Connect with us

COURT

ഈ കീഴൊപ്പിന്റെ അർഥമെന്താണ്?

നീതിയുടെ സംരക്ഷകരാകേണ്ട നീതിപീഠങ്ങൾ "പുതിയ ഇന്ത്യ'ക്കൊപ്പം മാറാൻ തുടിക്കുന്നതിന്റെ അനുരണനങ്ങൾ നിരാശയോടെയല്ലാതെ രാജ്യത്തെ ജനാധിപത്യ മതനിരപേക്ഷ സമൂഹത്തിന് കണ്ടുനിൽക്കാനാകില്ല. രാജ്യം ഭരിക്കുന്നവരുടെ അനിഷ്ടം വാങ്ങിവെക്കേണ്ടെന്നും അവരുടെ പ്രീതി സമ്പാദിക്കാനായാൽ തരക്കേടില്ലെന്നും ന്യായാധിപർ ചിന്തിക്കുമെന്ന് കരുതുന്നില്ലെന്ന് തീർത്ത് പറയാൻ പറ്റാത്ത വിധം നീതിപീഠങ്ങൾ സമീപ വർഷങ്ങളിൽ നിരാശപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

Published

|

Last Updated

“ബെസ്റ്റ് ബേക്കറിയിൽ നിർദോഷികളായ കുട്ടികളും നിസ്സഹായരായ സ്ത്രീകളും കത്തുമ്പോൾ ആധുനിക നീറോമാർ മറ്റെവിടെയോ നോക്കിനിൽക്കുകയായിരുന്നു. കുറ്റവാളികളെ എങ്ങനെ സംരക്ഷിക്കാം എന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നതാകും അവർ’-ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ബെസ്റ്റ് ബേക്കറി കേസിൽ പുനർവിചാരണക്ക് ഉത്തരവിട്ടുകൊണ്ട് 2004 ഏപ്രിൽ 12ന് സുപ്രീം കോടതി ഡിവിഷൻ ബഞ്ച് നടത്തിയ നിരീക്ഷണമാണിത്. വംശഹത്യക്കിടെ 14 പേർ കൊല്ലപ്പെട്ട സംഭവത്തിൽ സ്വതന്ത്രവും നീതിപൂർവവുമായ വിചാരണ ഗുജറാത്തിൽ നടക്കുമോ എന്നതിൽ സംശയം പ്രകടിപ്പിച്ച പരമോന്നത നീതിപീഠം മഹാരാഷ്ട്രയിലേക്ക് വിചാരണ മാറ്റുകയും ചെയ്തിരുന്നു. കേസ് അന്വേഷണത്തിലെയും പ്രോസിക്യൂഷൻ നടപടികളിലെയും അനേകം വീഴ്ചകൾ എണ്ണിപ്പറഞ്ഞിരുന്നു ജസ്റ്റിസ് ദുരൈസ്വാമി രാജു, ജസ്റ്റിസ് അർജിത് പസായത് എന്നിവരുടെ നേതൃത്വത്തിലുള്ള ബഞ്ച്. നീതി ലഭ്യമാക്കേണ്ട സംവിധാനം ദുരുപയോഗം ചെയ്യാൻ അനുവദിക്കുകയും കൗശലത്തോടെ അതിന്റെ ചിറകരിയുകയും ചെയ്യുകയായിരുന്നു ഭരണകൂടമെന്ന വിമർശവും നടത്തിയിരുന്നു സുപ്രീം കോടതി.

ഗുജറാത്ത് വംശഹത്യക്കാലത്തെ അരും കൂട്ടക്കൊലകളിലൊന്നാണ് ബെസ്റ്റ് ബേക്കറി. സംസ്ഥാനത്തെ വിചാരണാ കോടതികൾ കേസിലെ മുഴുവൻ കുറ്റാരോപിതരെയും വെറുതെവിടുകയായിരുന്നു ചെയ്തത്. തുടർന്ന് 2003 സെപ്തംബർ 12ന് ബെസ്റ്റ് ബേക്കറി കേസിൽ പുനർവിചാരണ ആവശ്യപ്പെട്ട് സുപ്രീം കോടതിയിലെത്തിയ ഹരജിയിൽ, നീതിപൂർവമായ അന്വേഷണവും വിചാരണയുമല്ല വംശഹത്യാ കേസുകളിൽ നടക്കുന്നതെന്ന വിലയിരുത്തലാണ് പരമോന്നത നീതിപീഠം നടത്തിയത്. ഒരുവേള പ്രോസിക്യൂഷനിലും ഗുജറാത്ത് സർക്കാറിലും തനിക്ക് വിശ്വാസമില്ലെന്ന് തുറന്നുപറഞ്ഞിരുന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന വി എൻ ഖരേ.

