പിയുടെ ദേശീയ മുഖമായിരുന്ന സിന്‍ഹ മോദി യുഗത്തില്‍ അഡ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും ഒപ്പം അരികുവത്കരിക്കപ്പെട്ട നേതാക്കളുടെ കൂട്ടത്തില്‍ പെട്ടയാളാണ്. അതുകൊണ്ട് തന്നെ ആ മോദി വിരുദ്ധതയാണ് 2018ല്‍ സിന്‍ഹയെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചതും. അതിനപ്പുറം ഒരു രാഷ്ട്രീയം സിന്‍ഹക്കില്ല എന്നിരുന്നാലും അദ്ദേഹം ഒരു ആര്‍ എസ് എസ് പശ്ചാത്തലത്തില്‍ നിന്ന് വന്ന ആളല്ല എന്നതാണ് ഏക ആശ്വാസം.

ഈ തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ഥി 55 ശതമാനത്തിന് മുകളില്‍ വോട്ട് പിടിക്കാതെ സൂക്ഷിച്ചാല്‍ തന്നെ അത് ഭാവിയില്‍ പ്രതിപക്ഷത്തിന് വലിയ ഊര്‍ജം ലഭിക്കുന്ന ഒന്നായി മാറും. മാത്രമല്ല പ്രതിപക്ഷ മുന്നണിയുടെ കെട്ടുറപ്പിനെ തന്നെ അത് ശക്തിപ്പെടുത്താന്‍ സഹായിക്കും. തോറ്റാലും ഈ കളിയില്‍ പോരാട്ടം അവസാനിക്കും മുമ്പേ തന്നെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാര പട്ടികയില്‍ ഏറെ മുന്നിലുള്ള ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് അവസാനം താരമാകാനിരിക്കുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ പ്രതിപക്ഷ കക്ഷികളെ ഒരുമിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്ന മമത തന്നെയാണ് തിരഞ്ഞെടുപ്പിനുള്ള പ്രതിപക്ഷ സംഘത്തെ നയിച്ചതും. കോണ്‍ഗ്രസ്സും ഇടതുപക്ഷവും അടക്കമുള്ള മുതിര്‍ന്ന പാര്‍ട്ടികളെയും ശരദ് പവാറിനെപ്പോലെയുള്ള സീനിയര്‍ നേതാക്കന്മാരെയും മമത ഡീല്‍ ചെയ്ത രീതി മമതയെ ഇപ്പോള്‍ ഒരു പാന്‍ ഇന്ത്യന്‍ പൊളിറ്റീഷ്യന്‍ എന്ന ഫെയിമിലേക്ക് ഉയര്‍ത്തുകയാണ്. നാഷനല്‍ ഹെറാള്‍ഡ് കേസില്‍ കുടുങ്ങിയ രാഹുല്‍ ഗാന്ധിയും കേസിലും ആരോഗ്യ പ്രശ്‌നങ്ങളിലുമായി പ്രയാസപ്പെടുന്ന സോണിയാ ഗാന്ധിയും ഇപ്പോള്‍ ഈ ചര്‍ച്ചകളുടെ താക്കോല്‍ സ്ഥാനത്തൊന്നുമില്ല. ആ ഗ്യാപ്പിലേക്കാണ് മമത കൗശലപൂര്‍വം വന്നിരുന്നത്. മമതയുടെ ഈ കരിഷ്മാറ്റിക് ലീഡര്‍ഷിപ്പ് തന്നെയാണ് തോല്‍ക്കുമെന്നുറപ്പായ പോരാട്ടത്തിലും പ്രതിപക്ഷത്ത് വലിയ മൂലധനമായി മാറുക.

2017നെ അപേക്ഷിച്ച് എന്‍ ഡി എക്ക് ഈ തിരഞ്ഞെടുപ്പ് അത്ര വലിയ ഭൂരിപക്ഷത്തില്‍ ജയിക്കാനാകില്ലെങ്കിലും നിലവില്‍ വലിയ വെല്ലുവിളികളെ അതിജീവിക്കേണ്ടി വരുന്നില്ല. വെറും രണ്ട് ശതമാനത്തിന് താഴെ വോട്ടിന്റെ കുറവ് മാത്രമാണ് ഇപ്പോഴുള്ളത്. വൈ എസ് ആര്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി നേരത്തേ തന്നെ ഭരണപക്ഷത്തിന് എതിരെ വോട്ട് ചെയ്യില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. അവര്‍ക്ക് മാത്രമായി 4.22 ശതമാനം വോട്ടുണ്ട്. ഒഡീഷക്കാരിയായ ദ്രൗപതി മുര്‍മുവിന്റെ സ്ഥാനാര്‍ഥിത്വത്തോടെ 2.94 ശതമാനം വോട്ട് വിഹിതമുള്ള നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാദളും ഇപ്പോള്‍ എന്‍ ഡി എക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒഡീഷയുടെ അഭിമാന നിമിഷം എന്നാണ് സ്ഥാനാര്‍ഥി നിര്‍ണയത്തോട് അദ്ദേഹം പ്രതികരിച്ചത്. റിട്ടയര്‍മെന്റിലേക്ക് അടുക്കുന്ന നവീന്‍ പട്‌നായിക്കിന് ശേഷം ഒഡീഷ പിടിച്ചടക്കാനുള്ള ബി ജെ പി തന്ത്രത്തിന്റെ ആദ്യ ചുവടുവെപ്പായും ഇതിനെ കാണാം.

