articles
അമേരിക്കയും നാറ്റോയും എന്തു ഭാവിച്ചാണ്?
ഒരു ഹൈബ്രിഡ് യുദ്ധത്തിലേക്ക് പോയാൽ അത് അതിഭീകരമായിരിക്കുമെന്ന് അമേരിക്കക്കും യൂറോപ്പിനും നന്നായറിയാം. അമേരിക്കൻ എതിരാളികൾക്ക് കൂടുതൽ ആയുധങ്ങൾ റഷ്യ നൽകിയേക്കാമെന്ന് അമേരിക്കയുൾപ്പെടെയുള്ള നാറ്റോ രാജ്യങ്ങൾ ഭയക്കുന്നുണ്ടെന്ന കാര്യം തീർച്ചയാണ്.
റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മറ്റൊരുതലത്തിലേക്ക് മാറുന്നത് ലോക രാഷ്ട്രങ്ങൾ പ്രത്യേകിച്ചും യൂറോപ്യൻ രാഷ്ട്രങ്ങൾ ആശങ്കയോടെയാണ് കാണുന്നത്. ചരിത്രത്തിലാദ്യമായി യുക്രൈനിലേക്ക് റഷ്യ അതിഭീകര ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ളതും ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലേക്ക് എത്താൻ കഴിയുന്നതുമായ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐ സി ബി എം) ഉപയോഗിച്ചിരിക്കുന്നുവെന്ന വാർത്തകൾ പുറത്തു വരുന്നു. ആണവായുധങ്ങൾ വഹിക്കാവുന്ന മിസൈലിൽ മറ്റു സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയതെന്നാണ് നാറ്റോ സൈനിക നേതൃത്വം പറയുന്നത്. ഇതൊരു റിഹേഴ്‌സലാണെന്നും വേണമെങ്കിൽ ആണവായുധം ഉപയോഗിക്കുമെന്നുള്ള സൂചന അമേരിക്കയുൾക്കൊള്ളുന്ന നാറ്റോ സൈനിക സഖ്യത്തിന് റഷ്യ നൽകിയതായിട്ടാണിതിനെ മനസ്സിലാക്കേണ്ടത്. പോളണ്ടിലേതടക്കമുള്ള അമേരിക്കൻ സൈനിക ബേസുകൾ തങ്ങൾ അക്രമിച്ചേക്കാമെന്ന റഷ്യയുടെ ഭീഷണി ഇതിനകം വന്നുകഴിഞ്ഞിട്ടുണ്ട്.
അമേരിക്കയുടെ എ ടി എ സി എം എസ് ദീർഘദൂര മിസൈലുകൾ റഷ്യക്ക് നേരെ പ്രയോഗിക്കാൻ ബൈഡൻ അനുമതി നൽകിയത് കേട്ടപാതി കേൾക്കാത്ത പാതി 48 മണിക്കൂറിനുള്ളിൽ യുക്രൈൻ അതെടുത്ത് പ്രയോഗിച്ചിരുന്നു. രാജ്യത്ത് മിസൈലുകൾ വീണതായി റഷ്യൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ ആണവശക്തിയായ അമേരിക്കയുടെ സഹായത്തോടെ യുദ്ധം ചെയ്യുന്ന യുക്രൈനും അവരെ സഹായിക്കുന്ന മറ്റു പാശ്ചാത്യ രാജ്യങ്ങൾക്കുമെതിരെ ആവശ്യമുള്ളപ്പോൾ ആണവായുധങ്ങൾ പ്രയോഗിക്കാമെന്ന ഉത്തരവിൽ, റഷ്യ- യുക്രൈൻ യുദ്ധത്തിന്റെ ആയിരാം ദിവസത്തിൽ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഒപ്പുവെക്കുകയും ചെയ്തിരുന്നു. ആണവരാഷ്ട്രത്തിന്റെ പങ്കാളിത്തത്തോടെ ഒരു ആണവേതര രാഷ്ട്രം നടത്തുന്ന ആക്രമണം സംയുക്ത ആക്രമണമായി കണക്കാക്കപ്പെടുമെന്ന് പുടിന്റെ പ്രസ്സ് സെക്രട്ടറി ദിമിത്രി പെസ്‌കോവ് പറയുന്നു.
