Connect with us

articles

ഖുൽദാബാദിലെ ആ ഖബ്റിടത്തിൽ ഹിന്ദുത്വർക്ക് എന്താണുകാര്യം?

നെഹ്‌റുവിനെ പുറന്തള്ളുന്ന ഹിന്ദുത്വ ചരിത്രകാരന്മാർ ഗോഡ്സെക്ക് പരവതാനി വിരിക്കുന്നത് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു. ഗാന്ധിയെ പുറത്തുനിർത്തി സവർക്കറെ ആനയിച്ചുകൊണ്ടുവരുന്നു. ഈ അപനിർമിതിയുടെ പുതിയ ഇരയാണ് ഔറംഗസീബ്. ഇത് ഔറംഗസീബിൽ നിൽക്കുകയുമില്ല. സ്വന്തം ഖബ്റുകളിൽ അന്തിയുറങ്ങുന്ന എത്രയോ മുസ്്ലിംകൾ ഇനിയും വേട്ടയാടപ്പെടാനിരിക്കുന്നു. കുഴിമാടങ്ങളെപ്പോലും ഭയക്കുന്ന ഭീരുത്വത്തിന്റെ പിത്തലാട്ടങ്ങളാണ് കഴിഞ്ഞ ദിവസം നാഗ്പൂരിൽ കണ്ടത്.

Published

|

Last Updated

എന്തിനാണിപ്പോൾ ഹിന്ദുത്വ ശക്തികൾ ഔറംഗസീബിനെതിരെ പടക്കിറങ്ങുന്നത്? 1707ൽ മരണപ്പെട്ട ആ മുഗൾ ഭരണാധികാരിയുടെ ഖബറിടം എന്തിന് വർഗീയവാദികളെ അലോസരപ്പെടുത്തണം? എന്തിന് പുരാവസ്തു വകുപ്പ് ആ സ്മൃതികുടീരം തകരഷീറ്റുകൾ കൊണ്ട് മറയ്ക്കണം? ഔറംഗസീബിന്റെ ഖബറിടത്തെ മറയാക്കി വി എച്ച് പിയും ബജ്റംഗ് ദളും എന്തിന് നാഗ്പൂരിൽ കലാപം അഴിച്ചുവിടണം?

ചരിത്രം ചികഞ്ഞുപോയാൽ ഈ ചോദ്യങ്ങൾക്കെല്ലാം വ്യത്യസ്ത ഉത്തരങ്ങൾ കിട്ടുമായിരിക്കും. ചരിത്രം അങ്ങനെയാണ്. അത് ഏകമുഖമായി രചിക്കപ്പെട്ടതല്ല. എഴുതപ്പെട്ട ചരിത്രങ്ങൾക്കെല്ലാം വ്യത്യസ്ത വ്യാഖ്യാനങ്ങളും സാധ്യമാണ്. വർത്തമാനത്തിൽ പക്ഷേ മേൽചോദ്യങ്ങൾക്കെല്ലാം നിങ്ങൾക്ക് ഒറ്റ ഉത്തരമേ കിട്ടൂ. ഔറംഗസീബ് എന്ന പേരാണ് അവരുടെ പ്രശ്‌നം. ആ പേരിലെ മതമാണ് അവരുടെ പ്രകോപനം. ആ മതം ഇസ്്ലാമാണ്. ഔറംഗസീബ് മുസ്്ലിമായിരുന്നു. മുസ്്ലിം ചിഹ്നങ്ങൾ മായ്ച്ചുകളയുകയും മുസ്്ലിം ചരിത്രത്തെ തന്നെ തമസ്‌കരിക്കുകയും ചെയ്യുന്ന ഭ്രാന്തൻ ആൾക്കൂട്ടമായി ഇന്ത്യൻ ഹിന്ദുത്വ മാറിയിട്ട് ഒരു പതിറ്റാണ്ടാകുന്നു.

ഔറംഗാബാദ് എന്ന സ്ഥലപ്പേരിപ്പോഴില്ല. പകരം ഛത്രപതി സംഭാജി നഗർ ആണ്. അലഹബാദ് പ്രയാഗ് രാജായി. ഫൈസാബാദ് അയോധ്യയായി. രാഷ്ട്രപതിഭവനിലെ മുഗൾ ഗാർഡൻ അമൃത് ഉദ്യാനമാക്കി. മുഗൾസരായ് റെയിൽവേ സ്റ്റേഷൻ ദീൻ ദയാൽ ഉപാധ്യായ (ഡി ഡി യു) സ്റ്റേഷനായി.