ഇരയുടെ ജീവഭയം പരിഗണിച്ചും കേസിന്റെ വിചാരണ ഗുജറാത്തിൽ നടക്കുന്നത് ഇരയുടെ ജീവന് ഭീഷണിയുയർത്തുമെന്ന സി ബി ഐ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലും വംശഹത്യക്കിടയിലെ കൂട്ട ബലാത്സംഗ കേസിലെ വിചാരണ 2004 ഡിസംബറിൽ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റിയിരുന്നു സുപ്രീം കോടതി. വിചാരണ സ്വതന്ത്രവും പക്ഷപാതരഹിതവുമല്ലെന്ന് കണ്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഹരജിയിൽ ഒമ്പത് ഗുജറാത്ത് വംശഹത്യാ കേസുകളിലെ വിചാരണ പരമോന്നത കോടതി സ്റ്റേ ചെയ്തിരുന്നു 2003ൽ.
രാഷ്ട്രപതിയായിരുന്ന കെ ആർ നാരായണൻ പദവി ഒഴിഞ്ഞ ശേഷം വംശഹത്യയുമായി ബന്ധപ്പെട്ട് 2005ൽ നടത്തിയ പ്രസ്താവനകൾ ഏറെ ചർച്ചയായിരുന്നു. ഗുജറാത്തിലേക്ക് സൈന്യത്തെ അയച്ചിരുന്നെങ്കിലും വെടിവെക്കാനുള്ള അധികാരം അവർക്ക് ലഭ്യമായിരുന്നില്ല. അതുണ്ടായിരുന്നെങ്കിൽ കലാപം അടിച്ചമർത്താനാകുമായിരുന്നു. ഗൂഢാലോചനയുടെ ഫലമായിരുന്നു കലാപമെന്ന് താൻ കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഗുജറാത്ത് വംശഹത്യാ കേസുകൾ പരിഗണനയിൽ വന്ന ഒരിടത്തും രാജ്യത്തെ ഉന്നത നീതിപീഠങ്ങൾ വംശഹത്യാ കാലത്തെ ഭരണകൂടത്തിന്റെയും പോലീസിന്റെയും നടപടികളെ അഭിനന്ദിച്ച് രംഗത്തുവന്നതിന്റെ ചിത്രം കണ്ടെത്താനാകില്ല. പകരം വംശഹത്യാ ഇരകളെ നിരന്തരം ഭയം വേട്ടയാടുന്ന അന്തരീക്ഷം കനപ്പിച്ചെടുക്കുകയും കുറ്റവാളികൾക്ക് സുരക്ഷിത ലാവണമൊരുക്കുകയും ചെയ്തതിന്റെ പേരിൽ നീതിപീഠത്തിന്റെ നിശിത വിമർശത്തിന് വിധേയമാകുകയായിരുന്നു ഗുജറാത്ത് സർക്കാർ. കേസ് അന്വേഷണത്തിൽ തുടങ്ങിയ അലംഭാവം കുറ്റാരോപിതർക്ക് അനുകൂലമായ പ്രോസിക്യൂഷൻ നടപടികളിലൂടെ വികസിച്ച് യഥാർഥ കുറ്റവാളികളെ വെറുതെ വിടുന്ന സവിശേഷ സാഹചര്യങ്ങളിൽ പലപ്പോഴും നീതിപീഠ ഇടപെടലിൽ ചിലരെങ്കിലും ശിക്ഷിക്കപ്പെട്ട വർത്തമാനമാണ് വംശഹത്യാനന്തര കാലത്തെ ഇന്ത്യൻ ഹയർ ജുഡീഷ്യറിക്ക് പറയാനുള്ളത്. എന്നാൽ വംശഹത്യാ കാലത്തെ ഗുജറാത്ത് ഭരണകൂടത്തിന്റെ നടപടികളെ അഭിനന്ദിച്ചുകൊണ്ട് രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറം പരമോന്നത നീതിപീഠം രംഗത്തെത്തിയിരിക്കുന്നു.

