Kerala
കേന്ദ്രത്തിന് കേരളത്തോട് എന്തുമാകാമെന്ന നിലപാട്; ബജറ്റ് അവഗണനക്കെതിരെ മുഖ്യമന്ത്രി
സംസ്ഥാനത്തിന്റെ ഭാഗമാകേണ്ടവര്‍ വികടന്യായങ്ങള്‍ പറയുന്നുവെന്ന് ജോര്‍ജ് കുര്യനെതിരെ പരോക്ഷ പരാമര്‍ശം
കണ്ണൂര്‍ | കേന്ദ്ര ബജറ്റില്‍ കേരളത്തെ തഴഞ്ഞതില്‍ അമര്‍ഷവും പ്രതിഷേധവും രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തോട് എന്തുമാകാമെന്ന നിലപാടാണ് കേന്ദ്രത്തിനെന്ന് അദ്ദേഹം പറഞ്ഞു. സി പിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കേന്ദ്രം ഭരിക്കുന്ന ബി ജെ പി സര്‍ക്കാര്‍ കേരളത്തെ അവഗണിക്കുന്നതില്‍ വലിയ പ്രതിഷേധം രേഖപ്പെടുത്തേണ്ടതുണ്ട്. ഒരു സംസ്ഥാനത്തിന് അവകാശപ്പെട്ടതാണ് നിഷേധിക്കുന്നത്. കേരളം പ്രതീക്ഷിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. എന്നാല്‍ എല്ലാത്തിലും പൂര്‍ണ അവഗണനയാണ് നേരിടുന്നത്.
എയിംസ് ഇതുവരെ കേരളത്തിന് നല്‍കിയില്ല. വിഴിഞ്ഞം തുറമുഖത്തിന് ഒരു സഹായവും നല്‍കിയില്ല. വയനാടിന്റെ കാര്യത്തിലും യാതൊരു പ്രഖ്യാപനവും നടത്തിയില്ല. വന്യജീവി സംഘര്‍ഷം ഇല്ലാതാക്കാനുള്ള സഹായം ചോദിച്ചിട്ടും കേട്ട ഭാവമില്ല. സംസ്ഥാനത്തിന്റെ ഭാഗമാകേണ്ടവര്‍ വികടന്യായങ്ങള്‍ പറയുന്നു. എന്തും പറയാമെന്നാണോയെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്റെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി വിമര്‍ശിച്ചു.