ലക്നോവിലെ ഹസ്രത്ഗഞ്ച് ചൗര അടൽ ചൗക്ക് ആക്കി മാറ്റി. ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം അരുൺ ജെയ്റ്റ്്ലി സ്റ്റേഡിയം എന്ന് പുനർനാമകരണം ചെയ്തു. അലിഗഡ് ഹരിഗഡ് ആകാനിരിക്കുന്നു. ഡൽഹിയിലെ മുസ്തഫാബാദിന്റെ പേര് ശിവപുരി എന്നാക്കി മാറ്റുമെന്ന് ബി ജെ പി പ്രഖ്യാപിച്ചുകഴിഞ്ഞു. ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദ് കർണാവതിയിലേക്ക് മാറാനിരിക്കുന്നു. ഈ പേര് മാറ്റത്തിന് പിറകിൽ പൊതുവായി ഒരു ഘടകമേയുള്ളൂ. മാറ്റപ്പെടണം എന്ന് ഹിന്ദുത്വ ശക്തികൾ ആവശ്യപ്പെടുന്ന എല്ലാ പേരുകൾക്കും ഒരു “മുസ്്ലിം ടച്ചുണ്ട്’.
കേരളത്തിലെ സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കി മാറ്റണമെന്ന് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ബി ജെ പി നേതാവ് കെ സുരേന്ദ്രൻ “ആഗ്രഹം പറഞ്ഞത്’ ഓർക്കുക. വയനാട്ടിലെ ആ ദേശപ്പേരിൽ ടിപ്പു സുൽത്താൻ എന്ന മുസ്്ലിം ഭരണാധികാരിയുടെ ഓർമകളുണ്ട് എന്നതാണ് സുരേന്ദ്രനെ ചൊടിപ്പിച്ചത്.

മുസ്്ലിം വിരുദ്ധതയാണ് സുരേന്ദ്രൻ മുതൽ ആദിത്യനാഥ് വരെയുള്ള സകല ഹിന്ദുത്വവാദികളെയും നയിക്കുന്നത്. അതേ രോഷമാണ് ഔറംഗസീബിനെതിരെ മഹാരാഷ്ട്രയിൽ വർഗീയവാദികൾ കെട്ടഴിച്ചുവിടുന്നത്. മറാത്ത സാമ്രാജ്യത്തിലെ രണ്ടാമത്തെ ഭരണാധികാരിയായിരുന്ന ഛത്രപതി സംബാജി (1657-1689) യോട് ഔറംഗസീബ് ക്രൂരത കാട്ടി എന്നാണ് ഹിന്ദുത്വരുടെ നുണപ്രചാരണം. ഛാവ എന്ന പ്രൊപഗാൻഡ സിനിമയാണ് ഇപ്പോൾ സംബാജി- ഔറംഗസീബ് ചരിത്രത്തെ വീണ്ടും ജനശ്രദ്ധയിൽ കൊണ്ടുവന്നത്. കൊടുംക്രൂരതയുടെ കുടില പ്രതിനിധാനമായാണ് സിനിമയിൽ ഔറംഗസീബിനെ അവതരിപ്പിക്കുന്നത്.

സംബാജിയുടെ സ്വഭാവവൈകൃതങ്ങളെ കുറിച്ചും പിതാവായ ശിവജി തന്നെ മകനെ ജയിലിലടച്ചതിനെ കുറിച്ചും മൗനം പാലിക്കുന്ന സിനിമ ഇല്ലാത്ത മഹത്വങ്ങൾ കെട്ടിവെച്ച് സംബാജിയെ വീര പുരുഷ് ആയി അവതരിപ്പിക്കുകയാണ്. പിൽക്കാലത്ത് മുഗളരെ കൂട്ടുപിടിച്ച് സംബാജി സ്വന്തം പിതാവിനെതിരെ പട നയിക്കുകയും യുദ്ധത്തിൽ ശിവജിയെ തോൽപ്പിക്കുകയും മറാത്തികളെ നിഷ്ഠുരമായി ഉപദ്രവിക്കുകയും ചെയ്തതിനെ കുറിച്ച് ഹിന്ദുത്വ രാഷ്ട്രീയം മിണ്ടില്ല. പിന്നീടെപ്പോഴോ അച്ഛനിലേക്ക് മടങ്ങിച്ചെന്ന മകനെ ശിവജി, പൻഹാല കോട്ടയിലെ തടവറയിലടച്ച അധ്യായവും അടച്ചുവെച്ചിരിക്കയാണ് തീവ്ര ഹിന്ദുസംഘടനകൾ.