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയും മറ്റു 63 ഉന്നത രാഷ്ട്രീയ, ഉദ്യോഗസ്ഥ നേതൃത്വവും ഉൾപ്പെട്ട ഗൂഢാലോചന പാടേ തള്ളിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്തിമ റിപോർട്ട് ചോദ്യം ചെയ്തുകൊണ്ട് സാകിയ ഇഹ്‌സാൻ ജാഫ്‌രി സമർപ്പിച്ച ഹരജി തള്ളിയ മൂന്നംഗ സുപ്രീം കോടതി ബഞ്ച് നടത്തിയ വിധി പ്രസ്താവം നീതിന്യായ രംഗത്ത് വലിയ അമ്പരപ്പാണുണ്ടാക്കിയത്. കലാപ സമയത്തെ സമ്മർദത്തെ അതിജീവിച്ച് സംസ്ഥാന ഭരണകൂടം ശരിയായ നടപടികളായിരുന്നു യഥാസമയം സ്വീകരിച്ചതെന്നാണ് പുതിയ കാലത്തെ ന്യായാധിപ പക്ഷം. ഗോധ്ര ട്രെയിൻ തീവെപ്പിന് ശേഷം സൈന്യത്തെ വിളിച്ചു എന്നും മറ്റും നിരീക്ഷിച്ച് വംശഹത്യാ കാലത്തെ സംസ്ഥാന ഭരണകൂടത്തെ പുകഴ്ത്തുന്ന നീതിപീഠം പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപോർട്ട് അപ്പടി ശരിവെച്ചിരിക്കുകയാണ്.

വംശഹത്യയിൽ കൊല്ലപ്പെട്ട കോൺഗ്രസ്സ് മുൻ എം പി കൂടിയായിരുന്ന ഇഹ്‌സാൻ ജാഫ്‌രിയുടെ വിധവയുടെ ഹരജി തള്ളിയ സുപ്രീം കോടതി, പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപോർട്ടുമായി ബന്ധപ്പെട്ട് ഗുജറാത്ത് വിചാരണാ കോടതി നടപടികൾക്ക് കീഴൊപ്പ് ചാർത്തുന്നുമുണ്ട്. വംശഹത്യയുടെ തീക്ഷ്ണത മുറ്റിനിന്ന നാളുകളിൽ കുറെക്കൂടെ നീതിയുടെ പക്ഷത്ത് നിലയുറപ്പിച്ച ഹയർ ജുഡീഷ്യറിയെ തള്ളുന്ന നിലപാട് സ്വീകരിക്കുക മാത്രമല്ല പോയവാരം സുപ്രീം കോടതി ചെയ്തിരിക്കുന്നത്.

വംശഹത്യക്ക് കൂട്ടുനിന്നെന്ന വിമർശം എല്ലാ കോണുകളിൽ നിന്നുമുയർന്ന് പ്രതിരോധത്തിലായ അക്കാല ഭരണകൂട നടപടികളെ പ്രശംസയിൽ വെളുപ്പിച്ചെടുക്കാനുള്ള ശ്രമമാണെന്ന തോന്നലുണ്ടാക്കുന്ന വിധിപ്രസ്താവം നടത്തിയിരിക്കുകയുമാണ്. ബാബരി മസ്ജിദ് ധ്വംസന ഗൂഢാലോചന കേസിൽ മുതിർന്ന ബി ജെ പി നേതാക്കളെ വെറുതെ വിട്ട വിധിയിലും അത്തരമൊരു സമീപനം അടുത്ത കാലത്ത് പരമോന്നത നീതിപീഠത്തിൽ നിന്ന് നാം കണ്ടതാണ്. ഗൂഢാലോചന കുറ്റം ആരോപിക്കപ്പെട്ടവർ കർസേവകരെ തടയുകയായിരുന്നെന്ന് നിരീക്ഷിച്ച പരമോന്നത കോടതി അതിൽ അവരെ അഭിനന്ദിക്കാനും മറന്നില്ല.

