Connect with us

Editorial

അക്രമി രാഷ്ട്രത്തിന് എന്തുമാകാമെന്നോ

ഹിസ്ബുല്ല പ്രവര്‍ത്തകര്‍ ആശയവിനിമയത്തിന് ഉപയോഗിച്ചു വരുന്ന പേജറുകള്‍ പൊട്ടിത്തെറിച്ച് ആളുകള്‍ മരിക്കുന്നുവെന്നത് സാങ്കേതികവിദ്യയെ എങ്ങനെ സംഹാര ഉപാധിയാക്കാമെന്നതിന്റെ ഏറ്റവും ഭയാനകമായ നിദര്‍ശനമാണ്.

Published

|

Last Updated

‘ഭാഗികമായ ജൂത രാഷ്ട്രം ഒരവസാനമല്ല. അത് ഒരു തുടക്കം മാത്രമാണ്. രാജ്യത്തിന്റെ പരിസര ഭാഗങ്ങളിലേക്ക് കുടിയേറിപ്പാര്‍ക്കുന്നതില്‍ നിന്ന് നമ്മെ തടയാന്‍ ആര്‍ക്കും സാധിക്കില്ല’- ഡേവിഡ് ബെന്‍ ഗൂറിയന്‍ 1936 ഒക്ടോബര്‍ 13ന് സയണിസ്റ്റ് യോഗത്തില്‍ പറഞ്ഞ വാക്കുകളാണിത്. ഇസ്റാഈല്‍ രാഷ്ട്രം പാശ്ചാത്യ പിന്തുണയോടെ നിര്‍മിച്ചെടുത്തപ്പോള്‍ ആദ്യ പ്രധാനമന്ത്രിയായ സയണിസ്റ്റ് നേതാവാണ് ബെന്‍ ഗൂറിയന്‍. ഇസ്റാഈലിന്റെ അതിര്‍ത്തി വ്യാപന സ്വപ്നം കുറേക്കൂടി വ്യക്തമായി 1938ല്‍ അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി. ‘നാം ആഗ്രഹിക്കുന്ന അതിരുകള്‍ തെക്കന്‍ ലബനാനും തെക്കന്‍ സിറിയയും ഇപ്പോഴത്തെ ജോര്‍ദാനും പടിഞ്ഞാറന്‍ തീരം മുഴുവനായും സിനായും ഉള്‍പ്പെടുന്നതാണ്’. ഇസ്റാഈല്‍ നിലവില്‍ വന്ന ശേഷം ബെന്‍ഗൂറിയന്‍ പറഞ്ഞത് ഇങ്ങനെയാണ്: രാഷ്ട്രം സ്ഥാപിച്ചതിന്റെ ഫലമായി നാം കരുത്തുറ്റ ഒരു ശക്തിയായി തീര്‍ന്ന ശേഷം വിഭജനം വേണ്ടെന്നു വെക്കുകയും ഫലസ്തീനിലേക്ക് മുഴുവനുമായി വ്യാപിക്കുകയും ചെയ്യും. സയണിസമെന്ന ലക്ഷ്യ പൂര്‍ത്തീകരണത്തിലെ ഒരു ഘട്ടം മാത്രമാണ് ഈ രാഷ്ട്രം. നമ്മുടെ വ്യാപനത്തിന് കളമൊരുക്കുകയാണ് രാഷ്ട്രത്തിന്റെ ദൗത്യം. ഈ രാഷ്ട്രം അതിന്റെ വ്യവസ്ഥ കാത്തു സൂക്ഷിക്കേണ്ടത് ആശയപ്രചാരണത്തിലൂടെയല്ല, മറിച്ച് യന്ത്രത്തോക്കുകള്‍ കൊണ്ടാണ്’.

ഗസ്സയിലും വെസ്റ്റ്ബാങ്കിലും ഇസ്റാഈല്‍ തുടരുന്ന കൂട്ടക്കുരുതിയും ലബനാനിലും ഇറാനിലും സിറിയയിലുമെല്ലാം നടത്തുന്ന ആക്രമണങ്ങളും അനുബന്ധ കുതന്ത്രങ്ങളുമെല്ലാം ബെന്‍ഗൂറിയന്‍ സ്വപ്നത്തിലേക്കുള്ള ചുവടുവെപ്പുകളാണ്. ഇതെല്ലാം ഹമാസിന്റെ ഒക്ടോബര്‍ ഏഴ് പ്രത്യാക്രമണത്തിന്റെ ദുരന്തഫലമാണെന്ന നുണ പ്രചാരണമാണ് വര്‍ഗീയവാദികളും സയണിസ്റ്റ് പക്ഷപാതികളും നടത്തുന്നത്. എന്നാല്‍ അല്‍പ്പമെങ്കിലും ചരിത്ര ബോധമുള്ള ഒരാളും ഈ വാദം മുഖവിലക്കെടുക്കില്ല. കാരണം, ഇസ്റാഈല്‍ രൂപവത്കരണത്തിന് പതിറ്റാണ്ടുകള്‍ മുമ്പ് തന്നെ തുടങ്ങിയ അധിനിവേശ തന്ത്രങ്ങള്‍ രാഷ്ട്രം നിലവില്‍ വന്ന ശേഷവും നിര്‍ബാധം തുടരുകയായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ജൂത രാഷ്ട്രം ഒരിക്കല്‍ പോലും ആക്രമണത്തിന് അവധി കൊടുത്തിട്ടില്ല.