അച്ഛന്റെ മരണശേഷം അധികാരം പിടിക്കാൻ രണ്ടാനമ്മയെയും ആ ബന്ധത്തിലുണ്ടായ മകനെയും ജയിലിലടക്കുന്നുണ്ട് സംബാജി. അധികം വൈകാതെ രണ്ടാനമ്മയെ കൊലപ്പെടുത്തുകയും ചെയ്തു. ക്ഷേത്രങ്ങളും പള്ളികളുമുൾപ്പെടെ കൊള്ളയടിച്ച് സ്വത്തുക്കൾ സമാഹരിച്ച ചരിത്രവും സംബാജിക്കുണ്ട്. അധികാരാരോഹണത്തിനു ശേഷം നടത്തിയ കൊള്ളയും കൂട്ടക്കുരുതിയും അവസാനിപ്പിക്കാനാണ് മുഗൾ ഭരണാധികാരിയായ ഔറംഗസീബ് പ്രത്യാക്രമണം ആരംഭിക്കുന്നത്. മുഗളരുടെ അധികാര പരിധിയിൽ കയറി അതിക്രമം കാണിച്ചതാണ് ഔറംഗസീബിനെ പ്രകോപിപ്പിച്ചത്. എട്ട് വർഷമാണ് സാംബാജി – ഔറംഗസീബ് പോരാട്ടം നീണ്ടത്. ജയം മുഗളർക്കൊപ്പമായിരുന്നു. മറാത്ത ഭരണാധികാരിയെ മുഗൾ സൈന്യം പിടികൂടി വിചാരണ ചെയ്തു. ചെയ്തുകൂട്ടിയ കുറ്റകൃത്യങ്ങൾക്ക് വധശിക്ഷയായിരുന്നു ഔറംഗസീബ് വിധിച്ചത്. 1689 മാർച്ച് 11ന് വധശിക്ഷ നടപ്പാക്കി. ഇത്രയുമാണ് ചരിത്രത്തിൽ നമ്മൾ വായിക്കുന്നത്.

അതിനിടയിലേക്ക് മതംമാറ്റത്തിന്റെ ചീളുകൾ കുത്തിത്തിരുകിയാണ് ഹിന്ദുത്വവാദികൾ ചരിത്രത്തിൽ നഞ്ഞുകലക്കിയത്.
ഇസ്്ലാം മതത്തിലേക്ക് മാറിയാൽ വെറുതേവിടാം എന്ന് ഔറംഗസീബ് സംബാജിക്ക് മുന്നിൽ ഓഫർ വെച്ചുവെന്നാണ് ഹിന്ദുത്വ വ്യാഖ്യാനം. അതിനു വഴങ്ങാൻ കൂട്ടാക്കാത്തതിന്റെ പ്രതികാരമായാണ് ക്രൂരമായി കൊല ചെയ്തത് എന്നാണ് അവർ
പടച്ചുണ്ടാക്കിയ കഥ.

ചെയ്തുകൂട്ടിയ പാതകങ്ങൾക്ക് തക്കതായ ശിക്ഷ നൽകിയ ചരിത്രസന്ദർഭത്തിലേക്ക് മതത്തെ കൊണ്ടുവന്ന് സാംബാജിക്ക് വീരപരിവേഷം നൽകുകയാണ് ഹിന്ദുത്വർ. ഔറംഗസീബ് തടവിലിടുന്നതിനു മുമ്പ് രണ്ട് തവണ സംബാജിയെ ജയിലിലിട്ടത് പിതാവായ ശിവജിയാണെന്ന ചരിത്രം സൗകര്യപൂർവം മറച്ചുവെച്ചാണ് ഹിന്ദുത്വവാദികൾ പുതിയ കഥകൾ മെനഞ്ഞുണ്ടാക്കുന്നത്. രണ്ടാം മറാത്ത രാജാവിന്റെ ഭൂതകാലം മറവിക്ക് വിട്ടുകൊടുക്കുകയും അയാളുടെ ഭരണകാലവും മരണനേരവും മാത്രം ഓർത്തുവെക്കുകയും ചെയ്യുന്ന വർഗീയോന്മാദമാണ് സിനിമയായും വർഗീയ സംഘർഷമായും വർത്തമാനത്തിലേക്ക് ദംഷ്ട്ര നീട്ടുന്നത്.

