prathivaram story
ഇനി വേണ്ടത്
പിന്നീട് മനസ്സിലായി, നിങ്ങൾ എവിടെയാണെങ്കിലും ഒരു പരിധിക്കപ്പുറം ഒതുങ്ങി പൊരുത്തപ്പെട്ടു കഴിഞ്ഞാൽ, നിങ്ങൾ നല്ല അടിമയായി കഴിഞ്ഞുവെന്നാണർഥമെന്ന്. അതെ, അടിമക്ക് പിന്നെ സ്വപ്നങ്ങളിലും പ്രതീക്ഷയുണ്ടാവില്ല..!
“ഈ ചോദ്യം വരുമോ…?’ “ആ.., എനിക്കെങ്ങനെയറിയാം. യൂണിവേഴ്സിറ്റിയല്ലേ ക്വസ്റ്റ്യൻ തയ്യാറാക്കുന്നത്.?’
“പക്ഷേ, 2019ലും 2023ലും ഈ ചോദ്യം ആവർത്തിച്ചിട്ടുണ്ട്.’
“എന്നു കരുതി ഇനിയും റിപ്പീറ്റ് ചെയ്യണമെന്നുണ്ടോ.?’
“ഇല്ല.. പക്ഷേ, ഇതുവരും ഇപ്രാവശ്യവും…’
“എങ്കിൽ പഠിച്ചോളൂ…’
ഈ സംശയങ്ങളും, ചർച്ചകളും, പഠിത്തവും തുടങ്ങിയിട്ടിത് നാളുകളിത്തിരിയായി. അതും ഒരേ വീട്ടിൽ, ഒരേ ടേബിളിനപ്പുറവും ഇപ്പുറവുമായി..! കാലം കല്പിച്ചത് നടക്കാതെ പോകില്ല. പോയിട്ടില്ലെന്നു പറയുകയാണ് പുഷ്പ.
മൈക്ക് കൈയിലെടുത്തപ്പോൾ, കൈകൾ വിറച്ചില്ല. സംസാരിച്ചപ്പോൾ വാക്കുകൾ പതറിച്ചിതറിയില്ല. പറഞ്ഞുതുടങ്ങി അവൾ, പറയാനുള്ളതെല്ലാം. ഒരു വേദിയാണല്ലോ വേണ്ടത്, എന്തിനും..!
ഞാൻ പുഷ്പ.
പുഷ്പ രാജൻ. രാജൻ എന്റെ ഭർത്താവാണ്.
ആരായിരുന്നയാൾ എന്നു ചോദിച്ചാൽ, ധാർഷ്ട്യമുള്ള, മീശവിറപ്പിക്കുന്നവനും മുൻകോപിയുമായ ഒരു പഴഞ്ചൻ, എന്നു കളിയാക്കാനല്ലാത്തൊരു തമാശയായി പറഞ്ഞോട്ടെ. ദുശ്ശീലങ്ങളുടെ കളിക്കൂട്ടുകാരൻ. മദ്യപിക്കുമോ എന്നു ചോദിച്ചാൽ, കുടിക്കും. അത്യാവശ്യം നന്നായിട്ട് തന്നെ കുടിക്കും. പോരാത്തതിന് വലിയും.
അപ്പോൾ ജോലി..?
കല്യാണം കഴിക്കും മുമ്പ് പറഞ്ഞത്, കൂലിപ്പണി എന്നായിരുന്നു. കല്യാണം കഴിഞ്ഞപ്പോൾ അറിഞ്ഞു കൂലിപ്പണി തന്നെ, പക്ഷേ കൂലിക്കുള്ള തല്ലായിരുന്നുവെന്ന് മാത്രം.
ഗുണ്ടയോ..?!
എന്നു തോന്നിയെങ്കിൽ, ഒരുഗ്രൻ തെമ്മാടിയായിക്കൂടി കൂട്ടാം. ശരിക്കും പറഞ്ഞാൽ സമാധാനം വേലിപ്പടിയും കടന്നുപോയ നാളുകൾ.നിങ്ങൾ ആരായിരുന്നിട്ടും, എന്തായിരുന്നിട്ടും കാര്യമില്ല, മനസ്സമാധാനമില്ലേൽ.എല്ലാ ഏനക്കേടിനുമിടയിൽ ഒരു കുഞ്ഞു കൂടി ജനിച്ചാൽ, ബാക്കി പറയേണ്ടതുണ്ടോ?! കണ്ണീരും കൈയുമായി ദുരിതമഴക്കാലം നന്നായി പെയ്തു. പുര മേയാത്തവൾക്ക് ചോർച്ചയേക്കാൾ വലിയ ഭയം കാണില്ലല്ലോ..! എങ്ങനെ ജീവിച്ചു ഇക്കണ്ട കാലം.? അതല്ലേ മൂക്കത്ത് ചൂണ്ടുവിരൽ ചാരിവെച്ചുള്ള നിങ്ങൾടെ ചിന്തയ്ക്ക് പിന്നിൽ.?!