ഇതിന് പിന്നാലെ, പല യൂറോപ്യൻ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് സുരക്ഷാ മുൻകരുതലുകളെടുക്കാൻ പ്രസതാവനകളിറക്കുകയും ലഘുലേഖകൾ അടിച്ചിറക്കി വിതരണം ചെയ്യുകയും ചെയ്തു. സംഘർഷ സാധ്യത തുടരുന്നതുകൊണ്ട് സാഹചര്യങ്ങളെ നേരിടാൻ തയ്യാറെടുക്കണമെന്നും സുരക്ഷിത സ്ഥലത്തേക്ക് മാറാനുള്ള മുൻകരുതലുകളെടുക്കണമെന്നും സ്വീഡനും ഫിൻലാൻഡും നോർവേയുമൊക്കെ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യൻ സൈന്യത്തിന്റെ ആക്രമണം പേടിച്ച് കീവിലെ യു എസ് എംബസി അടച്ച് ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരുമടക്കം ബങ്കറിൽ അഭയം പ്രാപിച്ചിരിക്കുയാണെന്ന വാർത്തകളും അന്താരാഷ്ട്ര മാധ്യമങ്ങളിൽ വന്നിട്ടുണ്ട്.
യുദ്ധത്തിനിടെ യുക്രൈനെതിരെ മൂന്ന് തവണ റഷ്യ ആണവ ഭീഷണി മുഴക്കിയിരുന്നെങ്കിലും ഇപ്പോഴുണ്ടായ നീക്കത്തെ അങ്ങനെ തള്ളിക്കളയാനാകില്ല. അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള ഒരു ഹൈബ്രിഡ് യുദ്ധത്തിലേക്ക് റഷ്യ പോയാൽ അത് അതിഭീകരമായിരിക്കുമെന്ന് അമേരിക്കക്കും യൂറോപ്പിനും നന്നായറിയാം. മിഡിൽ ഈസ്റ്റിലും ഇന്തോ- പസഫിക് മേഖലകളിലെ അമേരിക്കൻ എതിരാളികൾക്കും കൂടുതൽ ആയുധങ്ങൾ റഷ്യ നൽകിയേക്കാമെന്ന് അമേരിക്കയുൾപ്പെടെയുള്ള നാറ്റോ രാജ്യങ്ങൾ ഭയക്കുന്നുണ്ടെന്ന കാര്യം തീർച്ചയാണ്. അതു കൊണ്ടുതന്നെയായിരിക്കാം നടന്നുകൊണ്ടിരിക്കുന്ന രണ്ട് യുദ്ധങ്ങളും താൻ അവസാനിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്.
റഷ്യ അത്ര ചെറിയ പുള്ളിയല്ല
ഫ്രാൻസ്, ജർമനി, ഇറ്റലി, പോളണ്ട്, സ്‌പെയിൻ, യു കെ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ കഴിഞ്ഞ ചൊവ്വാഴ്ച ബ്രസീലിൽ നടത്തിയ യോഗത്തിൽ റഷ്യയുടെ തീരുമാനമെന്തായിരിക്കുമെന്ന ആശങ്കകൾ ചർച്ച ചെയ്തിരുന്നു. അടുത്തിടെ ബാൾടിക് കടലിലെ കേബിളുകൾക്ക് കേടുപാടുകളുണ്ടായതിന് പിന്നൽ റഷ്യയാണെന്നും യൂറോപ്പിന്റെ എണ്ണ- ഗ്യാസ് വിതരണ ചാനലുകൾ പോലുള്ള പൈപ്പ്‌ലൈനുകൾ ലക്ഷ്യമാക്കി ആക്രമണ സാധ്യതയുണ്ടെന്നും പാശ്ചാത്യ രാജ്യങ്ങൾ പേടിക്കുന്നു. ഇത് ചിലപ്പോൾ ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിച്ചേക്കുമോയെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ. അങ്ങനെ സംഭവിച്ചാൽ അതിന്റെ കെടുതികൾ ഭയാനകമായിരിക്കും. ഫലസ്തീനിലെ ഹമാസിനും യമനിലെ ഹൂതികൾക്കും ലബനാനിലെ ഹിസ്ബുല്ലക്കും ഇറാനും അവരുടെ നിഴൽ സഖ്യ കക്ഷികൾക്കുമുൾപ്പെടെ പിന്തുണ നൽകാൻ റഷ്യക്ക് കഴിയുമെന്ന് അമേരിക്കയും യൂറോപ്പും ഭയപ്പെടുന്നു. യുദ്ധത്തിൽ ഇതുവരെ ഒരു മെല്ലെപ്പോക്ക് നയം സ്വീകരിച്ചത് റഷ്യയുടെ കഴിവുകേടായി വിലയിരുത്തുന്നത് വിഡ്ഢിത്തമായിരിക്കും.
