Connect with us

Kerala

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നടന്നത് മോഷണമല്ല; കേസെടുക്കില്ലെന്നു പോലീസ്

കസ്റ്റഡിയിലുള്ള ഹരിയാനക്കാരില്‍ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയയ്ക്കും

Published

|

Last Updated

തിരുവനന്തപുരം | പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി നഷ്ടപ്പെട്ട സംഭവത്തില്‍ നടന്നത് മോഷണമല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. പിടിയിലായവര്‍ക്ക് മോഷ്ടിക്കാന്‍ ഉദ്ദേശമില്ലായിരുന്നുവെന്ന് വ്യക്തമായതിനാല്‍ സംഭവത്തില്‍ കേസെടുക്കില്ല പോലീസ് വ്യക്തമാക്കി.

കസ്റ്റഡിയിലുള്ളവരില്‍ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയയ്ക്കും. ക്ഷേത്രത്തില്‍ വച്ച് കയ്യിലുള്ള പൂജാ സാധനങ്ങള്‍ നിലത്തുവീണപ്പോഴാണ് മോഷണം പോയി എന്ന് പറയുന്ന പാത്രം മാറി എടുത്തത്. പുറത്തേക്ക് പോയപ്പോള്‍ ആരും തടയാത്തതിനാല്‍ പാത്രം കൊണ്ടു പോയതാണെന്നും പ്രതികള്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

ഹരിയാനയില്‍ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. ഒരു പുരുഷനും രണ്ട് സ്ത്രീയുമടങ്ങുന്ന സംഘമാണ് പിടിയിലായത്. ആദ്യഘട്ടത്തിലെ പ്രാഥമിക ചോദ്യം ചെയ്യലില്‍ വീട്ടില്‍ ഐശ്വര്യം വരാന്‍ വേണ്ടിയാണ് ഉരുളി എടുത്തതെന്നാണ് മൊഴി നല്‍കിയത്. മൂന്നംഗ സംഘം പൂജയ്ക്കുള്ള ഉരുളി കൈവശപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ വ്യാഴാഴ്ച പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കണ്ടെത്തിയത്.

ഈ മാസം 13നാണ് സംഭവം നടന്നത്. 15 നാണ് ക്ഷേത്രം അധികൃതര്‍ പോലീസിനെ അറിയിച്ചത്. അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ച ശ്രീപദ്മാനാഭസ്വാമി ക്ഷേത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥരെയും മെറ്റല്‍ ഡിറ്റക്ടര്‍ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളും മറികടന്നാണ് സംഘം ഉരുളി ക്ഷേത്രത്തിന് പുറത്തെത്തിച്ചത്. ഉരുളി മുണ്ടില്‍ പൊതിഞ്ഞാണ് ഇവര്‍ കൊണ്ടുപോയത്.

Latest