മനുഷ്യനങ്ങനെയാണ്, പൊരുത്തപ്പെടാൻ തുടങ്ങിയാൽ, എന്തിനോടും പൊരുത്തപ്പെട്ടുകൊണ്ടിരിക്കും. പ്രതികരിക്കാനാണെങ്കിൽ, എന്തിനോടും പ്രതികരിച്ചുകൊണ്ടുമിരിക്കും.
ഞാൻ ആദ്യത്തെ കൂട്ടത്തിലായിപ്പോയി.
ഏതാ, പൊരുത്തപ്പെടൽ വിഭാഗം…
പിന്നീട് മനസ്സിലായി, നിങ്ങൾ എവിടെയാണെങ്കിലും ഒരു പരിധിക്കപ്പുറം ഒതുങ്ങി പൊരുത്തപ്പെട്ടു കഴിഞ്ഞാൽ, നിങ്ങൾ നല്ല അടിമയായി കഴിഞ്ഞുവെന്നാണർഥമെന്ന്. അതെ, അടിമക്ക് പിന്നെ സ്വപ്നങ്ങളിലും പ്രതീക്ഷയുണ്ടാവില്ല..!
എന്തോ, അതു സംഭവിച്ചു. ഓർക്കുക, വരാനുള്ളതൊന്നും ഇടവഴിയിൽ നിൽക്കില്ല; അതെനിക്കുള്ളതായാലും നിങ്ങൾക്കുള്ളതായാലും. ഒരു ദിവസം കാലത്തെണീറ്റപ്പോൾ, ഒരു ഭാഗത്തിനൊരു കോട്ടം. എനിക്കല്ല, എന്റെ ഭർത്താവിന്. അന്നാണവരിൽ, ആദ്യമായി ഞാനൊരു അപേക്ഷാഭാവം കണ്ടത്..!
തളരും വരേയുള്ളൂ ഏതൊരാളിന്റെയും എല്ലാ വമ്പുപറച്ചിലുകളും കാട്ടിക്കൂട്ടലുകളും എന്നെനിക്കു ബോധ്യമായി.ഒറ്റയ്ക്ക് എണീക്കാൻ ആവാത്തവനെ താങ്ങണമല്ലോ..! ഇടം കൈ എന്റെ കഴുത്തിൽ ചുറ്റി താങ്ങി ഞാൻ. പരാശ്രയത്തിന്റെ ആ താങ്ങി നിർത്തലുകൾ ഇന്നും തുടരുന്നുണ്ട് മടിയേതുമില്ലാതെ ഞാൻ. തളർച്ചയിൽ ഉപേക്ഷിക്കുന്നത് ഉചിതമല്ല ഒരാൾക്കും എന്ന തോന്നലിനപ്പുറം, അവരും മനുഷ്യരാണെന്ന ബോധവും കൂടിയാണ് എന്നെ ഇങ്ങനെ മാറ്റിയത്.
കുടുംബത്തിന്റെ നെടുംതൂണ് തകരുമ്പോ, താങ്ങു തൂണുകൾ കൊടുക്കുക സ്വാഭാവികം. ഞാൻ തൊഴിലുറപ്പ് പണിക്കിറങ്ങി.
വരുമാനമില്ലാത്ത ജീവിതം ജീവിതമാകുന്നുണ്ടോ? ഇല്ല.വെക്കലും തിന്നലും കഴുകലും അടിക്കലും തുടക്കലുമായൊതുങ്ങിയ വീടെന്ന തടവറയിൽ നിന്നുമിറങ്ങി, നാലാളെ കാണാൻ തുടങ്ങിയ ഞാൻ ആശ്വാസവായുകൊണ്ടു; മതിയാവോളം. കാരണം, ഈ ലോകത്ത് മോചനമാഗ്രഹിക്കുന്നവരാണ് സ്വാതന്ത്ര്യമെന്തെന്നത് ശരിക്കുമറിയുന്നത്.
ഇതിനിടെയാണ് ആ ചോദ്യവും ചിന്തയുമുണ്ടായത്. അപേക്ഷയിലെ എന്റെ കൈയക്ഷരം കണ്ടാണ് വാർഡ് മെമ്പർ നിഷ അതു ചോദിച്ചത്.
“ചേച്ചി ഏതുവരെ പഠിച്ചിട്ടുണ്ട്..?’
“പ്ലസ് ടു. എന്തേ?’
“പ്ലസ് ടു കംപ്ലീറ്റ് ആക്കിയില്ലേ..?’
“ഇല്ല.. അതിനിടെ, മാര്യേജ് കഴിഞ്ഞു.’
“ശരി, നാളെ പഞ്ചായത്തോഫീസില് വരയൊന്ന് വര്വോ..?’
“വരാം…’
എന്താണെന്നോ എന്തിനാണെന്നോ അവർ പറഞ്ഞില്ല; ഞാൻ ചോദിച്ചതുമില്ല. ഒരാൾ നമ്മളെക്കുറിച്ച് അന്വേഷിച്ചറിയുന്നത്, നമ്മളിൽ എന്തോ നല്ലത് കണ്ടിട്ടാവും. അങ്ങനെ ആശ്വസിച്ചു.