ഏറ്റവും ഒടുവില്‍ ലബനാനില്‍ പേജറുകളും വാക്കി ടോക്കികളും പൊട്ടിത്തെറിച്ച് മനുഷ്യര്‍ മരിക്കുന്നതിന് പിന്നിലും ഇസ്റാഈല്‍ ചാര സംഘടനയായ മൊസാദ് ആണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഹിസ്ബുല്ല പ്രവര്‍ത്തകര്‍ ആശയവിനിമയത്തിന് ഉപയോഗിച്ചു വരുന്ന പേജറുകള്‍ പൊട്ടിത്തെറിച്ച് ആളുകള്‍ മരിക്കുന്നുവെന്നത് സാങ്കേതിക വിദ്യയെ എങ്ങനെ സംഹാര ഉപാധിയാക്കാമെന്നതിന്റെ ഏറ്റവും ഭയാനകമായ നിദര്‍ശനമാണ്. മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന് കണ്ടത് കൊണ്ടാണത്രെ ഹിസ്ബുല്ലക്കാര്‍ പേജറുകളിലേക്കും വാക്കി ടോക്കികളിലേക്കും തിരിഞ്ഞത്. തായ്വാന്‍ കമ്പനിയായ ഗോള്‍ഡ് അപ്പോളോയുടെ മുദ്രയുള്ള പേജറുകള്‍ നിര്‍മിച്ചത് ഹംഗറിയിലാണ്. ഇവ പൊട്ടിത്തെറിക്കുന്നതെങ്ങനെയെന്നതിന് രണ്ട് ഉത്തരങ്ങളാണ് വിദഗ്ധര്‍ മുന്നോട്ട് വെക്കുന്നത്. പേജറുകളിലെ ആന്തരിക സംവിധാനം ഹാക്ക് ചെയ്ത്, വിദൂര നിയന്ത്രിത സംവിധാനം ഉപയോഗിച്ച് ബാറ്ററി ചൂടാക്കി പൊട്ടിത്തെറി സൃഷ്ടിച്ചുവെന്നതാണ് ഒരു നിഗമനം. എന്നാല്‍ ഇത് മനുഷ്യരെ കൊല്ലാന്‍ പോന്ന സ്ഫോടനം സൃഷ്ടിക്കാന്‍ പര്യാപ്തമാകില്ല. പേജറുകളില്‍ നിര്‍മാണ സമയത്ത് തന്നെ സ്ഫോടക വസ്തു നിക്ഷേപിക്കുന്നുവെന്നാണ് മറ്റൊരു നിഗമനം. ഇതിനാണ് കൂടുതല്‍ സാധ്യത. അങ്ങനെയാണെങ്കില്‍ ഈ സ്ഫോടനങ്ങളില്‍ ഒന്നിലേറെ രാജ്യങ്ങളുടെ ഗൂഢാലോചനയുണ്ട്. എങ്ങനെയായാലും, ഇത്തരം ഗൂഢ പദ്ധതികള്‍ നടപ്പാകുമ്പോള്‍ മനുഷ്യന്റെ സുരക്ഷിതത്വത്തിന് യാതൊരു വിലയുമില്ലെന്ന ഭീകര സത്യമാണ് ഊട്ടിയുറപ്പിക്കപ്പെടുന്നത്. അക്രമി രാഷ്ട്രത്തിന് മറഞ്ഞിരുന്ന് ആരെയും കൊല്ലാം. ആരുമില്ല ചോദിക്കാന്‍. യു എന്നടക്കമുള്ള സംവിധാനങ്ങള്‍ക്ക് എന്ത് വിലയാണുള്ളത്.

ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയെ തെഹ്റാനില്‍ വധിച്ചതിന് പിന്നിലും മൊസാദാണ്. അതിനും മുമ്പ് ഇറാന്‍ പ്രസിഡന്റ് ഇബ്റാഹീം റഈസി കോപ്റ്റര്‍ അപകടത്തില്‍ മരിച്ചതും സംശയാസ്പദമാണ്. സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിലെ ഇറാന്‍ എംബസിയും ഇസ്റാഈല്‍ ആക്രമിച്ചു. ഗസ്സയില്‍ പനിനായിരക്കണക്കിന് നിരപരാധരായ മനുഷ്യരെ കൊന്നുവെന്നല്ലാതെ പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നും നേടാത്ത നെതന്യാഹു ഭരണകൂടം ആഭ്യന്തര വിമര്‍ശം മറികടക്കാന്‍ യുദ്ധവ്യാപനത്തിലേക്ക് എടുത്തു ചാടുകയാണ്. പരമാവധി പ്രകോപനം സൃഷ്ടിക്കുക, ഇറാനെയും ലബനാനെയും സിറിയയെയും ഇറാഖിനെയുമൊക്കെ യുദ്ധമുഖത്തേക്ക് ഇറക്കുക. ഇതാണ് നീക്കം. പേജര്‍ സ്ഫോടനങ്ങള്‍ പ്രകോപനപരമായ ഭീകരാക്രമണമാണെന്ന് റഷ്യന്‍ വിദേശകാര്യ വക്താവ് മരിയ സഖറോവ പറഞ്ഞത് ഈ അര്‍ഥത്തിലാണ്.

ലബനാനെ അഥവാ ഹിസ്ബുല്ലയെ ആക്രമിച്ചപ്പോഴെല്ലാം ഇസ്റാഈലിന് കനത്ത തിരിച്ചടി കിട്ടിയ ചരിത്രമാണുള്ളത്. ഹിസ്ബുല്ല ഒരേസമയം ഒരു മത സംഘവും (ശിയാ), രാഷ്ട്രീയ കക്ഷിയും, സായുധ സംഘവുമാണ്. ഹമാസിനേക്കാള്‍ ആയുധ, ആള്‍ ബലവുമുണ്ട് ഇക്കൂട്ടര്‍ക്ക്. 1982ല്‍ തുടങ്ങിയ ഒന്നാം ലബനീസ് യുദ്ധത്തില്‍ ഇസ്റാഈല്‍ സേന തോറ്റ് പിന്‍വാങ്ങുകയാണ് ചെയ്തത്. 2006 ജൂണില്‍ മറ്റൊരു യുദ്ധം കൂടിയുണ്ടായി. അതേ വര്‍ഷം ആഗസ്റ്റില്‍ യു എന്‍ രക്ഷാ സമിതി പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ വെടിനിര്‍ത്തല്‍ വന്നു. അന്ന് ഇരുകൂട്ടരും വിജയം അവകാശപ്പെട്ടെങ്കിലും ഇസ്റാഈല്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ തന്നെ അതിനെ ‘നഷ്ടപ്പെട്ട അവസര’മെന്നാണ് വിശേഷിപ്പിച്ചത്.

ഇത്തവണ ലബനാനുമായി സമ്പൂര്‍ണ യുദ്ധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ അയല്‍ രാജ്യമായ സൈപ്രസില്‍ നിന്നാകും ഇസ്റാഈല്‍ ആയുധങ്ങള്‍ പ്രയോഗിക്കുകയെന്ന് റിപോര്‍ട്ടുണ്ട്. അങ്ങനെയെങ്കില്‍ യൂറോപ്യന്‍ രാജ്യമായ സൈപ്രസിലേക്കും ഹിസ്ബുല്ലയുടെ ആക്രമണമുണ്ടാകും. അതോടെ യുദ്ധം മറ്റൊരു തലത്തിലേക്ക് നീങ്ങും. സ്വാഭാവികമായും ഇറാനുമിറങ്ങും. മേഖലയെ മാത്രമല്ല ലോകത്തെയാകെ കടുത്ത കെടുതിയിലേക്ക് നയിക്കുന്ന ദുരന്തമാകും സംഭവിക്കുക. ഇതൊന്നും നെതന്യാഹുവിനോ അദ്ദേഹത്തെ പിന്തുണക്കുന്ന യു എസിനോ പ്രശ്നമല്ല. ഈ പ്രശ്നങ്ങളുടെയെല്ലാം അടിസ്ഥാന കാരണം ഫലസ്തീനിലെ ഇസ്റാഈല്‍ അധിനിവേശ ആക്രമണമാണ്. അത് അവസാനിപ്പിച്ച് കൊണ്ട് മാത്രമേ യഥാര്‍ഥ പരിഹാരത്തിലേക്ക് സഞ്ചരിക്കാനാകൂ.

 

Latest