Connect with us

Editorial

കൊല്‍ക്കത്ത സംഭവവും രോഗികളും തമ്മിലെന്ത്?

രാജ്യത്തിന്റെ ഏതെങ്കിലുമൊരു ഭാഗത്ത് ഒരു ഡോക്ടര്‍ ആക്രമിക്കപ്പെട്ടതിന്റെ പേരില്‍ രാജ്യവ്യാപകമായി പണിമുടക്ക് നടത്തി രോഗികളെ പ്രയാസപ്പെടുത്തുന്ന നിലപാട് ശരിയല്ല. കേരളത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഇന്നലെ സംസ്ഥാന വ്യാപകമായി പണിമുടക്കി. തൊഴിലുമായി ബന്ധപ്പെട്ടതല്ല കൊല്‍ക്കത്തയിലെ വനിതാ ഡോക്ടര്‍ക്കെതിരെ നടന്ന ലൈംഗിക പീഡനവും കൊലപാതകവും.

Published

|

Last Updated

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങി ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങള്‍ രാജ്യത്ത് വര്‍ധിച്ചു വരികയാണ്. കൊല്‍ക്കത്തയില്‍ ആര്‍ജി കാര്‍ മെഡി. കോളജ് വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം അരങ്ങേറുന്നതിനിടെയാണ് ഉത്തരാഖണ്ഡില്‍ നഴ്‌സിനെ ബലാത്സംഗം ചെയ്തു കൊന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നത്. സൈനികത്താവളത്തിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന 33കാരിയായ നഴ്‌സാണ് ജൂലൈ 31ന് ജോലി കഴിഞ്ഞു മടങ്ങവെ ബലാത്സംഗത്തിനിരയാകുകയും കൊല്ലപ്പെടുകയും ചെയ്തത്. ഒരാഴ്ച കഴിഞ്ഞ് ആഗസ്റ്റ് എട്ടിന് നഴ്‌സിന്റെ മൃതദേഹം ഉത്തര്‍ പ്രദേശിലെ ദിബ്ദിബ പ്രദേശത്ത് നിന്ന് കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. നഴ്‌സിന്റെ കാണാതായ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ രാജസ്ഥാനില്‍ നിന്ന് പ്രതിയെ പിടികൂടുകയും ചെയ്തു. ബലാത്സംഗത്തിനു ശേഷം പ്രതി സ്‌കാര്‍ഫ് ഉപയോഗിച്ചാണ് ഇരയെ കൊന്നതെന്നാണ് പോലീസ് പറയുന്നത്. ഒരു വര്‍ഷം മുമ്പാണ് കേരളത്തില്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഒരു അക്രമിയുടെ കുത്തേറ്റ് ഡോ. വന്ദനാദാസ് പിടഞ്ഞു മരിച്ചത്. കേരളത്തില്‍ ഒരു വര്‍ഷം ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ 80 അതിക്രമ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നതായി ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ പറയുന്നു.

ഇന്ത്യയിലോ അവികസിത-വികസ്വര രാജ്യങ്ങളിലോ മാത്രം നടക്കുന്നതല്ല, ഒരാഗോള പ്രതിഭാസമാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍. അമേരിക്ക, ചൈന തുടങ്ങി ലോകത്തെ എല്ലാ രാജ്യങ്ങളിലും അതിക്രമങ്ങള്‍ക്ക് വിധേയരാകുന്നുണ്ട് ഡോക്ടര്‍മാരും മറ്റു ആരോഗ്യ പ്രവര്‍ത്തകരും. ഒരു പഠന പ്രകാരം ചൈനയില്‍ 85, ഇന്ത്യയില്‍ 75, അമേരിക്കയില്‍ 47 ശതമാനം ഡോക്ടര്‍മാരാണ് ജോലി സ്ഥലത്ത് അക്രമത്തിനോ ശകാരത്തിനോ അധിക്ഷേപത്തിനോ വിധേയരാകുന്നത്. അതിക്രമത്തിന്റെ 39 ശതമാനവും ഗൈനക്കോളജി വിഭാഗത്തിലും 30 ശതമാനം ശസ്ത്രക്രിയ വിഭാഗത്തിലും 27 ശതമാനം മെഡിസിനിലും നാല് ശതമാനം മറ്റു ഡിപാര്‍ട്ട്‌മെന്റുകളിലുമാണ്. ഇന്ത്യയില്‍ 60 ശതമാനത്തിലേറെ ഡോക്ടര്‍മാര്‍ രോഗികളില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ നേരിട്ടേക്കാവുന്ന അക്രമത്തെക്കുറിച്ച് ഭീതിയോടെയാണ് ജോലി ചെയ്യുന്നതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ ഇതിനിടെ നടത്തിയ ഒരു പഠനം വെളിപ്പെടുത്തുന്നു.