നീതിയുടെ സംരക്ഷകരാകേണ്ട നീതിപീഠങ്ങൾ ‘പുതിയ ഇന്ത്യ’ക്കൊപ്പം മാറാൻ തുടിക്കുന്നതിന്റെ അനുരണനങ്ങൾ നിരാശയോടെയല്ലാതെ രാജ്യത്തെ ജനാധിപത്യ മതനിരപേക്ഷ സമൂഹത്തിന് കണ്ടുനിൽക്കാനാകില്ല. രാജ്യം ഭരിക്കുന്നവരുടെ അനിഷ്ടം വാങ്ങിവെക്കേണ്ടെന്നും അവരുടെ പ്രീതി സമ്പാദിക്കാനായാൽ തരക്കേടില്ലെന്നും ന്യായാധിപർ ചിന്തിക്കുമെന്ന് കരുതുന്നില്ലെന്ന് തീർത്ത് പറയാൻ പറ്റാത്ത വിധം നീതിപീഠങ്ങൾ സമീപ വർഷങ്ങളിൽ നിരാശപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ന്യായാസനങ്ങളിൽ പലപ്പോഴും ദൃശ്യമാകുന്ന മാർഗഭ്രംശത്തിന്റെ തുടർച്ചയിലാണ് ഗുജറാത്ത് വംശഹത്യാ ഇരകൾക്കൊപ്പം ഉറച്ചു നിന്നും ഭരണകൂടത്തിന്റെ പങ്ക് തുറന്നുകാട്ടിയും പോരാട്ടം നടത്തിയ സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദിനെയും ഗുജറാത്ത് മുൻ എ ഡി ജി പി. ആർ ബി ശ്രീകുമാറിനെയും പ്രോസിക്യൂട്ട് ചെയ്യാനുള്ള നടപടിക്ക് സുപ്രീം കോടതി പച്ചക്കൊടി കാണിച്ചിരിക്കുന്നത്. സാകിയ ജാഫ്‌രിയുടെ ഹരജി തള്ളിയ സുപ്രീം കോടതി മൂന്നംഗ ബഞ്ച് ഹരജിക്കാർക്കൊപ്പം നിന്നവർ നടപടിക്രമങ്ങൾ ദുരുപയോഗം ചെയ്‌തെന്നും അവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരികയും വിചാരണ ചെയ്യുകയും വേണമെന്ന് വിധിയിൽ പ്രസ്താവിച്ചിരുന്നു. കോടതിയുടെ ഈ പരാമർശം മുതലെടുത്താണ് വ്യാജ തെളിവുണ്ടാക്കിയെന്ന് ആരോപിച്ച് ഗുജറാത്ത് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

നിയമാനുസൃത നോട്ടീസ് നൽകിയാണ് ഒരാൾക്കെതിരായ നിയമ നടപടി ആരംഭിക്കേണ്ടത് എന്നതാണ് നിയമം. ഇവിടെ പ്രസ്താവിത നിയമ വ്യവഹാരവുമായി ബന്ധപ്പെട്ട് കോടതിയെ തെറ്റുദ്ധരിപ്പിച്ചതിനോ കോടതിയലക്ഷ്യത്തിനോ ഒരാൾക്കും കോടതി നോട്ടീസ് അയച്ചിട്ടില്ല. നിയമപരമായ നടപടിക്രമങ്ങൾ ദുരുപയോഗം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടിയും അതിന്റെ പരിണിത ഫലം സൂചിപ്പിച്ചുകൊണ്ടുമുള്ള പ്രത്യേക നോട്ടീസും നൽകിയിട്ടില്ല. അങ്ങനെയിരിക്കെ ഗുജറാത്ത് പോലീസ് നടപടി അന്യായവും അമിതാധികാര പ്രയോഗവുമാണ്. വിധിയിലെ പരാമർശത്തിൽ സുപ്രീം കോടതി വ്യക്തത വരുത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം അറസ്റ്റ് ചെയ്യപ്പെട്ട ടീസ്റ്റയുടെയും ആർ ബി ശ്രീകുമാറിന്റെയും ജാമ്യാപേക്ഷയിലും തിരിച്ചടി ഉണ്ടാകാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ഇവ്വിഷയികമായി മുൻ ന്യായാധിപർ, അഭിഭാഷകർ, വിവിധ മേഖലകളിലെ പ്രമുഖരുൾപ്പെടെ 304 പേർ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ഇതിനകം കത്തെഴുതിയിട്ടുണ്ട്.

നിയമ സംവിധാനത്തിന്റെ കാലവിളംബത്തിന് ഹരജിക്കാരോ അവരെ സഹായിച്ചവരോ വിമർശിക്കപ്പെടുന്നത് ആശാവഹമല്ല. വംശഹത്യക്ക് പിന്നിൽ ഉന്നതതല ഗൂഢാലോചന ഇല്ലെന്നതിന് തെളിവായി കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി ആവർത്തിച്ച് ഉറപ്പുനൽകിയത് ഉദ്ധരിക്കുന്നുണ്ട് സുപ്രീം കോടതി. പക്ഷേ യാഥാർഥ്യം അതായിരുന്നില്ലല്ലോ. ഗുജറാത്തിന് പുറത്തേക്ക് വിചാരണ മാറ്റിയ കേസുകൾ തന്നെയും മുഖ്യമന്ത്രിയുടെ ഉറപ്പുകൾ വീൺവാക്കിയിരുന്നെന്നാണ് തെര്യപ്പെടുത്തുന്നത്.

---- facebook comment plugin here -----

Latest