രാഷ്ട്രപതി തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ ഭരണപക്ഷത്ത് ബി ജെ പി അധ്യക്ഷന്‍ ജെ പി നഡ്ഡയെയും രാജ്‌നാഥ് സിംഗിനെയുമാണ് പാര്‍ട്ടി ചുമതല ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ വോട്ടുറപ്പിക്കാന്‍ ഗജേന്ദ്ര സിംഗ് ഷെഖാവത്ത് അധ്യക്ഷനായ 14 അംഗ സമിതിയെയാണ് ഇപ്പോള്‍ തിരഞ്ഞെടുത്തിട്ടുള്ളത്. അതേസമയം പ്രതിപക്ഷത്ത് മമതയും പവാറും തന്നെയാണ് കാര്യമായി പണിയെടുക്കുന്നത്. ഇവിടെയാണ് ആസൂത്രണത്തിലും പ്രവര്‍ത്തനത്തിലും പ്രതിപക്ഷത്തേക്കാള്‍ ഭരണപക്ഷം ഏറെ മുന്നിലാകുന്നത്.

പ്രതിപക്ഷം അതിജീവനത്തിനായി പോരാടുമ്പോള്‍ അത്ര പ്രാധാന്യമില്ലാത്ത രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പോലും തങ്ങളുടെ സാമ്രാജ്യം വികസിപ്പിക്കാന്‍ കാണിക്കുന്ന മോദി-അമിത് ഷാ ദ്വന്ദത്തിന്റെ തന്ത്രങ്ങളും ജാഗ്രതയുമാണ് പ്രതിപക്ഷം പിന്നാക്കം പോകുന്നതിന് പ്രധാന കാരണം. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ കുതിരക്കച്ചവടത്തിലൂടെ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ച് കോണ്‍ഗ്രസ്സ്-ശിവസേന-എന്‍ സി പി സര്‍ക്കാറിനെ താഴെ ഇറക്കാന്‍ ശ്രമിക്കുന്ന ബി ജെ പിയുടെ തന്ത്രം രാഷ്ട്രപതി തിരഞ്ഞെടുപ്പിലും പ്രതിപക്ഷത്തെ പ്രതിസന്ധിയിലാക്കുക എന്ന ശ്രമത്തിന്റെ ഭാഗമാണ്. ഇപ്പോള്‍ മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി പ്രതിപക്ഷത്തിന്റെ ഊര്‍ജം ചോര്‍ത്തിയെടുക്കാനുള്ള ഏറ്റവും വലിയ ആയുധവുമാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പിന് പ്രതിപക്ഷത്തെ മുന്നില്‍ നിന്ന് നയിക്കുന്ന പവാറിന് ഒരേ സമയം രാഷ്ട്രപതി തിരഞ്ഞെടുപ്പിന് വേണ്ടിയും മഹാരാഷ്ട്രയിലെ പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് വേണ്ടിയും ഓടേണ്ടി വരും എന്നതാണ് ഈ സമയത്ത് ഇങ്ങനെയൊരു പ്രശ്‌നം ഉണ്ടാക്കി തീര്‍ത്തതിന് പിന്നിലുള്ള പ്രധാന ബുദ്ധി. ഈ രാഷ്ട്രീയ തന്ത്രങ്ങള്‍ക്ക് പകരം വെക്കാന്‍ പ്രതിപക്ഷത്ത് ആളില്ല എന്നതാണ് ജനാധിപത്യ ഇന്ത്യ ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ സ്വതന്ത്ര ഇന്ത്യയുടെ പതിനഞ്ചാമത്തെ രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു സ്ഥാനമേല്‍ക്കും. പക്ഷേ എത്ര വോട്ട് ഭരണപക്ഷത്തിന് എതിരായി ലഭിക്കും എന്നതിന് അനുസരിച്ചാണ് 2024ലേക്കുള്ള പ്രതിപക്ഷ പ്രതീക്ഷകള്‍ ബാക്കിയാകുക.

Latest