ആണവായുധങ്ങൾ, ജൈവായുധങ്ങൾ, രാസായുധങ്ങൾ എന്നിങ്ങനെ മൂന്ന് വിധം വൻ നശീകരണ ആയുധങ്ങൾ റഷ്യൻ ഫെഡറേഷന്റെ കൈവശമുണ്ടെന്നാണ് വിലയിരുത്തൽ. ആണവായുധ നിർവ്യാപന ഉടമ്പടി പ്രകാരം അംഗീകരിച്ച അഞ്ച് ആണവായുധ രാജ്യങ്ങളിൽ ആദ്യ നിരകളിൽ വരുന്നതാണ് റഷ്യ. കൂടാതെ, ഭൗമാധിഷ്ഠിത ബാലിസ്റ്റിക് മിസൈലുകൾ (ഐ സി ബി എം), അന്തർവാഹിനികൾ വഹിക്കുന്ന ബാലിസ്റ്റിക് മിസൈലുകൾ (എസ് എൽ ബി എം), വ്യോമതല സ്ട്രാറ്റജിക് ബോംബേഴ്‌സ് മിസൈലുകൾ, നൂക്ലിയർ ബാലിസ്റ്റിക് മിസൈലുകൾ തുടങ്ങിയവ അടങ്ങുന്ന ത്രിതല സൈനിക ഘടനയായ നൂക്ലിയർ ട്രയാഡ് സിസ്റ്റം കൈവശമുള്ള നാല് രാഷ്ട്രങ്ങളിലൊന്നും റഷ്യയാണ്. 2024ലെ കണക്കനുസരിച്ച് റഷ്യയുടെ കൈവശം മൊത്തം 5,580 ആണവായുധങ്ങളുണ്ട്. അഥവാ ലോകത്തെ തന്നെ ഏറ്റവും കൂടുതൽ ആണവായുധ ശേഖരം. വിക്ഷേപണത്തിന് തയ്യാറായി നിൽക്കുന്ന മിസൈലുകൾ മാത്രം 1,710 എണ്ണം വരുമെന്ന് കണക്കുകൾ പറയുന്നു. ഇതെല്ലാം കണക്കുകളിൽ മാത്രമുള്ളതാണെന്നും ഒരു രാഷ്ട്രവും തങ്ങളുടെ ആയുധങ്ങളുടെ കൃത്യമായ എണ്ണം പരസ്യമാക്കുകയില്ലെന്നും ഇതിനോട് കൂട്ടി വായിക്കണം.
കുട്ടിച്ചോറാക്കാൻ ബൈഡൻ
തന്റെ ഭരണകാലയളവിൽ മുഴുവൻ റഷ്യയെ ചൊടിപ്പിക്കാനുള്ള സർവ ശ്രമങ്ങളും നടത്തിയ ബൈഡൻ പക്ഷേ, അമേരിക്കൻ നിർമിത ദീർഘദൂര ആർമി ടാക്ടിക്കൽ മിസൈൽ സിസ്റ്റം റഷ്യൻ ഭൂഭാഗത്തിൽ ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നില്ല. അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കാൻ കേവലം രണ്ട് മാസം ബാക്കിയുള്ളപ്പോൾ യുക്രൈന് ഈ അനുമതി നൽകിയത് റഷ്യയെ പ്രകോപിപ്പിച്ചിട്ടുണ്ട്. താനൊഴിയുന്നതിന് മുമ്പ് കുട്ടിച്ചോറാക്കുകയെന്ന തികച്ചും അപക്വമായ തീരുമാനമാണിപ്പോൾ ബൈഡൻ ചെയ്തത്. ഇതിന് നാറ്റോ കൂട്ടുനിൽക്കുന്നു. അതിന് തൊട്ടു പിന്നാലെയാണ് പുടിൻ റഷ്യയുടെ ആണവനയ മാറ്റത്തിൽ ഒപ്പുവെച്ചത്. യുക്രൈനിലെ യുദ്ധം താൻ അവസാനിപ്പിക്കാൻ പോകുന്നവെന്ന പുതിയ പ്രസിഡന്റ് ട്രംപിന്റെ തീരുമാനത്തെ അട്ടിമറിക്കാനോ മന്ദഗതിയിലാക്കാനോ ആകാം ബൈഡന്റെ എടുത്തുചാട്ടമെന്ന് വിലയിരുത്തലുണ്ട്.