പിടിയിലായ സംബാജിയുടെ ഭാര്യയോടും മകനോടും എത്ര ആർദ്രമായാണ് ഔറംഗസീബ് പെരുമാറിയതെന്ന് ചരിത്രത്തിലുണ്ട്. തികഞ്ഞ വാത്സല്യത്തോടെയാണ് സംബാജിയുടെ മകൻ ഷാഹുവിനെ മുഗൾ ഭരണാധികാരി വളർത്തുന്നത്. ഇസ്്ലാമിലേക്ക് മാറണമെന്ന് ഔറംഗസീബ് നിർബന്ധം ചെലുത്തിയിരുന്നുവെങ്കിൽ ഒഴിഞ്ഞുമാറാൻ കഴിയില്ലായിരുന്നു ഷാഹുവിനും മാതാ
വിനും.

ഷാഹുവിനെ മുസ്്ലിമാക്കി വളർത്താനും അദ്ദേഹത്തിന് സാധിക്കുമായിരുന്നു. കാരണം മുഗളരുടെ കൈയിലെത്തുമ്പോൾ ഷാഹുവിന് ഏഴ് വയസ്സായിരുന്നു പ്രായം. ഷാഹു മഹാരാജിലേക്കുള്ള ആ കുട്ടിയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ചത് ഔറംഗസീബ് ആയിരുന്നു. മതമായിരുന്നു പ്രശ്‌നമെങ്കിൽ ഷാഹുവിനെ ജനിച്ച മതത്തിൽ തുടരാൻ അനുവദിക്കുമായിരുന്നോ ഔറംഗസീബ്?

ചരിത്രത്തിലുള്ള ഹിന്ദുത്വരുടെ കടന്നുകയറ്റത്തെ ഇർഫാൻ ഹബീബ് ഒരഭിമുഖത്തിൽ വിശേഷിപ്പിക്കുന്നത് ഭാവനാവത്കരണം എന്നാണ്. ഉള്ള ചരിത്രത്തിലേക്ക് നുഴഞ്ഞുകയറുകയല്ല, പുതിയ കഥകൾ സൃഷ്ടിച്ച് അവർ പുതിയ ചരിത്രം നിർമിക്കുകയും അത് രാജ്യത്തിനുമേൽ അടിച്ചേൽപ്പിക്കുകയുമാണ്. അങ്ങനെയാണ് ചരിത്രത്തിലെ ചില കൊടും കുറ്റവാളികൾ വീരന്മാരായി മാറുന്നതും ചരിത്രത്തിലെ യഥാർഥ ധീരന്മാർ ആട്ടിയകറ്റപ്പെടുന്നതും. നെഹ്‌റുവിനെ പുറന്തള്ളുന്ന ഹിന്ദുത്വ ചരിത്രകാരന്മാർ ഗോഡ്സെക്ക് പരവതാനി വിരിക്കുന്നത് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു. ഗാന്ധിയെ പുറത്തുനിർത്തി സവർക്കറെ ആനയിച്ചുകൊണ്ടുവരുന്നു. ഈ അപനിർമിതിയുടെ പുതിയ ഇരയാണ് ഔറംഗസീബ്. ഇത് ഔറംഗസീബിൽ നിൽക്കു
കയുമില്ല.