ചികിത്സയില്‍ ഡോക്ടര്‍മാര്‍ക്ക് സംഭവിക്കുന്ന പിഴവുകള്‍, സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തത രോഗികളിലും ബന്ധുക്കളിലും സൃഷ്ടിക്കുന്ന നിരാശ, പൊതു ആശുപത്രികളിലെ രോഗികളുടെ എണ്ണക്കൂടുതല്‍ കാരണം ഡോക്ടര്‍മാരും രോഗികളും തമ്മിലുള്ള ആശയവിനിമയത്തിലെ കുറവ്, അനുദിനം വര്‍ധിക്കുന്ന ചികിത്സാ ചെലവുകള്‍ രോഗികളില്‍ സൃഷ്ടിക്കുന്ന പ്രതിഷേധം, വ്യക്തിപരവും ആശയവിനിമയപരവുമായ ഡോക്ടറുടെ കഴിവില്ലായ്മ, ആശുപത്രികളുടെയും ഡോക്ടര്‍മാരുടെയും ലാഭക്കൊതി, ചികിത്സക്കിടെയുള്ള രോഗികളുടെ മരണത്തെക്കുറിച്ച് മാധ്യമങ്ങളുടെ ഊതിപ്പെരുപ്പിച്ച സെന്‍സേഷനല്‍ റിപോര്‍ട്ടുകള്‍ തുടങ്ങിയവയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് കാരണമായി വിലയിരുത്തപ്പെടുന്നത്.

നിര്‍ഭയമായി ജോലി ചെയ്യാനുള്ള സാഹചര്യം ആരോഗ്യ രംഗത്ത് അനിവാര്യമാണ്. രോഗികളില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ഉണ്ടായേക്കാവുന്ന അതിക്രമത്തെക്കുറിച്ചുള്ള ഭീതി ആരോഗ്യ പ്രവര്‍ത്തകരുടെ ജോലിയുടെ ഗുണനിലവാരത്തെ തന്നെ ബാധിക്കാനിടയുണ്ട്. ഇതിനു തടയിടേണ്ടത് അനിവാര്യമാണ്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെ പുറപ്പെടുവിച്ച ഉത്തരവ് സ്വാഗതാര്‍ഹമാണ്. ഡ്യൂട്ടിയിലുള്ള ഏതെങ്കിലും ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം നടന്നാല്‍ ആറ് മണിക്കൂറിനകം എഫ് ഐ ആര്‍ ഫയല്‍ ചെയ്യാന്‍ സ്ഥാപനം ബാധ്യസ്ഥരായിരിക്കുമെന്നാണ് ഈ ഉത്തരവില്‍ പറയുന്നത്. മാത്രമല്ല, കൊല്‍ക്കത്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അഞ്ച് വര്‍ഷം മുമ്പ് തയ്യാറാക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്ത “ഹെല്‍ത്ത് കെയര്‍ സര്‍വീസ് പേഴ്‌സനല്‍ ആന്‍ഡ് ക്ലീനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്ബില്ല്’ പുനഃപരിശോധിക്കാന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചതായും റിപോര്‍ട്ടുണ്ട്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കലുകള്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തുടങ്ങി ആരോഗ്യ സംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്നതിനുള്ള വ്യവസ്ഥകളും, ക്ലിനിക്കല്‍ സ്ഥാപനങ്ങളുടെ സ്വത്തുക്കള്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്തിയാല്‍ അത് പരിഹരിക്കുന്നതിനുള്ള വ്യവസ്ഥകളും അടങ്ങുന്നതാണ് ഈ ബില്ല്. 2019ല്‍ ആരോഗ്യ മന്ത്രാലയം തയ്യാറാക്കിയ ബില്ല് ആഭ്യന്തര മന്ത്രാലയത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഉപേക്ഷിക്കപ്പെട്ടത്.

അതേസമയം രാജ്യത്തിന്റെ ഏതെങ്കിലുമൊരു ഭാഗത്ത് ഒരു ഡോക്ടര്‍ ആക്രമിക്കപ്പെട്ടതിന്റെ പേരില്‍ രാജ്യവ്യാപകമായി പണിമുടക്ക് നടത്തി രോഗികളെ പ്രയാസപ്പെടുത്തുന്ന നിലപാട് ശരിയല്ല. കൊല്‍ക്കത്തയില്‍ വനിതാ ട്രെയിനി ഡോക്ടര്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ഐ എം എ. കേരളത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഇന്നലെ സംസ്ഥാന വ്യാപകമായി പണിമുടക്കി. മെഡിക്കല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് അസ്സോസിയേഷന്റെ (കെ എം പി ജി എ) ആഹ്വാന പ്രകാരമായിരുന്നു കേരളത്തിലെ പണിമുടക്ക്.

കൊല്‍ക്കത്ത സംഭവവും രാജ്യത്തെ പാവപ്പെട്ട രോഗികളും തമ്മിലെന്ത് ബന്ധം? തൊഴിലുമായി ബന്ധപ്പെട്ടതല്ല വനിതാ ഡോക്ടര്‍ക്കെതിരെ നടന്ന ലൈംഗിക പീഡനവും കൊലപാതകവും. രാജ്യത്ത് വര്‍ധിച്ചു വരുന്ന ലൈംഗികാതിക്രമത്തിന്റെ ഭാഗമായുള്ളതാണ്. കേസിലെ പ്രതിയെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു കഴിഞ്ഞു. ഹൈക്കോടതിയുടെ ഇടപെടലില്‍ കേസന്വേഷണം കേന്ദ്ര അന്വേഷണ ഏജന്‍സി സി ബി ഐ ഏറ്റെടുക്കുകയും ചെയ്തു. എന്നിട്ടും രോഗികള്‍ക്ക് ഒരു ദിവസത്തെ ചികിത്സ നിഷേധിച്ച് ഇങ്ങനെയൊരു സമരം നടത്തുന്നതിന്റെ ന്യായീകരണമെന്താണ്?

Latest