മറ്റു രാഷ്ട്രങ്ങളിലെ യുദ്ധങ്ങൾക്ക് സൈനിക സഹായങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട് ബൈഡനും ട്രംപിനും വ്യത്യസ്ത വീക്ഷണങ്ങളാണുള്ളത്. നാറ്റോയിൽ അടിയുറച്ച് വിശ്വസിക്കുന്ന ബൈഡൻ റഷ്യയെ പരമാവധി ചൊടിപ്പിക്കാനും യുക്രൈനെ സഹായിക്കാനുമാണ് തുനിഞ്ഞിറങ്ങിയത്. എന്നാൽ യുദ്ധം അവസാനിപ്പിക്കാൻ ഇരു രാഷ്ട്രങ്ങളിലും സ്വാധീനം ചെലുത്തുകയെന്നതാണ് ട്രംപിന്റെ ഇപ്പോഴത്തെ നിലപാട്. പുടിനുമായുള്ള ട്രംപിന്റെ സൗഹൃദം യുക്രൈനെ കൂടുതൽ സമ്മർദത്തിലാക്കും. സമാധാനം സൃഷ്ടിക്കാനും ജീവനുകൾ സംരക്ഷിക്കാനും തന്റെ പിതാവിന് അവസരം ഒരുങ്ങുന്നതിന് മുമ്പ് മൂന്നാം ലോക മഹായുദ്ധമുണ്ടാക്കാനാണ് ബൈഡന്റെ നീക്കമെന്ന് ട്രംപിന്റെ മകൻ ട്രംപ് ജൂനിയർ എക്‌സിൽ പോസ്റ്റിട്ടിരുന്നു. യുദ്ധം തീവ്രമാക്കാനുള്ള ഗോവണിയാണിതെന്നും ഈ പോക്ക് എങ്ങോട്ടാണ് എന്ന് തനിക്കറിയില്ലെന്നുമാണ് ട്രംപിന്റെ നിയുക്ത ദേശീയ സുരക്ഷാ ഉപദേഷ്ടാവായ മൈക്ക് വാൾഡ്‌സ് പ്രതികരിച്ചത്.
അമേരിക്കക്കെന്ത്?
ഇസ്‌റാഈൽ- ഹമാസ് യുദ്ധത്തിലും അതിന് മുമ്പുണ്ടായ അറബ് യുദ്ധങ്ങളിലുമൊക്കെ പോലെ തമ്മിലടിപ്പിപ്പിച്ച് അതിൽ നിന്ന് രക്തം ഊറ്റിക്കുടിക്കുകയെന്ന യു എസിന്റെ മനോഭാവം യുക്രൈൻ- റഷ്യ യുദ്ധത്തിലും വളരെ പ്രകടമായിരുന്നു. യുദ്ധം അവസാനിപ്പിക്കുക എന്നതിന് പകരം ആളിക്കത്തിക്കുക എന്ന മനോഭാവമാണ് ജോ ബൈഡൻ ഇവിടെയും സ്വീകരിച്ചത്. 2022 ഫെബ്രുവരി 24ന് യുദ്ധം ആരംഭിച്ചതിന് ശേഷം യുക്രൈനിലെ റഷ്യൻ അധിനിവേശത്തെ ബൈഡൻ ശക്തമായി അപലപിക്കുകയും യുക്രൈന് ആവശ്യമായ സൈനിക, സാമ്പത്തിക സഹായങ്ങളെല്ലാം എത്തിച്ചുകൊടുക്കുകയും റഷ്യക്കെതിരെ ഉപരോധമേർപ്പെടുത്തുകയും ചെയ്തു.