സ്വന്തം ഖബ്റുകളിൽ അന്തിയുറങ്ങുന്ന എത്രയോ മുസ്്ലിംകൾ ഇനിയും വേട്ടയാടപ്പെടാനിരിക്കുന്നു. കുഴിമാടങ്ങളെപ്പോലും ഭയക്കുന്ന ഭീരുത്വത്തിന്റെ പിത്തലാട്ടങ്ങളാണ് കഴിഞ്ഞ ദിവസം നാഗ്പൂരിൽ കണ്ടത്. അത് കേവലം ഒരു സംഘടനയുടെ എടുത്തുചാട്ടമല്ല, ഹിന്ദുത്വപരിവാറിന്റെ ആലോചിച്ചുറപ്പിച്ചുള്ള, ഭരണകൂട പിന്തുണയോടെയുള്ള കർസേവ തന്നെയാണ്. ഔറംഗാബാദിലെ ഖുൽദാബാദിൽ തുറന്ന ആകാശത്തിനു കീഴിൽ മഴയെയും വെയിലിനെയും സ്വീകരിച്ച്, ആർഭാടങ്ങളില്ലാത്ത സ്മൃതികുടീരത്തിൽ അന്തിയുറങ്ങുന്ന മുഗൾഭരണാധികാരിയുടെ ഖബ്ർ പൊളിച്ചുനീക്കിയെങ്കിലേ ഹിന്ദുത്വയുടെ പുതിയ കർസേവ അവസാനിക്കാനിടയുള്ളൂ. ചരിത്രത്തോട് തെല്ലും പ്രതിപത്തിയില്ലാത്ത ഭരണകൂടം അധികാരത്തിലിരിക്കുമ്പോൾ അവർക്കത് ക്ഷിപ്രസാധ്യവുമാണ്.

ഔറംഗസീബ് ഒരു ഭരണാധികാരി എന്ന നിലക്ക് പൂർണനായിരുന്നു എന്ന് അവകാശപ്പെടാനാകില്ല. അദ്ദേഹത്തിന് വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. അധികാരത്തിലേക്കുള്ള അദ്ദേഹത്തിന്റെ വഴിയിൽ ചോരപ്പാടുകളുണ്ട്. അത് ചരിത്രകാരന്മാർ മറച്ചുവെച്ചിട്ടില്ല. അദ്ദേഹത്തിന് പിൽക്കാലത്ത് മാനസാന്തരമുണ്ടായതായും അധികാരത്തിന്റെ നശ്വരതയെ കുറിച്ച് സംസാരിച്ചതായും ചരിത്രത്തിൽ കാണാം. ഭരണത്തിന്റെ ആഡംബരങ്ങളോട് അദ്ദേഹം വിരക്തി പ്രകടിപ്പിക്കുന്നതും ആത്മീയ വഴിയിൽ പ്രവേശിക്കുന്നതും രേഖപ്പെടുത്ത
പ്പെട്ടിട്ടുണ്ട്.

അദ്ദേഹം മതവിശ്വാസി ആയിരുന്നു, മതഭ്രാന്തനായിരുന്നില്ല. എന്തുകൊണ്ട് അദ്ദേഹത്തിന്റെ ഖബ്റിടം അധികാരത്തിന്റെ ആർഭാടങ്ങളോ രാജകീയ എടുപ്പുകളോ ഇല്ലാതെ നിലകൊള്ളുന്നു എന്നന്വേഷിച്ചാൽ കിട്ടുന്ന ഉത്തരം അദ്ദേഹം അത് ആഗ്രഹിച്ചില്ല എന്നാണ്. “അപരിചിതനായി ഞാൻ ഭൂമിയിലേക്ക് വന്നു, അപരിചിതനായി തന്നെ മണ്ണിലേക്ക് മടങ്ങണം’ എന്നാഗ്രഹിച്ച ഒരു ഭരണാധികാരിയെയാണ് ഇല്ലാക്കഥകൾ പടച്ചുണ്ടാക്കി ഹിന്ദുത്വ രാഷ്ട്രീയം വേട്ടയാടുന്നത്. സംബാജിയോട് അദ്ദേഹം ചെയ്തത് ശരിയോ തെറ്റോ എന്നത് സംവാദ വിഷയമാണ്. പക്ഷേ മൂന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് മരണപ്പെട്ട് ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞ ഒരു ഭരണാധികാരിയുടെ ഖബ്റിന് നേരെ സംഹാരരുദ്രരായി പാഞ്ഞടുക്കുന്നത് എല്ലാ സംവാദങ്ങളെയും അടച്ചുകളയുന്ന ക്രിമിനൽ പ്രവർത്തനമാണ്.