കാലത്തെണീറ്റു കണവനെ കുളിപ്പിച്ചു, സമ്മതിക്കാറില്ലെങ്കിലും പറ്റും പോലെ മടക്കുറച്ച കൈവിരലുകൾ ചലിപ്പിക്കാൻ ശ്രമിച്ചു. പറഞ്ഞതായ ഫിസിയോതെറാപ്പി ചെയ്യാൻ ശ്രമിച്ചാലും സമ്മതിക്കില്ല. കുറുമ്പും വാശിയും കാണിക്കും. കൂട്ടിലിട്ടു ഇറയത്തെ വിട്ടത്തിൽ തൂക്കിയ തത്തയെ ഓർത്തു, ഞാനാ നേരം.
ആരോടും ഒന്നും പറഞ്ഞില്ല. ചായ മോന്തി, നേരെ പഞ്ചായത്താപ്പീസ് വെച്ചു പിടിച്ചു.
“ജ്യോതിർഗമയ സമുന്നതി’
ആ വാക്ക് പോലും കേട്ടതന്നാണ്; അവിടെ വെച്ചാണ്.
പ്രായം കൂടിപ്പോയല്ലോ, ഇനി പഠിക്കാനൊന്നും പറ്റില്ലെന്നുമായിരുന്നു വിചാരിച്ചിരുന്നത്. പ്രായത്തെയല്ല, ചിന്തയെയാണ് നമ്മൾ മാറ്റിപ്പിടിക്കേണ്ടതെന്നറിഞ്ഞു. പിന്നെ അമാന്തിച്ചില്ല. കാരണം ഉറച്ച തീരുമാനമെന്നത് പാതി നേട്ടമാണ്.
പതുക്കെ മുമ്പോട്ട് തന്നെ നടന്നു; ഏത് ഇരുണ്ട തുരങ്കത്തിനപ്പുറവും വെളിച്ചമുണ്ടെന്ന ആത്മവിശ്വാസത്തിൽ. ഇന്നിപ്പോൾ, ഏകമകൾ ബിരുദമെടുത്തതിനൊപ്പം നാൽപ്പത്തിമൂന്നാം വയസ്സിൽ ഞാനും സോഷ്യോളജി ബിരുദധാരിയായി..! പി ജി ക്കായി രജിസ്റ്റർ ചെയ്തു കഴിഞ്ഞു.
എന്തു പറഞ്ഞാലും ചോദിച്ചാലും എതിർത്തിരുന്ന, കാർക്കശ്യക്കാരൻ ഭർത്താവിതറിയുന്നതുപോലും ഒരുപക്ഷേ ഇന്നാവാം. നല്ല കാര്യത്തിനായുള്ള ഈ മറച്ചുപിടിക്കൽ, അദ്ദേഹത്തിന് മനസ്സിലാക്കാനാവും എന്നെനിക്കുറപ്പാണ്. ഇപ്പോഴല്ലായെങ്കിൽ പിന്നെ എപ്പോഴാണ് അവർക്കൊക്കെ എന്നെ മനസ്സിലാക്കാനാവുക.?!
സദസ്സിലെ ആദ്യ കൈയടിക്കൊപ്പം തളരാത്ത ഒറ്റ കരം വീൽ ചെയ്യറിൽ പിടിയിലടിച്ച്, കണ്ണിൽ നിന്നുതിർന്നുവീണ പൊടിപ്പുകണങ്ങളോടെ രാജൻ അഭിനന്ദനമറിയിച്ചത് പുഷ്പ കണ്ടു. അയാളിൽ, അവൾ കണ്ട ആദ്യ കണ്ണീർത്തുള്ളിയും, അവൾക്ക് കിട്ടിയ ഉയർന്ന അൻപിൻ ട്രെഞ്ചർ ക്യാപ്പുമതായിരുന്നു. അല്ലെങ്കിലും, ചെറിയ കാര്യത്തിലാണ് ആദ്യം സന്തോഷം കണ്ടെത്തേണ്ടത്; പിന്നെയും, പിന്നെയും…
സദസ്സിലെ കൈയടി മാലപ്പടക്കം കണക്കെ പൊട്ടിപ്പടർന്നു. നിങ്ങളുടെ അറിവിനോളം വലുതല്ല, നിങ്ങൾക്കുള്ള മറ്റൊന്നും എന്നവൾ പറയാതെ പായാനായി ശ്രമിച്ചു കൊണ്ടിരുന്നുവെങ്കിലും ഭർത്താവിന്റെയാ അംഗീകരിക്കലിനെ മറികടന്നവൾക്ക് ഒന്നും പറയാനാകാതെയായി. പക്ഷേ, അന്നേരവും അവളുടെ ബാഗറക്കുള്ളിലെ മെലിൻഡ ഗേറ്റ്സിന്റെ “ഉയർച്ചയുടെ നിമിഷം’ എന്ന പുസ്തകം, പ്രചോദനപ്പൂക്കൾ നീട്ടിക്കൊണ്ടിരുന്നു.