യഥാർഥത്തിൽ ഇങ്ങനെയൊരു യുദ്ധത്തിലേക്ക് കൊണ്ടെത്തിക്കാനുണ്ടായ മൂല കാരണവും അമേരിക്കയാണെന്ന കാര്യം ഓർക്കേണ്ടതുണ്ട്. 2022ൽ അമേരിക്കയുൾക്കൊള്ളുന്ന നാറ്റോ സഖ്യത്തിൽ യുക്രൈനെ ഉൾപ്പെടുത്തി പ്രകോപനം സൃഷ്ടിച്ചത് അമേരിക്കയായിരുന്നുവല്ലോ.
യുക്രൈന്റെ സൈനിക സഹായത്തിന്റെ പകുതിയും അമേരിക്കയാണ് നൽകിയത്. കൂടാതെ അവരുടെ സൈനിക സഹായ ഫണ്ടിലേക്ക് 175 ബില്യൺ ഡോളർ നീക്കിവെക്കുകയും ചെയ്തു. ഇപ്പോഴിതാ ആർമി ടാക്ടിക്കൽ മിസൈൽ സിസ്റ്റം പോലുള്ള അമേരിക്കൻ ആയുധങ്ങൾ റഷ്യക്കുമേൽ പ്രയോഗിക്കാൻ അനുമതി കൊടുക്കുകയും ചെയ്തിരിക്കുന്നു.
2022ൽ യുക്രൈനിലെ റഷ്യൻ അധിനിവേശം ആരംഭിച്ചതു മുതൽ ജോ ബൈഡൻ യു എസ് തന്ത്രം ആവിഷ്‌കരിക്കരിക്കാൻ തുടങ്ങിയിരുന്നു. റഷ്യയുടെ സൈനിക വിജയത്തെ തടസ്സപ്പെടുത്തുമ്പോൾ യു എസ്- റഷ്യ നേരിട്ടുള്ള യുദ്ധത്തിനുള്ള സാധ്യത ഇല്ലായ്മ ചെയ്യാമെന്നായിരുന്നു അത്. റഷ്യയുടെ പിന്തുണ ഇറാൻ പോലുള്ള രാഷ്ട്രങ്ങൾക്ക് ലഭിക്കുന്നത് തടയുകയെന്നതും യു എസിന്റെ ലക്ഷ്യമായിരിക്കാമെന്ന് വിലയിരുത്തിയവരുണ്ട്. ഇങ്ങനെയൊക്കെയായിട്ടും പ്രകോപനപരവും വ്യാപകവുമായ ഒരു യുദ്ധ സാഹചര്യം ഇല്ലാതാക്കാൻ ഇ യു രാജ്യങ്ങൾ പരമാവധി ശ്രമിച്ചിരുന്നു. അമേരിക്കയുടെ യുക്രൈൻ സ്‌നേഹവും അകമഴിഞ്ഞുള്ള പിന്തുണയും കണ്ട് ഇതൊരു യു എസ്- റഷ്യ യുദ്ധത്തിലേക്ക് വഴിമാറുമോ എന്ന ആശങ്ക അന്നും ആഗോള രാഷ്ട്രങ്ങൾക്കും വിശിഷ്യാ യൂറോപ്യൻ രാഷ്ട്രങ്ങൾക്കുമുണ്ടായിരുന്നു. എന്നാൽ ഈ സാധ്യത ബൈഡൻ തള്ളിയിരുന്നു.
2022 മാർച്ച് 25ന് ജോ ബൈഡൻ പോളണ്ട് സന്ദർശിക്കുകയും യുക്രൈൻ ജനതയുടെ ധൈര്യത്തെയും ദൃഢതയെയും പ്രശംസിക്കുകയും ചെയ്തു. ഏപ്രിൽ 12ന് വീണ്ടും യുദ്ധക്കോപ്പുകളും 750 മില്യൺ ഡോളർ അധിക സൈനിക സഹായവും നൽകി. 2022 ഏപ്രിൽ 24ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും അടങ്ങുന്ന അമേരിക്കൻ പ്രതിനിധി സംഘം യുക്രൈൻ പ്രസിഡന്റ് വോളോദിമർ സെലെൻസ്‌കിയെ കീവിൽ സന്ദർശിക്കുകയും യുക്രൈനും മറ്റ് പതിനഞ്ച് സഖ്യകക്ഷി രാജ്യങ്ങൾക്കും 713 മില്യൺ ഡോളർ സൈനിക ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. 2023 ഫെബ്രുവരിയിൽ വീണ്ടും സഹായം പ്രഖ്യാപിച്ചു. 2023 ഫെബ്രുവരി 24ന് റഷ്യ- യുക്രൈൻ അധിനിവേശത്തിന്റെ ഒന്നാം വാർഷികം രണ്ട് ബില്യൺ ഡോളറിന്റെ ആയുധങ്ങൾ നൽകി അമേരിക്ക ആചരിച്ചു. റഷ്യൻ ആക്രമണങ്ങൾക്കെതിരെ യുക്രൈന്റെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി 250 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ചിരുന്നു.
പ്രതി അമേരിക്ക തന്നെ
യുക്രൈന് അമേരിക്ക നൽകുന്ന അകമഴിഞ്ഞ സൈനിക സഹായത്തെ അമേരിക്കയിലെ തന്നെ വലിയൊരു വിഭാഗം ജനങ്ങൾ ശക്തമായി എതിർത്തിരുന്നു. ഭരണ കക്ഷിയിൽ നിന്ന് തന്നെ ബൈഡന് വിമർശങ്ങൾ വന്നു. യു എസ് വിഭവങ്ങൾ വിവേകത്തോടെ ഉപയോഗിക്കുമ്പോൾ മാത്രമേ അമേരിക്കൻ ജനത ഈ സൈനിക സഹായത്തെ പിന്തുണക്കൂ എന്ന് ഹൗസ് ഇന്റലിജൻസ് കമ്മിറ്റി അംഗമായ ക്രിസ് സ്റ്റുവാർട്ട് അഭിപ്രായപ്പെട്ടിരുന്നു. നാറ്റോ അംഗങ്ങൾ തങ്ങളുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ രണ്ട് ശതമാനം പ്രതിരോധത്തിനായി ചെലവഴിക്കുമെന്ന അവരുടെ പ്രതിജ്ഞ പാലിക്കണമെന്നും ചില ചെറിയ രാജ്യങ്ങളൊഴികെ അവരിൽ ഭൂരിഭാഗവും അത് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. യുദ്ധം നടക്കുന്നത് യൂറോപ്പിന്റെ വീട്ടുമുറ്റത്താണ്. നമ്മളെപ്പോലെ സൈനിക സഹായം നൽകാനുള്ള ബാധ്യത അവർക്കുമുണ്ടൈന്ന് സ്റ്റുവാർട്ട് കൂട്ടിച്ചേർത്തു. വിമർശങ്ങൾക്കിടയിലും 2023 മെയിൽ യുക്രൈന് വീണ്ടും 300 മില്യൺ ഡോളറിന്റെ ആയുധം നൽകുമെന്ന് പ്രഖ്യാപിച്ചു.
മാധ്യമ- സർവേ സ്ഥാപനങ്ങളായ റോയിട്ടേഴ്‌സും ഇപ്‌സോസും റൊണാൾഡ് റീഗൻ പ്രസിഡൻഷ്യൽ ഫൗണ്ടേഷൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ടും യൂ ഗോവും പ്യൂ റിസർച്ച് സെന്ററുമൊക്കെ അമേരിക്കൻ ജനതക്കിടയിൽ നടത്തിയ സർവേകളിൽ നല്ലൊരു ശതമാനം പേരും അമേരിക്ക റഷ്യക്കെതിരെ യുക്രൈനെ ആയുധമാക്കണമെന്നും അവർക്ക് സൈനിക സഹായങ്ങൾ നൽകണമെന്നും പറഞ്ഞപ്പോൾ അതിനോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയവരും എണ്ണത്തിൽ കുറവായിരുന്നില്ല. അതൊക്കെ തന്നെയാണ് പുതിയ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതും ബൈഡൻ പുറത്തായതുമൊക്കെയെന്ന് ആർക്കും വിലയിരുത്താവുന്നതാണ്. എന്തായാലും ഇനിയൊരു മൂന്നാം ലോക മഹായുദ്ധമുണ്ടായാൽ അതിന്റെ പൂർണ ഉത്തരവാദി ബൈഡൻ ഭരണകൂടവും അമേരിക്കയും തന്നെയായി
രിക്കും.